This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഗസംസ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:28, 7 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.66.58 (സംവാദം)

അംഗസംസ്കാരം

ശരീരാവയവങ്ങളുടെ നിറം, ഗന്ധം, സ്നിഗ്ധത, ആകൃതി എന്നിവ ആകര്‍ഷകമാക്കുന്ന കലാവിദ്യ.

കുളി, സുഗന്ധലേപനം, കുറിക്കൂട്ടുപൂശല്‍, അംഗവികലനം എന്നിവകൊണ്ട് അംഗോപാംഗങ്ങളെ ആകര്‍ഷകമാക്കുന്ന പ്രവണത ചരിത്രാതീതകാലം മുതല്‍ മനുഷ്യന്‍ പ്രകടിപ്പിച്ചുപോന്നു. എന്നാല്‍ കാലഘട്ടം, അഭിരുചി, സംസ്കാരം എന്നിവയിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ വീക്ഷണഭേദവും അതുകൊണ്ടുതന്നെ പ്രയോഗഭേദവും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്. ദര്‍ശനം, സ്പര്‍ശം, ഘ്രാണം എന്നിവയില്‍ക്കൂടി സൌന്ദര്യബോധം വളര്‍ത്തി എടുക്കുന്നതിലും വ്യക്തിത്വം ഒരു പരിധിവരെ നിര്‍ണയിക്കുന്നതിലും അംഗസംസ്കാരത്തിനു പങ്കുണ്ട്. വിവിധതരം കുഴമ്പ്, ചായം, ലോഷന്‍, പൌഡര്‍ മുതലായവയുടെ കണ്ടുപിടിത്തങ്ങള്‍ സൌന്ദര്യസംരക്ഷണകലയെ ദിനംപ്രതി പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സൌന്ദര്യവര്‍ധനവിനു സമൂഹത്തില്‍ സ്ഥാനവും അംഗീകാരവും നേടുന്നതിനും മനുഷ്യര്‍ പല ആചാരങ്ങള്‍ അനുവര്‍ത്തിച്ചിരുന്നു. കാത്, മൂക്ക്, ചുണ്ട് എന്നിവ തുളച്ച് ആഭരണങ്ങള്‍ ധരിക്കുക, ശരീരം മുറിച്ചോ പൊള്ളിച്ചോ വടുസൃഷ്ടിച്ച് അവയില്‍ ചായം പിടിപ്പിക്കുക, പല്ലുകള്‍ രാകുക, പല്ലുപിഴുതുകളയുക എന്നിവ ഇതില്‍പ്പെട്ടവയാണ്. ബീഭത്സമെന്ന് ഇന്നത്തെ സംസ്കാരസമ്പന്നര്‍ക്കു തോന്നുന്നതരത്തില്‍ അംഗവികലനം നടത്തിയും സൌന്ദര്യവര്‍ധനവിന് പൂര്‍വികര്‍ ശ്രമിച്ചിരുന്നു.

പ്രാചീനലോകം. ക്ളിയോപാട്രയുടെ കാലത്തിനു മുമ്പുതന്നെ ഈജിപ്തിലെ സ്ത്രീകള്‍ അംഗലേപനമായി ചില ചായങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈജിപ്തിലെ ശവകുടീരങ്ങളില്‍നിന്നും കണ്ടെടുത്ത ചില ചിത്രങ്ങളില്‍നിന്ന് കണ്ണുകളുടെ സൌന്ദര്യം വര്‍ധിപ്പിക്കുന്നതിലാണ് ഏറ്റവും അധികം ശ്രദ്ധ ചെലുത്തിയിരുന്നതെന്ന് വ്യക്തമാകുന്നു. കണ്‍പോളകളില്‍ പച്ചച്ചായവും പുരികത്തിലും പീലികളിലും കോള്‍ (Kohl) ഉപയോഗിച്ച് കറുപ്പുനിറവും പിടിപ്പിച്ചിരുന്നു. തടികൊണ്ടോ ആനക്കൊമ്പുകൊണ്ടോ നിര്‍മിച്ച ഉപകരണങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. കൈവെള്ള, ഉള്ളംകാല്‍, നഖം എന്നീ അംഗങ്ങള്‍ക്കു നിറംകൊടുക്കുവാന്‍ മൈലാഞ്ചി ഉപയോഗിച്ചിരുന്നു.

റോമന്‍ സ്ത്രീകള്‍ ശരീരത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതിന് വെള്ളലെഡ് പൌഡറും ചോക്കും എ.ഡി. 54 അടുപ്പിച്ചുള്ള കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. ബാര്‍ലിപ്പൊടിയും തൈരും മുഖക്കുരുവിന് പ്രതിവിധിയായി ഇവര്‍ കണ്ടെത്തി. പല്ലുവെളുപ്പിക്കുന്നതിന് പ്യൂമിസ് (Pumice) കല്ലാണ് ഉപയോഗിച്ചിരുന്നത്. തലമുടിക്ക് ചായം പിടിപ്പിക്കുന്ന വിദ്യയും ഇവര്‍ മനസ്സിലാക്കിയിരുന്നു. നീറോചക്രവര്‍ത്തിയുടെ ഭാര്യ കുളിക്കുന്നതിന് കഴുതപ്പാലോ സ്ട്രോബറി പഴച്ചാറോ ആണ് ഉപയോഗിച്ചിരുന്നത്.

എലിസബത്ത് I-ന്റെ ഭരണകാലത്ത് (1558-1603) അംഗസംസ്കരണകല ബ്രിട്ടനില്‍ വളരെയധികം വികസിച്ചു. ത്വക്കിന് സ്നിഗ്ധതയും നിറവും ഉണ്ടാകുന്നതിന് ചൂടുവെള്ളത്തില്‍ കുളിച്ച് ദേഹം വിയര്‍പ്പിച്ചശേഷം ധാരാളം വീഞ്ഞുപയോഗിച്ച് മുഖം കഴുകി ചുവപ്പിച്ചിരുന്നു. പാലോ വീഞ്ഞോ ഉപയോഗിച്ചായിരുന്നു പ്രഭ്വികള്‍ പതിവായി കുളിക്കുക. തലമുടിയില്‍ പൌഡര്‍ പൂശുന്നതും അന്നു നിലവിലിരുന്ന സമ്പ്രദായമാണ്. വാനില (Vanila), കൊക്കോ (Cocoa), ആല്‍മണ്ട് (Almond) എന്നിവ ഉപയോഗിച്ചുണ്ടാക്കിയ കുഴമ്പുകള്‍, പലതരം ചായക്കൂട്ടുകള്‍, സുഗന്ധദ്രവ്യങ്ങള്‍, കൃത്രിമമുടി എന്നിവ വിദേശങ്ങളില്‍നിന്ന് ഇറക്കുമതിചെയ്ത് ഉപയോഗിച്ചിരുന്നു.

ഭാരതത്തില്‍. ഹിന്ദുക്കളുടെ ഇടയില്‍ ചമയത്തിനുപയോഗിച്ചുവരുന്ന പ്രധാന സാധനങ്ങള്‍ മഞ്ഞള്‍, ചന്ദനം, കുങ്കുമം എന്നിവയാണ്. വടക്കന്‍പാട്ടില്‍ വര്‍ണിച്ചിരിക്കുന്ന ഉണ്ണിയാര്‍ച്ചയുടെ ചമയം അന്നത്തെ ആചാരരീതിയെ സൂചിപ്പിക്കുന്നു.


'തലനിറയെ ചിറ്റെള്ളിന്റെ എണ്ണ തേച്ചതിനുശേഷം,

ഈഞ്ചപുളിഞ്ചിക്ക വാകതാളി

ഇരിപ്പപ്പിണ്ണാക്കോടു കോഴിമുട്ട

വേലിമേല്‍ താളി തിരുതാളിയും'

തളികയിലെടുത്ത് കുളക്കടവിലേക്കുപോയി. അവിടെ താളിക്കല്ലിലിരുന്ന്,

'താളിപതച്ചു കുറുമ്പരിച്ചു

താളിയും തേച്ചു മെഴുക്കിളക്കി'

കുളിച്ചതിനുശേഷം

'ചന്ദനക്കല്ലിന്റെ അരികെചെന്ന്

ചന്ദനം ഉരസിക്കുറിവരച്ചു,

കണ്ണാടിനോക്കി തിലകം തൊട്ടു,

പീലിത്തിരുമുടി കെട്ടിവച്ചു;

അഞ്ജനം കൊണ്ടവള്‍ കണ്ണെഴുതി,

കുങ്കുമം കൊണ്ടവള്‍ പൊട്ടുകുത്തി,

കസ്തൂരികളഭങ്ങള്‍ പൂശുന്നുണ്ടേ'.

പിന്നീട് ഏഴുകടലോടിവന്ന പച്ചോലപ്പട്ട് ഒട്ടും ചുളിവില്ലാതെ പൂക്കിലഞൊറിവച്ച് ഉടുത്ത്, അതിനുമീതെ അഴകിന്റെ കസവുപോലെ കോട്ടമ്പടിവച്ച പൊന്നരഞ്ഞാണ്‍ എടുത്തുചാര്‍ത്തി കഴുത്തില്‍ ഏഴുചുറ്റുള്ള പൊന്‍മാലയും മുത്തുപതിച്ച മാലകളും കൈകളില്‍ രാമായണംകൊത്തിയ വളകളും വിരലുകളിലാറും പൊന്‍മോതിരങ്ങളും അണിഞ്ഞ് സര്‍വാഭരണവിഭൂഷിതയായി നില്ക്കുന്ന ഉണ്ണിയാര്‍ച്ചയെയാണ് വടക്കന്‍പാട്ടില്‍ വര്‍ണിച്ചിരിക്കുന്നത്.

വിവാഹവേളയില്‍ പാര്‍വതിയെ അംഗപ്രത്യംഗം ചമയിച്ചൊരുക്കുന്നതായി വര്‍ണിച്ചിരിക്കുന്ന വരികള്‍ മറ്റൊരുദാഹരണമാണ്.

'പൊടിച്ചുപാച്ചോറ്റി കുഴച്ചുതേച്ചുടന്‍

മെഴുക്കുപോക്കിച്ചണിയിച്ചു മഞ്ഞളും,...

ഒരുത്തി സാമ്പ്രാണി പുകച്ചുണക്കിയേ-

ച്ചകത്തു പൂവച്ചഥകൂന്തല്‍ കെട്ടിനാള്‍...

അരച്ചഗോരോചനകൊണ്ടു പത്രകം

ചമച്ചുടന്‍ വെള്ളകില്‍ മേത്തുപൂശവേ'

(ഭാഷാകുമാരസംഭവം - ഏ.ആര്‍. രാജരാജവര്‍മ)

'അകില്‍, പുഴുവു, മലയജവു, മരിയപനിനീര്‍, ജവാ-

ദദ്ഭുതം! കസ്തൂരി, കര്‍പ്പൂരകുങ്കുമം,

സിത കുസുമതളിര്‍നിരകള്‍, സുരഭിലസുമാലകള്‍,

സിന്ദൂരരോചനാ ലാക്ഷാരസങ്ങളും,

തികയുമളവതിനരികിലനവധിനിരന്നുനല്‍-

ദ്ദിവ്യരത്നാഭരണങ്ങളോരോതരം'.

(ഗിരിജാകല്യാണം)

അംഗസംസ്കാരം അജന്താഗുഹാ ചിത്രത്തിന്‍റ്െ അനുകരണം

ഭര്‍തൃഗൃഹത്തിലേക്ക് പോകുന്നതിനൊരുങ്ങുന്ന ശകുന്തളയ്ക്ക് വൃക്ഷങ്ങളും വനദേവതമാരും ആടയാഭരണങ്ങള്‍ നല്കുന്നു. ഇക്കൂട്ടത്തില്‍ കാലില്‍ പുരട്ടുന്നതിനുള്ള അരക്കുചായവും ഉള്‍പ്പെടുന്നു.

'പൂവന്‍കൊറുന്ത' എന്ന പച്ചമരുന്നിട്ടുകാച്ചിയ മൂഴക്കെണ്ണ മുടിയില്‍തേച്ച് ചിറ്റെള്ളിന്റെ എണ്ണയും മയിലെണ്ണയും പാകത്തിനു കലര്‍ത്തി മെയ്യില്‍ തടവി, തിരുമ്മും പിഴിച്ചിലും കഴിച്ച് ത്വക്കിനും മാംസപേശികള്‍ക്കും ലയവും മാര്‍ദവവും ഉറപ്പും വരുത്തി ആയിരുന്നു പണ്ട് ആയുധവിദ്യ അഭ്യസിച്ചിരുന്നത്.

നാലകത്തു നടുമുറ്റത്ത് കോരിനനച്ചുവളര്‍ത്തിയ മൈലാഞ്ചി അഞ്ജനക്കല്ലിന്‍മേലരച്ചുരുട്ടി വെള്ളിത്തളികയില്‍വച്ച് സ്വര്‍ണത്തളികകൊണ്ടു മൂടി വീരാളിപ്പട്ടില്‍ പൊതിഞ്ഞ് കല്യാണസഭയിലെത്തിക്കുന്നതും വധു ഉള്‍പ്പെടെ സകലസ്ത്രീകളും ഇത് കൈയിലും കാലിലും അണിഞ്ഞ് ഭംഗിവരുത്തുന്നതും മുസ്ലിം സമുദായത്തിലെ പ്രധാനപ്പെട്ട ആചാരമായിരുന്നു. പല നാടന്‍പാട്ടുകളിലും ഇതിന്റെ വര്‍ണനയുണ്ട്.

കുളി. ഹിന്ദുമതാചാരപ്രകാരം അംഗസംസ്കാരകര്‍മങ്ങളില്‍ ഏറ്റവും പ്രാധാന്യം നല്കിയിരിക്കുന്നത് കുളിക്കാണ്. കുളം, നദി എന്നീ ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുന്നതുകൊണ്ട് ശരീരവും ആത്മാവും ശുദ്ധിയാക്കപ്പെടുന്നു എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും മാത്രമല്ല, സൌകര്യമുള്ളപ്പോഴെല്ലാം കുളിക്കുന്നതിന് താത്പര്യമുളളവരാണ് മലയാളികള്‍ എന്ന് വിദേശികളുടെ സഞ്ചാരക്കുറിപ്പുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ടുദിവസം (ബുധനും ശനിയും) എണ്ണതേച്ചുകുളി നിര്‍ബന്ധപൂര്‍വം അവര്‍ അനുഷ്ഠിച്ചുപോന്നിരുന്നു (സ്ത്രീകള്‍ക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും). ശാങ്കരസ്മൃതിയില്‍ ഒരു നമ്പൂതിരി അനുഷ്ഠിക്കേണ്ട അംഗസംസ്കാരകര്‍മങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 4 തരത്തിലുളള കുളിയാണ് ഇതില്‍ വിധിച്ചിട്ടുള്ളത്. (1) ബ്രാഹ്മം. അതായത് മന്ത്രം ചൊല്ലി ശരീരത്തില്‍ ജലം കുടയുക; (2) വായവ്യം. പശുവിന്റെ കുളമ്പില്‍നിന്നും എടുക്കുന്ന ധൂളി ശരീരത്ത് അണിയുക; (3) ആഗ്നേയം അഥവാ ഭസ്മം ശരീരത്തില്‍ അണിയുക; (4) വാരുണം അല്ലെങ്കില്‍ മുങ്ങിക്കുളി. ഏതെങ്കിലും ഒരു വസ്തുവില്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടോ വസ്ത്രംധരിച്ചുകൊണ്ടോ കുളിക്കുന്നത് നിഷിദ്ധമാണ്. കുളികഴിഞ്ഞ ശേഷമേ ആഹാരം പാകംചെയ്യുവാന്‍ പാടുള്ളൂ. പല്ലുതേയ്ക്കുന്നതിന് കമ്പോ കോലോ ഉപയോഗിക്കുന്നതും നിഷിദ്ധമാണ്. കുളികഴിഞ്ഞ ശേഷം ഭസ്മം ഉപയോഗിച്ച് നെറ്റിയില്‍ മൂന്നു നേര്‍വരകള്‍ ഇടുകയും വേണം.

അന്തര്‍ജനങ്ങള്‍ കുളികഴിഞ്ഞശേഷം ചന്ദനം ഉപയോഗിച്ച് മൂന്നുവരകളാണ് നെറ്റിയില്‍ വരയ്ക്കേണ്ടത്. ആഢ്യന്‍മാര്‍ നേര്‍വരകള്‍ക്കു പകരം ചന്ദ്രക്കലാകൃതിയിലാണ് കുറിയിടുക. അലങ്കാരത്തിനുവേണ്ടി പൊട്ടും കുറികളും നെറ്റിയില്‍ വരയ്ക്കുന്നത് നമ്പൂതിരിസ്ത്രീകള്‍ക്ക് നിഷിദ്ധമാണ്. അഞ്ജനംകൊണ്ട് കണ്ണെഴുതി കര്‍ണങ്ങള്‍വരെ എത്തുന്ന വാലിടുന്നത് അവരുടെ രീതിയാണ്. അഗ്നിഹോത്രികള്‍ ഒഴിച്ച് മറ്റാരും തന്നെ കര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല. ആര്‍ത്തവസമയത്ത് ചില പ്രത്യേകരീതിയിലാണ് അംഗസംസ്കാരം നടത്തേണ്ടതെന്നും ശാങ്കരസ്മൃതിയില്‍ വിധിച്ചിരിക്കുന്നു. ആ സമയത്ത് എണ്ണതേച്ചു കുളിക്കുകയോ പല്ലു തേയ്ക്കുകയോ ചന്ദനം, അഞ്ജനം ഇവ അണിയുകയോ, പൂവു ചൂടുകയോ ചെയ്യാന്‍പാടില്ല. ഈ നിബന്ധന തെറ്റിക്കുന്നപക്ഷം ആ സ്ത്രീയില്‍ ജനിക്കുന്ന കുട്ടിക്ക് യഥാക്രമം തൊലിക്കുകട്ടി, ദന്തരോഗങ്ങള്‍, ത്വക്ക്രോഗങ്ങള്‍, അന്ധത, കഷണ്ടി എന്നിവ ഉണ്ടാകുമെന്ന് വിശ്വസിച്ചുപോന്നു.

കൈവിരലുകളിലെ നഖം നീട്ടിവളര്‍ത്തി സൂക്ഷിക്കുന്ന രീതി 6-ാം ശ.-ത്തില്‍ കേരളത്തിലെ നമ്പൂതിരിമാരും നായന്മാരും ആചരിച്ചിരുന്നു. ചൈനാക്കാരില്‍ നിന്നാണ് ഈ രീതി അനുകരിച്ചതെന്ന് ഊഹിക്കപ്പെടുന്നു. തങ്ങള്‍ ജോലിചെയ്യാറില്ല എന്നു കാണിക്കുന്നതിനുവേണ്ടിയായിരുന്നത്രേ ഈ ആചാരം. ചീപ്പിനു പകരമായും വിരലുകളിലെ നീണ്ടനഖങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഊണിനുമുമ്പ് നെറ്റിയില്‍ ഭസ്മവും ഊണുകഴിഞ്ഞ് ചന്ദനവും അണിയുന്നത് മറ്റൊരാചാരമാണ്.

കുറികളും പൊട്ടുകളും. നെറ്റി, കൈ, നെഞ്ച് മുതലായ ശരീരഭാഗങ്ങളില്‍ വരയ്ക്കുന്ന കുറികള്‍ ജാതിവ്യത്യാസത്തെ സൂചിപ്പിക്കുന്നതിന് പ്രയോജനപ്പെടുന്നു. ചന്ദനം, സിന്ദൂരം, ഭസ്മം എന്നീ അംഗരാഗങ്ങളാണ് ഈ അടയാളങ്ങള്‍ കൊടുക്കുന്നതിന് ഉപയോഗിക്കുന്നത്. ഹിന്ദുക്കളുടെയിടയില്‍ മംഗലസ്ത്രീലക്ഷണമാണ് കുങ്കുമപ്പൊട്ട്. പതഞ്ജലിയുടെ കാലത്ത് ഉന്നതകുടുംബങ്ങളിലെ സ്ത്രീകള്‍, അവര്‍ വിവാഹിതരാണെന്നുകാണിക്കുന്നതിന് താടിയില്‍ ഒരു നക്ഷത്രചിഹ്നം പച്ചകുത്തുമായിരുന്നു. ഈ ആചാരത്തില്‍നിന്നാണ് പൊട്ടുകുത്തുന്നരീതി ഉണ്ടായത്. ഈ ആചാരം ഇന്നും മാറ്റംകൂടാതെ തുടര്‍ന്നുവരുന്നു. ഉത്തരേന്ത്യന്‍ ഹൈന്ദവവനിതകള്‍ സീമന്തരേഖ മുഴുവന്‍തന്നെ കുങ്കുമംകൊണ്ട് അലങ്കരിച്ചാണ് മാംഗല്യം സൂചിപ്പിക്കുന്നത്. വിവാഹാവസരത്തില്‍ കൈയിലും കാലിലും മൈലാഞ്ചി അണിയുന്ന രീതി ഹിന്ദുസ്ത്രീകളുടെ ഇടയില്‍ ഇന്നും പ്രചാരത്തിലിരിക്കുന്നു.

ഹിന്ദുമതത്തില്‍ ഓരോവിഭാഗത്തിനും അതിന്റേതായ ചിഹ്നങ്ങള്‍ ഉണ്ട്. കുത്തനെയുള്ള വരകള്‍, കുറുകെയുള്ള വരകള്‍, വൃത്തം, ത്രികോണം, സമചതുരം തുടങ്ങിയവയാണ് ഈ അടയാളങ്ങള്‍. നെറ്റിയിലാണ് പ്രധാനമായി ഈ അടയാളങ്ങള്‍ ഇടുന്നതെങ്കിലും ചില ഭക്തന്‍മാര്‍ ഭുജങ്ങള്‍, കൈകള്‍, നെഞ്ച്, വയറ്, പൃഷ്ഠം മുതലായഭാഗങ്ങളിലും ഈ അടയാളങ്ങള്‍ ചന്ദനം, കുങ്കുമം, ഭസ്മം മുതലായ അംഗരാഗങ്ങള്‍കൊണ്ട് വരയ്ക്കാറുണ്ട്. അര്‍ധനഗ്നരും ദിഗംബരരുമായ സന്ന്യാസികളും ചില അനുഷ്ഠാനവേളകളില്‍ മറ്റുള്ളവരും ഈ വിധത്തില്‍ അംഗസംസ്കാരം നടത്തുന്നു. ഹൈന്ദവരെ പ്രധാനമായി വൈഷ്ണവരെന്നും ശൈവരെന്നും രണ്ടായി തിരിക്കാവുന്നതാണ്. ഈ രണ്ടു വിഭാഗക്കാരും ഉപയോഗിക്കുന്ന അടയാളങ്ങള്‍ വ്യത്യസ്തങ്ങളാണ്. സാധാരണയായി വൈഷ്ണവര്‍ നെറ്റിയില്‍ കുത്തനെ മൂന്നു നേര്‍വരകള്‍ വരയ്ക്കുന്നു. ചിലപ്പോള്‍ ഈ മൂന്നു നേര്‍വരകളില്‍ ഇരുവശങ്ങളിലുമുള്ള വരകളുടെ അടിഭാഗം നടുവരയുടെ ചുവട്ടില്‍ കൂട്ടിമുട്ടത്തക്കവണ്ണം യോജിപ്പിച്ച് അവ യോജിക്കുന്നിടത്ത് ഒരു പൊട്ടിടുന്നു. വിഷ്ണുപാദമായാണ് ഇതു സങ്കല്പിക്കപ്പെട്ടിരിക്കുന്നത്. ശൂലാകൃതി നെറ്റിയില്‍ വരയ്ക്കുന്നതാണ് മറ്റൊരുരീതി. ഇതിന് 'നാമധാരണം' എന്നു പറയുന്നു. ഇതിന്റെ നടുക്കുള്ള വര കുങ്കുമവും ഇരുവശങ്ങളിലുമുള്ളവ ഭസ്മവും ഉപയോഗിച്ചാണ് വരയ്ക്കുന്നത്. ഭസ്മം ഉപയോഗിച്ച് നെറ്റിയില്‍ തിരശ്ചീനമായി മൂന്നുവരകള്‍ ഇട്ടശേഷം മധ്യഭാഗത്തോ അടിയിലോ ഒരു പൊട്ടുകൂടി തൊടുന്നതാണ് ശൈവരുടെ രീതി. 'ത്രിപുണ്ഡ്രം' എന്ന ഈ അടയാളം ശിവന്റെ ശിരസ്സിലെ അര്‍ധചന്ദ്രനെയാണ് സൂചിപ്പിക്കുന്നത്. ത്രികോണാകൃതിയും അര്‍ധചന്ദ്രാകൃതിയും ശൈവന്‍മാരുടെ മറ്റു രണ്ട് അടയാളങ്ങളാണ്.

ശംഖ്, താമര എന്നീ അടയാളങ്ങള്‍ കൊത്തിയ ഇരുമ്പ് അച്ചുകള്‍ തീയില്‍വച്ച് പഴുപ്പിച്ചശേഷം ശരീരഭാഗങ്ങളില്‍ ചേര്‍ത്തു പൊള്ളിച്ച് അടയാളങ്ങള്‍ കൈവരുത്തുന്നതും രാമനാമമന്ത്രം ശരീരം മുഴുവനും പച്ചകുത്തുന്നതും ചില സന്ന്യാസിമാരുടെ ആചാരമാണ്.

കേശാലങ്കാരം. അപരിഷ്കൃതരും പരിഷ്കൃതരും ഒരുപോലെ പ്രാധാന്യം നല്കുന്ന ഒരിനമാണ് കേശസംവിധാനം. ബി.സി. 2,000-ല്‍ നിര്‍മിച്ച ഒരു പ്രതിമയില്‍ (Venus of Willendorf in the Aurignacian Epoch) മുഖത്തിന്റെ ചിത്രീകരണത്തെക്കാള്‍ പ്രാധാന്യം കേശസംവിധാനത്തിനു നല്കിയിരുന്നതായികാണാം. കേശസംവിധാനത്തിലുളള പ്രത്യേകതകള്‍ അലങ്കാരത്തിനു മാത്രമല്ല, സമൂഹത്തില്‍ വ്യക്തിക്കുള്ള സ്ഥാനവും മഹിമയും സൂചിപ്പിക്കുന്നതിനുകൂടിയായിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും എല്ലായിടത്തും വ്യത്യസ്തമായ കേശസംവിധാനരീതിയാണുണ്ടായിരുന്നത്. ഒമേഹാ(Omeha)യിലെ അമേരിന്ത്യന്‍ ആണ്‍കുട്ടികളുടെ മുടി, തലയില്‍ അങ്ങിങ്ങുമാത്രം കട്ടിയാക്കിവളര്‍ത്തി, ബാക്കി വടിച്ചുകളയുകയാണ് പതിവ്, മുതിര്‍ന്നവരാകട്ടെ മുടി നീട്ടിവളര്‍ത്തുകയോ മുഴുവനായി വടിച്ചുകളയുകയോ ചെയ്യുന്നു. ഇവരുടെ കേശസംവിധാനം ഏറിയകൂറും പ്രായവ്യത്യാസത്തെ കാണിക്കാനാണ് ഉപകരിക്കുന്നത്. വെട്ടിനിര്‍ത്തിയിരിക്കുന്ന മുടിയുടെ രൂപം ഓരോ ഗോത്രക്കാര്‍ക്കും വ്യത്യസ്തമാണ്. ഈ ആചാരം പശ്ചിമാഫ്രിക്കയിലെ സുഡാനീസ് വര്‍ഗക്കാരുടെയിടയിലും പ്രചാരത്തിലുണ്ട്.

മങ്ങ്ബത്ത്(Mangbethu) ബാലന്‍:തല പ്രത്യേക ആകൃതിയില്‍ രൂപപ്പെടുത്തിയിരിക്കുന്നു

ന്യൂ അയര്‍ലന്‍ഡുകാര്‍ നാരങ്ങാനീരുപയോഗിച്ച് കറുത്തമുടി ചുവപ്പാക്കിമാറ്റുവാന്‍ ഇഷ്ടപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാംതന്നെ സുവര്‍ണകേശമാണ് സൌന്ദര്യലക്ഷണം. പോളിനേഷ്യക്കാര്‍ ശരീരവും ശിരസ്സും അലങ്കരിക്കാന്‍ പുഷ്പങ്ങളും മണമുള്ള ഇലകളും ഉപയോഗിക്കുന്നു. ന്യൂസിലന്‍ഡിലെ ജനങ്ങളാകട്ടെ മരണാവസരങ്ങളില്‍ പങ്കുകൊള്ളുമ്പോഴാണ് പ്രത്യേകതരം ഇലകള്‍ അണിയുന്നത്. പോളിനേഷ്യക്കാര്‍, മാവോറികള്‍, മാര്‍ക്വിസേനിയര്‍ തുടങ്ങിയ ആദിവാസികള്‍ മുടി നീട്ടിവളര്‍ത്തി മുകളില്‍ കെട്ടിവച്ച് അതില്‍ പലതരം അസ്ഥികള്‍, കൊമ്പുകള്‍, തടി മുതലായവകൊണ്ടുനിര്‍മിച്ച ചീപ്പുകളും വാഴപ്പോളയും മുളയുംമറ്റും അണിയുന്നു. കടല്‍ച്ചെടികള്‍ പറിച്ചുണക്കി അതില്‍ കറുപ്പുചായം പിടിപ്പിച്ചണിഞ്ഞാണ് പോളിനേഷ്യന്‍ സ്ത്രീകള്‍ വൈധവ്യം ആചരിക്കുന്നത്.

തലയുടെ ആകൃതി വേണ്ടവിധം ശരിയാക്കിയെടുക്കുന്ന ഒരു സമ്പ്രദായം അമേരിന്ത്യക്കാര്‍, പസിഫിക് ദ്വീപുകളിലെ ചില വര്‍ഗക്കാര്‍ എന്നിവരുടെ ഇടയിലുണ്ട്. ശിശുപ്രായം മുതല്‍, തുണിയും ഇറുകിയ തൊപ്പിയും മറ്റും ഉപയോഗിച്ച് തലയില്‍ സമ്മര്‍ദം ചെലുത്തിയാണിതു സാധിക്കുന്നത്. ടാസ്മേനിയാദ്വീപിലെ ആദിവാസിപുരുഷന്‍മാര്‍ ചെളിയും മറ്റും പുരട്ടി തലമുടി നീളത്തില്‍ മെടഞ്ഞിടുന്നു. സ്ത്രീകളാകട്ടെ ചെവിയുടെ അടുത്തുവച്ച് മുടി മുറിച്ചുകളയുകയാണ് പതിവ്. പ്രാചീനറോമിലെ അപരിഷ്കൃതരുടെ ഇടയില്‍ മുടി നീളം കുറച്ചു മുറിക്കുന്നത് അടിമകളുടെ ലക്ഷണമായി കണക്കാക്കിവന്നു.

ഭാരതത്തിലും മുടിയുടെ സംവിധാനം ജാതിവ്യത്യാസത്തെയും പദവിയെയും സൂചിപ്പിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ മുടി നീട്ടിവളര്‍ത്തിവന്നു. കേരളത്തിലെ ഹിന്ദുവനിതകള്‍ മുടി നെറ്റിയിലേക്ക് ഇറക്കി കെട്ടിവയ്ക്കുമ്പോള്‍ പുരുഷന്മാര്‍ കുടുമവയ്ക്കുന്ന സമ്പ്രദായം തുടര്‍ന്നു. മുടി ക്രോപ്പുചെയ്യുന്നത് പാശ്ചാത്യസംസ്കാരത്തിന്റെ ഫലമാണ്.

ക്ഷൗരം. ശരീരത്തിലെ രോമം നീക്കംചെയ്യുന്നതും അംഗസംസ്കാരത്തിന്റെ ഒരു ഭാഗമാണ്. രാജാക്കന്‍മാര്‍ക്ക് ക്ഷൌരം ചെയ്യുന്നതിനെ ആചാരഭാഷയില്‍ 'തിരുമുഖം വിളക്കുക' എന്നു പറഞ്ഞുവന്നു. ക്ഷൌരത്തിന് കണ്ണാടിച്ചില്ലുകള്‍, പലതരം കല്ലുകള്‍, കത്തി എന്നിവ ഉപയോഗിക്കുന്നതുകൂടാതെ ഓരോ രോമവും പറിച്ചുകളയുന്ന പതിവും ആദിവാസികളുടെ ഇടയില്‍ ഉണ്ടായിരുന്നു. ആഫ്രിക്കക്കാര്‍, ഭാരതത്തിലെ ആജീവകന്‍മാര്‍ മുതലായവര്‍ രോമങ്ങളും തലമുടിയും പിഴുതുകളയുന്നു. ആജീവകന്‍മാരുടെ ഇടയില്‍ ഇതൊരു മതാനുഷ്ഠാനമാണ്.

കെനിയയിലെ കുറിയാവര്‍ഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍:കാതു നീട്ടി വളര്‍ത്തി തടിക്കഷണങ്ങള്‍ അണിഞ്ഞിരിക്കുന്നു

കര്‍ണവേധം. കാതുകുത്തല്‍ എല്ലാ രാജ്യത്തും സര്‍വസാധാരണമാണ്. കാതു നീട്ടിവളര്‍ത്തുന്ന പതിവ് ഇന്ത്യ, നിക്കോബാര്‍, മ്യാന്‍മര്‍, കി. ആഫ്രിക്ക, തെ. അമേരിക്ക, മലയ, ഫീജീ എന്നിവിടങ്ങളിലെല്ലാം ഉണ്ട്. 18-ാം ശ.-ത്തിന്റെ ആദ്യകാലങ്ങളില്‍ കേരളത്തിലെ പുരുഷന്‍മാരും സ്ത്രീകളും ഒരുപോലെ കാതുനീട്ടി വളര്‍ത്തുന്നതില്‍ തത്പരരായിരുന്നു. തോള്‍വരെ എത്തുന്ന കാതുകളാണ് സൌന്ദര്യലക്ഷണമായി കണക്കാക്കിയിരുന്നത്. കാതുകുത്തി അതില്‍ കൈതയോലയോ പനയോലയോ ചുരുട്ടി തിരുകിവയ്ക്കുന്നു. കാലക്രമേണ ഇലച്ചുരുളിന്റെ വലിപ്പംകൂട്ടി കാത് വലുതാക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലെ ഇന്‍കാ വര്‍ഗക്കാര്‍, ആഫ്രിക്കക്കാര്‍ എന്നിവര്‍ കാതുനീട്ടി വളര്‍ത്തി 15 സെ.മീ. മുതല്‍ 20 സെ.മീ. വരെ വ്യാസമുള്ള ആഭരണങ്ങള്‍ ധരിക്കുന്നു. ടിന്നുകള്‍, സിഗററ്റ് കൂടുകള്‍, ഇലച്ചുരുളുകള്‍ എന്നിവ ഇവര്‍ അലങ്കാരമായി അണിയുന്നു. കെനിയയിലെ കുറിയാ പുരുഷന്‍മാര്‍ കാതു നീട്ടിവളര്‍ത്തി 4 കി.ഗ്രാം വരെ ഭാരമുള്ള തടിക്കഷണങ്ങള്‍ കാതില്‍ ധരിക്കാറുണ്ട്. മേല്‍ക്കാതു കുത്തി അലിക്കത്ത് (മേല്‍ക്കാതുമോതിരം) അണിയുന്നരീതി സുറിയാനിക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍ എന്നിവരുടെയിടയില്‍ പ്രചാരത്തിലുണ്ട്. മനുഷ്യരുടെ പല്ലുകള്‍ കാതില്‍ അണിയുന്ന രീതി മാവോറികള്‍ക്കിടയില്‍ സാധാരണമാണ്.

നൃത്തത്തിനൊരുങ്ങി നില്‍ക്കുന്ന ന്യൂഗിനി പുരുഷന്‍:മൂക്കിന്‍റെ പാലം കിഴിച്ച് ആഭരണം ധരിച്ചിരിക്കുന്നു

സൌന്ദര്യവര്‍ധനയ്ക്ക് മൂക്കിന്റെ പാലവും വശങ്ങളും ചെവി, ചുണ്ട്, കവിള്‍, പല്ല് എന്നിവയും തുളച്ച് എല്ല്, തൂവല്‍, കക്കകള്‍, തടി, ലോഹങ്ങള്‍ മുതലായവ ധരിക്കുന്ന സമ്പ്രദായം പ്രാചീനകാലംതൊട്ട് ഉള്ളതാണ്. ഇന്ത്യ, ന്യൂഗിനി, പോളിനേഷ്യ, തെ.അമേരിക്ക, ആസ്റ്റ്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം മൂക്കുകുത്തുന്ന പതിവുണ്ട്. നമ്പൂതിരി സ്ത്രീകള്‍ക്ക് മൂക്കുകുത്താന്‍ പാടില്ലാ എന്നതൊഴിച്ചാല്‍ ആര്‍ക്കുംതന്നെ ഈ ആചാരം നിഷിദ്ധമല്ല. സ്ത്രീകളാണ് സാധാരണ മൂക്കുകുത്തി ആഭരണങ്ങള്‍ ധരിക്കുന്നത്. എന്നാല്‍ ന്യൂഗിനി, തൂഗേറി, സോളമന്‍ദ്വീപുകള്‍ എന്നിവിടങ്ങളിലെ പുരുഷന്‍മാര്‍ കൂര്‍ത്ത കമ്പുകളും പന്നിത്തേറ്റയും മൂക്കില്‍ ധരിക്കുന്നു.

തെ.അമേരിക്കയിലെ പുരുഷന്‍:ചുണ്ടുകിഴിച്ച് ആഭരണം ധരിച്ചിരിക്കുന്നു

ആഫ്രിക്കയിലെ ബഗാഡാവര്‍ഗക്കാര്‍, തെ. അമേരിക്കയിലെ ബെട്ടോകുഡോഗോത്രക്കാര്‍ എന്നിവര്‍ മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും തുളച്ച് ആഭരണങ്ങള്‍ അണിയുന്നു. ആഫ്രിക്കക്കാര്‍ ഉത്തേജനസ്വഭാവമുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ചും ക്ഷതങ്ങളേല്പിച്ചും ചുണ്ടു നീട്ടിവളര്‍ത്തുന്നു.

പല്ലുകള്‍. പല്ലുകളുടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നതിനും മൂര്‍ച്ചകൂട്ടുന്നതിനും അവയെ രാകി ശരിയാക്കുന്ന രീതി കി. ആഫ്രിക്ക, അമേരിക്ക, മലയ എന്നിവിടങ്ങളിലെ ആദിവാസികള്‍ക്കിടയിലും കേരളത്തിലെ മലവേടരുടെ ഇടയിലും പ്രചാരത്തിലുണ്ട്. ബോര്‍ണിയോയിലെ ഡയക്സ്വര്‍ഗക്കാര്‍ പല്ലുകള്‍ കിഴിച്ച് സ്വര്‍ണാഭരണങ്ങള്‍ ധരിക്കുമ്പോള്‍ മെക്സിക്കോക്കാര്‍ സ്വര്‍ണത്തിനുപകരം വിലപിടിച്ച കല്ലുകളാണ് അണിയുന്നത്. സൌന്ദര്യവൃദ്ധിക്ക് സ്ത്രീകളുടെ പല്ലുകള്‍ സ്ഥിരമായി കറുപ്പിക്കുന്ന രീതി മലയയിലും ഇന്ത്യയിലും ഉണ്ട്. പല്ലുകള്‍ പിഴുതുകളയുകയോ മുറിക്കുകയോ ചെയ്യുന്ന സമ്പ്രദായം ആസ്റ്റ്രേലിയയിലെ ആദിവാസികള്‍, സിലോണിലെ ആദിവാസികള്‍, ദക്ഷിണേന്ത്യയിലെ കാടര്‍, മലവേടര്‍ എന്നിവരുടെ ഇടയിലെല്ലാം പ്രചാരത്തിലിരിക്കുന്നു.

ലോഹവളയങ്ങള്‍ ചുറ്റിയ കഴുത്ത്

കി. ആഫ്രിക്കയിലെ ബഡീസോകള്‍ നാക്കു കിഴിച്ച് ചെമ്പുവളയങ്ങള്‍ ധരിക്കുന്നു. അലൂഷ്യന്‍ ദ്വീപുകാര്‍ കവിളുകള്‍ തുളച്ച് കടല്‍നായുടെ മീശരോമങ്ങള്‍ അണിയുമ്പോള്‍ തെ. അമേരിക്കക്കാര്‍ തൂവലുകളണിയാനാണ് ഇഷ്ടപ്പെടുന്നത്.

നെതര്‍ലന്‍ഡിലെ ഒരു ആദിവാസി:ചായംകൊണ്ട് ചിത്രങ്ങള്‍ വരച്ച് ശരീരം ആകര്‍ഷകമാക്കിയിരിക്കുന്നു

ദക്ഷിണഷാന്‍ സംസ്ഥാനത്തെ പഡാംഗ് വര്‍ഗക്കാര്‍ ലോഹവളയങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ കഴുത്ത് നീട്ടിവളര്‍ത്തുന്നു. കുട്ടിക്കാലം മുതല്‍ പെണ്‍കുട്ടികളുടെ പാദങ്ങള്‍ വരിഞ്ഞുകെട്ടി താമരമൊട്ടിന്റെയോ താമരദലത്തിന്റെയോ ആകൃതിയില്‍ രൂപപ്പെടുത്തുന്ന സമ്പ്രദായം ചൈനാക്കാര്‍ സൌന്ദര്യവര്‍ധന ലക്ഷ്യമാക്കി സ്വീകരിച്ചിരിക്കുന്നു.

മറ്റു ചടങ്ങുകള്‍. ശരീരത്തില്‍ ചായം പിടിപ്പിക്കുകയും വടു സൃഷ്ടിക്കുകയും ചെയ്യുന്ന സമ്പ്രദായം ചരിത്രാതീതകാലം മുതല്‍ ആരംഭിച്ചതാണ്. വസ്ത്രം ധരിച്ചുതുടങ്ങിയ കാലത്തിനുമുമ്പായിരുന്നിരിക്കണം ഈ ആചാരത്തിന്റെ ആരംഭം. യുദ്ധം, മതപരമായ അനുഷ്ഠാനങ്ങള്‍, നൃത്തം മുതലായവ നടക്കുന്ന അവസരങ്ങളിലാണ് ദേഹത്തു ചായം അണിഞ്ഞുവരുന്നത്. നിറം പിടിപ്പിക്കുമ്പോള്‍ വ്യക്തിക്കുണ്ടാകുന്ന മാറ്റങ്ങള്‍ ശത്രുവിനെ ഭയപ്പെടുത്താന്‍ മാത്രമല്ല, സ്വയം ശക്തി ആര്‍ജിക്കുന്നതിനും ഉപയോഗപ്പെടുന്നു. ചുവപ്പാണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നിറം. മഞ്ഞ, കറുപ്പ്, നീല, വെള്ള എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു. മൃഗങ്ങളെ അനുകരിച്ചുകൊണ്ടുള്ള നൃത്തങ്ങള്‍ക്കുവേണ്ടിയും ചായങ്ങള്‍ ധാരാളം ഉപയോഗപ്പെടുത്തുന്നു. കേരളത്തിലെ നാടോടിനൃത്തമായ പുലികളി, കടുവാകളി എന്നിവ ഇതിനുദാഹരണമാണ്. മഞ്ഞള്‍, കരി, മഞ്ഞളും ചുണ്ണാമ്പും കൂട്ടിക്കലര്‍ത്തിയുണ്ടാക്കുന്ന ചുവപ്പുചായം എന്നിവയാണിതിന് ഉപയോഗിക്കുന്നത്. ആധുനിക കാലത്ത് പെയിന്റും ഉപയുക്തമാക്കുന്നുണ്ട്. കഥകളിക്കും തുള്ളലിനും മറ്റും ചുട്ടികുത്തുന്നതിന് പലതരം ചായങ്ങള്‍ ഉപയോഗിക്കുന്നു (നോ: ചുട്ടികുത്ത്). കാവിമണ്ണ്, വെളുത്ത പശമണ്ണ് ഇവ പന്നിക്കൊഴുപ്പില്‍ ചാലിച്ച് ശരീരത്തും മുഖത്തും ചിത്രപ്പണികള്‍ നടത്തുക ആന്തമാന്‍ ദ്വീപിലെ ഓംഗകളുടെ ആചാരമാണ്.

ശരീരം മുറിച്ച് വടു സൃഷ്ടിച്ച് അതില്‍ ചായംപിടിപ്പിക്കുന്നരീതി (taetooing) എല്ലാ രാജ്യങ്ങളിലും പ്രചാരമുള്ള ഒരു കലയാണ് (നോ: പച്ചകുത്ത്). ഇത് ആജീവനാന്തം നിലനില്ക്കുന്നതുകൊണ്ടായിരിക്കാം ഇത്രയധികം പ്രചാരം നേടിയത്.

മാവോറികള്‍ പച്ചകുത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍:കല്ലുകൊണ്ടു നിര്‍മ്മിച്ച പാത്രവും എല്ലുകൂര്‍പ്പിച്ച് ഉണ്ടാക്കിയ ഉപകരണങ്ങളും

പരിഷ്കൃത രാജ്യങ്ങളില്‍ ജീവിതത്തിന്റെ താഴേക്കിടയിലുള്ളവരാണ് പച്ചകുത്തലും വടു സൃഷ്ടിക്കലും നടത്തുന്നതെങ്കില്‍, പോളിനേഷ്യയില്‍ ഏറ്റവും അധികം വടു ശരീരത്തുവരുത്തിയിട്ടുള്ളത് ഉന്നതസ്ഥാനീയരാണ്. ന്യൂസിലന്‍ഡിലെ മാവോറികളുടെ ഇടയിലും ഇതേ രീതിയാണ് കണ്ടുവരുന്നത്.

മാവോറിഗോത്രത്തലവന്‍:മുഖത്ത് പ്രത്യേക ഡിസൈനില്‍ വടുവുണ്ടാക്കിയിരിക്കുന്നു

പോളിനേഷ്യക്കാര്‍ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും നാക്കിലും ഇത്തരം വടുക്കള്‍ ഉണ്ടാക്കാറുണ്ട്. പ്രത്യേകതരം ഡിസൈനുകള്‍ ഇതിനുപയോഗിച്ചുവരുന്നു. കല്ല്, ദന്തം, കൊമ്പ് എന്നിവ ചെത്തി സൂചിപോലെ കൂര്‍പ്പിച്ച് കരിയില്‍മുക്കി ശരീരത്ത് പ്രത്യേകരീതിയില്‍ മുറിവുണ്ടാക്കുന്നു. ഈ മുറിവുകളില്‍ സൂചിയില്‍ പുരണ്ടിട്ടുള്ള കരി കടന്നുകൂടുകയും അവ വടുക്കള്‍ക്കു നിറം നല്കുകയും ചെയ്യുന്നു. കറുത്ത തൊലിക്കാരായ ആസ്റ്റ്രേലിയാക്കാരും നീഗ്രോകളും മറ്റൊരു രീതിയാണ് സ്വീകരിച്ചിട്ടുളളത്. ശരീരം മുറിപ്പെടുത്തി ചാരം, മഞ്ഞള്‍ ഇവയിട്ടുതിരുമ്മി തൊലി ഉത്തേജിപ്പിച്ച് കാലക്രമത്തില്‍ കട്ടിപിടിപ്പിക്കുകയാണ് ഈ മാര്‍ഗം. ടാസ്മേനിയാക്കാര്‍, എസ്കിമോകള്‍, മെലനേഷ്യക്കാര്‍, അമേരിക്കയിലെ ആദിവാസികള്‍, ദക്ഷിണേന്ത്യയിലെ തോടവര്‍ഗക്കാര്‍ എന്നിവരും ശരീരത്തില്‍ വടുസൃഷ്ടിക്കുന്നതില്‍ താത്പര്യമുള്ളവരാണ്. ടാസ്മേനിയാക്കാര്‍ ഒരുതരം എണ്ണക്കുരുവിന്റെ (Candlenut) കരി വെള്ളത്തില്‍ ചാലിച്ച് മുറിവുകളില്‍ പിടിപ്പിക്കുന്നു. അരമുതല്‍ മുട്ടുവരെയാണ് ഈ വിധത്തില്‍ അലങ്കരിക്കുന്നത്. പുരുഷപദവി നേടുന്നതിനുള്ള ഒരു ചടങ്ങാണിത്. ഈ അലങ്കരണം പൂര്‍ണമാകുന്നതിന് മാസങ്ങള്‍തന്നെ വേണ്ടിവരുന്നു. വടുനിര്‍മാണകലയില്‍ വൈദഗ്ധ്യം സിദ്ധിച്ചവരെ ഇക്കാലമത്രയും കുട്ടിയുടെ വീട്ടില്‍ താമസിപ്പിക്കുകയും വേണ്ടരീതിയില്‍ സമ്മാനിച്ച് പ്രീതിപ്പെടുത്തുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്ക് ലഘുവായ രീതിയിലേ ഇതു നടത്താറുള്ളു. ദക്ഷിണേന്ത്യയിലെ തോടവര്‍ഗക്കാര്‍ സ്ത്രീകളുടെ മാറിടത്തിലും തോളുകളിലും വടു സൃഷ്ടിക്കാറുണ്ട്. പുരുഷന്‍മാരുടെ ഇടതുഭുജത്തില്‍ ആഴത്തിലുണ്ടാക്കിയ മുറിപ്പാട് സാധാരണമാണ്. എരുമയെ കറക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടാതിരിക്കുന്നതിനുവേണ്ടിയാണത്രേ ഇതു ചെയ്യുന്നത്. പച്ചകുത്തിന് കേരളത്തിലുള്ളതിനേക്കാള്‍ പ്രചാരം തമിഴ്നാട്ടിലുണ്ട്.

ആധുനിക യുഗത്തില്‍ അംഗസംസ്കരണകല ഒരു വ്യവസായമായിത്തന്നെ ഉയര്‍ന്നിട്ടുണ്ട്. മുഖസൌന്ദര്യത്തിനും കേശാലങ്കാരത്തിനും വസ്ത്രാലങ്കാരത്തിനും എന്നല്ല, നഖം പാകത്തിന് രൂപപ്പെടുത്തിക്കൊടുക്കുന്നതിനുവരെ ഇന്ന് പ്രത്യേകം പ്രത്യേകം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആഫ്രിക്കയിലെ ഫങ്കുത്സ് പെണ്‍കുട്ടി:മാറില്‍ വടുവുണ്ടാക്കിയിരിക്കുന്നു

സിനിമ, നാടകം എന്നിവയുടെ പ്രചാരത്തോടുകൂടി 'മേക്കപ്പ്' (Makeup) എന്ന കലതന്നെ വളരെയധികം പുരോഗമിച്ചിരിക്കുന്നു. സൌന്ദര്യസംരക്ഷണകലയെപ്പറ്റി പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങളും ഇന്ന് സുലഭമാണ്. ചരിത്രാതീതകാലത്തു നടപ്പിലിരുന്നതും ഇന്ന് അപരിഷ്കൃതര്‍ മാത്രം തുടര്‍ന്നുവരുന്നതുമാണ് ശരീരത്തില്‍ ചായം പൂശുന്നരീതി. എന്നാല്‍ 'ഫാഷന്‍' (Fashion) എന്ന നിലയില്‍ യൂറോപ്യന്‍രാജ്യങ്ങളില്‍ ഇപ്പോള്‍ ഇത് പ്രചരിച്ചുതുടങ്ങിയിരിക്കുന്നു. വസ്ത്രം ധരിക്കുന്നതിനുപകരം ശരീരം പെയിന്റുചെയ്തു ഭംഗിപ്പെടുത്തുകയാണ് ഈ രീതി. ഇറ്റലിക്കാരനായ മോണാഷെസി (Monachesi) ഈ കലയില്‍ പ്രാഗല്ഭ്യം നേടിയ ചിത്രകാരനാണ്. ശാരീരികവൈരൂപ്യങ്ങള്‍ അകറ്റുന്നതിനുണ്ടായിട്ടുളള ശാസ്ത്രീയമായ നേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് പ്ളാസ്റ്റിക് സര്‍ജറിയാണ്. നോ: അംഗരാഗങ്ങള്‍; ആഭരണങ്ങള്‍; കേശാലങ്കാരം; കുളി; പ്ളാസ്റ്റിക് സര്‍ജറി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍