This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഡെൽ, ഔഗുസ്‌ത്‌ (1871-1925)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:22, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എന്‍ഡെൽ, ഔഗുസ്‌ത്‌ (1871-1925)

Endell August

ഔഗുസ്‌ത്‌ എന്‍ഡെൽ

ജർമന്‍ വാസ്‌തു-ശില്‌പി. 1871 ഏ. 12-ന്‌ ബെർലിനിൽ ജനിച്ചു. തത്ത്വശാസ്‌ത്രവിദ്യാർഥിയായി വിദ്യാഭ്യാസം ആരംഭിച്ച എന്‍ഡെൽ ഏറെത്താമസിയാതെ വാസ്‌തുവിദ്യയിൽ തത്‌പരനായി. ഹെർമന്‍ ഓബ്‌റിസ്റ്റ്‌, റിച്ചാർഡ്‌ റൈമർഷ്‌ മിഡ്‌റ്റ്‌ എന്നീ വാസ്‌തുവിദ്യാ വിദഗ്‌ധന്മാരുമായി സമ്പർക്കം പുലർത്തി എന്നതിൽ കവിഞ്ഞ്‌ ശാസ്‌ത്രീയ രീതിയിലുള്ള വാസ്‌തുവിദ്യാശിക്ഷണം ഇദ്ദേഹം നേടിയിരുന്നില്ല.

മ്യൂണിക്കിലെ എൽ പിറാ ഫോട്ടോഗ്രാഫിക്‌ സ്റ്റുഡിയോ ആയിരുന്നു എന്‍ഡെൽ സംവിധാനം ചെയ്‌ത (1897-98) ഏറ്റവും മികച്ച സൗധം; പില്‌ക്കാലത്ത്‌ ഹിറ്റ്‌ലറുടെ ആജ്ഞപ്രകാരം ഇത്‌ നശിപ്പിക്കപ്പെട്ടു. ഈ സൗധത്തിലെ റൊക്കോക്കോ (Rococo) അലങ്കാരപ്പണികളും ഡ്രാഗണ്‍രൂപത്തിലുള്ള മുകപ്പും ശ്രദ്ധേയമായിരുന്നു. പ്രത്യേക വാസ്‌തുവിദ്യാനുപാതങ്ങളിലൂടെ വൈകാരിക ഭാവങ്ങള്‍ ആവിഷ്‌കരിക്കുവാന്‍ കഴിയുമെന്ന എന്‍ഡെലിന്റെ ആശയം സ്വന്തമായ ചില സംരചനകളിൽ ഇദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്‌. ബെർലിനിലെ ബുണ്ടെസ്‌ തിയെറ്ററിന്റെ പുനഃസംവിധാനം ഇതിനുദാഹരണമാണ്‌. ഇതിന്റെ നൃത്തശാലയിൽ മുന്‍കർട്ടന്‍ മുതൽ ഗായകരുടെ ഇരിപ്പിടം വരെയുള്ള രംഗവേദി ശ്രദ്ധയോടെ കൈകാര്യം ചെയ്‌തിരിക്കുന്നു.

ചിത്രശലഭങ്ങള്‍, വിചിത്രതരങ്ങളായ ജന്തുക്കള്‍ എന്നിവയുടെ രൂപങ്ങള്‍ ചുവരുകളിലും മറ്റും കൊത്തിവച്ചിട്ടുണ്ട്‌. ബോക്‌സിലും ബാൽക്കണിയിലും ചിലന്തിവലയെന്ന്‌ തോന്നിപ്പിക്കുന്ന ചില ലോഹപ്പണികള്‍ നടത്തിയിട്ടുണ്ട്‌. ബ്രസ്‌ല, ബെർലിന്‍ എന്നിവിടങ്ങളിലെ ഡിപ്പാർട്ടുമെന്റ്‌ സ്റ്റോറുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയും എന്‍ഡെൽ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഫർണിച്ചർ, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ ഡിസൈനുകള്‍ നിർമിക്കുന്നതിലും എന്‍ഡെൽ വിദഗ്‌ധനായിരുന്നു. 1918-ൽ ഇദ്ദേഹം ബ്രസ്‌ല അക്കാദമി ഒഫ്‌ ഫൈന്‍ ആന്‍ഡ്‌ അപ്‌ളൈഡ്‌ ആർട്‌സിന്റെ ഡയറക്‌ടറായി നിയമിക്കപ്പെട്ടു. ഇദ്ദേഹം 1925 ഏ. 15-ന്‌ ബ്രസ്‌ലാവുവിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍