This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽസ്‌കാമ്പ്‌, മാക്‌സ്‌ (1862 - 1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:39, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എൽസ്‌കാമ്പ്‌, മാക്‌സ്‌ (1862 - 1931)

Elskamp, Max

മാക്‌സ്‌ എൽസ്‌കാമ്പ്‌

ബെൽജിയന്‍ കവി. 1862 മേയ്‌ 5-ന്‌ അന്റ്‌വെർപ്പിൽ ജനിച്ചു. കുലീനകുടുംബാംഗവും വിചിത്രസ്വഭാവിയുമായിരുന്ന ഈ കവി സ്വന്തം ജന്മനഗരത്തിനു പുറത്ത്‌ ഒരിക്കൽ മാത്രമേ പോയിട്ടുള്ളൂ. തൊഴിലാളികള്‍ തിങ്ങിപ്പാർത്തിരുന്ന നഗരത്തിലെ സാഹചര്യങ്ങള്‍ ഇഷ്‌ടപ്പെട്ടിരുന്നില്ലെങ്കിലും അവിടത്തെന്നെ ജീവിതം കഴിച്ചുകൂട്ടാനാണ്‌ ഇദ്ദേഹം തീരുമാനിച്ചത്‌; എന്നാൽ ഒന്നാം ലോകയുദ്ധകാലത്ത്‌ ഹോളണ്ടിൽ നാലുവർഷക്കാലം നാടുകടത്തപ്പെട്ട നിലയിൽ താമസിക്കാന്‍ നിർബന്ധിതനായി. 1892-നും 98-നും ഇടയ്‌ക്ക്‌ ഏതാനും ഖണ്ഡകാവ്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ കാവ്യങ്ങള്‍ പാരിസിലെ സിംബലിസ്റ്റുകളുടെ ഹാർദമായ അഭിനന്ദനത്തിനു പാത്രമായി. പദഘടനയിലും ആവിഷ്‌കാരശൈലിയിലും അപൂർവബിംബങ്ങളുടെ അവതരണത്തിലും എൽസ്‌കാമ്പിന്റെ സ്ഥാനം മലാർമേയുടെ തൊട്ടടുത്താണ്‌; എന്നാൽ എൽസ്‌കാമ്പിന്റെ പ്രചോദനപ്രഭവം വെർലെയിന്‍ ആണെന്നുപറയാം.

തന്റെ ചുറ്റുപാടുകളെ വെറുത്തിരുന്ന എൽസ്‌കാമ്പ്‌ അവിടത്തെ ജനസാമാന്യത്തിന്റെ ജീവിതത്തോട്‌ ഏറ്റവും വലിയ ആഭിമുഖ്യം കാട്ടിയിരുന്നു. സാധാ രണക്കാരുടെ നിത്യജീവിതമാണ്‌ ഇദ്ദേഹം തന്റെ കവിതയ്‌ക്കു വിഷയമാക്കിയത്‌. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ആ കവിതകളിൽ അദ്ദേഹം ചിത്രീകരിച്ചിരുന്നു. പള്ളികളുടെ സമീപം കൃത്രിമശിലകളിൽ ഉയർത്തിനിർത്തിയ പുണ്യവാളന്മാരുടെ പ്രതിമകളെ പരിഹസിക്കാനും ഇദ്ദേഹം മടിച്ചിരുന്നില്ല.

സംഗീതാത്മകത്വത്തിലും പ്രാസദീക്ഷയിലും ശ്രദ്ധിച്ചിരുന്ന എൽസ്‌കാമ്പിന്റെ കവിതകള്‍ നാടോടി ഗാനങ്ങളെ അനുസ്‌മരിപ്പിക്കുന്നവയാണ്‌. കവിതകളെ ചിത്രങ്ങള്‍കൊണ്ട്‌ അഭിവ്യക്തമാക്കുന്ന(illustrate)സമ്പ്രദായം ഇദ്ദേഹത്തിന്റെ ഒരു സവിശേഷതയാണ്‌. ദൊമിനികൽ(Dominical, 1892)അന്‍ സിംബൊൽ വേർ ല പൊസ്‌തൊല(En Symbole Vers l'A postolat, 1895),സിക്സ്‌ ഷന്‍സോന്‍ ദ്‌ പേവ്‌റ്‌ ഓം (Six Chansons de Pauvre Homme, 1895),, ലൽഫബെ ദ്‌ നോത്ര ദാം (L'Alphabet de Notre Dame, 1901) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ കൃതികള്‍.

1931 ഡി. 10-ന്‌ ആന്റ്‌ വെർപ്പിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍