This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉഗാണ്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉഗാണ്ട Uganda പൂർവ ആഫ്രിക്കയിലെ ഒരു റിപ്പബ്ലിക്. കിഴക്ക് കെനിയ, വടക്ക് സുഡാന്‍, പടിഞ്ഞാറ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോങ്‌ഗോ, തെക്കുപടിഞ്ഞാറ് റുവാണ്ട, തെക്ക് താന്‍സാനിയ എന്നിവയാണ് ഉഗാണ്ടയുടെ അതിർത്തികള്‍. ഇന്ത്യാസമുദ്രതീരത്തുനിന്ന് 800 കിലോമീറ്ററിലേറെ ഉള്ളിലേക്കു മാറിയാണ് ഉഗാണ്ട സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് ദാരിദ്യ്രത്തിന്റെ രാജ്യമായി വിശേഷിപ്പിക്കപ്പെട്ട ഉഗാണ്ട ഇന്ന് സാമ്പത്തികമായി മുന്നേറുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ്. വിസ്‌തീർണം: 2,36,860 ച.കി.മീ. തലസ്ഥാനം: കാംപാല. ജനസംഖ്യ: 24,227,297 (2002).
ഉള്ളടക്കം[മറയ്ക്കുക] |
ഭൗതിക ഭൂമിശാസ്‌ത്രം
ഭൂപ്രകൃതി
മധ്യ ആഫ്രിക്കാപീഠഭൂമിയുടെ ഭാഗമായി തെക്കുനിന്നു വടക്കോട്ട് ക്രമേണ ചരിഞ്ഞിറങ്ങുന്ന ഒരു ഉന്നതതടമാണ് ഉഗാണ്ട. തെക്കരികിൽ 1,500 മീറ്ററും വടക്ക് 900 മീറ്ററുമാണ് ശരാശരി ഉയരം. രാജ്യത്തിന്റെ അതിർത്തികളിൽ ഉയരംകൂടിയ പർവതങ്ങളും താഴ്‌വരകളും ഉണ്ട്. ഉഗാണ്ടയുടെ പടിഞ്ഞാറേ അതിർത്തി നിർണയിക്കുന്നത് വിരുംഗാ, റൂവന്‍സോറി എന്നീ പർവതങ്ങളും ഭാഗികമായി ആഫ്രിക്കയിലെ പ്രസിദ്ധമായ ഗ്രറ്റ് റിഫ്‌റ്റ്‌വാലി(ഭ്രംശ താഴ്‌വര)യും ആണ്. ഉഗാണ്ടയ്‌ക്കുള്ളിൽ വിരുംഗാപർവതത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി മുഹാവുര (4,127 മീ.) ആണ്; ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഒഫ് കോങ്‌ഗോ, റുവാണ്ട എന്നീ രാജ്യങ്ങളുടെ അതിർത്തികള്‍ കൂട്ടിമുട്ടുന്നിടത്ത് സബീനിയോ എന്ന മറ്റൊരു കൊടുമുടിയുമുണ്ട്. വിരുംഗാപർവതത്തിനു വടക്കാണ് റൂവന്‍സോറി. ഈ പർവതനിരകള്‍ക്കിടയ്‌ക്ക് എഡ്‌വേഡ്, ജോർജ് എന്നീ തടാകങ്ങള്‍ സ്ഥിതിചെയ്യുന്നു. റൂവന്‍സോറിയിലെ മാർഗരീതാ കൊടുമുടിയുടെ ഉയരം 5,109 മീ. ആണ്. ഈ പർവതനിരയ്‌ക്കും വടക്കുള്ള ഉഗാണ്ടാ അതിർത്തി റിഫ്‌റ്റ്‌വാലിയിലൂടെയാണ് നീളുന്നത്; ആൽബർട്ട് തടാകവും ആൽബർട്ട്‌നൈൽ നദിയും ഈ ഭാഗത്താണ്. ഉഗാണ്ടയുടെ വടക്കുകിഴക്കുഭാഗത്ത് അഗ്നിപർവതങ്ങളുടെ ഒരു ശൃംഖല കാണപ്പെടുന്നു; സൂലിയ (2,148 മീ.), മൊരുന്‍ഗോള്‍ (2,750 മീ.), മൊറോതോ (3,083 മീ.), കാദാം (3,071 മീ.), എൽഗണ്‍ (4,321 മീ.) എന്നിവ ഇക്കൂട്ടത്തിൽപ്പെട്ട പർവതങ്ങളാണ്. ഇവ ഒട്ടുമുക്കാലും നിദ്രിത (റീൃാമി) അേവസ്ഥയിലാണ്. റിഫ്‌റ്റ്‌വാലിയുടെ ഒരു ശാഖ ഈ പർവതങ്ങളുടെ തെക്കും പടിഞ്ഞാറും അരികുകളിലൂടെ നീളുന്നു; വിക്‌ടോറിയാ തടാകം ഈ ശാഖയിലാണ്.
അപവാഹം
ആറു വന്‍തടാകങ്ങളും എട്ടു നദീവ്യൂഹങ്ങളുമാണ് ഉഗാണ്ടയിലെ അപവാഹക്രമത്തിലെ പ്രധാന ഘടകങ്ങള്‍. രാജ്യത്തിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വിക്‌ടോറിയാ തടാകം (1,18,423 ച.കി.മീ.) വിസ്‌തീർണത്തിൽ ലോകത്തിലെ ശുദ്ധജല തടാകങ്ങളിൽ രണ്ടാം സ്ഥാനത്താണ്. എഡ്‌വേഡ്, ജോർജ്, ആൽബർട്ട്, ക്യോഗ, ബൈസെന എന്നിവയാണ് മറ്റു പ്രധാനതടാകങ്ങള്‍. രാജ്യത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന വിക്‌ടോറിയാനൈൽ, ഉത്തര ഉഗാണ്ടയിലെ അസ്വ, ഡോപെത്ത്, പാജർ, ആൽബർട്ട് നൈൽ, കാഫു, കടോങ്‌ഗാ എന്നിവയാണ് മുഖ്യനദികള്‍. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ചെറുനദികള്‍ വിക്‌ടോറിയാ തടാകത്തിലേക്ക് ഒഴുകുന്നു. തടാകത്തിലെ അധികജലം ജീന്‍ജയ്‌ക്കു സമീപമുള്ള ഓവന്‍ വെള്ളച്ചാട്ടത്തിലൂടെ ബഹിർഗമിച്ചാണ് വിക്‌ടോറിയാനൈൽ രൂപംകൊള്ളുന്നത്; വടക്കോട്ടൊഴുകുന്ന ഈ നദി ക്യോഗാതടാകത്തിന്റെ കിഴക്കന്‍ ശാഖയെ ഗ്രസിച്ചു പടിഞ്ഞാറോട്ടു തിരിയുകയും വീണ്ടും വടക്കോട്ടു തിരിഞ്ഞൊഴുകി ആൽബർട്ട് തടാകത്തിൽ പതിക്കുകയും ചെയ്യുന്നു. നദീമാർഗത്തിലെ അന്ത്യഭാഗത്ത് കരൂമ, മർക്കിസണ്‍ എന്നീ വെള്ളച്ചാട്ടങ്ങളുണ്ട്. ആൽബർട്ട് തടാകത്തിലെ അധികജലം വാർന്നൊഴുകിയാണ് ആൽബർട്ട് നൈൽ ഉണ്ടാകുന്നത്. വിക്‌ടോറിയാതടാകത്തിനു വടക്കുള്ള നദികള്‍ ക്യോഗാതടാകത്തിലേക്കും ക്യോഗയ്‌ക്കു വടക്കുള്ളവ ആൽബർട്ട് നൈലിലേക്കും ഒഴുകിച്ചേരുന്നു. ഉഗാണ്ടയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് എഡ്‌വേഡ്, ജോർജ് എന്നീ തടാകങ്ങളിലേക്കൊഴുകുന്ന ചെറുനദികള്‍ കാണാം. വിക്‌ടോറിയാനൈൽ, ആൽബർട്ട് നൈൽ എന്നിവ ഒഴിച്ചുള്ള നദികളെല്ലാം കലങ്ങിമറിഞ്ഞും മാർഗമധ്യേ ചതുപ്പുകെട്ടിയും കാണപ്പെടുന്നു. ഏറിയകൂറും നദികള്‍ മഴക്കാലത്തു മാത്രം നിറഞ്ഞൊഴുകുന്നവയാണ്. സദാ നിറഞ്ഞൊഴുകുന്ന വന്‍നദികളിലെ ജലൗഘങ്ങളിൽപ്പോലും കാലഭേദമനുസരിച്ചുള്ള ഏറ്റക്കുറച്ചിൽ ദർശിക്കാം.
കാലാവസ്ഥ
തെക്കേ ഉഗാണ്ടയിലൂടെയാണ് ഭൂമധ്യരേഖ കടന്നുപോകുന്നത്. എന്നാൽ സമുദ്രനിരപ്പിൽനിന്നുള്ള ഉയരക്കൂടുതലും തടാകങ്ങള്‍മൂലമുണ്ടാകുന്ന ആർദ്രാഷ്‌ണവ്യതിയാനങ്ങളും കാലാവസ്ഥയിൽ സമീകരണം ഏർപ്പെടുത്തുന്നു. ഉഷ്‌ണമേഖലാ കാലാവസ്ഥയാണ് പൊതുവേ അനുഭവപ്പെടുന്നത്. താപനിലയിലെ വാർഷികപരാസം നന്നേക്കുറവാണ്. ദിനരാത്രങ്ങളുടെ ദൈർഘ്യത്തിലും പറയത്തക്ക ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നില്ല. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാമാന്യമായ മഴ ലഭിക്കുന്നു. വടക്കു കിഴക്കരികിലാണ് മഴ ഏറ്റവും കുറവ് (38 സെ.മീ.); വിക്‌ടോറിയാതടാകത്തിലെ ദ്വീപുകളിൽ ശരാശരി വർഷപാതം 200 സെ.മീ. ആണ്. ഉഗാണ്ടയുടെ വടക്കേ പകുതിയിൽ ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ മഴക്കാലവും നവംബർ മുതൽ മാർച്ച് വരെ വരണ്ടകാലവും ആണ്. തെക്കേ ഉഗാണ്ടയിൽ ഏപ്രിൽ-മേയ്, ഒക്‌ടോബർ-നവംബർ എന്നിങ്ങനെ രണ്ടു മഴക്കാലങ്ങളും അവയ്‌ക്കിടയ്‌ക്കുള്ള വരണ്ടകാലങ്ങളുമാണുള്ളത്.
സസ്യജാലം
ഉഗാണ്ടയുടെ മധ്യ-ഉത്തര ഭാഗങ്ങളിലെ നൈസർഗിക പ്രകൃതി ഉയരംകുറഞ്ഞ വൃക്ഷങ്ങള്‍ ഉള്‍പ്പെട്ട സാവന്നാ മാതൃകയിലുള്ള പുൽമേടുകളാണ്; മഴ കുറവായ പ്രദേശങ്ങളിൽ അക്കേഷ്യ, കാന്‍ഡലാബ്ര, യൂഫോർബിയ എന്നീ ഇനങ്ങളിലെ ഒറ്റതിരിഞ്ഞു വളരുന്ന വൃക്ഷങ്ങളും ജലലഭ്യതയുള്ള ഇടങ്ങളിൽ മാത്രം പുൽക്കൂട്ടങ്ങളും കാണപ്പെടുന്നു. നന്നേ വരണ്ട ഭാഗങ്ങളിൽ സ്റ്റെപ്പ് മാതൃകയിലുള്ള പുൽമേടുകളും ദർശിക്കാം. വിക്‌ടോറിയാതടാകത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളിൽ നൈസർഗിക പ്രകൃതി മനുഷ്യാധിവാസംമൂലം ഏതാണ്ട് മായ്‌ക്കപ്പെട്ടനിലയിൽ എത്തിയിട്ടുണ്ട്. ഉഷ്‌ണമേഖലാവനങ്ങളുടെ സ്വഭാവമാണ് ഇവിടത്തെ സസ്യജാലം പുലർത്തിപ്പോരുന്നത്. സാമാന്യം ഉയരത്തിൽ വളരുന്ന സമ്പദ്‌പ്രധാനങ്ങളായ തടിയിനങ്ങള്‍ ഇവിടെ സുലഭമാണ്. റൂവന്‍സോറി, എൽഗണ്‍ തുടങ്ങിയ പർവതങ്ങളിൽ 1,800 മീ. ഉയരം വരെ നിത്യഹരിതവനങ്ങള്‍ കാണപ്പെടുന്നു. മുകളിലേക്കു പോകുന്തോറും ഇവ മുളങ്കാടുകളിലേക്കും ഈറക്കാടുകളിലേക്കും പുൽമേടുകളിലേക്കും സംക്രമിക്കുന്നു. പർവതസാനുക്കളിലുള്ള ചതുപ്പുപ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു സസ്യമാണ് പാപ്പിറസ്.
ജന്തുജാലം
ഉഗാണ്ടയിലെ വനപ്രദേശങ്ങളിൽ സിംഹം, പുലി എന്നിവ ധാരാളമായി ഉണ്ട്. നദികളും തടാകങ്ങളും നീർക്കുതിര, ചീങ്കച്ചി എന്നിവയുടെ വിഹാരരംഗങ്ങളാണ്. ആന, കാട്ടുപോത്ത് എന്നിവയും ഉഗാണ്ടാകോബ് എന്നറിയപ്പെടുന്ന ഒരിനം കലമാനും വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സുലഭമാണ്; കറുത്തതും വെളുത്തതുമായ കാണ്ടാമൃഗങ്ങളും ജിറാഫും വടക്കുഭാഗത്തുള്ള വനങ്ങളിൽ മാത്രം കാണപ്പെടുന്നു. വരയന്‍കുതിര, പലയിനം ഹരിണവർഗങ്ങള്‍, കാട്ടാട് എന്നിവ വടക്ക് കിഴക്ക് ഭാഗത്തെ വനങ്ങളിൽ ധാരാളമായുണ്ട്. ഉഗാണ്ടയിലെ നദികളും തടാകങ്ങളും പൊതുവേ മത്സ്യസമൃദ്ധമാണ്. ഉഗാണ്ടയിൽ ധാരാളമായുള്ള വന്യമൃഗസംരക്ഷണകേന്ദ്രങ്ങള്‍ വൈവിധ്യമാർന്ന നിരവധിയിനം ജന്തുവർഗങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്.
ധാതുസമ്പത്ത്
ചെമ്പ്, തകരം, ടങ്‌സ്റ്റന്‍, വൈഡൂര്യം മുതലായ ധാതുക്കളുടെ സമ്പന്നനിക്ഷേപങ്ങള്‍ ഉഗാണ്ടയിൽ അവസ്ഥിതമാണ്. റൂവന്‍സോറി നിരകളുടെ കിഴക്കേച്ചരിവിലുള്ള കീലെംബേയിൽനിന്നു മുന്തിയ ഇനം ചെമ്പയിര് വന്‍തോതിൽ ലഭിച്ചുവരുന്നു; മറ്റു ധാതുക്കളും ഖനനവിധേയമായിട്ടുണ്ട്. ഉപ്പ്, കളിമച്ച്, വാസ്‌തുശിലകള്‍ എന്നിവയും സുലഭമാണ്. ഇരുമ്പുനിക്ഷേപങ്ങള്‍ക്കുള്ള സാധ്യത ഉണ്ടെങ്കിലും കൽക്കരി തീരെ ഇല്ലെന്നുതന്നെ പറയാം. ബിസ്‌മഥ്, സ്വർണം, അഭ്രം, ഫോസ്‌ഫേറ്റ് എന്നീ ധാതുക്കളും കണ്ടെത്തിയിട്ടുണ്ട്. ഖനനവരുമാനത്തിന്റെ മുക്കാൽ പങ്കും ചെമ്പുഖനികളിൽനിന്നാണ്.
ജനങ്ങള്‍
ജനവിതരണം
ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന് 167 എന്ന നിരക്കിലാണ്. കംപാല, ബുറഷന്‍യി, വകിസോ എന്നീ ജില്ലകളിലാണ് ജനവാസം അധികമായുള്ളത്. വിക്‌ടോറിയാതടാകതീരത്തെ ബുഗാണ്ട, ബുസോഗ എന്നീ ജില്ലകളും താരതമ്യേന ജനനിബിഡമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഈ ഭാഗത്താണ്.
വർഗങ്ങള്‍
ബന്തു, നിലോട്ടിക് എന്നീ വിഭാഗങ്ങളിൽപ്പെട്ട ഗോത്രങ്ങളാണ് തദ്ദേശീയരിൽ ഭൂരിഭാഗവും. നൂറ്റാണ്ടുകളായുള്ള സഹവർത്തിത്വം സങ്കരസ്വഭാവത്തിനു കാരണമായിട്ടുണ്ടെങ്കിലും വ്യതിരിക്തങ്ങളായ വർഗസവിശേഷതകള്‍ ഇന്നും പ്രകടമാണ്. സോഗ, ന്യോറോ, എന്‍കോള്‍, ടോറോ, കീഗ, ഗിസു, ഗിവെരേ, നിയോള്‍ എന്നിവയാണ് ഇതര ബന്തുഗോത്രങ്ങള്‍. നിലോട്ടിക് വിഭാഗക്കാരിൽ അച്ചോളി, ലാങ്‌ഗോ, കാരമോജോങ്, ഇടീസോ, മാഡി, കക്ക്‌വ എന്നീ ഗോത്രങ്ങള്‍ക്കാണ് ഗണ്യമായ പ്രാതിനിധ്യമുള്ളത്. ഭാഷ, ആചാരാനുഷ്‌ഠനങ്ങള്‍, പാരമ്പര്യക്രമങ്ങള്‍ എന്നിവയിൽ നിഷ്‌കർഷാപൂർവമുള്ള വൈവിധ്യം പുലർത്തിപ്പോരുന്നതുമൂലം വിവിധ വിഭാഗങ്ങളെ വേർതിരിച്ചറിയുന്നതിനു ബുദ്ധിമുട്ടുണ്ടാവുന്നില്ല. 19-ാം ശതകത്തിന്റെ അന്ത്യത്തോടെയാണ് യൂറോപ്യർ ഉഗാണ്ട അധിനിവേശിച്ചത്. അതിനുമുമ്പ് ബന്തുജനത മുഖ്യമായും കാർഷികവൃത്തിയിലേർപ്പെട്ടു ജീവിച്ചുപോരുകയായിരുന്നു.
ഭാഷകള്‍
ബന്തു, നിലോട്ടിക്, നിലോഹെമിറ്റിക് എന്നീ വിഭാഗങ്ങളിൽപ്പെട്ട ഭാഷകള്‍ക്കാണ് ഏറെ പ്രചാരമുള്ളത്. രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലെ ജനങ്ങളിൽ 70 ശതമാനവും ബന്തുവിഭാഗക്കാരാണ്; ഇവിടെ ബന്തുഭാഷ പ്രചാരത്തിലിരിക്കുന്നു. വടക്കും വടക്കുപടിഞ്ഞാറും ഭാഗങ്ങളിലും ഉത്തരമധ്യഭാഗത്തും സുഡാനിൽനിന്നു കുടിയേറിയ നിലോട്ടിക്കുകള്‍ക്കാണ് പ്രാമുഖ്യം. വടക്ക് കിഴക്ക് ഉഗാണ്ടയിലാണ് നിലോഹെമിറ്റിക് സംസാരഭാഷയായുള്ളത്. പൊതുഭാഷകള്‍ സ്വാഹിലിയും ഇംഗ്ലീഷും ആണ്. ആഫ്രിക്കന്‍ ഭാഷകളിൽ ഏറ്റവുമധികം പ്രചാരത്തിലുള്ളത് ലുഗാണ്ട ആണ്.
മതങ്ങള്‍
19-ാം ശതകം മുതലാണ് ക്രസ്‌തവ, ഇസ്‌ലാം വിശ്വാസങ്ങള്‍ ഉഗാണ്ടയിൽ പ്രചരിച്ചത്. ഉഗാണ്ടയിലെ ജനങ്ങളിൽ 66 ശതമാനം ക്രസ്‌തവരും 16 ശതമാനം മുസ്‌ലിങ്ങളും ആണ്; 33 ശതമാനം ആളുകളും അന്ധവിശ്വാസജടിലങ്ങളായ പ്രാകൃതമതങ്ങളിൽ വിശ്വസിക്കുന്നവരാണ്.
ചരിത്രം
അതിപുരാതനകാലം മുതൽക്കേ ആഫ്രിക്കയിലെ തടാക മേഖലയിൽ (ഇന്നത്തെ ഉഗാണ്ട) ജനവാസമുണ്ടായിരുന്നതായി സൂചനകളുണ്ട്. ഏതാണ്ട് 500 ബി.സി.-യിൽ പശ്ചിമ ആഫ്രിക്കയിൽ നിന്നുള്ള ബന്തുഭാഷ സംസാരിക്കുന്ന വർഗങ്ങളുടെ കുടിയേറ്റത്തിന് ഇവിടം സാക്ഷ്യം വഹിച്ചു. ഇവർക്കുശേഷം എത്തിയ നിലോട്ടിക്ക് വർഗക്കാർ പ്രധാനമായും വടക്കന്‍ മേഖലയിലാണ് കേന്ദ്രീകരിച്ചത്. തെക്കന്‍ മേഖലയിൽ ബന്തുവർഗക്കാർ സ്ഥാപിച്ച രാജ്യങ്ങള്‍ ച്വസി എന്നറിയപ്പെട്ടു. 16-ാം ശതകത്തിൽ ഈ രാജ്യങ്ങള്‍ പിടിച്ചെടുത്ത നിലോട്ടിക്ക് വർഗക്കാർ അവിടെ നിരവധി രാജ്യങ്ങള്‍ സ്ഥാപിച്ചു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു ബുഗാണ്ട, ബുന്‍യോറോ ടോറോ എന്നിവ. ബ്രിട്ടീഷുകാർ രംഗപ്രവേശം ചെയ്‌ത കാലത്ത് പൂർവ ആഫ്രിക്കയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു ബുഗാണ്ട. ബുഗാണ്ട രാജാവ് കബാക്ക എന്നും അദ്ദേഹത്തിന്റെ ഉപദേശക സമിതി ലൂകികോ എന്നും അറിയപ്പെട്ടു. ബുഗാണ്ടയിൽ ആദ്യമായി എത്തിയ ബ്രിട്ടീഷ് ക്യാപ്‌റ്റന്‍ സ്‌പെക്കിന്റെ സ്വാഹിലി ഭാഷക്കാരായ വഴികാട്ടികള്‍ ബുഗാണ്ടയിലെ "ബ' എന്ന വ്യഞ്‌ജനം ഉപേക്ഷിച്ചിട്ട് ഉഗാണ്ട എന്നാണ് ഉച്ചരിച്ചു പോന്നത്. (പില്‌ക്കാലത്ത് ബുഗാണ്ട, ബുന്‍യോറോ, ടോറോ എന്നീ രാജ്യങ്ങളും ബ്രിട്ടീഷ് ആധിപത്യത്തിലായപ്പോള്‍ ആ ഭൂഭാഗത്തിനൊന്നാകെ ഉഗാണ്ട എന്ന സംജ്ഞ നല്‌കപ്പെട്ടു.)
1884-ലെ ബർലിന്‍ കരാർ പ്രകാരം ആഫ്രിക്കയെ ബ്രിട്ടീഷ്-ജർമന്‍ മേഖലകളായി വിഭജിക്കാനും ഉഭയസമ്മതപ്രകാരം ഒരതിർത്തിക്കമ്മിഷനെ നിയമിക്കുവാനും തീരുമാനമായി. ബുഗാണ്ട ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് പ്രദേശങ്ങളെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള ചുമതല ആദ്യം ഇംപീരിയൽ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കാ കമ്പനിക്കായിരുന്നു. എന്നാൽ ബുഗാണ്ടയിലെ ക്രിസ്‌ത്യന്‍-മുസ്‌ലിം ജനവിഭാഗങ്ങള്‍ തമ്മിലുള്ള മതമാത്സര്യം രൂക്ഷമായതോടെ ബുഗാണ്ടയിൽ സമാധാനം നിലനിർത്തുന്നതിൽ കമ്പനി പരാജയമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ അധികാരം ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏറ്റെടുത്തു. അങ്ങനെ 1894-ൽ ബുഗാണ്ട ഒരു ബ്രിട്ടീഷ് സംരക്ഷിത രാജ്യമായി (Protectorate) മാറി. ബുഗാണ്ടയിലെ ഗോത്ര നേതാക്കളുടെ സഹായത്തോടെ ബുന്‍േയാറോ, ടോറോ എന്നീ രാജ്യങ്ങളും ബ്രിട്ടന്‍ അധീനപ്പെടുത്തി. പരമ്പരാഗത രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു ഫെഡറൽ സംവിധാനമായിരുന്നു ഉഗാണ്ട പ്രാട്ടക്‌റ്ററേറ്റ്.
1901-ൽ പൂർത്തിയാക്കപ്പെട്ട റെയിൽവേയുടെ നിർമാണത്തിൽ വന്‍ മുതൽമുടക്കു നടത്തിയ ബ്രിട്ടന്‍, നിക്ഷേപത്തിൽ നിന്നുള്ള ആദായം വർധിപ്പിക്കുന്നതിനായി നാണ്യവിളയായ പരുത്തിക്കൃഷി പ്രാത്സാഹിപ്പിച്ചു. പരുത്തിക്കൃഷിയിലൂടെ ഉഗാണ്ടയുടെ സമ്പദ്‌ഘടന ശക്തമാകുന്നത് ഇക്കാലത്താണ്. ഉഗാണ്ടയുടെ സാമ്പത്തിക വളർച്ചയ്‌ക്കും വിദ്യാഭ്യാസ വികസനത്തിനുംവേണ്ട നടപടികള്‍ ബ്രിട്ടീഷുകാർ സ്വീകരിച്ചിരുന്നു. വിദ്യാഭ്യാസ പുരോഗതിയും രാഷ്‌ട്ര നിർമാണ പദ്ധതികളും ദേശീയ ബോധത്തിന്റെ വളർച്ചയ്‌ക്കും സ്വാതന്ത്യ്രാഭിവാഞ്‌ഛയ്‌ക്കും കാരണമായി. ഉഗാണ്ടയ്‌ക്ക് പടിപടിയായി സ്വാതന്ത്യ്രം നൽകുന്ന നടപടികള്‍ ബ്രിട്ടീഷുകാർ കൈക്കൊണ്ടു. 1926 ഏപ്രിലിൽ ഉഗാണ്ടയിൽ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിലൂടെ മിൽട്ടണ്‍ ഒബോട്ടൊയുടെ നേതൃത്വത്തിൽ ഉഗാണ്ട പീപ്പിള്‍സ് കോണ്‍ഗ്രസ് അധികാരത്തിൽവന്നു. 1926 ഒ. 6-ന് ഉഗാണ്ട സ്വതന്ത്രയായി. മുടേസ ആയിരുന്നു സ്വതന്ത്ര ഉഗാണ്ടയുടെ ആദ്യത്തെ പ്രസിഡന്റ്. ഒബോട്ടൊയായിരുന്നു ആദ്യത്തെ പ്രധാനമന്ത്രി. എന്നാൽ പ്രസിഡന്റുമായുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെ സൈനിക അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കിയ ഒബോട്ടൊ ഏകാധിപത്യ ഭരണം തുടർന്നു. ഒബോട്ടൊ ഭരണകൂടം പ്രാബല്യത്തിൽ കൊണ്ടുവന്ന ഭരണഘടന നാട്ടുരാജ്യങ്ങളെ നിർത്തലാക്കുകയും ഉഗാണ്ടയെ റിപ്പബ്ലിക്കായി പരിവർത്തിപ്പിക്കുകയും ചെയ്‌തു. റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും ഒബോട്ടൊയായിരുന്നു. പൊലീസിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ എതിരാളികളെ നേരിടുന്ന രീതി ഇദ്ദേഹത്തെ അനഭിമതനാക്കി.
സൈനിക ജനറലായ ഈദി അമീന്‍ ഒബോട്ടൊയെ സ്ഥാനഭ്രഷ്‌ടനാക്കിക്കൊണ്ട് അധികാരം പിടിച്ചെടുക്കുന്നത് 1971-ലാണ് (നോ. ഈദി അമീന്‍). ലോകഭരണാധികാരികള്‍ക്കിടയിലെ ഏറ്റവും വലിയ വിവാദപുരുഷനായിരുന്നു ഈദി അമീന്‍. സമ്പദ്‌ഘടന ദുർബലമായതോടെ ആഭ്യന്തര കുഴപ്പങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനായി താന്‍സാനിയയ്‌ക്കെതിരെ യുദ്ധം നടത്തിയത് അദ്ദേഹത്തിന്റെ പതനത്തിനു കാരണമായി. താന്‍സാനിയന്‍സേന ഉഗാണ്ടയിലേക്ക് പ്രവേശിച്ചതോടെ അമീന്‍ രാജ്യത്തുനിന്നും പലായനം ചെയ്‌തു. 1980-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഒബോട്ടൊയുടെ കക്ഷി ഭൂരിപക്ഷം നേടിയതോടെ അദ്ദേഹം വീണ്ടും പ്രസിഡന്റായി. ഈദി അമീന്റെ കിരാതഭരണത്തിന്റെ അത്ര തീവ്രമായിരുന്നില്ലെങ്കിലും മനുഷ്യാവകാശധ്വംസനത്തിന്റെ പര്യായമായി അദ്ദേഹത്തിന്റെ ഭരണവും മാറി. 1986-ൽ പ്രസിഡന്റായി അധികാരമേറ്റ മുസേവെനി മുന്‍ഗാമികളിൽനിന്നും വ്യത്യസ്‌തമായി ജനാധിപത്യ രീതികള്‍ക്കും അഭിപ്രായ സ്വാതന്ത്യ്രത്തിനും ഇടംനല്‌കിയതായി രാഷ്‌ട്രീയ ചിന്തകർ വിലയിരുത്തുന്നു. യുദ്ധംമൂലം ശിഥിലമായിത്തീർന്ന സമ്പദ്‌ഘടനയെ പാശ്ചാത്യ സഹായത്തോടെ ശക്തമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 1990-കളിൽ ഉഗാണ്ടയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിൽ എച്ചയും പ്രകൃതിവാതകവും കണ്ടെത്തിയത് രാജ്യത്തിന്റെ സാമ്പത്തിക ഉണർവിന് വലിയ സംഭാവന നൽകിയിരുന്നു. അയൽരാജ്യമായ കോങ്‌ഗോയിലെ ആഭ്യന്തര യുദ്ധത്തിൽ നടത്തിയ സൈനിക ഇടപെടലുകള്‍ മുസേവെനിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. 2008-ലെ സാമ്പത്തിക മാന്ദ്യത ഉഗാണ്ടന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിരുന്നു. സമ്പദ്‌വ്യവസ്ഥ പ്രധാനമായും കാർഷിക വിഭവങ്ങളെ വിശിഷ്യാ കാപ്പി, പരുത്തി എന്നീ നാണ്യവിളകളെ ആശ്രയിച്ചിരിക്കുന്നതിനാൽ ലോകവിപണിയിൽ ഈ ഉത്‌പന്നങ്ങള്‍ക്കുണ്ടാകുന്ന വിലമാറ്റത്തിന് ആനുപാതികമായി ഉഗാണ്ടയുടെ സാമ്പത്തികസ്ഥിതിയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഒരു സാമാന്യ വരുമാനമുള്ള സമ്പദ്‌ഘടനയാക്കി ഉഗാണ്ടയെ മാറ്റുന്നതിനായി 2010 ഏപ്രിലിൽ ഒരു ദേശീയ വികസന പരിപാടിക്ക് പ്രസിഡന്റ് മുസേവെനി തുടക്കമിടുകയുണ്ടായി. ഗതാഗത സൗകര്യം വർധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക, ദാരിദ്യ്രരേഖയ്‌ക്കു കീഴെയുള്ളവരുടെ എച്ചം 25 ശതമാനമായി കുറയ്‌ക്കുക, സ്വകാര്യമേഖലയെ പ്രാത്സാഹിപ്പിക്കുക തുടങ്ങിയ നടപടികള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു ഈ പദ്ധതി.
ബൈബിളിലെ 10 കല്‌പനകള്‍ക്കനുസൃതമായുള്ള ഭരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലോഡ്‌സ് റെസിസ്റ്റന്‍സ് ആർമി എന്ന മതമൗലിക സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങളാണ് ഉഗാണ്ട 2010-കളിൽ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
സമ്പദ്‌വ്യവസ്ഥ
കൃഷി
ദേശീയവരുമാനത്തിൽ 2/3 ഭാഗവും കാർഷികാദായത്തിൽ നിന്നാണ് ലഭ്യമാകുന്നത്. കൃഷിയാണ് സമ്പദ്‌ഘടനയുടെ നട്ടെല്ല്. കാർഷികമേഖല 80 ശതമാനത്തോളം പേർക്ക് തൊഴിലവസരം നൽകുന്നു. ജി.ഡി.പി.-യുടെ 40 ശതമാനവും പ്രദാനം ചെയ്യുന്നത് കാർഷികമേഖലയാണ്. ഭക്ഷ്യകാര്യത്തിൽ ഏറെക്കുറെ സ്വയംപര്യാപ്‌തമാണ് ഉഗാണ്ട. ചോളം തുടങ്ങിയ പരുക്കന്‍ ധാന്യങ്ങളാണ് പ്രധാന വിളകള്‍. നേന്ത്രവാഴ, മരച്ചീനി, നിലക്കടല, എള്ള് എന്നിവയും ഭക്ഷ്യാവശ്യത്തിനായി കൃഷി ചെയ്‌തുവരുന്നു. നാണ്യവിളകളിൽ കാപ്പിക്കാണ് ഒന്നാം സ്ഥാനം. വിക്‌ടോറിയാതടാകത്തിന്റെ തടപ്രദേശത്തും കിഴക്കന്‍ ഉഗാണ്ടയിലുമാണ് കാപ്പിക്കൃഷി അഭിവൃദ്ധിപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറും തെക്കുകിഴക്കും ഭാഗങ്ങളിൽ പരുത്തിക്കൃഷി ഗണ്യമായ തോതിൽ നടന്നുവരുന്നു. കാർഷികാദായത്തിലെ നല്ലൊരു ശതമാനം ഈ രണ്ടു വിളകളിൽനിന്നും ഉണ്ടാകുന്നു. കരിമ്പ്, തേയില എന്നിവ തോട്ടക്കൃഷികളായി വളർത്തുവാനുള്ള ശ്രമവും ഊർജിതമായി. ഉഗാണ്ടയിൽ മൊത്തം 16,10,700 ഹെക്‌ടർ സംരക്ഷിതവനങ്ങളുണ്ട്. വനവിഭവങ്ങളിൽ തടിക്ക് മുന്തിയ സ്ഥാനമുണ്ട്. രാജ്യത്തിന്റെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറുമുള്ള ചുരുക്കം ജില്ലകളിലാണ് കന്നുകാലിവളർത്തൽ വികസിച്ചിട്ടുള്ളത്.
മത്സ്യബന്ധനം
വിക്‌ടോറിയ, ആൽബർട്ട്, ജോർജ് എന്നീ തടാകങ്ങളിൽ ഗണ്യമായ തോതിൽ മത്സ്യബന്ധനം നടത്തിവരുന്നു. ദേശീയ ഉപഭോഗത്തിനാണ് മുന്‍തൂക്കമെങ്കിലും വിദേശരാജ്യങ്ങളിലേക്ക് ഗണ്യമായ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നു. 3. വ്യവസായം. കാർഷികോത്‌പന്നങ്ങളുടെ സംസ്‌കരണമാണ് പ്രധാന വ്യവസായം; അതതു വിഭവങ്ങളുടെ ഉത്‌പാദനകേന്ദ്രങ്ങളിൽത്തന്നെ ഇവയും കേന്ദ്രീകരിച്ചിരിക്കുന്നു. ജീന്‍ജ ആണ് ഉഗാണ്ടയിലെ പ്രധാന വ്യവസായനഗരം. ചെമ്പുനിഷ്‌കർഷണവും ഉരുക്കുഷീറ്റുകളുടെ നിർമാണവും ആണ് ഇവിടെയുള്ള ഘനവ്യവസായങ്ങള്‍. പ്ലൈവുഡ്, തീപ്പെട്ടി, കടലാസ്, പരുത്തിത്തുണി, സിഗററ്റ്, മദ്യം, സിമന്റ്, ആസ്‌ബെസ്റ്റോസ്, രാസവളം എന്നിവ വന്‍തോതിൽ നിർമിക്കപ്പെട്ടുവരുന്നു. ധാന്യം പൊടിക്കൽ മറ്റൊരു വ്യവസായമാണ്.
വ്യവസായം
കാർഷികോത്‌പന്നങ്ങളുടെ സംസ്‌കരണമാണ് പ്രധാന വ്യവസായം; അതതു വിഭവങ്ങളുടെ ഉത്‌പാദനകേന്ദ്രങ്ങളിൽത്തന്നെ ഇവയും കേന്ദ്രീകരിച്ചിരിക്കുന്നു. ജീന്‍ജ ആണ് ഉഗാണ്ടയിലെ പ്രധാന വ്യവസായനഗരം. ചെമ്പുനിഷ്‌കർഷണവും ഉരുക്കുഷീറ്റുകളുടെ നിർമാണവും ആണ് ഇവിടെയുള്ള ഘനവ്യവസായങ്ങള്‍. പ്ലൈവുഡ്, തീപ്പെട്ടി, കടലാസ്, പരുത്തിത്തുണി, സിഗററ്റ്, മദ്യം, സിമന്റ്, ആസ്‌ബെസ്റ്റോസ്, രാസവളം എന്നിവ വന്‍തോതിൽ നിർമിക്കപ്പെട്ടുവരുന്നു. ധാന്യം പൊടിക്കൽ മറ്റൊരു വ്യവസായമാണ്.
ഗതാഗതം
ഉഗാണ്ടയിലെ റോഡുകള്‍ക്ക് മൊത്തം 70,746 കിലോമീറ്ററിലധികം ദൈർഘ്യമുണ്ട് (2011). റോഡുകളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഉഗാണ്ട റോഡ് ഫണ്ടിന് 2007-ൽ തുടക്കം കുറിച്ചു. യൂറോപ്പ്-ദക്ഷിണാഫ്രിക്ക വ്യോമമാർഗത്തിലെ ഒരു പ്രധാന താവളമാണ് ഉഗാണ്ടയിലെ എന്റബേ. ഇവിടെയുള്ള അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് യൂറോപ്പിലേക്കുള്ള അനേകം സർവീസുകള്‍ പ്രതിദിനം നടന്നുവരുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുമായും ഇന്ത്യ, പാകിസ്‌താന്‍, മധ്യ-പൂർവേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളുമായും പതിവായി വ്യോമസമ്പർക്കം പുലർത്തിവരുന്നുണ്ട്.
വാണിജ്യം
കാപ്പി, പരുത്തി, ചെമ്പ്, തേയില, തുകൽ, പരുത്തിക്കുരു എന്നിവയാണ് പ്രധാന കയറ്റുമതികള്‍. യു.എസ്., യു.കെ., ജപ്പാന്‍, ജർമനി, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണു കയറ്റുമതി ചെയ്യപ്പെടുന്നത്. യന്ത്രങ്ങള്‍, വാഹനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ഇറക്കുമതികള്‍; യു.കെ., ജപ്പാന്‍, ജർമനി, യു.എസ്. എന്നീ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്.
ഭരണസംവിധാനം
പ്രസിഡന്റാണ് രാഷ്‌ട്രത്തിന്റെയും സർക്കാരിന്റെയും തലവന്‍. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് വർഷക്കാലത്തേക്കാണ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നത്. ഭരണകാര്യത്തിൽ തന്നെ സഹായിക്കുന്നതിനായി പ്രസിഡന്റ് തനിക്ക് സ്വീകാര്യനായ അംഗത്തെ പ്രധാനമന്ത്രിയായി നിയമിക്കുന്നു. 278 അംഗങ്ങള്‍ അടങ്ങുന്ന നാഷണൽ റസിസ്റ്റന്‍സ് കൗണ്‍സിലായിരുന്നു 1994 വരെ രാജ്യത്തെ ദേശീയ നിയമനിർമാണസഭ. 1994 മാർച്ചിൽ ഇത് ഭരണഘടന അസംബ്ലിക്ക് വഴിമാറി. 1995 ഒ. 8-ന് പുതിയ ഭരണഘടന പ്രാബല്യത്തിൽ വന്നതോടെ ഭരണഘടനാ അസംബ്ലി പിരിച്ചുവിടപ്പെട്ടു. 375 അംഗങ്ങള്‍ അടങ്ങുന്നതാണ് നിലവിലെ ദേശീയ അസംബ്ലി. ഇതിൽ 238 അംഗങ്ങളെ വോട്ടെടുപ്പിലൂടെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുകയും 137 അംഗങ്ങളെ സൈന്യം, വനിത എന്നീ വിഭാഗങ്ങളിൽ നിന്നു പരോക്ഷമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു.