This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്യൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:29, 22 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എയ്യൽ

തൃശൂർ ജില്ലയിൽപ്പെട്ട തലപ്പിള്ളി താലൂക്കിലെ പുരാവസ്‌തുപരമായി പ്രാധാന്യമാർജിച്ചിട്ടുള്ള ഒരു പ്രാചീനഗ്രാമം. 1946-ൽ ഇവിടെനിന്നു കുറേ റോമന്‍ നാണയങ്ങളും മുദ്രിത(punch marked) നാണയങ്ങളും കണ്ടുകിട്ടി. മുസിരിസ്സിൽ (കൊടുങ്ങല്ലൂർ) നിന്ന്‌ തിണ്ടിസ്സി (കടലുണ്ടി)ലേക്കുള്ള രാജപാത എയ്യലിലൂടെ കടന്നുപോയിരുന്നു. മുസിരിസ്‌ തുറമുഖത്തേക്ക്‌ അയയ്‌ക്കാനുള്ള കുരുമുളക്‌, ഏലം, ചന്ദനം മുതലായവ ഇവിടെ ശേഖരിക്കപ്പെട്ടിരുന്നതായി കാണുന്നു.

പാശ്ചാത്യരുമായുള്ള വാണിജ്യബന്ധം നിമിത്തം കൊടുങ്ങല്ലൂരിനുണ്ടായ ഐശ്വര്യസമൃദ്ധി എയ്യലിനും ലഭിച്ചിരുന്നു. ഇവിടെ നിന്നുകിട്ടിയ റോമന്‍ സ്വർണനാണയങ്ങള്‍ എ.ഡി. ഒന്നാം ശതകത്തിലെ ടൈബീരിയസ്‌, ക്ലോഡിയസ്‌, നീറോ, ട്രാജന്‍ എന്നിവരുടേതാണ്‌; റോമന്‍ വെള്ളിനാണയങ്ങള്‍ മാർക്ക്‌ ആന്റണി, അഗസ്റ്റസ്‌ സീസർ ക്ലോഡിയസ്‌, നീറോ, യങ്‌ നീറോ എന്നിവരുടെ കാല(ബി.സി. 1-ാം ശ.)ത്തേതും, ഇവിടെനിന്നു ലഭിച്ച (മുദ്രിത) വെള്ളിനാണയങ്ങള്‍ ഭാരതത്തിലെമ്പാടുനിന്നും ഉത്‌ഖനനഫലമായി കിട്ടിയിട്ടുള്ള ഇനത്തിൽ പെട്ടവയാണ്‌. നാണയവിജ്ഞാനികളാണ്‌ ഇവയെ "പഞ്ച്‌മാർക്ക്‌' എന്നു വിശേഷിപ്പിച്ചിട്ടുള്ളത്‌; സംസ്‌കൃത ഗ്രന്ഥകാരന്മാർ ഇവയ്‌ക്ക്‌ "പുരാണ', "ധരണ' എന്നീ പേരുകള്‍ കൊടുത്തിരിക്കുന്നു. വലുപ്പത്തിലോ കനത്തിലോ രൂപത്തിലോ ഇവയ്‌ക്ക്‌ ഐകരൂപ്യമില്ല. വർത്തുളം, ദീർഘചതുരം, സമചതുരം എന്നിങ്ങനെ പല ആകാരങ്ങളിൽ ഇവ കാണപ്പെടുന്നു. വെള്ളിയും ചെമ്പുമാണ്‌ ഇവയിലെ മുഖ്യ ലോഹഘടകങ്ങള്‍. നാണയത്തിന്റെ ഒരുവശത്ത്‌ അച്ചുപയോഗിച്ച്‌ പലതരം മുദ്രകള്‍ കൊത്തിയിരിക്കും. പഴക്കംകൂടിയ നാണയങ്ങളുടെ ഒരുവശത്ത്‌ അടയാളമൊന്നും കാണാനില്ല. എന്നാൽ മിക്കതിലും ചില ചെറിയ അടയാളങ്ങള്‍ കാണുന്നുണ്ട്‌. രണ്ടുവശത്തും ധാരാളം അടയാളങ്ങളുള്ള നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്‌. പലതരത്തിലുമുള്ള അടയാളങ്ങളിൽ മുന്നൂറിലധികം എണ്ണം തിരിച്ചറിഞ്ഞിരിക്കുന്നു. മനുഷ്യർ, കൈകള്‍, വൃക്ഷങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, ബൗദ്ധാരാധനാ ചിഹ്നങ്ങള്‍, സൂര്യചന്ദ്രന്മാർ മുതലായവ ഇക്കൂട്ടത്തിൽ സർവസാധാരണമാണ്‌. ബുദ്ധ-ധർമചക്രം, പൂമൊട്ട്‌, പൂവ്‌, ആന, കാള, ത്രിശൂലം, ഗ്രഹങ്ങള്‍, മുതലായവയും കാണപ്പെടുന്നു. 2.3 ഗ്രാം മുതൽ 2.9 ഗ്രാംവരെ തൂക്കം ഇവയ്‌ക്കുണ്ട്‌. ഇവ തനി ഭാരതീയമായ നാണയങ്ങളിൽ പഴക്കം കൂടിയവയാണെന്നാണ്‌ നാണയവിദഗ്‌ധന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അലക്‌സാണ്ടർ കണ്ണിങ്‌ഹാം ഈ നാണയങ്ങള്‍ മൂന്ന്‌ കാലഘട്ടത്തിൽ ഉണ്ടായവയാണെന്നും ഒടുവിലത്തെ വിഭാഗം ബി.സി. മൂന്നാം ശ. അന്ത്യത്തിലോ രണ്ടാം ശ. ആരംഭത്തിലോ ഉണ്ടായവയാണെന്നും പ്രസ്‌താവിച്ചിരിക്കുന്നു. പഴക്കംകൂടിയവ ബി.സി. എട്ടാം ശതകത്തിൽ ഉണ്ടായവയായിരിക്കണം.

എയ്യലിൽനിന്നു കിട്ടിയമാതിരി "പഞ്ച്‌മാർക്ക്‌' നാണയങ്ങള്‍ മുന്‍തിരുവിതാംകൂർ സംസ്ഥാനത്ത്‌ കോട്ടയം താലൂക്കിൽ അകലക്കുന്നം പകുതിയിൽ എലിക്കുളം കരയിൽനിന്നും കിട്ടിയിട്ടുണ്ട്‌. കേരളവും പാശ്ചാത്യരാജ്യങ്ങളും തമ്മിൽ പുരാതനകാലത്തു നടത്തിയിരുന്ന വ്യാപാരബന്ധങ്ങളിലേക്കു വെളിച്ചം വീശുവാന്‍ ഇവ തികച്ചും സഹായകമാണ്‌. നോ. നാണയങ്ങള്‍

(വി.ആർ. പരമേശ്വരന്‍പിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍