This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉസ്‌മാന്‍ അലി (1866 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:54, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉസ്‌മാന്‍ അലി (1866 - 1967)

ഉസ്‌മാന്‍ അലി

ഇന്ത്യന്‍ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിലെ അവസാനത്തെ രാജാവ്‌. (നിസാം). മഹൂബ്‌ ആലിയുടെ പുത്രനായി 1866 ഏ.6-നു ഹൈദരാബാദ്‌ പട്ടണത്തിൽ ജനിച്ച ഉസ്‌മാന്‍ അലി പിതാവിന്റ മരണത്തെത്തുടർന്ന്‌ 1911 ആഗ. 29-നു സിംഹാസനാരൂഢനായി. അനാർഭാടമായി ലളിതജീവിതം നയിച്ചുകൊണ്ടിരുന്ന ഈ നാട്ടുരാജ്യമേധാവി ലോകകുബേരന്മാരുടെ പട്ടികയിൽ സ്ഥാനംനേടിയിട്ടുള്ള ഒരു കോടീശ്വരനാണ്‌. ഭരണരംഗത്ത്‌ പ്രകടമായ സ്വസമുദായപക്ഷപാതം ഉസ്‌മാന്‍ അലിയിൽ ചരിത്രകാരന്മാർ ആരോപിക്കുന്നു. 1918-ൽ ഇദ്ദേഹം ഹൈദരാബാദിൽ ഉസ്‌മാനിയ സർവകലാശാല സ്ഥാപിക്കുകയും ഇസ്‌ലാമിക താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന മജ്‌ലിസ്‌ ഇതോഹാദ്‌ അൽമുസ്‌ലിം എന്ന സംഘടനയ്‌ക്ക്‌ ഉദാരമായ പ്രാത്സാഹനങ്ങള്‍ നല്‌കുകയും ചെയ്‌തു.

1947 ജൂണ്‍ 3-ന്‌ ഇന്ത്യന്‍ സ്വാതന്ത്യ്രത്തെപ്പറ്റി വൈസ്രായി ലൂയി മൗണ്ട്‌ബാറ്റന്‍ നടത്തിയ പ്രസ്‌താവനയെത്തുടർന്ന്‌, ഹൈദരാബാദിനെ ഒരു സ്വതന്ത്രപരമാധികാര രാഷ്‌ട്രമായി പ്രഖ്യാപിക്കുകയാണ്‌ തന്റെ ഉദ്ദേശ്യമെന്നും ഇന്ത്യയുടെയോ പാകിസ്‌താന്റെയോ ഭരണഘടനാനിർമാണ സമിതികളിലേക്ക്‌ ഹൈദരാബാദിന്റെ പ്രതിനിധികളെ അയയ്‌ക്കാന്‍ താന്‍ നിശ്ചയിച്ചിട്ടില്ലെന്നും, ഹൈദരാബാദ്‌ ബ്രിട്ടീഷ്‌ കോമണ്‍വെൽത്തിലെ ഒരു സ്വതന്ത്രാംഗമായി നിലനിൽക്കുന്നതാണെന്നും വിളംബരം ചെയ്‌തു; വേണമെങ്കിൽ ഇന്ത്യയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടാന്‍ താന്‍ സന്നദ്ധനാണെന്ന്‌ അദ്ദേഹം വ്യക്തമാക്കാതിരുന്നില്ല. ഇതിനെത്തുടർന്ന്‌ ഹൈദരാബാദും വൈസ്രായിയും നാട്ടുരാജ്യകാര്യങ്ങളുടെ മന്ത്രിയായിരുന്ന വല്ലഭായി പട്ടേലും തമ്മിൽ നടന്ന കൂടിയാലോചനകളെല്ലാം പരാജയപ്പെട്ടു. ഹൈദരാബാദിന്റെ ഭാവി അവിടെ ഒരു ഹിതപരിശോധനനടത്തി തീരുമാനിക്കാവുന്നതാണെന്ന വൈസ്രായിയുടെ നിർദേശം, തന്റെ രാജ്യത്തിലെ ജനസംഖ്യയിൽ 85 ശതമാനം ഹിന്ദുക്കളാണെന്നറിയാമായിരുന്ന ഉസ്‌മാന്‍ അലിക്ക്‌ സ്വീകാര്യമായില്ല. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്യ്രം ലഭിച്ചുകഴിഞ്ഞതിന്‌ ശേഷവും ഹൈദരാബാദിന്റെ പദവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നീണ്ടുപോയതേ ഉള്ളൂ.

ഇതിനിടയ്‌ക്ക്‌ നിലവിലുള്ള പദവി അതേപോലെ തുടർന്ന്‌ നിലനില്‌ക്കത്തക്കവച്ചമുള്ള ഒരു "നിശ്ചലക്കരാറി'ൽ (Standstill Agreement) ഉസ്‌മാന്‍ അലിയും ഇന്ത്യാഗവണ്‍മെന്റും 1947 ന. 29-നു ഒപ്പുവയ്‌ക്കുകയും കെ.എം. മുന്‍ഷി ഇന്ത്യയുടെ പ്രതിനിധിയായി ഹൈദരാബാദിലേക്ക്‌ നിയോഗിക്കപ്പെടുകയും ഉണ്ടായി. അദ്ദേഹത്തെ അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്‌തില്ലെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ ഓഫീസിനും താമസത്തിനും കെട്ടിടങ്ങള്‍ ഒഴിഞ്ഞുകൊടുക്കാന്‍പോലും നിസാം വിസമ്മതിച്ചു. കൂടാതെ ഇന്ത്യന്‍ യൂണിയനുമായി ഏറ്റുമുട്ടലുണ്ടാവുകയാണെങ്കിൽ അതിനെ ചെറുക്കാന്‍ കാസിം റാസ്‌വി എന്നയാളിന്റെ നേതൃത്വത്തിൽ "റസാക്കർ' എന്ന ഒരു സംഘടന ഉണ്ടാക്കാനും നിസാം വേണ്ട പ്രാത്സാഹനങ്ങള്‍ നൽകി. ഹൈദരാബാദിന്റെ ഇസ്‌ലാമികാധിപത്യം എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന ആഹ്വാനങ്ങള്‍ റേഡിയോവഴിയും അല്ലാതെയും ഇടതടവില്ലാതെ പ്രചരിപ്പിച്ചു. സ്ഥിതിഗതികള്‍ എങ്ങനെയെങ്കിലും രഞ്‌ജിപ്പിൽ എത്തിക്കാന്‍ കഴിയുംമുമ്പ്‌ ഉദ്യോഗത്തിൽനിന്ന്‌ വിരമിച്ച ഗവർണർ-ജനറൽ മൗണ്ട്‌ ബാറ്റന്‍ 1948 ജൂണ്‍ 21-നു ഇംഗ്ലണ്ടിലേക്കു മടങ്ങി. കാര്യങ്ങള്‍ പിന്നീട്‌ വളരെവേഗം ഗുരുതരമായി. നിസാം പാക്കിസ്‌താന്‌ കടംകൊടുത്ത 20 കോടിരൂപ ആയുധങ്ങളുടെ രൂപത്തിൽ സിഡ്‌നികോട്ടണ്‍ എന്ന ഒരു ആസ്റ്റ്രലിയന്‍ മുഖാന്തിരം ഹൈദരാബാദിൽ തിരിച്ചെത്താനാരംഭിച്ചു. അതിർത്തികളിലെ സംഘട്ടനങ്ങളും രാജ്യത്തിനുള്ളിലെ കൂട്ടക്കൊലകളും ദീർഘദൂര തീവണ്ടികളിൽ നടന്ന അട്ടിമറികളും ദൈനംദിന സംഭവങ്ങളായി.

ഈ പശ്ചാത്തലത്തിലാണ്‌ 1948 സെ. 13-ന്‌ മേജർ-ജനറൽ ചൗധുരിയുടെ നേതൃത്വത്തിൽ ഇന്ത്യന്‍സേന ഹൈദരാബാദിൽ പ്രവേശിച്ചത്‌. 108 മണിക്കൂർ നീണ്ടുനിന്ന "പൊലീസ്‌ പ്രവർത്തന'ങ്ങളുടെ ഫലമായി രാജ്യത്തിൽ ക്രമസമാധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1949 വരെ ചൗധുരി സൈനിക ഗവർണർ എന്ന നിലയിലും, അതിനുശേഷം 1952 മാർച്ചിൽ പൊതുതിരഞ്ഞെടുപ്പിനുശേഷവും ജനകീയ മന്ത്രിമാർ അധികാരത്തിൽ വരുന്നതുവരെ ഒരു ഐ.സി.എസ്‌. ഉദ്യോഗസ്ഥനായ എം.കെ. വെള്ളോടി മുഖ്യമന്ത്രിയെന്ന നിലയിലും ഹൈദരാബാദ്‌ ഭരിച്ചു.

1950 മുതൽ 1956 വരെ സംസ്ഥാന പുനഃസംഘടന നടപ്പിൽവരുന്നതുവരെ ആദ്യം ഹൈദരാബാദിലെയും പിന്നീട്‌ ആന്ധ്രയിലെയും രാജപ്രമുഖപദവി ഉസ്‌മാന്‍ അലി വഹിച്ചു. ബ്രിട്ടീഷ്‌ ചക്രവർത്തിമാരാലും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനാലും പലവിധത്തിലുള്ള രാജകീയ ബഹുമതികള്‍ നൽകി ആദരിക്കപ്പെട്ടിട്ടുള്ള ഉസ്‌മാന്‍ അലി നിസാം 1967 ഫെ.-24ന്‌ ഹൈദരാബാദ്‌ പട്ടണത്തിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍