This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോളോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:57, 6 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപ്പോളോ

Apollo

യവന ദേവഗണത്തില്‍ സിയൂസ് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ദേവന്‍. ഇതിഹാസങ്ങളനുസരിച്ച് സിയൂസിനു ലേതോ എന്ന ദേവിയില്‍ ജനിച്ച പൂത്രനാണ് അപ്പോളോ. ലേതോ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സപത്നിയായ ഹേരോ ദേവിയുടെ ഉപദ്രവം പേടിച്ച് പലേടത്തേക്കും പലായനം ചെയ്തുവെന്നും ഒടുവില്‍ ഡീലോസ് ദ്വീപില്‍വച്ച് അപ്പോളോ എന്ന പുത്രനേയും ആര്‍ത്തെമിസ് എന്ന പുത്രിയേയും പ്രസവിച്ചു എന്നും പുരാണകഥയുണ്ട്. ഡീലോസ്, വെള്ളത്തില്‍ പൊങ്ങിക്കിടന്ന ഒരു തുരുത്തായിരുന്നത്രേ. ലേതോയുടെ പ്രസവകാലത്ത് ഈ തുരുത്ത് ആഴത്തട്ടിലേക്ക് ബന്ധിക്കപ്പെടുകയാല്‍ അത് ഒരിടത്ത് ഉറച്ചു. പില്ക്കാലം അത് അപ്പോളോയ്ക്കുള്ള ഒരു ആരാധനാകേന്ദ്രവും അപ്പോളോയുടെ വെളിച്ചപ്പാടുമാരില്‍ ഒരാളിന്റെ ആസ്ഥാനവുമായി.

appolo

ബഹുവിധാധികാരങ്ങളുള്ള ഉഗ്രമൂര്‍ത്തിയായ അപ്പോളോ പുരുഷസൌന്ദര്യത്തിന്റെ പ്രതീകമാണ്. സിയൂസ് ഒഴികെ മറ്റൊരു ദേവനും ഇത്രത്തോളം ഭയഭക്ത്യാദരങ്ങള്‍ ആര്‍ജിച്ചിട്ടില്ല. അപ്പോളോ, ദേവന്‍മാരുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കുണ്ടായ ഭയസംഭ്രമങ്ങളെപ്പറ്റി ഹോമര്‍ വര്‍ണിച്ചിട്ടുണ്ട്. യവനദേവഗണത്തില്‍ സ്ഥാനംപിടിച്ച ഈ ദേവന്റെ പ്രഭവസ്ഥാനം ഗ്രീസല്ല എന്നാണ് പണ്ഡിതമതം. ഇലിയഡില്‍, അപ്പോളോ ഗ്രീക്കുകാര്‍ക്കെതിരായി യുദ്ധം ചെയ്യുന്നതായും അക്കീയന്‍മാരുടെമേല്‍ പ്ളേഗിന്റെ അസ്ത്രങ്ങള്‍ വര്‍ഷിക്കുന്നതായും വര്‍ണിച്ചിരിക്കുന്നു. ബി.സി. 5-ാം ശ. മുതല്‍ ഹീലിയോസിന്റെ (സൂര്യദേവന്റെ) സ്ഥാനത്ത് 'ഫീബസ്' എന്ന പേരില്‍ അപ്പോളോ ആരാധിക്കപ്പെട്ടു തുടങ്ങി. ഫീബസ് എന്ന പദത്തിന് ജ്യോതിര്‍മയന്‍ എന്നാണര്‍ഥം. ഭൌതികപ്രകാശത്തിന്റെ ദേവന്‍ കാലാന്തരത്തില്‍ ആധ്യാത്മിക പ്രകാശത്തിന്റെയും സമൂഹശക്തിയുടേയും രാഷ്ട്രശക്തിയുടേയും ചൈതന്യകേന്ദ്രമായി പൂജിക്കപ്പെട്ടു. യവനസാംസ്കാരിക ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഈ ദേവന്‍ ആധിപത്യം വഹിച്ചതായി കാണാം. സംഗീതം, കവിത, പ്രവചനം എന്നിവയുടെ അധിനായകനായ അപ്പോളോ ഭിഷക്കുകളുടേയും ഗോപാലകരുടേയും രക്ഷാധികാരിയും നഗരങ്ങളുടെ സ്ഥാപകനുമാണ്. മനുഷ്യരും ദേവന്‍മാരും പങ്കുകൊണ്ടിരുന്ന ഉത്സവങ്ങളില്‍ കലാദേവതകളാല്‍ പരിസേവിതനായി അപ്പോളോ ആടുകയും പാടുകയും ചെയ്തിരുന്നു.

അപ്പോളോയുടെ ദൈവജ്ഞശക്തി, ട്രോയിയിലെ കാല്‍ചാസ്, കസാന്‍ബ്രാ എന്നിവര്‍ക്കു ദാനം ചെയ്യുന്നതിനെപ്പറ്റി ഇലിയഡില്‍ പരാമര്‍ശമുണ്ട്. യവനധന്വന്തരിയായ അസ്ക്ളിപ്പിയോസിന്റെ പിതാവെന്ന നിലയില്‍ ഈ ദേവന്‍ വൈദ്യശാസ്ത്രത്തിന്റെ അധിഷ്ഠാനദേവനായി. പൈതോന്‍ എന്ന സര്‍പ്പത്തെ വധിച്ചശേഷം ഡെല്‍ഫിയില്‍ 'പൈതിയണ്‍ അപ്പോളോ' ആയി ആരാധിക്കപ്പെട്ടു. ക്രമനിയമങ്ങളിന്‍മേലുള്ള അപ്പോളോയുടെ ആധിപത്യമാണ് സര്‍വപ്രധാനം. ന്യായാധിപന്‍, യാഗാദികര്‍മങ്ങളുടെ അധികാരി, നഗര സ്ഥാപകന്‍ എന്നിങ്ങനെ അനേകം ഭാവങ്ങള്‍ ഈ ദേവനില്‍ ആരോപിച്ചുകാണുന്നു. യവനചിന്താമണ്ഡലത്തില്‍ ഇത്രത്തോളം പ്രേരണചെലുത്തിയിട്ടുള്ള ദേവന്‍മാര്‍ വേറെ ഇല്ല. യവനജീവിതത്തിന്റെ മാനുഷികവും കലാപരവുമായ വശങ്ങളെ ഉത്തേജിപ്പിച്ച ഈ ദേവനെ സംബന്ധിച്ചുള്ള രൂപസങ്കല്പം വില്ല്, അമ്പ്, ആവനാഴി, ചെണ്ടക്കോല്‍, ആട്ടിടയന്റെ വളഞ്ഞ വടി തുടങ്ങിയവ ധരിച്ച അനാഗതശ്മശ്രുവും അതിസുഭഗനുമായ യുവാവ് ആയിട്ടാണ്. റോമാക്കാര്‍ ഈ ദേവനുമായി പരിചയപ്പെട്ടത്, ഭാഗികമായി എട്രൂസ്കന്‍മാരിലൂടേയും ഭാഗികമായി ദക്ഷിണ ഇറ്റലിയിലെ യവനസംസ്ഥാനങ്ങളിലൂടെയും ആണ്. റിപ്പബ്ളിക്കന്‍ ഭരണകാലത്ത് അപ്പോളോ മുഖ്യമായി വൈദ്യത്തിന്റേയും പ്രവചനത്തിന്റേയും ദേവനായിരുന്നു. ആക്റ്റിയത്തിലും പലസ്തീനിലും മനോഹരങ്ങളായ അപ്പോളോ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ച അഗസ്റ്റസിന്റെ കാലത്ത് ഈ ദേവന്റെ പ്രാധാന്യം വളരെ വര്‍ധിച്ചു. അനേകം വീരസാഹസിക കഥകളും പ്രേമകഥകളും ഈ ദേവനെ ചുറ്റിപ്പറ്റി പറയപ്പെടുന്നു. പ്ളേറ്റോയുടെ റിപ്പബ്ളിക് എന്ന ഗ്രന്ഥത്തില്‍ ക്ഷേത്രം, യാഗം, മറ്റു ആരാധനകള്‍, മരണാനന്തര കര്‍മങ്ങള്‍ മുതലായവ സംബന്ധിച്ച ഉപദേശങ്ങള്‍ അപ്പോളോ നല്കിയതായി പറയുന്നുണ്ട്. വത്തിക്കാനില്‍ സ്ഥാപിച്ചിരിക്കുന്ന 'അപ്പോളോ ബെല്‍വെഡേര്‍,' ബ്രിട്ടിഷ് മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന 'സ്ട്രാങഫോര്‍ഡ് അപ്പോളോ' എന്നിവ പ്രസിദ്ധമായ അപ്പോളോപ്രതിമകളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍