This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:02, 22 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണ്ടല്‍

Mangrove

ഉഷ്‌ണമേഖലയിലെ നദികളുടെ ഡെല്‍റ്റകളിലും അഴിമുഖങ്ങളിലെ ചെളിത്തിട്ടകളിലും ചതുപ്പു പ്രദേശങ്ങളിലും കാണപ്പെടുന്ന പ്രത്യേകതരം സസ്യജാലം. ലോകത്താകമാനം 80ഓളം രാജ്യങ്ങളിലായി സു. 1.4 കോടി ഹെക്ടര്‍ പ്രദേശത്ത്‌ കണ്ടല്‍ക്കാടുകളുണ്ട്‌. ഇന്ത്യയില്‍ സു. 6750 ച.കി.മീറ്ററും. ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ കണ്ടല്‍ക്കാടുകളിലൊന്നാണ്‌ ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന സുന്ദരവനം ഡെല്‍റ്റാ പ്രദേശത്തുള്ളത്‌. ഈ പ്രദേശങ്ങളില്‍ ഏറ്റവും മുഖ്യമായി കണ്ടുവരുന്നത്‌ റൈസോഫോറോ, അവിസീനിയ എന്നീ സസ്യങ്ങളാണ്‌. ചതുപ്പു പ്രദേശത്തെ മണ്ണില്‍ ലവണാംശം വളരെ കൂടുതലായിരിക്കും. കണ്ടല്‍സസ്യങ്ങള്‍ പ്രത്യേകതരം ഹാലോഫൈറ്റുകള്‍ (ലവണപ്രദേശസസ്യങ്ങള്‍) ആണ്‌. പത്തോളം സസ്യകുടുംബങ്ങളില്‍പ്പെട്ട ചെറുചെടികളും വൃക്ഷങ്ങളുമടങ്ങുന്ന ഏകദേശം 26 സസ്യവര്‍ഗങ്ങള്‍ കണ്ടല്‍ച്ചെടികളിലുള്‍പ്പെടുന്നു. റൈസോഫോറേസീ കുടുംബത്തിലെ റൈസോഫോറോ (Rhizophora), ബ്രുഗീറ (Brugiera), സെറിയോപ്‌സ്‌(Ceriops), മീലിയേസികുടുംബത്തിലെ കരാപ്പ (Carapa), ലിത്രസീ കുടുംബത്തിലെ സൊണറേഷ്യ (Sonneratia), അക്കന്തേസീ കുടുംബത്തിലെ മുതലമുള്ള്‌(Acanthus ilicifolius), വെര്‍ബിനേസീ കുടുംബത്തിലെ അവിസീനിയ(Avicennia), എന്നിവയാണ്‌ ഇവയില്‍ പ്രമുഖം. നദിക്കരയിലെ ലവണാംശമുള്ള മണ്ണിലെ നിലനില്‌പിന്‌ അഌയോജ്യമായ ചില സവിശേഷസ്വഭാവങ്ങള്‍ ഇവയില്‍ കാണാം. ശാഖകളില്‍ നിന്നു മണ്ണിലേക്കു ധാരാളമായി വളരുന്ന ഊന്നുവേരുകള്‍ (proproots) അയഞ്ഞമണ്ണില്‍ സസ്യങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും ശക്തിയായ ഒഴുക്ക്‌, കാറ്റ്‌ എന്നിവയില്‍ നിന്നു ചെടികള്‍ക്കു സംരക്ഷണം നല്‌കുകയും ചെയ്യുന്നു. ബ്രുഗീറയില്‍ കാണ്ഡത്തോടു ചേര്‍ന്നു കാണുന്ന വേരുകളുടെ ധര്‍മവും ഇതുതന്നെയാണ്‌.

കണ്ടല്‍ച്ചെടികള്‍ വളരുന്ന മണ്ണില്‍ വാതകവിനിമയം സുഗമമല്ല. അവിസീനിയ, സൊണറേഷ്യ എന്നിവയില്‍ മണ്ണിനടിയിലെ വേരില്‍ നിന്നു നേരെ മുകളിലേക്കു വളരുന്ന ശ്വസനമൂലങ്ങളിലെ (pneumatophores)ലെന്റി സെല്ലുകളിലൂടെ ഓക്‌സിജന്‍ ആഗിരണം ചെയ്യപ്പെടുന്നു. മാതൃസസ്യത്തില്‍ വച്ചു മുളച്ചതിഌശേഷം മാത്രം വിത്തു താഴേക്കു വീഴുന്ന "വിവിപരിറ്റി'(viviparity) എന്ന പ്രതിഭാസവും ഈ സസ്യങ്ങളില്‍ ദൃശ്യമാണ്‌. ആവശ്യത്തിലധികം ലവണാംശമുള്ള മണ്ണില്‍ വച്ച്‌ ബീജാങ്കുരണം വൈകുന്നത്‌ ഒഴിവാക്കാന്‍ ഇതു സഹായിക്കും.

ജലം ധാരാളമടങ്ങിയിട്ടുള്ള മണ്ണിലാണു വളരുന്നതെങ്കിലും ചെടികള്‍ മരുസസ്യങ്ങളുടെ (xerophytes) സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്‌. ഉദാഹരണമായി റൈസോഫോറയിലെ ഇലകള്‍ കട്ടിയുള്ളതും മാംസളവുമാണ്‌; അക്കാന്തസ്‌ ഇലിസിഫോളിയസിന്‍െറ അധിചര്‍മം കട്ടിയുള്ള ഭിത്തിയോടു കൂടിയതും കനമുള്ള ക്യൂട്ടിക്കിള്‍ കൊണ്ട്‌ പൊതിഞ്ഞതുമാണ്‌. ഉപരിവൃതിയില്‍ കുഴികളിലായി കാണപ്പെടുന്ന ആസ്യരന്ധ്രങ്ങളും ഇലയിലെ ജലസംഭരണകോശങ്ങളും മരുസസ്യങ്ങളുടെ സ്വഭാവങ്ങളാകുന്നു. മണ്ണില്‍ ലവണാംശം കൂടുതലുള്ളതിനാല്‍ ജലം ആവശ്യാഌസരണം വലിച്ചെടുക്കാന്‍ ചെടിക്കു കഴിയുന്നില്ല. തന്മൂലം ലഭ്യമാകുന്ന ജലം നഷ്‌ടപ്പെട്ടുപോകാതിരിക്കാന്‍ മേല്‌പറഞ്ഞ സവിശേഷതകള്‍ സഹായിക്കുന്നു. സസ്യശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുതലായി കടന്നുകൂടുന്നതുകൊണ്ടാണ്‌ ഇത്തരം സ്വഭാവങ്ങള്‍ പ്രകടമാകുന്നത്‌ എന്നും അഭിപ്രായമുണ്ട്‌.

കണ്ടല്‍വൃക്ഷങ്ങളില്‍ നിന്ന്‌ തടിയും വിറകും ലഭ്യമാണ്‌. വൃക്ഷങ്ങളുടെ പുറംതൊലി തുകല്‍വ്യവസായത്തിലും ബാത്തിക്‌ വ്യവസായത്തിലും ഉപയോഗിക്കുന്നു. ഔഷധഗുണമുള്ള കണ്ടല്‍സസ്യങ്ങളുമുണ്ട്‌.

ഉഗ്രമായ കൊടുങ്കാറ്റുമൂലം തീരപ്രദേശങ്ങളിലുണ്ടാകുന്ന മണ്ണൊലിപ്പ്‌ തടയാന്‍ ഈ സസ്യങ്ങള്‍ സഹായിക്കുന്നു. ആന്‍ഡമാന്‍ ദ്വീപുകളിലും; കൃഷ്‌ണ, ഗോദാവരി, കാവേരി എന്നീ നദികളുടെ ഡെല്‍റ്റാ പ്രദേശങ്ങളിലും ഇവ നിബിഡമായി വളരുന്നതുകാണാം.

കേരളത്തില്‍ 700 ച.കി.മീ. വിസ്‌തൃതിയില്‍ വ്യാപിച്ചിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന്‌ സു. 15 ച.കി.മീ. ആയി ചുരുങ്ങിയിട്ടുണ്ട്‌. കൃഷിക്കായി ജലാശയങ്ങള്‍ കൈയേറാഌള്ള പ്രവണത കേരളത്തിലെ ഒരു കാലത്തു നിബിഡമായിരുന്ന കണ്ടല്‍ക്കാടുകളുടെ നാശത്തിഌ കാരണമായി. എന്നാല്‍ കേരളത്തിലെ അഴിമുഖങ്ങളും കായല്‍പ്പരപ്പുകളും തോടുകളുമെല്ലാം കണ്ടല്‍ക്കാടുകള്‍ക്ക്‌ അഌയോജ്യമാണ്‌. കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ളത്‌. തിരുവനന്തപുരത്ത്‌ വേളിക്കായലിഌ സമീപവും കൊല്ലത്തെ അഷ്‌ടമുടിക്കായല്‍ക്കരയിലും ധാരാളം കണ്ടല്‍സസ്യങ്ങള്‍ വളരുന്നുണ്ട്‌.

കേരളത്തില്‍ കണ്ടുവരുന്ന കണ്ടല്‍ ഇനങ്ങള്‍ പരാന്തന്‍കണ്ടല്‍, വള്ളികണ്ടല്‍, ചെറുക്കണ്ടല്‍, ഉപ്പട്ടി, ബ്ലാത്തിക്കണ്ടല്‍, ചക്കരക്കണ്ടല്‍, നക്ഷത്രക്കണ്ടല്‍ എന്നിവയാണ്‌. റൈസോഫൊറേസിയ (R. mucronata) കുടുംബത്തില്‍പ്പെട്ട പ്രശസ്‌തമായ ഒരിനമാണ്‌ പരാന്തന്‍ക്കണ്ടല്‍. സു. 15 മീ. ഉയരം വരുന്ന ഈ കണ്ടല്‍ ചതുപ്പിലേക്ക്‌ വേരുകളാഴ്‌ത്തി ആല്‍മരം പോലെ പടര്‍ന്നു പന്തലിക്കും. വെള്ളപ്പൂക്കളുണ്ടാകുന്ന ഇവ കാറ്റുവഴിയാണ്‌ പരാഗണം നടത്തുന്നത്‌. തായ്‌വേര്‌ മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങി കരയിടിച്ചില്‍ തടയുകയും കാറ്റിനെ പിടിച്ചുനിര്‍ത്തുകയും എക്കലടിഞ്ഞു പുതിയ കരയുണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ കായും ഇളംതളിരുമെല്ലാം ഭക്ഷ്യയോഗ്യമാണ്‌. ഇലകള്‍ കാലിത്തീറ്റയായും മരത്തൊലി പ്രമേഹത്തിഌം ഹൃദ്രാഗങ്ങള്‍ക്കും ഉള്ള ഔഷധമായും ഉപയോഗിക്കുന്നു.

കടല്‍ക്ഷോഭത്തില്‍നിന്ന്‌ തീരങ്ങളെ സംരക്ഷിക്കാഌം മണ്ണൊലിപ്പു തടയാഌം കണ്ടല്‍ക്കാടുകള്‍ക്ക്‌ കഴിയുമെന്നുള്ളതുകൊണ്ട്‌ ഉള്ളവയെ സംരക്ഷിക്കാഌം പുതിയതായി കണ്ടല്‍ നട്ടുവളര്‍ത്താഌം ശ്രമിക്കേണ്ടിയിരിക്കുന്നു. കണ്ടല്‍ക്കാടുകളുടെ പ്രാധാന്യമറിഞ്ഞ്‌ അവയുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരു വ്യക്തിയാണ്‌ കണ്ണൂര്‍ ജില്ലയിലെ കല്ലേന്‍ പൊക്കുടന്‍."കണ്ടല്‍ പൊക്കുടന്‍' എന്ന പേരിലാണ്‌ ഇദ്ദേഹം അറിയപ്പെടുന്നതുതന്നെ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍