This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓവർബെക്ക്‌, യൊഹാന്‍ ഫ്രീഡ്‌റീഷ്‌ (1789 - 1869)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:56, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓവർബെക്ക്‌, യൊഹാന്‍ ഫ്രീഡ്‌റീഷ്‌ (1789 - 1869)

Overbeck, Johan Friedrich

ജർമന്‍ ചിത്രകാരന്‍. ഇദ്ദേഹം 1789 ജൂല. 4-ന്‌ യൂബെക്കിൽ ജനിച്ചു. 1806-ൽ വിയന്ന അക്കാദമിയിൽ ചേർന്നു ചിത്രകലാഭ്യസനം നിർവഹിച്ചു. 1809-ൽ ഫ്രാന്‍സ്‌പ്‌ഫോറും ഇദ്ദേഹവും ചേർന്ന്‌ "ലൂക്കാസ്‌ ബ്രുണ്‍ഡ്‌' (ഫ്രറ്റേണിറ്റി ഒഫ്‌ സെന്റ്‌ ലൂക്കാസ്‌) എന്ന ഒരു പ്രസ്ഥാനം ആരംഭിക്കുകയും, ക്രസ്‌തവാശയങ്ങള്‍ക്കനുസൃതമായി ചിത്രകലയെ വളർത്തിയെടുക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്‌തു. 1810-ൽ റോമിലേക്ക്‌ തിരിച്ച ഓവർബെക്‌, ജർമന്‍ ചിത്രകാരന്മാരായിരുന്ന പീറ്റർ കൊർണീലിയസ്‌, ഫിലിപ്പ്‌ വെയ്‌റ്റ്‌, ജൂലിയസ്‌ ഷ്‌ണോർഫൊണ്‍ കരോള്‍സ്‌ഫെൽഡ്‌ എന്നിവരോടൊപ്പം ലൂക്കാസ്‌ ബ്രണ്‍ഡ്‌ പ്രസ്ഥാനത്തിലെ നാസറെന്‍ വിഭാഗത്തെ വളർത്തിയെടുത്തു. ഇവരോടൊപ്പം ഇദ്ദേഹം റോമിലെ "പലാസ്സോസുക്കാറോ' കൊട്ടാരത്തിന്റെ അലങ്കാരപ്പണികളിൽ ഏർപ്പെട്ടു.

യൂറോപ്യന്‍ ചിത്രരചനാപദ്ധതി വളർത്തിയെടുക്കുന്നതിനുവേണ്ടി ഇവർ തീവ്രമായി പരിശ്രമിച്ചു. ഉദാത്തവും സുസ്‌പഷ്‌ടവുമായ ആശയങ്ങളും വൈവിധ്യമാർന്ന വർണങ്ങളുടെ ശബളിമയും, സാങ്കേതിക ദൃഢതയും, നാസറെന്‍സ്‌ ചിത്രങ്ങളുടെ സവിശേഷതകളാണ്‌. അസാധാരണവും, അഭൗമവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ വരച്ചിരുന്ന ഓവർബെക്ക്‌, ക്രമേണ ഈ കലാസങ്കേതത്തിന്റെ ആചാര്യനായി മാറി. 1816-ൽ പ്രഷ്യണ്‍ കൗണ്‍സിലറായ ജെ.എൽ.എസ്‌. ബർതോള്‍ഡിയുടെ നിർദേശപ്രകാരം ഇദ്ദേഹത്തിന്റെ ഗ്രാമത്തിൽ ജോസഫിന്റെയും സഹോദരന്മാരുടെയും കഥ ചുമർ ചിത്രങ്ങളിൽക്കൂടി ചിത്രീകരിക്കുന്നതിനായി ഓവർബെക്ക്‌ നിയോഗിക്കപ്പെട്ടു. മാസ്സിമോ രാജകുമാരന്റെ കൊട്ടാരത്തിലെ ചിത്രപ്പണികള്‍ ചെയ്‌തതും ഓവർബെക്ക്‌ ആയിരുന്നു.

മിറക്കിള്‍ ഒഫ്‌ ദി റോസസ്‌ (1829), ട്രയംഫ്‌ ഒഫ്‌ റിലിജിയന്‍ ഇന്‍ ദി ആർട്ട്‌സ്‌ (1840) എന്നിവ ഇദ്ദേഹത്തിന്റെ പ്രകൃഷ്‌ട രചനകളായി അറിയപ്പെടുന്നു. ദി ഇന്‍ക്രഡുലിറ്റി ഒഫ്‌ സെന്റ്‌ തോമസ്‌ (1851) ദി അസംപ്‌ഷന്‍ ഒഫ്‌ മഡോണ (1855), ബാപ്‌റ്റിസം (1862-64) സെന്റ്‌ പീറ്റർ, സെന്റ്‌പോള്‍ കത്തീഡ്രലുകളിൽ വരച്ച ചിത്രങ്ങള്‍ (1867-69) എന്നിവയാണ്‌ ശ്രദ്ധേയമായ മറ്റു രചനകള്‍. 1869-ൽ റോമിൽ ഓവർബെക്ക്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍