This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എലാമൈറ്റ് കല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എലാമൈറ്റ് കല
Elamite Art
ബാബിലോണിയയ്ക്കു കിഴക്കും വടക്കുകിഴക്കുമായി ഹമദാന്‍ മുതൽ പേർഷ്യന്‍ ഉള്‍ക്കടൽവരെയുള്ള വിസ്തൃതമായ എലാം പ്രദേശത്തു ബി.സി. മൂന്നാം ശതകം മുതൽ പ്രചരിച്ചിരുന്ന കല. ഇന്ന് ഷുഷ് എന്ന പേരിൽ അറിയപ്പെടുന്ന പഴയ സുസാ നഗരം എലാമൈറ്റ് കലയുടെ സിരാകേന്ദ്രമായിരുന്നു. ഇവിടെ നടത്തപ്പെട്ട ഭൂഖനന പര്യവേക്ഷണങ്ങള്‍ ഫലപ്രദമായിരുന്നില്ലെങ്കിലും പില്ക്കാലത്ത് ചൊഗാ സാംബിൽ(Choga Zambil)എന്ന സ്ഥലത്തു നടത്തിയ ഉത്ഖനനങ്ങളുടെ ഫലമായി എലാമൈറ്റ് വാസ്തുവിദ്യയെയും ചിത്രകലയെയും കുറിച്ചു കൂടുതൽ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സുസായിലെ രാജാവായ ഉന്ടാഷ് ഹ്യൂബെന് (Untash Huban)നിർമിച്ചിട്ടുള്ള ഭീമാകാരങ്ങളായ ഗോപുരങ്ങളും(Ziggurat)കൊട്ടാരങ്ങളും ഇദ്ദേഹത്തിന്റെ ഭാര്യ നാപിർ അസു(Napir Asu)വിന്റെ പ്രതിമയും ഇവയിലുള്‍പ്പെടുന്നു. സുസായിൽ നിർമിച്ചിട്ടുള്ള ഷുഷിനാകി(Shushinak)ന്റെ ശവകുടീരം. നിന്ഹുർ സാഗാ (Ninhur Saga) ദേവതയുടെ വിഗ്രഹം എന്നിവയിൽ കസൈറ്റ് സംസ്കാരത്തിന്റെ പ്രഭാവം നിഴലിച്ചു കാണാം. കസൈറ്റ് കലയ്ക്കും എലാമൈറ്റ് കലയ്ക്കും തമ്മിലുണ്ടായിരുന്ന ബന്ധം ഇതിൽനിന്നു മനസ്സിലാക്കാം.
സുസായിൽനിന്ന് ഉത്ഖനനം ചെയ്തെടുത്തിട്ടുള്ള പൂജാവിഗ്രങ്ങള് സ്വർണത്തിലും വെള്ളിയിലും നിർമിക്കപ്പെട്ടവയാണ്. ഇവകൂടാതെ കളിമണ്ണിൽ നിർമിച്ചു ചുട്ടെടുത്തിട്ടുള്ള താടിക്കാരുടെ ശീർഷരൂപങ്ങളും വെങ്കലത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള സിറ്റ്ഷം ഷി(Sit Sham Shi)യുടെ പ്രതിമയും ടെറാക്കോട്ടയിൽ നിർമിച്ച സിംഹപ്രതിമയും എലാമൈറ്റ് കലയുടെ സവിശേഷതകള്‍ പ്രകടമാക്കുമാറ് പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടുവരുന്നു. ന്യൂയോർക്ക് മെട്രാ പോളിറ്റന്‍ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന വെങ്കലശീർഷം(bronze head)എലാമൈറ്റ് കലയുടെ പ്രത്യേകതകള്‍ പ്രകടമാകുന്ന ഒരു കലാസൃഷ്ടി എന്ന നിലയിൽ ശ്രദ്ധയർഹിക്കുന്നു.
ബി.സി. 10-9 ശതകത്തിനിടയ്ക്ക് എലാം പ്രദേശത്തു നിർമിച്ചിരുന്ന കലാരൂപങ്ങളിലെല്ലാം തന്നെ എലാമൈറ്റ് കലാശൈലി രൂഢമൂലമായിരുന്നു. ഇതിനു പുറമേ സ്റ്റെപ്സ് കലയിലും ലൂറിസ്റ്റന് ആയുധങ്ങളിലും അലങ്കാര വസ്തുക്കളിലും എലാമൈറ്റ് ശൈലി പ്രതിഫലിച്ചു കാണുന്നുണ്ട്. ബി.സി. 9-8 ശതകത്തിനിടയ്ക്ക് നിലവിലിരുന്ന നിയോ എലാമൈറ്റ് (Neo-elamite) കാലഘട്ടത്തിൽ മിനുസപ്പെടുത്തിയ കളിമണ്‍ പാത്രങ്ങള്‍, ഝഷകങ്ങള്, അലങ്കൃതങ്ങളായ ജന്തുരൂപങ്ങള്‍, ജ്യാമിതീയ രൂപമുദ്രകള്, ചുമരലങ്കാരത്തിനുള്ള ഇഷ്ടിക, ഓടുകള്‍ എന്നിവയ്ക്ക് പ്രചാരം ലഭിച്ചിരുന്നു. അസീറിയക്കാർ എലാമൈറ്റ് സംസ്കാരത്തിൽ ഏല്പിച്ച ആഘാതം എലാമൈറ്റ് കലയുടെ ശരിയായ മഹത്ത്വം പില്ക്കാല തലമുറകള്‍ക്ക് അഭിവ്യക്തമാകാത്തവിധം തകർത്തുകളഞ്ഞു.