This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമ്മം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:31, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉമ്മം

ഉമ്മം: ഇലയും പൂവും

സോളാനേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ഔഷധസസ്യം. ഡറ്റ്യൂറ മെറ്റൽ (Datura metal), ഡ. ഫാസ്റ്റുവോസ (D. fastuosa)എന്നീ ശാസ്‌ത്രനാമങ്ങളാൽ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഇതിനെ "തോണ്‍ ആപ്പിള്‍' എന്നുവിളിക്കുന്നു. ഈ സസ്യം ഇന്ത്യയൊട്ടുക്ക്‌ ഈർപ്പമുള്ള വെളിപ്രദേശങ്ങളിൽ വളരുന്നു. കൂടാതെ മലയ, ആഫ്രിക്കയിലെ ഉഷ്‌ണമേഖലാപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഈ സസ്യം വളരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവയുടെ ഇലകള്‍ വളരെച്ചെറിയ രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇലകള്‍ക്ക്‌ ത്രികോണാകൃതിയോ അണ്ഡാകൃതിയോ ആണുള്ളത്‌. ഇലകളുടെ അഗ്രം കൂർത്തതും ചുവട്‌ തുല്യമല്ലാത്ത വശങ്ങളോടുകൂടിയതുമാണ്‌.

എല്ലാക്കാലത്തും ഈ സസ്യം പുഷ്‌പിക്കുമെങ്കിലും മേയ്‌, ജൂണ്‍ മാസങ്ങളിലാണ്‌ ഏറ്റവുമധികം പൂക്കള്‍ കാണപ്പെടുക. പൂക്കള്‍ വലുതും മനോഹരവുമാണ്‌. വെള്ളയോ നീലലോഹിതമോ ആയ ദളപുടം ഒറ്റയോ ഇരട്ടയോ ചിലപ്പോള്‍ ത്രികമോ ആയിരിക്കും. ചോർപ്പിന്റെ ആകൃതിയുള്ള ദളപുടത്തിന്‌ 16-18 സെ.മീ. നീളവും 12-13 സെ.മീ. വ്യാസവും കാണും. ഗോളാകൃതിയുള്ള കായയുടെ ഉപരിതലം മുള്ളുകള്‍കൊണ്ട്‌ നിറഞ്ഞിരിക്കും. തന്മൂലമാണ്‌ ഇതിനെ ഇംഗ്ലീഷിൽ തോണ്‍ ആപ്പിള്‍ എന്നുവിളിക്കുന്നത്‌. 3-4 സെ.മീ. വ്യാസമുള്ള കായ്‌ ഒരു സമ്പുടഫലം (capsule) ആണ്‌. കായയോടൊപ്പംതന്നെ വളരുന്ന ഇതിന്റെ ദീർഘസ്ഥായിയായ ബാഹ്യദളം സോളാനേസീ സസ്യകുടുംബത്തിന്റെ ഒരു പ്രത്യേകതയാണ്‌. ഫലഭിത്തി അസമമായി പൊട്ടി ഇളം തവിട്ടുനിറത്തിലുള്ള അനവധി വിത്തുകള്‍ പുറത്തുവരുന്നു.

വളരെയധികം ഔഷധമൂല്യമുള്ള ഒരു സസ്യമാണിത്‌. ഉമ്മം പലയിനമുണ്ടെങ്കിലും എല്ലാറ്റിനും ഏതാണ്ടൊരേ ഔഷധഗുണമാണുള്ളത്‌. ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ലഹരിജന്യ(intoxicant)മോണ്‌. ബെലഡോണയ്‌ക്കു തുല്യമായ ഔഷധഗുണമാണിതിനുള്ളത്‌. ഈ സസ്യത്തിന്റെ ഭാഗങ്ങള്‍ വിഷഗുണമുള്ളതും മന്ദീകാരിയുമാണ്‌. ഇത്‌ ഞരമ്പുവലിക്കെതിരായും കാമോദ്ദീപകമായും വേദനാശമനകാരിയായും ഉപയോഗിക്കുന്നുണ്ട്‌. കുരുന്നിലകളിലും ഇളംവിത്തുകളിലും ഹയോസയിന്‍ (hyoscine), ഹയോസയാമൈന്‍(hyoscyamine), അട്രാപീന്‍ (atropine)എന്നീ വസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്‌. ആസ്‌ത്‌മ, വില്ലന്‍ചുമ, ബ്രാങ്കൈറ്റിസ്‌ എന്നിവയ്‌ക്ക്‌ ഉമ്മത്തിന്റെ ഇലയുണക്കി ചുരുട്ടി വലിക്കാറുണ്ട്‌. ഇല പിഴിഞ്ഞെടുത്ത്‌ നീര്‌ തൈരുമായി ചേർത്ത്‌ ഗൊണോറിയയ്‌ക്കുള്ള ഔഷധമായി കൊടുക്കാറുണ്ട്‌. ഉമ്മത്തിന്റെ ഇലയിട്ട്‌ എച്ച കാച്ചിപ്പുരട്ടിയാൽ വാതം, ശരീരവേദന എന്നിവയ്‌ക്ക്‌ ആശ്വാസം ലഭിക്കും. വാതംകൊണ്ട്‌ സന്ധിയിലുണ്ടാകുന്ന നീര്‌, ഗ്രന്ഥികളുടെ വീക്കം, വേദന എന്നിവയ്‌ക്ക്‌ ഈ സസ്യത്തിന്റെ ഇലയരച്ച്‌ കുഴമ്പാക്കി പുരട്ടാറുണ്ട്‌.

ഫലത്തിന്റെ നീര്‌ തലയിലെ താരന്‍ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. ഈ നീരും പുളിയും കൂടി മർദിച്ച്‌ സ്‌തനവീക്കത്തിന്‌ പുരട്ടാന്‍ ഉപയോഗിക്കുന്നു. ഇതിന്റെ പൊടിച്ച വിത്ത്‌ പല്ലുവേദനയ്‌ക്കു നല്ല ഒരു ഔഷധമാണ്‌. ചൈനയിൽ ഇതിന്റെ വിത്ത്‌ ശത്രുക്കള്‍ക്ക്‌ വിഷം കൊടുക്കാനായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്‌.

(പി.എന്‍. ചന്ദ്രശേഖരന്‍ നായർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍