This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കന്നുകാലികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
കന്നുകാലികള്‍
Cattle
കുളമ്പുള്ളതും "ബോവിഡേ' സസ്‌തനികുടുംബത്തില്‍പ്പെടുന്നതും ആയ നാല്‌ക്കാലികള്‍. പാലിഌം മാംസത്തിഌം കൃഷിപ്പണിക്കും വേണ്ടി വീടുകളില്‍ ഇണക്കി വളര്‍ത്തുന്ന പശു, കാള, എരുമ, പോത്ത് എന്നിവയാണ് ഈ കൂട്ടത്തില്‍ പ്രധാനം. ലോകത്താകമാനമുള്ള കന്നുകാലികളില്‍ നാലിലൊന്നിലേറെ ഇന്ത്യയില്‍ കാണപ്പെടുന്നു. എന്നാല്‍ അംഗസംഖ്യയില്‍ മാത്രമേ നമുക്കു മേന്മ അവകാശപ്പെടാനാവൂ; ക്ഷീരോത്‌പാദനക്ഷമതയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കന്നുകാലിവര്‍ഗങ്ങളുടെ നിലവാരം വളരെ താഴ്‌ന്നതാണ്. 2003ലെ കാനേഷുമാരി കണക്കഌസരിച്ച് കേരളത്തില്‍ 21.86 ലക്ഷം കന്നുകാലികളുണ്ട്.
വര്‍ഗീകരണം
ഇന്ത്യയിലെ കന്നുകാലികളെ മൂന്നു പ്രധാന വര്‍ഗങ്ങളായി തിരിക്കാം: ഗവ്യോപയുക്തവര്‍ഗങ്ങള്‍, സാമാന്യോപയുക്തവര്‍ഗങ്ങള്‍, പണിവര്‍ഗങ്ങള്‍. ഗവ്യോപയുക്ത വര്‍ഗത്തിലെ പശുക്കള്‍ ക്ഷീരോത്‌പാദനശക്തി കൂടുതല്‍ ഉള്ളവയാണ്. സ്ഥൂലിച്ച ശരീരവും തൂങ്ങിക്കിടക്കുന്ന ആട(താട)യും പിന്‍ഭാഗവും ഇവയുടെ ജാതീയ ലക്ഷണങ്ങളാകുന്നു. അപൂര്‍വമായേ കൊമ്പ് കാണപ്പെടാറുള്ളൂ; അഥവാ ഉണ്ടെങ്കില്‍ത്തന്നെ മിക്കവാറും അതു പിരിഞ്ഞതായിരിക്കും. ഇന്ത്യന്‍ കന്നുകാലി(സ്വദേശിവര്‍ഗം)കളിലെ സാഹിവാല്‍, സിന്ധി, ഗിര്‍, ഡിയോണി എന്നിവ ഈ വര്‍ഗത്തില്‍പ്പെടുന്നു.
സാമാന്യോപയുക്തവര്‍ഗത്തിലെ പശുക്കള്‍ ഒരുവിധം നല്ല ക്ഷീരോത്‌പാദനശേഷി ഉള്ളവയും കാളകള്‍ പണിക്കുപറ്റിയവയും ആണ്. മിക്കതിഌം വെള്ളയോ ചാരം കലര്‍ന്ന വെള്ളനിറമോ ആയിരിക്കും. നീണ്ട ഉടലും ഉയര്‍ന്ന നെറ്റിയും ഇവയുടെ പ്രത്യേകതകളാണ്. ഹരിയാന, മേവാതി, റാത്ത്, ഓങ്‌ഗോള്‍, ഗവാലോ, കൃഷ്‌ണാവാലി, താര്‍പാര്‍ക്കര്‍, കാങ്ക്‌റെജ്, നിമാരി, ഡാങ്‌ഗി എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.
പണിവര്‍ഗങ്ങളിലെ പശുക്കള്‍ ക്ഷീരോത്‌പാദനക്ഷമത കുറഞ്ഞവയാണ്. എന്നാല്‍ കാളകള്‍ ചുറുചുറുക്കുള്ളവയും പണിക്കുപറ്റിയവയും ആണ്; ചെറിയ കൊമ്പ്, വെള്ളനിറം, നീണ്ട ഉടല്‍; അല്ലെങ്കില്‍ വളഞ്ഞ കൊമ്പ്, ചാരനിറം, വീതിയുള്ള നെറ്റി ഇവയാണ് ഈ വര്‍ഗത്തിന്റെ സവിശേഷതകള്‍. ഉയര്‍ന്ന നെറ്റിയും നീണ്ടുകൂര്‍ത്ത കൊമ്പും; അവിടവിടെ വെള്ളപ്പുള്ളികളുള്ള ചുവപ്പു നിറവും ഒതുങ്ങിയ പിന്‍ഭാഗവും മുണ്ടന്‍ കൊമ്പുകളും അപൂര്‍വമായി ഇവയില്‍ കാണാറുണ്ട്. മാള്‍വി, ഹല്ലിക്കരേ, കില്ലാരി, അമൃത്‌മഹല്‍, കാങ്കയം എന്നിവയാണ് പ്രധാനയിനങ്ങള്‍. സ്വദേശിവര്‍ഗം കന്നുകാലികള്‍ ബോസ് ഇന്‍ഡികസ് എന്നറിയപ്പെടുന്നു; വിദേശിവര്‍ഗങ്ങളാകട്ടെ, ബോസ് ടോറസ് എന്നും.
കറുപ്പ്, ചുവപ്പ്, കടുംനിറത്തില്‍ വെള്ളപ്പാടുകള്‍ ഉള്ളത് എന്നിങ്ങനെയാണ് വിദേശിവര്‍ഗം കന്നുകാലികളുടെ പൊതുവായ നിറം. ഇവയില്‍ ഒന്നിഌപോലും പൂഞ്ഞയുണ്ടായിരിക്കില്ല. മികച്ച ക്ഷീരോത്‌പാദനശേഷിയും മാംസോത്‌പാദനശേഷിയും ഇവയുടെ പ്രത്യേകതകളാണ്. ഈ ഗുണങ്ങളില്‍ വിദേശിവര്‍ഗങ്ങളോടു കിടപിടിക്കുന്ന ഒരു സ്വദേശിയിനം പോലുമില്ല. ഐര്‍ഷയര്‍, ജെഴ്‌സി, ഗേണ്‍സി, ഹോള്‍സ്റ്റീന്‍ഫ്രീഷ്യന്‍, ബ്രൗണ്‍ സ്വിസ്, ഷോര്‍ട്ട്‌ഹോണ്‍ എന്നിവയാണ് വിദേശിവര്‍ഗങ്ങളില്‍ മെച്ചപ്പെട്ടവ.
ലോകത്തിലെ കന്നുകാലി ജഌസ്സുകളെ ഉപ്പുണി(പൂഞ്ഞ് -hump)യുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ടായി തരംതിരിക്കാം.
ഉപ്പുണി ഉള്ളവ
ഇന്ത്യയിലെ പശുക്കള്‍ ഉപ്പുണി ഉള്ളവയാണ്. ഇവയുടെ ശാ.നാ.: ബോസ് ഇന്‍ഡിക്കസ് (Bos indicus) എന്നാണ്.
ഇല്ലാത്തവ
വിദേശ ജഌസ്സുകളെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയുടെ ശാസ്‌ത്രനാമമാണ് ബോസ് ടോറസ് (Bos taurus).
സ്വദേശിവര്‍ഗം
വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥയ്‌ക്കഌയോജ്യമായ സ്വഭാവ വിശേഷങ്ങളുള്ള വിവിധയിനം കന്നുകാലി ജഌസുകള്‍ ഇന്ത്യയിലുണ്ട്. ഉയര്‍ന്ന ചൂടു സഹിക്കാഌള്ള കഴിവ്, വര്‍ധിച്ച പ്രതിരോധശക്തി എന്നിവ ഇന്ത്യന്‍ ജഌസ്സുകളുടെ സവിശേഷതയാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, സൗരാഷ്‌ട്ര, മഹാരാഷ്‌ട്ര, ചെന്നൈ, മൈസൂര്‍, ആന്ധ്ര എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ പ്രമുഖ കന്നുകാലി ജഌസ്സുകള്‍ കണ്ടുവരുന്നത്. മഴ വളരെ കൂടുതലുള്ള കേരളം, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വേര്‍തിരിച്ചു പറയാന്‍ തക്ക ജഌസ്സുകള്‍ ഒന്നുംതന്നെയില്ല. ഉപയോഗമഌസരിച്ച് ഇന്ത്യന്‍ കന്നുകാലി ജഌസ്സുകളെ പ്രധാനമായും മൂന്നായി തരംതിരിക്കാം.
ഗവ്യോപയുക്തവര്‍ഗം
ഗവ്യ ജഌസ്സുകള്‍ ക്ഷീരോത്‌പാദനശക്തി കൂടുതല്‍ ഉള്ളവയാണ്. ഇവയുടെ ഒരു കറവക്കാലത്തെ ശരാശരി ഉത്‌പ്പാദനം 1500 2200 കി.ഗ്രാം ആയിരിക്കും. സ്ഥൂലിച്ച ശരീരവും, തൂങ്ങിക്കിടക്കുന്ന ആടയും പിന്‍ഭാഗവും ഗവ്യ ജഌസ്സുകളുടെ ജാതീയ ലക്ഷണങ്ങളാകുന്നു. കൊമ്പുകള്‍ അപൂര്‍വമായേ കാണപ്പെടാറുള്ളു. ഉണ്ടെങ്കില്‍ത്തന്നെ അതു പിരിഞ്ഞതായിരിക്കും. ഉദാ. സാഹിവാല്‍, ചുവന്ന സിന്ധി, ഗിര്‍.
സാഹിവാല്‍
മധ്യപഞ്ചാബിലെയും ദക്ഷിണ പഞ്ചാബിലെയും വരണ്ട പ്രദേശങ്ങള്‍, മൊണ്ട്‌ഗോമറി ജില്ല, പഞ്ചാബിലെ വലിയ നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ ഇനം ധാരാളമായുള്ളത്. ഇന്ത്യയിലെ മിക്കപ്രദേശത്തും ജീവിക്കാനിവയ്‌ക്ക് പ്രത്യേക കഴിവുണ്ട്. "ലോല' എന്നും "മൊണ്ട്‌ഗോമറി' എന്നും ഇതിഌ പേരുണ്ട്. ഇതിന്റെ ചര്‍മം വളരെ അയഞ്ഞതായതാവണം "ലോല' എന്ന പേരിഌ കാരണം. മൊണ്ട്‌ഗോമറി ജന്മനാടായതിനാല്‍ ആ പേരും ഇതിഌ ലഭിച്ചു. ഏതു വരണ്ട കാലാവസ്ഥയിലും ഇത് സ്വന്തം മേന്മ നിലനിര്‍ത്തുന്നു. വീതിയേറിയ നെറ്റിത്തടവും കനത്ത കുറ്റിക്കൊമ്പു കളും അയഞ്ഞ ചര്‍മവും വര്‍ഗശുദ്ധിയുടെ ലക്ഷണങ്ങളാണ്. കടുത്തതോ നേര്‍ത്തതോ ആയ ചുവപ്പുനിറത്തില്‍ അവിടവിടെ വെള്ളപ്പുള്ളികളുണ്ടാവും. വാല്‍ നിലത്തുമുട്ടും; വാല്‍രോമങ്ങള്‍ക്ക് നല്ല കറുപ്പുനിറമാണ്.
പിന്‍കാല്‍മുട്ടുകള്‍ അല്‌പം അകന്നു നില്‌ക്കുന്നു. മാര്‍ദവമേറി, മാംസളമല്ലാത്ത, വലിയ അകിട് ദൃഢമായി ശരീരത്തോടു യോജിച്ചിരിക്കുന്നു. ക്ഷീരസിരകള്‍ കനത്തുതെളിഞ്ഞതാണ്. ക്ഷീരണകാലത്ത് (300 ദിവസം) ശ.ശ. 2,425 കി.ഗ്രാം പാല്‍ ലഭിക്കും.
കാളകളില്‍ ഉയര്‍ന്ന നെറ്റിത്തടവും, ഉയര്‍ന്ന പൂഞ്ഞയും, സമൃദ്ധമായ ആടയും, ഞാന്നു കിടക്കുന്ന പിന്‍ഭാഗവും ശ്രദ്ധേയമാണ്. എന്നാല്‍ ഇവ പണിക്കു പറ്റിയവ അല്ല.
സിന്ധി
ഭാരതത്തില്‍ ഏറ്റവും പ്രചാരമുള്ള കന്നുകാലി ജഌസ്സുകളില്‍ ഒന്നാണിത്. കേരളത്തിലും ഇതിഌ വര്‍ധിച്ച പ്രചാരമുണ്ട്. കേരളത്തില്‍ കൃത്രിമ ബീജാധാനപരിപാടിയുടെ ആരംഭഘട്ടത്തില്‍ നാടന്‍ ഇനങ്ങളുടെ പാലുത്‌പാദനശേഷി വര്‍ധിപ്പിക്കാനായി സിന്ധിക്കാളകളുടെ ബീജം ഉപയോഗിച്ചിരുന്നു. ഇതിനെ യഥാര്‍ഥത്തിലുള്ള ഒരു സ്വദേശിവര്‍ഗമായി കണക്കാക്കാന്‍ വയ്യ. പാകിസ്‌താനിലെ കോഹിസ്‌താന്‍ ജില്ലയാണ് ഇതിന്റെ ആവാസമേഖല. പടിഞ്ഞാറന്‍ പഞ്ചാബ്, സിന്‍ഡിലെ കറാച്ചിക്കടുത്തുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ധാരാളമായി കാണപ്പെടുന്നു.
പുഷ്ടമായ ശരീരം, വടിവൊത്ത ആകാരം, കറുത്ത "മുഞ്ഞി' (muzzle), വിടര്‍ന്ന നാസാദ്വാരങ്ങള്‍, കനത്ത ചുണ്ട് എന്നിവ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ചെവി ചെറുതായിരിക്കും; ചെവിയുടെ ഉള്‍ഭാഗം മഞ്ഞനിറമായിരിക്കും; വക്കുകളില്‍ കുറ്റിലോമങ്ങളും ഉണ്ടായിരിക്കും. ആദ്യം മുകളിലോട്ടും പിന്നെ മുന്നോട്ടും അവസാനം അകത്തോട്ടും വളഞ്ഞ്, തമ്മില്‍ അല്‌പമകന്നു സ്ഥിതിചെയ്യുന്ന കൊമ്പുകള്‍ വളരെ ബലമുള്ളതും കുറിയതുമാകുന്നു. കഴുത്തില്‍ നിറയെ ഞൊറികള്‍ വീണിരിക്കും. പശുക്കളിലും സാമാന്യം വലിയ "പൂഞ്ഞ' കാണാം. തുടകള്‍ സാമാന്യം അകന്നാണ് കാണപ്പെടുന്നത്. തെല്ലു തൂങ്ങിയതും വലുപ്പമുള്ളതുമായ അകിട് ശരീരത്തോടു ബലമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അകിട് മാംസളമല്ലെങ്കിലും മൃദുലമാണ്; മുലകള്‍ സാമാന്യം വലുപ്പമുള്ളവയും. ക്ഷീരസിരകള്‍ തടിച്ചവയാണ്. വാലിന്റെ അറ്റത്ത് ധാരാളം കറുത്ത രോമങ്ങള്‍ ഉണ്ട്. ശരിയായ നിറം കടുംചുവപ്പാണെങ്കിലും ചുവപ്പുകലര്‍ന്ന മഞ്ഞനിറവും ഇരുണ്ട തവിട്ടുനിറത്തിലും കാണാം. വിത്തുകാളകള്‍ പശുക്കളെക്കാള്‍ ഇരുണ്ട നിറമുള്ളവയാണ്. ലിംഗഭേദമെന്യേ നെറ്റിയില്‍ ഒരു വെള്ളപ്പുള്ളിയും, താടിയിലും നെഞ്ചിലും വെള്ളക്കുത്തുകളും കാണുന്നു.
ക്ഷീരണകാലത്ത് (300 ദിവസം) 2,000 കി.ഗ്രാം പാല്‍ ലഭിക്കും. ഒരൊറ്റ കറവക്കാലത്ത് 4,000 കി.ഗ്രാം പാല്‍വരെ കിട്ടിയതായി രേഖകളുണ്ട്.
ഗിര്‍
തെക്കന്‍ കത്തിയവാഡിലെ ഗിര്‍പ്രദേശത്തു കാണപ്പെടുന്ന ഇനം. ചുവപ്പു പുള്ളികളുള്ള വെള്ളയാണ് സാധാരണ നിറം. പുള്ളികള്‍ കടും ചുവപ്പോ ഇളം ചുവപ്പോ ആകാം. കടും ചുവപ്പിന്റെ സ്ഥാനത്ത് കറുപ്പാവുന്ന സന്ദര്‍ഭങ്ങളുമുണ്ട്. വെള്ളയില്‍ മറ്റു നിറങ്ങളിലുള്ള പുള്ളികളുള്ളതും അപൂര്‍വമല്ല; ഉടലില്‍ ഒരു വശത്ത് (ചിലപ്പോള്‍ രണ്ടുവശത്തും) എവിടെയെങ്കിലും കടുത്ത നിറമുള്ള ഒരു മറുകുണ്ടായിരിക്കുന്നത് ഗിര്‍ ജഌസ്സിന്റെ പ്രത്യേകതയാണ്. പൂഞ്ഞയും, ഞാത്തും ഞൊറികളുമുള്ള ആടയും എല്ലാറ്റിഌമുണ്ട്. കാളകളില്‍ ഇതുകുറെ സമൃദ്ധമായിരിക്കുമെന്നു മാത്രം. കനം കുറഞ്ഞു നീണ്ട വാലിന്റെ അറ്റത്ത് നിബിഡമായി, കറുത്ത വാല്‍ രോമങ്ങളുണ്ടായിരിക്കും. ഇത് നിലത്തു മുട്ടിക്കിടക്കുന്നു. നീണ്ടു തൂങ്ങി ഉള്ളിലേക്കല്‌പം ചുരുണ്ടുമടങ്ങിയ ചെവികളുടെ അറ്റം തെല്ലു പിളര്‍ന്നതാണ്. നെറ്റി ഉയര്‍ന്നതായിരിക്കും; ഇതിന്‍െറ വശത്തുനിന്നാണ് കൊമ്പുകള്‍ മുളയ്‌ക്കുന്നത്. വളഞ്ഞ കൊമ്പുകള്‍ മുനയിലവസാനിക്കുന്നു. ചെവിക്കൊപ്പം ഒരേ നിരയില്‍നില്‌ക്കുന്ന കണ്ണുകള്‍ക്ക് കനം തൂങ്ങുന്ന കണ്‍പോളകള്‍ ഉറക്കച്ഛായ നല്‌കുന്നു.
ഒരു കറവയില്‍ ശ.ശ. 1,700 കി.ഗ്രാം പാല്‍ ലഭിക്കും. കാളകള്‍ ബലിഷ്‌ഠരാണെങ്കിലും പണിക്ക് പറ്റിയവയല്ല.
ഡിയോണി
വെള്ളയില്‍ കറുപ്പോ ചുവപ്പോ പുള്ളികള്‍ കലര്‍ന്ന നിറത്തോടു കൂടിയ ഈ ഇനത്തിന് കാഴ്‌ചയില്‍ ഗിര്‍ ഇനത്തോട് അടുത്ത സാദൃശ്യമുണ്ട്. പഴയ ഹൈദരാബാദിന്റെ പടിഞ്ഞാറും വടക്കുപടിഞ്ഞാറുമുള്ള പ്രദേശങ്ങളാണ് ഇതിന്റെ ആവാസസ്ഥലങ്ങള്‍. കഴുത്തു നിറയെ മൃദുലമായ ആട; ഒട്ടൊന്നു തൂങ്ങിയ പിന്‍ഭാഗം, "ഗിറി'ന്റേതിനോളം നീണ്ടതല്ലാത്തതും അറ്റം പിളര്‍ന്നിട്ടില്ലാത്തതുമായ ചെവി എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്. പശുവില്‍ താഴോട്ടു സാമാന്യം ഞാന്നു കിടക്കുന്ന പൊക്കിള്‍ത്തടം ശ്രദ്ധേയമാണ്. സാധാരണ വലുപ്പമുള്ള അകിടില്‍, മുലകള്‍ ചതുരാകൃതിയില്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് മറ്റൊരിനത്തിലും ദൃശ്യമല്ല.
ഒരു കറവയില്‍ (300 ദിവസം) 1,000 കി.ഗ്രാമിലേറെ പാല്‍ ലഭിക്കുന്നു. കാളകള്‍ പണിക്ക് പറ്റിയവയാണ്.
സാമാന്യോപയുക്തവര്‍ഗം
പശുക്കള്‍ ഒരുവിധം നല്ല ക്ഷീരോത്‌പാദനശേഷിയുള്ളവയും കാളകള്‍ പണിക്കുപറ്റിവയും ആണ്. ഒരു കറവക്കാലത്തെ ശ.ശ. ഉത്‌പാദനം 1100-1700 കി.ഗ്രാം ആണ്. ഉദാ. ഓങ്കോള്‍, താര്‍പാര്‍ക്കര്‍, കാങ്ക്‌റെജ്, ഹരിയാന.
ഹരിയാന
നല്ല ക്ഷീരോത്‌പാദനശേഷിയുള്ള പശുക്കളും പണിക്കു പറ്റിയ കാളകളും അടങ്ങുന്ന ഈ ഇനം പഞ്ചാബിലെ രോഹ്‌തക്, ഗുര്‍ഗാവ്, കര്‍ണാല്‍ എന്നീ പ്രദേശങ്ങളിലും ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുമാണ് നൈസര്‍ഗികമായി കാണപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മുന്തിയ ദ്വയോപയോഗ ജഌസ്സുകളിലൊന്നാണ് ഇവ. ഉത്തര്‍പ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ കന്നുകാലികളുടെ ജനിതകമൂല്യം വര്‍ധിപ്പിക്കാനായി ഹരിയാന വിത്തുകാളകളെ ഉപയോഗപ്പെടുത്തിയിരുന്നു. ഇവയുടെ സാമാന്യമായ നിറം വെള്ളയോ നഌത്ത ചാരമോ ആണ്. കാളകളുടെ പൂഞ്ഞയും കഴുത്തും പിന്‍ഭാഗവും ഇരുണ്ടിരിക്കുന്നു.
നീണ്ട മോന്തയും, നിരപ്പായ നെറ്റിത്തടവും (അപൂര്‍വമായി ഉയര്‍ന്നതുമാകാം), നെറുകയില്‍ നടുക്ക് ചുട്ടി കുത്തിയതുപോലെ തെല്ലുയര്‍ന്ന അസ്ഥിയെടുപ്പും ഇതിന്‍െറ ജാതിസ്വഭാവങ്ങളാകുന്നു. "മുഞ്ഞി' കറുത്തതാണ്. വിടര്‍ന്ന നാസാദ്വാരങ്ങള്‍, വലിയ കണ്ണുകള്‍, ചെറിയ ചെവി, ഇടത്തരം കൊമ്പുകള്‍, ചെറിയ പൂഞ്ഞ, ഇറുകിയ പിന്‍ഭാഗം, മടക്കില്ലാത്ത പൊക്കിള്‍ത്തടം എന്നിവ ഈ ജഌസ്സിന്റെ പ്രത്യേകതകളാകുന്നു. വലിയ അകിടും ഇടത്തരം വലുപ്പമുള്ള മുലകളുമാണ് ഈ ഇനത്തില്‍ കാണപ്പെടുന്നത്. കറുത്ത വാല്‍രോമങ്ങള്‍ വര്‍ഗലക്ഷണമാണ്. ഒരു ക്ഷീരണകാലത്ത് (300 ദിവസം) 1,800 കി.ഗ്രാം പാല്‍ ലഭിക്കുന്നു. എരുതുകള്‍ പണിക്കു പറ്റിയവയാണ്; പ്രത്യേകിച്ച് ഉഴാഌം വണ്ടി വലിക്കാഌം.
മേവാതി
ശാന്തസ്വഭാവികളെങ്കിലും ചുറുചുറുക്കുള്ള ഈ ഇനം ആള്‍വാര്‍, ഭരത്‌പൂര്‍, മഥുരയിലെ കോസിജില്ല എന്നിവിടങ്ങളിലാണ് വളരുന്നത്. ഭാരം വലിക്കാന്‍ ഇവയ്‌ക്കുള്ള കഴിവ് എടുത്തു പറയേണ്ടതാകുന്നു. ഹരിയാനയുമായി സാമ്യമുണ്ടെങ്കിലും, ഗിര്‍രക്തമാണ് ഇവയില്‍ കൂടുതലുള്ളത്.
അല്‌പം ഉയര്‍ന്ന നെറ്റിത്തടം, നെറുകയില്‍ നിന്നു നേരേ പുറപ്പെട്ട് അറ്റത്തുവച്ചു തെല്ലു പിന്നോട്ടു ചായുന്ന കൊമ്പ്, നീണ്ടുപോകുന്ന പിന്‍ഭാഗം എന്നിവ വര്‍ഗസ്വഭാവങ്ങളാകുന്നു. നിറം വെള്ളയാണ്. തലയും കഴുത്തും തോള്‍ഭാഗവും പുറംതുടയും അപൂര്‍വമായി ചാരനിറമാകാറുണ്ട്. കൈകാലുകള്‍ താരതമ്യേന നീണ്ടതായിരിക്കും.
ഒരു ക്ഷീരണകാലത്ത് പശുക്കള്‍ 1,500 കി.ഗ്രാം പാല്‍ തരുന്നു. എരുതുകള്‍ പണിക്കു പറ്റിയവയാണ്.
റാത്ത്
ഇടത്തരം വലുപ്പമുള്ളതെങ്കിലും ഒതുക്കവും ചുറുചുറുക്കുമുള്ള ഈ ഇനത്തിന്റെ ആവാസമേഖല രാജസ്ഥാനാകുന്നു. "ഹരിയാന'യെക്കാള്‍ വലുപ്പം കുറവായ ഇവയ്‌ക്ക് ഹരിയാനയോട് നല്ല രൂപസാദൃശ്യമുണ്ട്. നിറം വെളുപ്പ്; കഴുത്തും തലയും പുറംതുടയും ഇരുണ്ടതായിരിക്കും. "പാവപ്പെട്ടവന്റെ കന്നുകാലി' എന്ന് ഈ ഇനം അറിയപ്പെടുന്നു.
ഒരു കറവയില്‍ ശ.ശ. ഒരു പശുവില്‍ നിന്ന് 1,350 കി.ഗ്രാം പാല്‍ ലഭിക്കും. കാളകള്‍ പണിക്കു പറ്റിയവയാണ്.
ഓങ്‌ഗോള്‍
നീളംകൂടിയ ശരീരം, ചെറിയ കഴുത്ത്, ചെറുതായി ഉയര്‍ന്ന നെറ്റിത്തടം എന്നിവയാണ് ഈ ജഌസ്സിന്റെ പൊതുസ്വഭാവങ്ങള്‍. ഉദ്ദേശം ഒന്നരമീറ്റര്‍ നീളവും ഒന്നേമുക്കാല്‍ മീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്റര്‍ ഉയരവുമുള്ള പശുക്കള്‍ക്ക് 430 കി.ഗ്രാം വരെ തൂക്കമുണ്ടാകും. നിറം മിക്കവാറും വെളുപ്പാകുന്നു. കാളകള്‍ക്ക് പശുക്കളെക്കാള്‍ വലുപ്പക്കൂടുതലുണ്ട്. ഇവയുടെയും നിറം പൊതുവേ വെള്ളയാണെങ്കിലും തലയിലും കഴുത്തിലും പൂഞ്ഞയിലും കൃഷ്‌ണച്ഛവി ഉണ്ടായിരിക്കും. അപൂര്‍വമായി ചുവപ്പു നിറമുള്ള ഇനങ്ങളെയും കണ്ടെത്താം. ചുവപ്പും വെള്ളയും ഇടകലര്‍ന്നവയും വിരളമല്ല.
പൊതുവേ നീളംകൂടിയ മുഞ്ഞിയും മുഖത്തിന്റെ അറ്റത്തായി കാണുന്ന കറുപ്പുനിറവും വിടര്‍ന്നിരിക്കുന്ന നാസാദ്വാരങ്ങളും ഇവയുടെ പ്രത്യേകതകളാണ്. നന്നായി കറുത്ത കണ്‍പീലികള്‍ തിളങ്ങുന്ന കണ്ണുകളുടെ ഭംഗി വര്‍ധിപ്പിക്കുന്നു. കണ്ണിഌ ചുറ്റുമായി, കണ്ണെഴുതിയതുപോലെ വീതിയില്‍ കറുത്ത ഒരു വരയുമുണ്ട്. കൊമ്പിന് ഒട്ടും നീളം കാണുകയില്ല. പൂഞ്ഞയും ആടയും സമൃദ്ധമാണ്. പശുവിന്റെ നാഭിച്ചുഴിയില്‍ ഒരു മടക്കു കാണപ്പെടുന്നു. നീണ്ട വാലും അതിന്റെ അറ്റത്തുള്ള കറുത്ത രോമങ്ങളും വര്‍ഗശുദ്ധിയുടെ ലക്ഷണങ്ങളാണ്. മൃദുലമായ അകിടില്‍ ശ.ശ. വലുപ്പമുള്ള മുലകളാണുള്ളത്. ക്ഷീരസിരകള്‍ ശാഖോപശാഖകളായി പിരിഞ്ഞു കാണപ്പെടുന്നു.
കാളകള്‍ പണിക്കു പറ്റിയവയാണ്. പശുക്കളുടെ ക്ഷീരോത്‌പാദനശേഷി മെച്ചപ്പെട്ടതാകുന്നു. ഒരു ക്ഷീരണകാലത്ത് (300 ദിവസം) 1360 കി.ഗ്രാം പാല്‍ ലഭിക്കും.
ആന്ധ്രപ്രദേശിലെ ഓങ്‌ഗോള്‍ ആണ് ഇവയുടെ വാസസ്ഥലം. ഗുണ്ടൂരിലുള്ള ഗവണ്‍മെന്റ് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ഓങ്‌ഗോളിനെ ശാസ്‌ത്രീയരീതിയില്‍ വളര്‍ത്തുന്നുണ്ട്. രോഗപ്രതിരോധശേഷി, കുറഞ്ഞ അളവില്‍ തീറ്റവസ്‌തുക്കള്‍ കഴിച്ചുകൊണ്ട് ജീവിക്കാഌള്ള കഴിവ് എന്നിവ ഇവയുടെ പ്രത്യേകതകളാണ്. തന്മൂലം ഇവയെ അമേരിക്ക മുതലായ സ്ഥലങ്ങളില്‍ സങ്കരപ്രജനനത്തിഌപയോഗിച്ചിട്ടുണ്ട്.
ഗവാലോ
മധ്യപ്രദേശിലെ ഒരു പ്രധാന കന്നുകാലി ജഌസ്സാണിത്. വലുപ്പത്തില്‍ ഇത് ഇടത്തരമാണ്. എണ്ണമിഌപ്പുള്ള ചര്‍മഭംഗി ഇതിന്റെ പ്രത്യേകതയാകുന്നു. പശുക്കള്‍ നന്നെ വെളുത്തതാണ്. കാളകള്‍ക്ക് തലയിലും കഴുത്തിലും പൂഞ്ഞയിലും പുറം തുടയിലും ശ്യാമച്ഛായ ഉണ്ടായിരിക്കും.
കാളകള്‍ പണിക്കു പറ്റിയവയാണ്. പശുക്കള്‍ ഒരു കറവക്കാലത്ത് (250 ദിവസം) 810 കി.ഗ്രാം പാല്‍ തരുന്നു.
കൃഷ്‌ണാവാലി
ഒരു നല്ല സാമാന്യോപയോഗവര്‍ഗമാണിത്. കൃഷ്‌ണാനദീതട പ്രദേശങ്ങളാണ് ഇതിന്റെ ആവാസമേഖല. പശുക്കള്‍ വെളുത്തതും കാളകള്‍ ചാരനിറം കലര്‍ന്നതുമായിരിക്കും. നീണ്ട് ഗുരുത്വമേറിയ ഉടലും ചെറിയ കഴുത്തും ഋജുവായ കൈകാലുകളുമുള്ള ഇവയുടെ തല താരതമ്യേന ചെറുതാണ്.
കാളകള്‍ നന്നായി ജോലി ചെയ്യും. പശുക്കള്‍ ശരാശരി 900 കി.ഗ്രാം പാല്‍ തരാറുണ്ട്.
താര്‍പാര്‍ക്കര്‍
ഒതുക്കവും ചുറുചുറുക്കുമുള്ള അവയവഘടനയോടുകൂടിയ ഈ ഇനത്തിന് "വെളുത്ത സിന്ധി' എന്നും "താരി' എന്നും കൂടി പേരുകളുണ്ട്. തെക്കുകിഴക്കന്‍ സിന്ധുസമതലമാണിതിന്റെ ആവാസമേഖല. ഭാരതത്തില്‍ പല സംസ്ഥാനങ്ങളിലും വര്‍ഗോന്നമനത്തിനായി ഈ ഇനം ഉപയോഗിച്ചുവരുന്നു. പശുക്കള്‍ മികച്ച ക്ഷീരോത്‌പാദനശേഷിയുള്ളവയാണ്. പ്രായപൂര്‍ത്തിയെത്തുന്നതോടെ പശുക്കളും എരുതുകളും തൂവെള്ളയായിത്തീരുന്നു. നീളമുള്ള വാലും കറുത്ത വാല്‍രോമങ്ങളും വര്‍ഗശുദ്ധിയുടെ ലക്ഷണങ്ങളാണ്. ഇടത്തരം ശരീരവലുപ്പം, ഒതുങ്ങിയ ശരീരഘടന, നല്ല ഉറപ്പുള്ള നിവര്‍ന്ന കാലുകള്‍ എന്നിവ താര്‍പാര്‍ക്കറിന്റെ പ്രത്യേകതകളാണ്.
ശ.ശ. കറവക്കാലത്തെ (300 ദിവസം) പാലിന്റെ ലഭ്യത 1,800 കി.ഗ്രാം ആകുന്നു. കാളകള്‍ പണിക്ക് പറ്റിയവയാണ്.
കാങ്ക്‌റെജ്
ഇന്ത്യയിലെ കന്നുകളില്‍ ഏറ്റവും ഭാരമുള്ള ഇനം. ഇവയ്‌ക്ക് അസാമാന്യമായ തലയെടുപ്പുണ്ട്. ദ്വയോപയോഗ ജഌസ്സുകളില്‍ ഹരിയാന കഴിഞ്ഞാല്‍ ഏറ്റവും മുന്തിയ ഇനമാണ് കാങ്ക്‌റെജ്. ഗുജറാത്തിലെ കച്ച് പ്രദേശത്തിനടുത്താണ് ഇവയുടെ ഉദ്‌ഭവം. സൂററ്റ്, കത്തിയവാര്‍, ബറോഡ എന്നിവിടങ്ങളില്‍ പണിക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കാങ്ക്‌റെജ് ജഌസ്സില്‍പ്പെട്ട കാളകളെയാണ്. ഇവയുടെ ഒരു കറവക്കാലത്തെ ശ.ശ. പാലുത്‌പാദനം 1360 കി.ഗ്രാം പ്രതിദിന പാലുത്‌പാദനം 4.56.5 കി.ഗ്രാം ആണ്; പശുക്കള്‍ 400 കി.ഗ്രാം. വരെയും കാളകള്‍ 600 കി.ഗ്രാം വരെയും ഭാരമുള്ളവയാണ്. ആദ്യം വശത്തേക്കും, പിന്നെ മുകളിലേക്കും വളരുന്ന കൊമ്പുകള്‍ക്ക് അര്‍ധചന്ദ്രാകൃതിയാണുള്ളത്. സാമാന്യത്തിലേറെ വലുപ്പമുള്ള പൂഞ്ഞ് പലപ്പോഴും ചാഞ്ഞിരിക്കും. ഇവയുടെ മുഖത്തിഌ താരതമ്യേന വലുപ്പം കുറവാണ്. വെട്ടിത്തിളങ്ങുന്ന വെള്ളനിറം കലര്‍ന്ന ചാരനിറമാണ് ഇവയുടെ നിറം. കടുത്ത ചാരനിറവും കാണാറുണ്ട്.
നിമാരി
"ഖാര്‍ഗോണി' എന്നു കൂടി പേരുള്ള ഈ ജഌസ് ഗിര്‍ ജഌസ്സില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നു വിശ്വസിക്കപ്പെടുന്നു. മധ്യപ്രദേശിലെ ചില നര്‍മദാതീരജില്ലകള്‍ ആണ് ഇവയുടെ ആവാസമേഖല.
ഇവ രണ്ടുതരമുള്ളതായി കരുതപ്പെടുന്നു:
(1) ആവാസ മേഖലയിലെ പടിഞ്ഞാറു ഭാഗങ്ങളില്‍ കാണപ്പെടുന്ന അയഞ്ഞ ചര്‍മമുള്ള "ചുവപ്പില്‍ വെള്ള' നിമാരികള്‍. ഇവ ക്ഷീരോത്‌പാദനശേഷി കൂടിയവയാണ്;
(2) കിഴക്കന്‍ ഭാഗങ്ങളിലെ ചുവന്ന കന്നുകള്‍ (പുള്ളിയുള്ളവയുമുണ്ട്). ഇവ പണിമിടുക്ക് കൂടിയവയാകുന്നു. പശുക്കളുടെ ക്ഷീരോത്‌പാദനശേഷി ശ.ശ. 900 കി.ഗ്രാം വരെയെത്തും. കാളകള്‍ പണിക്കു പറ്റിയവയാണ്.
ഡാങ്‌ഗി
ഇതും ഗിര്‍ ജഌസ്സില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നു കരുതപ്പെടുന്നു. നിമാരിയുമായി ഇവയ്‌ക്ക് രൂപസാദൃശ്യമുണ്ട്. പശ്ചിമഘട്ടത്തിന്റെ വടക്കേയറ്റത്തെ താഴ്‌വരകള്‍, മഹാരാഷ്‌ട്ര സംസ്ഥാനത്തിലെ അഹമ്മദ് നഗര്‍, നാസിക്, താന, ഡാങ്‌സപ്രദേശങ്ങള്‍ എന്നിവയാകുന്നു ആവാസമേഖല. ഇരുണ്ട നിറമുള്ള അകിടില്‍ കറുത്ത മുലകള്‍ ഉള്ളത് ഇവയുടെ പ്രത്യേകതയാണ്.
ശ.ശ. ക്ഷീരോത്‌പാദനം 675 കി.ഗ്രാം ആകുന്നു. എന്നാല്‍ മികച്ച പരിപാലനക്രമങ്ങളില്‍ അത് 1,500 കി.ഗ്രാം വരെ എത്താറുണ്ട്. കാളകള്‍ ചുറുചുറുക്കുള്ളവയും പണിക്ക് പറ്റിയവയും ആണ്.
പണിവര്‍ഗം
പണിവര്‍ഗങ്ങളിലെ പശുക്കള്‍ ക്ഷീരോത്‌പാദനശേഷി കുറഞ്ഞവയാണ്. എന്നാല്‍ കാളകള്‍ ചുറുചുറുക്കുള്ളവയും പണിക്ക് പറ്റിയവയുമാണ്. ഒരു കറവക്കാലത്തെ ശ.ശ. ഉത്‌പാദനം 1100 കി.ഗ്രാമില്‍ താഴെയാണ്. ഉദാ. ഹല്ലിക്കരേ, കില്ലാരി, കാങ്കയം, അമൃത്‌മഹല്‍.
മാള്‍വി
ഇടത്തരം വലുപ്പമുള്ള ഇത് രണ്ടുതരമുണ്ട്: "അഗാര്‍' എന്നു പേരുള്ള വലിയ മൃഗങ്ങളും "മാന്‍ഡസോര്‍' അഥവാ "ഭോപാല്‍' എന്നു പേരുള്ള ചെറിയ മൃഗങ്ങളും.
ആവാസമേഖലയായ മധ്യപ്രദേശ്, രാജസ്ഥാനിലെ ജലാവര്‍, കോട്ടാ എന്നീ ജില്ലകളില്‍ പലപ്പോഴും ഈയിനം പശുക്കളെ കറക്കാതെ വിടാറുണ്ട്. എന്നാല്‍ മികച്ച ഉത്‌പാദന വിധികള്‍ കൈക്കൊണ്ടാല്‍ കറവക്കാലത്ത് 1,300കി.ഗ്രാമിലേറെ പാല്‍ കിട്ടും. കാളകള്‍ നല്ലതുപോലെ ഭാരം വലിക്കുന്നവയും വയല്‍ജോലി ചെയ്യുന്നവയുമാണ്.
ഹല്ലിക്കര്‍
കര്‍ണാടകത്തിലെ തുംകൂര്‍, ഹസ്സന്‍, മൈസൂര്‍ എന്നീ ജില്ലകളാണ് ഇവയുടെ ഉദ്‌ഭവസ്ഥാനങ്ങള്‍. സവിശേഷതയാര്‍ന്ന തലയും കൊമ്പുമുള്ള ഹല്ലിക്കറിന്റെ രൂപംതന്നെ പണിവര്‍ഗത്തിന്റെ ലക്ഷണങ്ങള്‍ വിളിച്ചറിയിക്കുന്നു. നീണ്ടുകൂര്‍ത്ത മോന്ത, ഉയര്‍ന്ന നെറ്റി, നടുവിലുള്ള ചാല്, ചെറിയ ചെവി, ഇഴുക്കത്തോടെ ആദ്യം പിന്നോക്കവും പിന്നെ മുന്നോക്കവും ആയി നെറ്റിയില്‍ അടുത്തടുത്തിരിക്കുന്ന കൊമ്പുകള്‍, ചെറിയ പൂഞ്ഞ, സാമാന്യം വളര്‍ന്ന താട, ശക്തിയാര്‍ന്ന കൈകാലുകള്‍, നീണ്ട വാല്‍, കറുത്ത വാല്‍രോമങ്ങള്‍ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. ഇരുണ്ട ചാരനിറമാണ് ഇവയുടെ അറിയപ്പെടുന്ന നിറം. മോന്തയിലും താടയിലും വയറ്റിലും കാണുന്ന കറുത്ത പുള്ളികള്‍ ജഌസ്സിന്റെ ശുദ്ധിയെ വിളിച്ചോതുന്നു.
അമൃത്‌മഹല്‍
ഹല്ലിക്കര്‍ ജഌസ്സുമായി ആകാരസാമ്യമുള്ള ഇത് ഹല്ലിക്കരേയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നു കരുതപ്പെടുന്നു. ഒതുങ്ങിയ ശരീരവും നീണ്ട കൈകാലുകളും നീണ്ട വാലുമുള്ള ഈ ഇനത്തിന്റെ ആവാസമേഖല മൈസൂറാണ്. പശുക്കള്‍ ക്ഷീരോത്‌പാദനക്ഷമത കുറഞ്ഞവയാകുന്നു; പണിക്കാളകള്‍ ചുറുചുറുക്കുള്ളവയാണ്.
കില്ലാരി
ഡക്കാണ്‍പ്രദേശത്തെ പേരുകേട്ട പണിക്കാളയാണിത്. ഹല്ലിക്കറില്‍ നിന്നോ അമൃത്‌മഹലില്‍ നിന്നോ ഉരുത്തിരിഞ്ഞതാണ് ഈ ജഌസ് എന്നു സംശയിക്കപ്പെടുന്നു. പഞ്ഞമാസത്തെ ചെറുത്തുനില്‌ക്കാന്‍ ഇവയ്‌ക്കുള്ള കഴിവ് പ്രസ്‌താവ്യമാണ്. കാളകള്‍ പണിക്കു പറ്റിയവയാണ്; പശുക്കള്‍ ക്ഷീരോത്‌പാദനക്ഷമത കുറഞ്ഞവയും.
കാങ്കയം
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിഌ സമീപമുള്ള കാങ്കയമാണ് ഇവയുടെ ജന്മസ്ഥലം. പരേതനായ റാവു ബഹദൂര്‍ നല്ല തമ്പി സര്‍ക്കാര്‍ മന്നാടിയാരുടെ ശ്രമഫലമായി ഉരുത്തിരിഞ്ഞതാണ് ഈ ജഌസ്. "കങ്കനാട്' എന്നും "കൊങ്ക' എന്നും ഇവയ്‌ക്ക് പേരുണ്ട്. ചെറിയ തലയും വലിയ കൊമ്പും ഒതുങ്ങി കരുത്തുറ്റ ശരീരവും ഇവയുടെ പ്രത്യേകതയാണ്. പശുക്കളുടെ നിറം തൂവെള്ളയോ, ചാരം കലര്‍ന്ന വെള്ളയോ ആയിരിക്കും. വിത്തുകാളയുടെ നെറ്റി, കഴുത്ത്, പൂഞ്ഞ്, പുറന്തുട എന്നീ ഭാഗങ്ങള്‍ കറുത്തിരിക്കും. ജനിച്ചയുടന്‍ കന്നുകുട്ടികളുടെ നിറം ചുവപ്പാണ്. എന്നാല്‍ 34 മാസമാകുമ്പോള്‍ ചാരനിറമാകും.
വിദേശിവര്‍ഗം
ഐര്‍ഷയര്‍
സ്‌കോട്ട്‌ലന്‍ഡിലെ ഐര്‍ പ്രവിശ്യയാണ് ഇതിന്റെ ജന്മദേശം. ഇത് ഒരു സങ്കരവര്‍ഗമാണെന്നു കരുതപ്പെടുന്നു. യു.എസ്സില്‍ ഏറെ പ്രചാരമുള്ള ഒരു കന്നുവര്‍ഗമാണിത്. ഇന്ത്യയിലും ഈ ജഌസ് പ്രചാരം നേടിവരുന്നു. ഒട്ടു മാംസളമായ ശരീരമുള്ള ഈ പശുക്കള്‍ ഗോവര്‍ഗത്തിലെ കുലീനരായി കണക്കാക്കപ്പെടുന്നു. ചര്‍മം മിഌത്തതാണ്. കൊമ്പ് വശത്തേക്കും മേലോട്ടും ഉള്ളിലോട്ടും പിറകോട്ടും വളഞ്ഞുവളര്‍ന്ന് കൂര്‍ത്തു നില്‍ക്കുന്നു. പശുക്കളില്‍ നേര്‍വരയിലുള്ള നട്ടെല്ല് വംശമഹിമയുടെ ലക്ഷണമാണ്. പ്രസിദ്ധമായ നിറം ചുവപ്പില്‍ വെള്ളയാണ്. മഹാഗണിയുടെ നിറവും കാവിനിറവും ഉള്ളവയും കുറവല്ല.
ഇവ പൊതുവേ ആഹാരപ്രിയരാണ്. മേഞ്ഞുനടന്നു തന്നെ ഇവ ആവശ്യത്തിഌള്ള പോഷകങ്ങള്‍ സമ്പാദിക്കുന്നു. മറ്റെല്ലാ കന്നുകാലികളെക്കാളും കൂടുതല്‍ രോഗപ്രതിരോധശക്തി ഇവയ്‌ക്കുണ്ട്. ഒരു കറവക്കാലത്തെ ശരാശരി ഉത്‌പാദനം 4,500 കി.ഗ്രാം പാലില്‍ക്കവിയുന്നു. ഇതിന്റെ പാല്‍, പാല്‍ക്കട്ടിയുണ്ടാക്കാന്‍ പ്രസിദ്ധി നേടിയതാണ്.
ജെഴ്‌സി
ഭാരതത്തില്‍ ഏറ്റവും പ്രിയമുള്ള വിദേശി കന്നുകാലിയിനം. ജെഴ്‌സിവര്‍ഗസങ്കലനപദ്ധതിയും ജെഴ്‌സിവര്‍ഗസംവര്‍ധനപദ്ധതിയും വളരെ പ്രചാരത്തിലായിരിക്കുന്നു. പാലുത്‌പാദനത്തിനായി ഉപയോഗപ്പെടുത്തുന്ന ഏറ്റവും ചെറിയ വിദേശ ജഌസ്സാണിത്.
ഇംഗ്ലീഷ് ചാനലിലെ "ചാനല്‍ ദ്വീപുകളി'ലൊന്നായ ജെഴ്‌സി ദ്വീപാണ് ഈ ഇനത്തിന്റെ ആവാസമേഖല. ഇവ നോര്‍മന്‍ഡിബ്രിട്ടനി സങ്കരമായിരുന്നിരിക്കണമെന്നു കരുതപ്പെടുന്നു. ക്ഷീരോപയുക്തവര്‍ഗങ്ങളുടെ ഗുണങ്ങള്‍ ഇത്രമേല്‍ ഒത്തുചേര്‍ന്ന മറ്റൊരു ജഌസ് ഇല്ലെന്നു തന്നെ പറയാം.
ഇളം തവിട്ടു നിറത്തില്‍ വെള്ളപ്പുള്ളികളുമായോ, പുള്ളികളില്ലാതെയോ ജെഴ്‌സിയെ കാണാം. ഇവയുടെ കറുപ്പ് നിറമുള്ള മുഞ്ഞിക്കു ചുറ്റും ഇളം വെളുപ്പ് നിറത്തിലുള്ള ഒരു വലയം കാണാം. മുന്നോട്ട് ആക്കമുള്ള ചെറിയ കൊമ്പുകള്‍, സമൃദ്ധമായ അകിട്, സമതുലിതസ്ഥിതിയില്‍ ഉള്ള മുലകള്‍, സ്ഥൂലിച്ച ഉടല്‍, സ്ഥൂലമല്ലാത്ത അവയവങ്ങള്‍, നിലംമുട്ടുന്ന വാല്‍, വാലിന്റെ അറ്റത്ത് സമൃദ്ധമായുള്ള നീലരോമങ്ങള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാകുന്നു.
സാധാരണ ക്ഷീരോപയുക്തവര്‍ഗങ്ങളെക്കാള്‍ വേഗത്തില്‍ ജെഴ്‌സിപ്പശുക്കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തുന്നു. രണ്ടു വയസ്സാവുമ്പോഴേക്ക് ആദ്യത്തെ പ്രസവത്തിഌ തയാറെടുക്കുന്ന ജെഴ്‌സികള്‍ കുറവല്ല. ജീവിതദൈര്‍ഘ്യത്തിഌം ഇവ പേരു കേട്ടതാണ്. ആയുഷ്‌കാലം മുഴുവന്‍ ഉത്‌പാദനശേഷിയുള്ള വര്‍ഗമാണിത്. ലാഭകരമായ പാല്‍ ഉത്‌പാദനത്തിഌ അഌയോജ്യം. പാലില്‍ കൊഴുപ്പ് കൂടുതലാണ്. ഏകദേശം 5.14 ശ.മാ. കൊഴുപ്പും, 9.43 ശ.മാ. കൊഴുപ്പൊഴിച്ചുള്ള ഖരപദാര്‍ഥവും (SN 7). ശരാശരി കറവയുത്‌പാദനം 3,500 കി.ഗ്രാം പാല്‍ ആണ്.
ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ നാടനിനങ്ങളില്‍ കൃത്രിമ ബീജാദാനത്തിഌ ജെഴ്‌സി വിത്തുകാളകളുടെ ബീജമായിരുന്നു അദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. കുറഞ്ഞകാലം കൊണ്ട് ഇവ പ്രായപൂര്‍ത്തിയാവുന്നു. ഇവയുടെ രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള അന്തരം കുറവാണ്. മറ്റു വിദേശയിനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്‌ക്ക് തീറ്റ കുറച്ച് നല്‍കിയാല്‍ മതി.
ബ്രൗണ്‍സ്വിസ്
സ്വിറ്റ്‌സര്‍ലണ്ടിലെ ഷ്വൈറ്റ്‌സര്‍ പ്രവിശ്യയാണ് ഇതിന്റെ ജന്മദേശം. ഇക്കാരണത്താല്‍ "ഷ്വൈറ്റ്‌സര്‍' എന്നും "ബ്രൗണ്‍ ഷ്വൈറ്റ്‌സര്‍' എന്നും ഇതിഌ പേരുകളുണ്ട്. ജര്‍മനിയിലെ പിന്‍സ്‌ഗോവ് വര്‍ഗത്തിന്റെയും സ്വിസ് വര്‍ഗങ്ങളുടെയും ഒരു സങ്കരമാണ് ഇതെന്നു കരുതപ്പെടുന്നു. ഭാരതത്തില്‍ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു വര്‍ഗമാണിത്. കേരളത്തില്‍ ഇടുക്കി ജില്ലയിലെ മാട്ടുപ്പട്ടിയില്‍ സ്വിസ് ഗവണ്‍മെന്റിന്റെ സഹായത്തോടെ ബ്രൗണ്‍ സ്വിസ് ഇനത്തെ വളര്‍ത്തിയെടുക്കുവാനായി സ്ഥാപിക്കപ്പെട്ട പദ്ധതി ഇപ്പോള്‍ കേരള കന്നുകാലി വികസന ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പാലുത്‌പാദനം, ഇറച്ചി ഉത്‌പാദനം, പണിമിടുക്ക് എന്നീ മേഖലകളിലെല്ലാം തന്നെ മികച്ചുനില്‍ക്കുന്ന ബ്രൗണ്‍ സ്വിസ് ഇനത്തിനാണ് വിദേശ ജഌസ്സുകളില്‍ ഏറ്റവും കൂടുതല്‍ ചൂട് സഹിക്കാഌള്ള കഴിവുള്ളത്.
ഇതിന്റെ ശരീരം, സുദൃഢവും സുശക്തവുമാണ്. പ്രധാനമായി തവിട്ടുനിറമാകുന്നു. ചെവിക്കുള്ളിലെ രോമം മങ്ങിയ നിറമായിരിക്കും. മുഞ്ഞിയും നാക്കും വാല്‍രോമവും കറുത്തിരിക്കും. കൊമ്പുകള്‍ വശത്തേക്കും മുമ്പിലേക്കും അകത്തേക്കും വളര്‍ന്ന് കറുത്ത മുനയില്‍ അവസാനിക്കുന്നു. ഉത്‌പാദനക്ഷമത ശ.ശ. 5,000 കി.ഗ്രാം പാല്‍ ആണ്. 400 450 കി.ഗ്രാം വരെയാണ് പശുവിന്റെ ഭാരം. ഭാരം കൂടുന്നതഌസരിച്ച് വളരെയധികം തീറ്റ ആവശ്യമുള്ള ഇവയെ തീറ്റിപ്പോറ്റുവാന്‍ സാധാരണ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാണ്.
ഗേണ്‍സി
ചാനല്‍ദ്വീപുകളിലൊന്നായ ഗേണ്‍സിയാണ് ഇതിന്റെ ജന്മനാട്. ഇന്ത്യയില്‍ ഈ വര്‍ഗം അത്ര പ്രചാരത്തിലായിട്ടില്ല. കലമാനിന്റെ ഇളം തവിട്ടുനിറത്തില്‍ അവിടവിടെ വെള്ളനിറം വീണതാണ് ഗേണ്‍സിയുടെ നിറം. കൊമ്പുകള്‍ മുന്നോട്ടാഞ്ഞുനില്‌ക്കുന്നു. നല്ല വലുപ്പമുള്ള അകിട്, ലക്ഷണമൊത്ത മുലകള്‍ എന്നിവ സവിശേഷതകളാണ്.
ഗേണ്‍സിയുടെ പാലിന് സ്വര്‍ണനിറമാകുന്നു. യു.എസ്സിലെ വിശിഷ്ടഭോജ്യങ്ങളുടെ പട്ടികയില്‍ ഇതിന്റെ സ്ഥാനം സുപ്രധാനമാണ്. ശ.ശ. ഉത്‌പാദനം 4,050 കി.ഗ്രാം പാല്‍ ആകുന്നു.
ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍
വടക്കന്‍ ഹോളണ്ടിന്റെ സന്തതിയാണിത്. വ. അമേരിക്കയില്‍ ഹോള്‍സ്റ്റീന്‍ എന്നും മറ്റുരാജ്യങ്ങളില്‍ ഫ്രീഷ്യന്‍ എന്നും ഇവ അറിയപ്പെടുന്നു. ഭാരതത്തിലും ഈ ഇനം പ്രചാരം നേടിവരികയാണ്.
ക്ഷീരോപയുക്തവര്‍ഗത്തിലെ വലുപ്പമേറിയ കന്നുകാലികള്‍ ഇവയാകുന്നു. നിറം സ്‌പഷ്ടമായ കറുപ്പും വെളുപ്പുമാണ്. കാല്‍മുട്ടിഌ താഴെയെത്തുന്ന വാല്‍രോമങ്ങള്‍ വെളുത്തതായിരിക്കും. കൈകാലുകളും വെളുത്തതാണ്. നന്നായി തീറ്റിതിന്നുന്ന ഇവയുടെ അകിട് വളരെ വലിപ്പമുള്ളതാണ്. ഇവ വളരെയധികം പാല്‍ ഉത്‌പാദിപ്പിക്കുമെങ്കിലും പാലില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. 3.4 ശ.മാ. കൊഴുപ്പും 8.48 ശ.മാ. കൊഴുപ്പൊഴിച്ചുള്ള ഖരപദാര്‍ഥങ്ങളടങ്ങിയിരിക്കുന്നു. ലാഭകരമായ പാലുത്‌പാദനത്തിഌ പറ്റിയയിനമാണിത്. ഇതിന്റെ പാല്‍ നല്ലതുപോലെ വെളുത്തിരിക്കും; പോഷകസമൃദ്ധവുമാണ്. ഒരു കറവക്കാലത്ത് ശ.ശ. 6,000 കി.ഗ്രാം പാല്‍ ലഭിക്കും. കറവ വറ്റുന്നതോടെ തടിച്ചു കൊഴുക്കാനാരംഭിക്കുന്നു. ഇവ പിന്നീട് ഇറച്ചിക്കാണ് ഉപയോഗിക്കപ്പെടുന്നത്.
ഷോര്‍ട്ട് ഹോണ്‍
ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും എണ്ണത്തില്‍ മികച്ചു നില്‌ക്കുന്ന കാലിവര്‍ഗം. വിദേശിവര്‍ഗത്തിലെ പ്രാധാന്യമുള്ള ഒരു ഉഭയോപയോഗവര്‍ഗമായി ഇതു കരുതപ്പെടുന്നു.
ചുവപ്പുനിറവും, കടും തവിട്ടും വെളുപ്പും കലര്‍ന്ന നിറവും ഇതിഌ കാണപ്പെടുന്നു. ചെറിയ തല, മാംസളമായ ശരീരം, വളര്‍ന്നു മുറ്റിയ അകിട് എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതയാണ്. ശ.ശ. ക്ഷീരോത്‌പാദനം 4,500 കി.ഗ്രാമില്‍ കവിയുന്നു.
ജര്‍മന്‍ ഫ്‌ളക്‌വിച്ച്
സ്വദേശം തെക്കും, തെക്ക്‌പടിഞ്ഞാറന്‍ ജര്‍മനിയുമാണ്. മലമ്പ്രദേശങ്ങളില്‍ ജീവിക്കാഌള്ള ഇവയുടെ പ്രത്യേകഗുണം കാരണം ഇന്ത്യയിലെ ഹിമാചല്‍പ്രദേശില്‍ ഇവയെ കൊണ്ടുവന്നു വളര്‍ത്തുന്നുണ്ട്. നല്ല ക്ഷീരോത്‌പാദകരാണ്. ശ.ശ. ഒരു കറവക്കാലത്തെ ക്ഷീരോത്‌പാദനം 4000 കി.ഗ്രാം ആണ്. കൊഴുപ്പ് 4.1 ശ.മാ.
റെഡ് ഡേന്‍
ഡെന്മാര്‍ക്കാണ് ഇവയുടെ സ്വദേശം. അതുകൊണ്ടുതന്നെ ഇവയെ ഡാനിഷ് കന്നുകാലികള്‍ എന്നും പറയുന്നു. നല്ല ചുവപ്പ് നിറത്തോടുകൂടിയ ഇവയെ വിവിധ രാജ്യങ്ങളില്‍ സങ്കരവര്‍ഗത്തിന്റെ ഉത്‌പാദനത്തിഌ ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ സിന്ധിയുടെ വര്‍ഗോന്നമനത്തിഌ ഉപയോഗിച്ചിരുന്നു. നല്ല ക്ഷീരോത്‌പാദകരായ ഇവയുടെ പാലില്‍ കൊഴുപ്പും, മാംസ്യവും കൂടുതലായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് 4 ശ.മാ., മാംസ്യം 3.55 ശ.മാ.
കേരളത്തിലെ നാടന്‍ കന്നുകാലികള്‍
ഹൈറേഞ്ച് ഡ്വാര്‍ഫ്
ഇവയുടെ വാസസ്ഥലം ഇടുക്കിയാണ്. ഇടുക്കിയിലെ ചീന്തല്ലൂര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് സാധാരണ ഇവയെ വളര്‍ത്തുന്നത്. രാവിലെ കാട്ടിലേക്ക് മേയാനായിട്ട് ഇവയെ തുറന്നുവിടുന്നു. മഴക്കാലത്ത് തൊഴുത്തുകളിലേക്ക് മടങ്ങിവരുന്ന ഇവ വേനല്‍ കാലങ്ങളില്‍ കാട്ടില്‍ത്തന്നെ ആഴ്‌ചകളോളം താമസിക്കുന്നു. പ്രതിദിനം പാലുത്‌പാദനം 2 ലി. ആണ്. കന്നുകുട്ടികളുടെയും കാളകളുടെയും വില്‌പനയാണ് കന്നുകാലികളില്‍ നിന്നുള്ള പ്രധാന വരുമാനം. വര്‍ഷത്തില്‍ ഒരു പ്രസവം നടക്കുന്നു. ഏറ്റവും കൂടിയ പാലുത്‌പാദനം രേഖപ്പെടുത്തിയത് 3.5 ലി. ആണ്. പ്രസവിച്ച് നാല് മാസം മുതലുള്ള പാല്‍ കറന്നെടുക്കാറില്ല. പാലിലുള്ള ഖരപദാര്‍ഥങ്ങളുടെ അളവ് വളരെക്കൂടുതലാണ്. കൊഴുപ്പ് 4.48 ശ.മാ., കൊഴുപ്പൊഴിച്ചുള്ള ഖരപദാര്‍ഥം 9.26 ശ.മാ. 2000ല്‍ താഴെ എണ്ണം മാത്രമാണ് കേരളത്തിലുള്ളത് ഇവയുടെ കൊമ്പ് നീളം കൂടിയതും നേരെയുള്ളതുമാണ്. പൊക്കം 100 സെ.മീ., നീളം 90 സെ.മീ. (ഒരു വയസ്സ് പ്രായത്തില്‍) ചെറിയ ശരീരം, ചെറിയ തല, ചെറിയ കൂന്, ഇടത്തരം താട, ചെറിയ പൊക്കില്‍താട, ചുവപ്പോ ചുവപ്പ് മുതല്‍ ചാരനിറം വരെയുള്ളതോ ആയ നിറം (വെള്ള നിറവും കാണാറുണ്ട്) എന്നിവ ഇവയുടെ സവിശേഷതയാണ്. മൂക്കിന്റെ അറ്റം കറുത്തതോ, മാംസത്തിന്റെ നിറത്തോടുകൂടിയതോ ആകാം. കുളമ്പ്, കണ്‍പോള, വാലറ്റം എന്നിവയ്‌ക്ക് കറുപ്പുനിറമാണ്.
കാസര്‍ഗോഡ് ഡ്വാര്‍ഫ്
ഹൈറേഞ്ച് ഡ്വാര്‍ഫിനെക്കാള്‍ ചെറുതും വെച്ചൂര്‍ പശുവിനെക്കാള്‍ വലുതുമാണ് ഇവ. പാലുത്‌പാദനം വളരെക്കുറവാണ്. ശരാശരി പ്രതിദിന പാലുത്‌പാദനം 2 ലി.ല്‍ താഴെയാണ്. ഏറ്റവും കൂടിയ പ്രതിദിന പാലുത്‌പാദനം 2.53 ലി. ഇവയുടെ സ്വദേശം കാഞ്ഞങ്ങാടിഌ വടക്ക് മീന്‍ജം, ബദിയടുക്ക, വൊര്‍ക്കാടി എന്നീ പഞ്ചായത്തുകളും കാസര്‍ഗോഡ് പട്ടണവുമാണ്. ചാണകത്തിഌമാത്രമായി വളര്‍ത്തുന്ന ഇവയ്‌ക്ക് കഞ്ഞിയാണ് പ്രധാനമായി നല്‍കുന്നത്. വിശേഷാല്‍ തീറ്റ നല്‍കാറില്ല. മിക്കവാറും മേയാനായിവിടുന്നു. ഇവയുടെ തൊഴുത്തില്‍ ഇലകള്‍ കൊണ്ട് കിടക്ക (litter) ഉണ്ടാക്കുന്നു. ഒന്ന്‌രണ്ട് മാസം കൂടുമ്പോള്‍ ഇതു മാറ്റുന്നു. അടയ്‌ക്ക കൃഷിക്ക് വളമായി ഇത് ഉപയോഗിച്ചുവരുന്നു. ഭട്ട് സമുദായത്തില്‍പ്പെട്ട കുടുംബങ്ങളിലാണ് കാസര്‍ഗോഡ് ഡ്വാര്‍ഫിനെ വളര്‍ത്തുന്നത്.
മതപരമായ കാരണങ്ങളാല്‍ ഇവയെ മാംസത്തിനായി ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ 20 വയസ്സിഌ മുകളിലുള്ള ധാരാളം ഉരുക്കളെ ഇവിടെകാണാം. ഇവയുടെ നീളവും പൊക്കവും ശ.ശ. 91 സെ.മീ. ആണ്. ഇവയ്‌ക്ക് വശങ്ങളിലേക്ക് ചരിഞ്ഞ ചെറിയ കൊമ്പുകളാണുള്ളത്. ഇടത്തരം താട, വലിയ പൊക്കില്‍താട, വലിയ പൂഞ്ഞ, കറുത്ത വാലറ്റം എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ഇവയുടെ നിറം സാധാരണയായി കറുപ്പും കറുപ്പിന്റെ വകഭേദങ്ങളും ആണ്. ചുവപ്പ് നിറവും കാണാറുണ്ട്. ഇവയുടെ മൂക്കിന്റെ അറ്റം കറുപ്പാണ്. ചുവപ്പും അപൂര്‍വമായി കാണാറുണ്ട്.
വടകര ഡ്വാര്‍ഫ്
കോഴിക്കോടിന്റെ വടകര ഭാഗത്തും കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലും ഗാര്‍ഹിക ക്ഷീര ഉപഭോഗത്തിനായി ഇവയെ വളര്‍ത്തി വരുന്നു. ഈയിനത്തില്‍പ്പെട്ട 50,000 കന്നുകാലികള്‍ ഈ പ്രദേശങ്ങളിലുണ്ട്. ഇവയുടെ സ്വദേശം വടകരഭാഗത്തെ മണിയൂര്‍, വേളം, വില്ല്യാപ്പള്ളി, അയഞ്ചേരി എന്നീ പഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയുമാണ്.
ഇവയ്‌ക്ക് 250-500 ഗ്രാം പിണ്ണാക്കാണ് പ്രതിദിനം നല്‍കാറ്. ഇവയെ സാധാരണയായി തെങ്ങിന്‍തോപ്പുകളിലും കൃഷിയിറക്കാത്ത വയലുകളിലും മേയാന്‍ വിടുന്നു. ശ.ശ. പാലുത്‌പാദനം 2ലി. ആണ്. പ്രതിദിനം പാലുത്‌പാദനം 35 കി.ഗ്രാം വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പാലില്‍ കൊഴുപ്പിന്റെ അംശം 4.37 ശ.മാ. ആണ്. പാലിലെ ബാക്കി ഖരവസ്‌തുക്കള്‍ സങ്കരയിനം പശുക്കളിലെ പ്പോലെയാണ്.
വലിയ പൊക്കില്‍താട, ചെറുത് മുതല്‍ ഇടത്തരം വരെയുള്ള താട, കറുപ്പോ ചുവപ്പോ നിറത്തിലുള്ള കൊമ്പുകള്‍, വളഞ്ഞതോ നേരെയുള്ളതോ ആയ കൊമ്പുകള്‍, ഇടത്തരമോ ചെറുതോ ആയ പൂഞ്ഞ എന്നിവ ഇവയുടെ പ്രത്യേകതയാണ്. ഇവയുടെ ശ.ശ. പൊക്കം 96 സെ.മീഉം നീളം 99 സെ.മീ.ഉം ആണ്. ഇവയുടെ നിറം പൊതുവേ കറുപ്പോ, ചുവപ്പോ ആണെങ്കിലും വെള്ളയും ചാരനിറവും അപൂര്‍വമായി കാണാറുണ്ട്.
വെച്ചൂര്‍ പശു
1940ല്‍ പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ സ്റ്റേറ്റ് മാഌവലില്‍ വെച്ചൂര്‍ പശുവിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വൈക്കത്തിനടുത്തുള്ള വെച്ചൂരാണ് ഇവയുടെ ഉദ്‌ഭവസ്ഥാനം. ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെച്ചൂര്‍ പശുവിന്റെ സംരക്ഷണം ആദ്യമായി ആരംഭിച്ചത്. കേരളത്തില്‍ ആകെ 200 വെച്ചൂര്‍ പശുക്കളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
വെച്ചൂര്‍ പശുവിനെ സാധാരണയായി വീട്ടിലെ പാല്‍ ആവശ്യങ്ങള്‍ക്കായി മാത്രമാണ് വളര്‍ത്തുന്നത്. വീട്ടിലെ ആഹാരാവശിഷ്‌ടങ്ങള്‍, കഞ്ഞി, തവിട്, പുല്ല് തുടങ്ങിയവയാണ് പ്രധാനമായും ഇവയുടെ ആഹാരം. ചെറിയ അളവില്‍ പിണ്ണാക്കും നല്‍കാറുണ്ട്. 3 ലി. വരെ പാല്‍ ലഭിക്കുന്നു. ഔഷധഗുണമുണ്ടെന്നുള്ള വിശ്വാസം കൊണ്ട് പാല്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് ഉപയോഗിക്കാറുണ്ട്. പാലില്‍ കൊഴുപ്പിന്റെ ശതമാനം വളരെ കൂടുതലാണ് (രണ്ടാം മാസം 5.3 ശ.മാ., അഞ്ചാം മാസം 14.1 ശ.മാ., എട്ടാംമാസം 8.8 ശ.മാ.). പാലിലെ കൊഴുപ്പിന്റെ കണികകള്‍ വളരെ ചെറുതായതിനാല്‍ പെട്ടെന്ന് ദഹിക്കുന്നു. കാളകള്‍ക്ക് വലിയ പൂഞ്ഞയും താടയും പശുക്കള്‍ക്ക് ഇടത്തരം പൂഞ്ഞയും താടയും കാണപ്പെടുന്നു. ഇവയുടെ പൊക്കില്‍താട ചെറുതാണ്.
ഇന്ത്യയിലെ ഏറ്റവും പൊക്കം കുറഞ്ഞ കന്നുകാലിയാണ് വെച്ചൂര്‍. ഇവയ്‌ക്ക് 90 സെ.മീ.ല്‍ താഴെയാണ് ഉയരം. ശ.ശ. ഉയരം പശുക്കള്‍ക്ക് 87 സെ.മീ. കാളകള്‍ക്ക് 89 സെ.മീ. ശ.ശ. ശരീരഭാരം പശുക്കള്‍ക്ക് 130 കി.ഗ്രാം. കാളകള്‍ക്ക് 170 കി.ഗ്രാം. സാധാരണ കാരണപ്പെടുന്ന ശരീരനിറങ്ങള്‍ കുത്തും, പുള്ളികളുമൊന്നുമില്ലാത്ത കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നിവയാണ്. ചെറുതും, മുന്നോട്ട് വളഞ്ഞതുമായ കൊമ്പുകള്‍, നീളമുള്ളതും, നിലത്തു മുട്ടുന്നതുമായ വാല്‍ എന്നിവയും ഇവയുടെ പ്രത്യേകതകളാണ്. ചില മൃഗങ്ങള്‍ക്ക് ചെമ്പന്‍ കൃഷ്‌ണമണിയും കണ്‍പീലികളും ഉണ്ടാകാം. ഇവയുടെ ക്ഷീരസഞ്ചികള്‍ തെളിഞ്ഞു കാണുന്നവയാണ്. ഒരു കറവക്കാലത്തെ പാലുല്‌പാദനം 548-574 ലി.
കേരളത്തിലെ സങ്കരയിനം
സുനന്ദിനി
കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇപ്പോള്‍ കണ്ടുവരുന്ന സാധാരണ പശുക്കളാണ് സുനന്ദിനി വര്‍ഗത്തില്‍പ്പെട്ടവ. ഇതു ഒരു തനതായ ജഌസ്സ് അല്ല. ജെഴ്‌സി, ബ്രൗണ്‍ സ്വിസ്സ്, ഹോള്‍സ്റ്റൈന്‍ ഫ്രീഷന്‍ എന്നിവയുടെ ബീജം ഉപയോഗിച്ച് നാടന്‍ പശുക്കളില്‍ ബീജസങ്കലനം നടത്തിയാണ് ഇവ ഉത്‌പാദിപ്പിക്കുന്നത്. സ്വിറ്റ്‌സര്‍ലണ്ട്, ആസ്റ്റ്രലിയ, അമേരിക്ക, ന്യൂസിലന്‍ഡ് എന്നിവടങ്ങളില്‍ നിന്ന് 1964 മുതല്‍ 1987 വരെയുള്ള കാലയളവില്‍ കൊണ്ടുവന്ന കാളകളിലും, ബീജങ്ങളിലും നിന്നാണ് കെ.എല്‍.ഡി.ബി.യുടെ മാട്ടുപ്പെട്ടി ഫാമില്‍ സുനന്ദിനി വികസിപ്പിച്ചെടുത്തത്. ഇവയെ ആദ്യം ദ്വയോപയോഗവര്‍ഗമായിട്ടാണ് വികസിപ്പിച്ചെടുത്തതെങ്കിലും ഇന്നു ഗവ്യോപയുക്തവര്‍ഗമായി മാത്രം മാറിയിരിക്കുന്നു. സങ്കരവര്‍ഗമായതിനാല്‍ ഇവയുടെ നിറം ചാരം മുതല്‍ ചുവപ്പ് വരെ ആകാം. ചെറിയ പരന്ന തലയും, പുഞ്ഞയില്ലാത്ത നേരെയുള്ള മുതുകും ആണ് ഇവയ്‌ക്ക്. ഇവയുടെ ശരീരത്തൂക്കം 350-400 കി.ഗ്രാം വരെയുണ്ട്. ആദ്യപ്രസവം 28 മുതല്‍ 32 വരെ മാസത്തിഌള്ളിലും, ശ.ശ. പാലുത്‌പാദനം 3200 കി.ഗ്രാമും ആണ്. പാലിലെ കൊഴുപ്പിന്റെ അംശം 4 ശ.മാ.
മഹിഷവര്‍ഗം
കറുത്ത നിറവും ഭീമാകൃതിയുമുള്ള ഇവ എണ്ണത്തില്‍ കുറവാണെങ്കിലും ക്ഷീരോത്‌പാദനത്തിന്റെ കാര്യത്തില്‍ ഇവയ്‌ക്കു വര്‍ധിച്ച പ്രാധാന്യമുണ്ട്. ഭാരതത്തില്‍ ആകെ ഉത്‌പാദിപ്പിക്കുന്ന പാലിന്റെ പകുതിയും കിട്ടുന്നത് എരുമകളില്‍ നിന്നാണ്. വെണ്ണ, നെയ്യ് എന്നിവയുടെ നിര്‍മാണത്തിന് എരുമപ്പാലാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. എരുമപ്പാലിലെ സ്‌നേഹദ്രവ്യത്തോത് പശുവിന്‍ പാലിലേതിനെക്കാള്‍ കൂടിയിരിക്കുന്നതാവാം ഇതിഌ കാരണം. ബോസ് ബ്യൂബാലിസ് എന്നയിനമാണ് ഭാരതത്തില്‍ അധികം പ്രചാരത്തിലുള്ളത്. മുറാ, ജാഫറാബാദി, സൂര്‍തി, മെഹ്‌സാന, നാഗ്‌പുരി, നീലി എന്നിവയാണ് ഭാരതത്തിലെ പ്രമുഖ കരിങ്കന്നു വര്‍ഗങ്ങള്‍ നോ: എരുമ
മുറാ
പഞ്ചാബിലെ ചില ജില്ലകള്‍, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, പട്യാല, സിന്‍ഡ് എന്നീ പ്രദേശങ്ങളാണ് ഈ ഇനത്തിന്റെ ആവാസ മേഖലകള്‍. കേരളത്തില്‍ നാടന്‍ കരിങ്കന്നുകളുടെ വര്‍ഗോന്നമനത്തിഌകൂടി ഇതിനെ പ്രയോജനപ്പെടുത്തി വരുന്നു. ഉള്ളിലേക്കു മുറുകിച്ചുരുണ്ടിരിക്കുന്ന കൊമ്പും വലിയ അകിടും നീണ്ട വാലും കടുത്ത നിറവും ഉള്ള മുറാ വര്‍ഗം കാഴ്‌ചയില്‍ ഭീതിജനകമാണ്.
കേരളത്തിലെ എരുമകളില്‍ കൃത്രിമ ബിജാദാനത്തിഌ മുറാ വിത്തുപോത്തുകളുടെ ബീജമാണ് ഉപയോഗിച്ചു വരുന്നത്. താരതമ്യേന ചെറിയ തല, വലിയ ശരീരം എന്നിവ ഈ എരുമകളുടെ പ്രത്യേകതകളാണ്. വീതിയുള്ള നെറ്റി, എഴുന്ന് നില്‍ക്കുന്ന കണ്ണ്, ഉള്ളിലേക്ക് പിരിഞ്ഞിരിക്കുന്ന പരന്ന കൊമ്പുകള്‍ എന്നിവ സവിശേഷ ലക്ഷണങ്ങളാണ്. നീളമുള്ള കഴുത്തില്‍ താട തീരെ കാണില്ല. നീളം കുറഞ്ഞ കൈകാലുകള്‍, കറുത്ത കുളമ്പ് സാമാന്യം വലുപ്പമുള്ള അകിട്, നീളന്‍ മുലക്കാമ്പുകള്‍ എന്നിവയും ഇവയുടെ പ്രത്യേകതകളാണ്. പൂഞ്ഞയില്ലാത്ത മുറായ്‌ക്ക് നല്ല കറുപ്പ് നിറമുണ്ടായിരിക്കും. വാലിലും, മുഖത്തും കൈകാലുകളിലും വെളുത്ത ചുട്ടി കണ്ടെന്നുവരാം. മുന്നൂറു ദിവസത്തെ കറവക്കാലത്ത് ശ.ശ. 2250 കി.ഗ്രാം പാല് ലഭിക്കാറുണ്ട്. പശുവിന്‍ പാലിനെക്കാള്‍ എരുമപ്പാലില്‍ കൊഴുപ്പ് അധികമായി അടങ്ങിയിരിക്കുന്നു.
ജാഫറാബാദി
കറുത്ത നിറവും, മുഖത്തും കാലിലും വെളുത്ത കലകളുമുള്ള ഈ ഇനം തെ. കത്തിയവാഡിലും ജാഫറാബാദിന്റെ സമീപപ്രദേശങ്ങളിലും ഉള്ളവയാണ്. വീതിയേറിയ നെറ്റിത്തടം, വലുപ്പമേറിയ കഴുത്തിന്റെ വശങ്ങളിലൂടെ താഴേക്ക് തൂങ്ങി മുകളിലേക്ക് വളഞ്ഞ കൊമ്പുകള്‍ എന്നിവ ഇവയുടെ പ്രത്യേകതയാണ്. ഇവയ്‌ക്ക് ധാരാളം പുല്ലും വൈക്കോലും കൊടുക്കേണ്ടതായിട്ടുണ്ട്. എരുമകള്‍ ക്ഷീരോത്‌പാദനക്ഷമതയുള്ളവയാകുന്നു. ദിവസം 1316 കി.ഗ്രാം പാല്‍ കിട്ടുന്ന അംഗങ്ങളുണ്ട്. കറവക്കാലത്തെ ക്ഷീരോത്‌പാദനം ശ.ശ. 1800-2250 കി.ഗ്രാം ആകുന്നു. പോത്തുകള്‍ കൃഷിപ്പണിക്കു പറ്റിയവയാണ്.
സൂര്‍തി
കറുപ്പു തുടങ്ങി ചാരം കലര്‍ന്ന വെള്ളവരെ ഏതു നിറവുമാകാവുന്ന ഈ ഇനം ഗുജറാത്തിലും ഡക്കാണിലുമാണ് കഴിയുന്നത്. ചില മൃഗങ്ങളില്‍ മോന്തയ്‌ക്കു ചുറ്റുമായും കഴുത്തില്‍ താഴെയായും വെളുത്ത വളയങ്ങള്‍ കാണാറുണ്ട്. നീണ്ട, തെല്ലു വീതികൂടിയ തല, നേര്‍വരയില്‍ കിടക്കുന്ന പുറം, എഴുന്നു നില്‍ക്കുന്ന കണ്ണുകള്‍, അരിവാളുപോലെയുള്ള കൊമ്പുകള്‍, നീണ്ട വാല്‍, വെളുത്ത വാല്‍ രോമങ്ങള്‍ മുതലായവ ഇവയുടെ സവിശേഷ ലക്ഷണങ്ങളാണ്. ശ.ശ. കറവ 1,500 കി.ഗ്രാം പാല്‍ ആകുന്നു. പോത്തുകള്‍ പണിക്കു പറ്റിയവയാണ്.
മെഹ്‌സാന
മെഹ്‌സാന ജില്ലയിലെ ഈ ഇനം വളരെ വേഗം പ്രായപൂര്‍ത്തിയെത്തുന്നു. ഉത്‌പാദനത്തിലെ നൈരന്തര്യവും പ്രജനനത്തിലെ സമയനിഷ്‌ഠയും ഇതിന്റെ സവിശേഷതകളാണ്. വലിയ അകിടും പൊരുത്തമുള്ള മുലകളും ഉള്ള ഇതിന്റെ ശ.ശ. ക്ഷീരോത്‌പാദനം 1,800 കി.ഗ്രാമിഌ മുകളിലായിരിക്കും. ഇവയുടെ പാലില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പടങ്ങിയിട്ടുണ്ട്. ഇവയുടെ പാല് അതുകൊണ്ട് തന്നെ നെയ്യ് ഉത്‌പാദനത്തിഌ പറ്റിയതാണ്.
നാഗ്‌പുരി
ബാക്കി വര്‍ഗങ്ങളെ അപേക്ഷിച്ച് ചെറിയ ശരീരത്തിഌടമയാണിവ. ഇവയെ നാഗ്‌പുര, വാര്‍ധ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. നീണ്ട മോന്തയും വീതി കൂടിയ നെറ്റിയും, നീണ്ട കഴുത്തും, കുറുകിയ വാലുമുള്ള ഇതിന്റെ നീണ്ടുവളഞ്ഞ കൊമ്പ് ചുമലിനപ്പുറത്തേക്കും നീണ്ട് വളരുന്നതുകാണാം.
പോത്തുകള്‍ പണിക്കു പറ്റിയവയല്ല. എരുമകളുടെ ശ.ശ. ക്ഷീരോത്‌പാദനം ദിവസം 7 കി.ഗ്രാം വരെയെത്തുന്നു.
നീലിരാവി
വെളുത്ത പാടുകളോടുകൂടിയുള്ള ഇവയുടെ നിറം കറുപ്പോ തവിട്ടോ ആകാം. വലുപ്പമുള്ള ശരീരം, കുറുകിയ കൊമ്പ്, തെല്ലുയര്‍ന്ന നെറ്റി, നീണ്ട കഴുത്ത്, വലുപ്പമുള്ള അകിട്, നിലത്ത് മുട്ടുന്ന വാല് എന്നിവയും ഇവയുടെ പ്രത്യേകതയാണ്. പഞ്ചാബിലെ ഫിറോസ്‌പുരില്‍ കണ്ടുവരുന്നു. ശ.ശ. പാലുത്‌പാദനം 1585 കി.ഗ്രാം. പോത്തുകള്‍ പണിക്ക് പറ്റിയവയാണ്.
ഭന്‍വാരി
ഇളം തവിട്ടുനിറത്തോടുകൂടിയ ഇവയുടെ ഉദ്‌ഭവസ്ഥാനം ആഗ്രയും ഗ്വാളിയറും ആണ്. 3.5 കി.ഗ്രാമാണ് ശ.ശ. പാലുത്‌പാദനം. പാലില്‍ ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ട്. പോത്തുകള്‍ പണിക്ക് പറ്റിയവയാണ്. ഇരുണ്ട നിറമുള്ള വര്‍ഗങ്ങളെ അപേക്ഷിച്ച് ഇവയ്‌ക്ക് ചൂട് താങ്ങാഌള്ള ശേഷി കൂടുതലാണ്.
കേരളത്തിലെ നാടന്‍ മഹിഷവര്‍ഗം
കുട്ടനാടന്‍ എരുമ
കുട്ടനാടാണ് ഇവയുടെ സ്വദേശം. ആലപ്പുഴയിലെ എടത്വയിലും കോട്ടയത്തെ തലയാഴയിലും സമീപ ഗ്രാമപ്രദേശങ്ങളിലുമാണ് ഇവയെ സാധാരണ കാണുന്നത്. ആകെ അഞ്ഞൂറോളമുള്ള എരുമകളെ പാടത്ത് കൃഷിപ്പണിക്കാണ് ഉപയോഗിച്ച് വരുന്നത്. പണിയില്ലാത്ത സമയത്ത് ദ്വീപുകളില്‍ കെട്ടി മേയിക്കുന്നു. ഇവ നല്ലതുപോലെ നീന്തുന്നവയാണ്. ഒരു ജോടി പോത്തുകളുടെ വില 20,000 രൂപ മുതല്‍ 50,000 രൂപ വരെയും അതിഌമുകളിലും വരും. എരുമകളെ പ്രധാനമായും സന്തതിയുത്‌പാദനത്തിനാണ് വളര്‍ത്തുന്നത്. ഇവയുടെ പ്രതിദിന പാലുത്‌പാദനം 12 ലി. ആണ്. എരുമകളെ കൃഷിപ്പണിക്ക് ഉപയോഗിക്കാറില്ല. പണിക്ക് ഉപയോഗിക്കുന്ന പോത്തുകള്‍ക്ക് മാത്രമാണ് കാലിത്തീറ്റ നല്‍കാറ്. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ മഹിഷ വര്‍ഗമാണ് ഇവ. ശ.ശ. പൊക്കം 109 സെ.മീ., നീളം 111 സെ.മീ., ശരീരനിറം ചാരമാണ്. കറുപ്പുനിറം ഉള്ളവയുമുണ്ട്. കഴുത്തിന്റെ ഭാഗത്തും, ആടയുടെ ഭാഗത്തും വെളുത്ത വരകള്‍ കാണാം. ഈ വരകള്‍ ഇവയുടെ വര്‍ഗശുദ്ധിയുടെ അടയാളങ്ങളാണ്. ഇവയുടെ ദേഹത്ത് നീണ്ട ചുരുണ്ട രോമങ്ങള്‍ കാണാം.
പാലിലുള്ള എല്ലാ ഖരപദാര്‍ഥങ്ങളുടെയും അളവ് കൂടുതലാണ്. കൊഴുപ്പ് 6.5 ശ.മാ. വരെ കാണാം. കര്‍ണാടകത്തിലെ സൗത്ത് കാനറാ പോത്തിനോട് ഇവയ്‌ക്ക് സാമ്യമുണ്ട്.
(ഡോ. വി.എല്‍. ഭാഗ്യലക്ഷ്‌മി; സ.പ.)