This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒന്ദാചി, മൈക്കേൽ (1943 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:11, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒന്ദാചി, മൈക്കേൽ (1943 - )

Ondaatje, Michael

മൈക്കേൽ ഒന്ദാചി

ശ്രീലങ്കന്‍-കനേഡിയന്‍ നോവലിസ്റ്റും കവിയും. ഫിലിപ്പ്‌ മൈക്കേൽ ഒന്ദാചിയെന്നാണ്‌ പൂർണമായ പേര്‌. 1943 സെ. 12-ന്‌ കൊളംബൊയിലായിരുന്നു ജനനം. 1954-ൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക്‌ കുടിയേറി. 1962-ൽ കാനഡയിലേക്ക്‌ താമസം മാറ്റുകയും അവിടത്തെ പൗരത്വം നേടുകയുമുണ്ടായി.

പി.ജി. വോഡ്‌ഹൗസ്‌, റേയ്‌മണ്ട്‌ ചാന്റ്‌ലർ തുടങ്ങിയ പ്രമുഖർ വിദ്യാഭ്യാസം ചെയ്‌തിയിരുന്ന ഡൽവിച്ച്‌ കോളജിലാണ്‌ ആദ്യകാല പഠനം നടത്തിയത്‌. ക്യൂബെക്കിലെ ലെനോക്‌സ്‌വിലിൽ സ്ഥിതിചെയ്യുന്ന ബിഷപ്‌സ്‌ സർവകലാശാലയിൽ പഠനം തുടർന്ന ഇദ്ദേഹം ടൊറോന്റോ സർവകലാശാലയിൽനിന്നും ബി.എ. ബിരുദവും ഒണ്ടാറിയോയിലെ ക്യൂന്‍സ്‌ സർവകലാശാലയിൽനിന്നും എം.എ. ബിരുദവും കരസ്ഥമാക്കി. പിന്നീട്‌ വെസ്റ്റേണ്‍ ടൊറോന്റോ സർവകലാശാലയിൽ ഇദ്ദേഹത്തിന്‌ അധ്യാപകനിയമനം ലഭിക്കുകയുണ്ടായി. 1970-ൽ സ്ഥിരതാമസത്തിനായി ഒണ്ടാറിയോയിൽ എത്തിയശേഷം ഇദ്ദേഹത്തിന്‌ യോർക്ക്‌സർവകലാശാലയിലും ഗ്ലെന്റണ്‍ കോളജിലും 1971 മുതൽ 1990 വരെ ഇംഗ്ലീഷ്‌ അധ്യാപനരംഗത്തു പ്രവർത്തിക്കാന്‍ അവസരം കൈവന്നു.

കഥ, തിരക്കഥ, ആത്മകഥ, കവിത തുടങ്ങിയ മേഖലകളിലായി വ്യാപരിച്ചു കിടക്കുന്നതാണ്‌ ഒന്ദാചിയുടെ സാഹിത്യ പ്രവർത്തനരംഗം. 13 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ടൊറോന്റോ പ്രദേശത്തെ കുടിയേറ്റജനതയെ വിഷയമാക്കി ഒന്ദാചി രചിച്ച "ഇന്‍ ദ്‌ സ്‌കിന്‍ ഒഫ്‌ എ ലയണ്‍' (1987)-ന്‌ അനുബന്ധമായിട്ടെന്ന തരത്തിലാണ്‌ ദി ഇംഗ്ലീഷ്‌ പേഷ്യന്റ്‌ കണക്കാക്കപ്പെടുന്നത്‌. ജാസ്‌ സംഗീതജ്ഞനായിരുന്ന ബഡി ബോള്‍ഡന്‍, ഛായാഗ്രാഹകനായിരുന്ന ഇ.ജെ. ബെല്ലോക്‌ എന്നിവരുടെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന കമിങ്‌ ത്രൂ സ്ലോട്ടർ എന്ന കൃതി സാഹിത്യവൃത്തങ്ങളിൽ ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ളതാണ്‌. ഒന്ദാചിയുടെതന്നെ ബാല്യകാലജീവിതത്തെ ഓർമപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന റണ്ണിങ്‌ ഇന്‍ ദ്‌ ഫാമിലി (1982) എന്ന അർധസാങ്കല്‌പിക സൃഷ്‌ടിയും ശ്രദ്ധേയമാണ്‌. 1960-കളിൽ ഇദ്ദേഹം ടൊറോന്റോയിലെ "കോച്ച്‌ഹൗസ്‌ ബുക്‌സ്‌' എന്ന സ്ഥാപനവുമായി സഹകരിച്ച്‌ കാവ്യകൃതികളുടെ എഡിറ്റിങ്‌ ജോലികളിൽ വ്യാപൃതനായിരുന്നു. ഭാര്യ ലിന്‍ഡ സ്‌പാള്‍ഡിങ്ങുമായി യോജിച്ച്‌ ഒട്ടേറെ സാഹിത്യമാസികകളിൽ എഡിറ്റിങ്‌ പ്രവർത്തനങ്ങള്‍ ഒന്ദാചി നിർവഹിച്ചു.

1988-ൽ ഒന്ദാചിക്ക്‌ "ഓർഡർ ഒഫ്‌ കാനഡ'യിൽ ഓഫീസർ പദവി സമ്മാനിക്കപ്പെട്ടു. അമേരിക്കന്‍ അക്കാദമി ഒഫ്‌ പെറ്റേഴ്‌സ്‌, വിദേശ സാഹിത്യകാരന്മാർക്കുള്ള വിശിഷ്‌ടാംഗത്വം സമ്മാനിച്ച്‌ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ദി ഇംഗ്ലീഷ്‌ പേഷ്യന്റ്‌ എന്ന വിഖ്യാതമായ കൃതിക്ക്‌ ബുക്കർസമ്മാനം ലഭിക്കുകയുണ്ടായി. കാനഡ-ആസ്റ്റ്രലിയ പ്രസ്‌ പോലുള്ള ഇതര അവാർഡുകള്‍ നേടിയ ഈ കൃതി പില്‌ക്കാലത്ത്‌ ചലച്ചിത്രമാക്കപ്പെടുകയും ഏറ്റവും മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ്‌ നേടുകയും ചെയ്‌തിട്ടുണ്ട്‌.

(ഡോ. ബി. സുകുമാരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍