This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർത്തൊക്ലേസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓർത്തൊക്ലേസ്
Orthoclase
ഒരു സുപ്രധാന പൊട്ടാസ്യം സിലിക്കേറ്റ് ധാതു; ഏറ്റവും പ്രാമുഖ്യമുള്ള ശിലാകാരസിലിക്കേറ്റ് ധാതുക്കള്‍ ഉള്‍ക്കൊള്ളുന്ന ഫെൽസ്പാർ സമൂഹത്തിൽപ്പെടുന്നു. ഏകനതാക്ഷ പൊട്ടാഷ്ഫെൽസ്പാറിന്റെ പൊതുനാമമാണ് ഓർത്തോക്ലേസ്, പൊതു-ഫോർമുല K Al Si3O8. ഗ്രാനൈറ്റ്, സയനൈറ്റ്, ഗ്രാനോഡയറ്റൈറ്റ്, റയോലൈറ്റ്, ട്രക്കൈറ്റ് എന്നീ അധിസിലിക ആഗ്നേയ(acid igneous) ശിലകളിലെ ഒരു അവശ്യഘടകമാണിത്. ഓർത്തോക്ലേസ്, ആൽബെയ്റ്റ്, മൈക്രാക്ലൈന്‍, സാനിഡിന്‍, അഡുലേരിയ, അനോർത്തോക്ലേസ് എന്നിവ ക്ഷാരീയ ഫെൽസ്പാർ ശ്രണിയിലെ അംഗങ്ങളാണ് നോ. ഫെൽസ്പാർ.
മൗലികമായി ഒരു ത്രിമാന ടെക്ടോ സിലിക്കേറ്റാണ് ഓർത്തോക്ലേസ്. പൊട്ടാഷ് ഫെൽസ്പാർ പരൽരൂപം പ്രാപിക്കുമ്പോഴുള്ള താപനിലയ്ക്കനുസൃതമായി സാനിഡിന്‍, ഓർത്തോക്ലേസ്, മൈക്രാക്ലൈന്‍ എന്നീ ധാതുക്കള്‍ രൂപംകൊള്ളുന്നു. ഒരു Si O4 ചതുഷ്ഫലകത്തിലുള്ള നാല് ഓക്സിജന്‍ അണുക്കള്‍ മറ്റൊന്നിലുള്ള നാലെണ്ണത്തോട് ഇലക്ട്രാണ്‍ പങ്കുവച്ചുണ്ടായിട്ടുള്ളതാണ് ഫെൽസ്പാറുകളുടെയെല്ലാം പൊതുഘടന. ഇത്തരം നാലു ചതുഷ്ഫലകങ്ങളിൽ ഒന്നിൽനിന്ന് ഒരു സിലിക്കണ്‍ അയോണ്‍ ഒരു അലൂമിനിയം അയോണ്‍ മൂലം പ്രതിസ്ഥാപിക്കപ്പെടുമ്പോള് ശേഷിക്കുന്ന ഒരു ധന ചാർജിൽ ഒരു പൊട്ടാസ്യം അയോണ്‍ കടന്നു സൃഷ്ടിക്കുന്ന ധാതുക്കളാണ് പൊട്ടാഷ് ഫെൽസ്പാറുകള്‍. സിലിക്കാ ചതുഷ്ഫലകങ്ങള് ചേർന്നു സൃഷ്ടിക്കുന്ന ശൃംഖലകള്‍ പരസ്പരം ബന്ധിക്കപ്പെടുമ്പോള്‍ അവയ്ക്കിടയിലുണ്ടാകുന്ന ഒഴിഞ്ഞ കുഴൽപോലുള്ള ഭാഗത്താണ് അലൂമിനിയം, പൊട്ടാസ്യം അയോണുകള്‍ അവസ്ഥിതമാകുന്നത്. മേല്പറഞ്ഞ ഘടന പരസ്പരലംബമായ രണ്ടു വിദളനങ്ങളും തന്മൂലമുള്ള വിഭഞ്ജനം ഫലകസംപുഷ്ടമായ പരൽശകലങ്ങളും സൃഷ്ടിക്കുന്നു. ഈ സ്വാഭാവവിശേഷമാണ് ധാതുവിന്, ഋജു ഭഞ്ജനം (orthoklasis) എന്നർഥമുള്ള ഓർത്തോക്ലേസ് എന്ന പേർ സിദ്ധിക്കാന്‍ കാരണം.
രാസഫോർമുല KAl Si3O8 ആണെങ്കിലും പൊട്ടാസ്യം അയോണിനു സമാനമായ സോഡിയം ജാലികാഘടനയിൽ കടന്നുകൂടുന്നു. ഉന്നത താപനിലകളിൽ പരൽ രൂപംകൊള്ളുമ്പോള്‍ സോഡിയം, പൊട്ടാസ്യം അയോണുകള്‍ ജാലികഘടനയിൽ അനിയമിതമായി വിതരണം ചെയ്യപ്പെട്ടു കാണുന്നു (K Na) Al Si3O8 കൂടാതെ സാനിഡിന്‍, ഓർത്തോക്ലേസ് എന്നീ ധാതുക്കള്‍ ടൈറ്റാനിയം, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, ബേരിയം തുടങ്ങിയ മൂലകങ്ങളും ഉള്‍ക്കൊണ്ടുകാണുന്നു. കുറഞ്ഞ താപനില അയോണുകളുടെ ക്രമീകരണത്തിനും സോഡിയം ഫെൽസ്പാർ പരലുകളുടെ ഒറ്റയ്ക്കുള്ള രൂപീകരണത്തിനും അനുകൂലമാണ്. ഈ വിധം ഓർത്തോക്ലേസ് പരലിനുള്ളിൽ ആൽബെയ്റ്റിന്റെ സൂക്ഷ്മപരലുകള്‍ അവസ്ഥിതമായി കാണപ്പെടുന്ന അന്തർവർധിത(intergrown) ഘടനാവിശേഷമാണ് പെർതൈറ്റ് (നോ. പെർതൈറ്റ്). പെർതൈറ്റ് വർണദീപ്തി (play of colour or iridescene)ക്കു കാരണമാകാം. അത്തരം അമൂല്യവകഭേദത്തെ ചന്ദ്രകാന്തം (Moonstone) എന്നു വിശേഷിപ്പിക്കുന്നു. വർണദീപ്തി വർണവിസരണം (diffusion of light) കൊണ്ടാണെന്നും അഭിപ്രായമുണ്ട്. ഉന്നത മർദത്തിൽ മന്ദമായി തണുത്തുറയുന്ന ഗ്രാനൈറ്റ്, സയനൈറ്റ് ശിലകളിൽ ഓർത്തോക്ലേസിനു പകരം ത്രിനതാക്ഷ (triclinic) പരലുകളായി മൈക്രാക്ലൈന്‍ (KAl Si3O8) രൂപംകൊള്ളുന്നു. തദവസരത്തിൽ സോഡിയം പൂർണമായും ജാലികഘടനയിൽ നിന്നു പുറത്താക്കപ്പെടുകയും ആൽബെയ്റ്റ് പരലുകള്‍ സ്വതന്ത്രമായി ഘനീഭവിക്കുകയും ചെയ്യുന്നു. അലൂമിനിയം സിലിക്കണ്‍ അയോണുകള്‍ സാനിഡിന്‍ ഘടനയിൽ അനിയമിതമായും മൈക്രാക്ലൈന്‍ ഘടനയിൽ ക്രമമായും കാണപ്പെടുന്നു. ഘടനാപരമായി ഓർത്തോക്ലേസ് ഒരു മധ്യവർത്തിയാണെന്നു പറയാം. താപനിലയ്ക്കനുസൃതമായുണ്ടാകുന്ന ഘടനാപരമായ ക്രമീകരണം പ്രാകാശിക ഗുണധർമങ്ങളെയും ബാധിച്ചു കാണുന്നു. ഒരു മിതസ്ഥായി (metastable) അവക്ഷേപമെന്നു കരുതപ്പെടുന്ന അപൂർവധാതുവായ അഡുലേരിയ രാസപരമായി വളരെ ശുദ്ധമാണ് (Or90Ab9An1). ധാതുവിന്റെ പരൽ ചില ഭാഗങ്ങളിൽ ഏകതാക്ഷവും ചില ഭാഗങ്ങളിൽ ത്രിനതാക്ഷവുമായ ഗുണധർമങ്ങള്‍ പ്രദർശിപ്പിക്കുന്നു. വർണരഹിതമായും വെളുപ്പ്, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്നു. അപൂർവമായി പച്ചനിറത്തിലും കാണാറുണ്ട്. സമചതുര പരിക്ഷേത്രത്തോടുകൂടി ദീർഘിച്ചതാണ് പരലുകള്‍. കാഠിന്യം 6; ആപേക്ഷിക സാന്ദ്രത 2.56-2.58. കാചാഭദ്യുതിയുണ്ട്; മുത്തുപോലെ തിളങ്ങുന്നവയുമുണ്ടാകാം. കാള്‍സ്ബാഡ് നിയമമനുസരിച്ചുള്ള യമളനങ്ങള് സാധാരണമാണ്; മറ്റു തരങ്ങളും അപൂർവമായുണ്ട്. എളുപ്പം അപക്ഷയത്തിനു വിധേയമാവുന്നു; തദ്വാരാ കളിമണ്ണിനു രൂപം നല്കുന്നു.
പൊട്ടാസ്യം ഫെൽസ്പാർ ധാതുക്കളിൽ 40Ar റേഡിയോ ആക്റ്റിവതയിലൂടെ ക്ഷയിച്ച് 40അൃ ആകുന്ന പ്രക്രിയയെ ആസ്പദമാക്കി ധാതുവിന്റെയും, അവയുള്‍ക്കൊള്ളുന്ന ശിലയുടെയും പ്രായം നിർണയിക്കാവുന്നതാണ് (radio metric age determination). ആൽക്കലി-ആഗ്നേയ ശിലകളിലെന്നപോലെ കായാന്തരിത ശിലകളിലും ആർക്കോസിക അവസാദത്തിലും ഓർത്തോക്ലേസ് സാധാരണമാണ്. പെഗ്മട്ടൈറ്റ്, സിരകളിൽ ബൃഹത്പിണ്ഡങ്ങളായും ഓർത്തോക്ലേസ് ആവസ്ഥിതമാകുന്നു.