This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓഷ്യാനിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓഷ്യാനിയ
Oceania
പസിഫിക് സമുദ്രത്തിലുള്ള ഒട്ടേറെ ദീപസഞ്ചയങ്ങളെയും ആസ്റ്റ്രലിയയെയും കൂട്ടായി വ്യവഹരിക്കാനുപയോഗിക്കുന്ന പദം. 1831 ദുമോണ്ട് ദ് അർവിൽ എന്ന ഫ്രഞ്ച് പര്യവേക്ഷകനാണ് ഓഷ്യാനിയ എന്ന വാക്ക് സൃഷ്ടിച്ചത്. ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ് എന്നിവയെ ഒന്നായി ആസ്റ്റ്രലേഷ്യ എന്നു വിശേഷിപ്പിക്കാറുണ്ട്. ആസ്റ്റ്രലിയ, ഏഷ്യയോടു ബന്ധപ്പെട്ട ദ്വീപുകള്‍ എന്നിവയൊഴികെ ന്യൂഗിനിയുള്പ്പെടെ ഏഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയ്ക്കായി പസിഫിക് സമുദ്രത്തിലെ രണ്ടുകോടി ച.കി.മീറ്ററോളം വരുന്ന മേഖലയിൽ ചിതറിക്കിടക്കുന്ന 25,000 ദ്വീപുകളെ പസിഫിക് ദ്വീപുകള്‍ എന്ന പേരിലും വ്യവഹരിക്കാറുണ്ട്. പസിഫിക് ദ്വീപുകള്‍ക്കു പകരമായും ഓഷ്യാനിയ എന്ന പദം ചിലപ്പോള്‍ പ്രയോഗിച്ചു കാണുന്നുണ്ട്.
ധാരാളം സ്വതന്ത്രരാജ്യങ്ങളുള്ള ഓഷ്യാനിയയെ ഒരു ഭൂഖണ്ഡമായി അംഗീകരിച്ചിട്ടില്ല. ദ്വീപുകളിൽ പലതും ബ്രിട്ടന്, ഫ്രാന്‍സ്, ആസ്റ്റ്രലിയ, യു.എസ്., ന്യൂസ്ലന്ഡ് എന്നീ രാജ്യങ്ങള്‍ക്കു കീഴിലാണ്. ഹവായ് ഓഷ്യാനയിൽപ്പെടുമെങ്കിലും അന്ന് യു.എസ്സിന്റെ ഒരു പ്രവിശ്യയാണ്. അതുപോലെ വടക്കന്‍ പസിഫിക്കിലെ ചില ദ്വീപുകളും അമേരിക്കയുടേതാണ്. ചിലിയുടേതാണ് കിഴക്കന്‍ പസിഫിക്കിലെ ഈസ്റ്റർ ദ്വീപ്. ഏഷ്യയോടു ബന്ധപ്പെട്ട സഖാലിന്, ജപ്പാന്, തയ്വാന്, ഇന്തോനേഷ്യ തുടങ്ങിയവയെയും അലൂഷ്യന്‍ ദ്വീപുകളെയും ഓഷ്യാനിയയിൽ ഉള്‍പ്പെടുത്താറില്ല. ആസ്റ്റ്രലേഷ്യയ്ക്കു പുറമേ പസിഫിക് ദ്വീപുകളെ ഉള്‍ക്കൊള്ളുന്ന മെലനേഷ്യ, മൈക്രാനേഷ്യ, പോളിനേഷ്യ എന്നീ ദ്വീപസഞ്ചയങ്ങളെയും ചേർത്ത് ഓഷ്യാനിയയിൽപ്പെടുന്ന ഭൂഭാഗങ്ങള്‍ക്കു മൊത്തം വിസ്തൃതി സുമാർ 84,58,000 ച.കി.മീ. ആണ്; ഇതിന്റെ 90 ശതമാനത്തോളം ആസ്റ്റ്രലിയയുടേതാണ്. ജനസംഖ്യ: 3,51,65,670 (2011).
ഓഷ്യാനിയ മേഖലയിൽ ഉള്‍പ്പെടുന്ന ഓസ്ട്രഷ്യയ്ക്കു 79,55,514 ച.കി.മീ. വിസ്തൃതിയും മെലനീഷ്യയ്ക്കു 5,43,830 ച.കി.മീ. വിസ്തൃതിയും മൈക്രാനീഷ്യയ്ക്കു 3,199 ച.കി.മീ. വിസ്തൃതിയും പോളിനീഷ്യയ്ക്കു 8,756 ച.കി.മീ. വിസ്തൃതിയുമുണ്ട്.
ആസ്ട്രലേഷ്യ. ആസ്റ്റ്രലിയ, ക്രിസ്മസ്ദ്വീപ്, കൊക്കോസ് ദ്വീപ്, ന്യൂസിലന്‍ഡ്, നോർഫോക്ദ്വീപ് എന്നിവ ചേർന്നതാണ് ആസ്റ്റ്രലേഷ്യ. ആസ്റ്റ്രലിയയാണ് ഈ മേഖലയിലെ ഏറ്റവും വലിയരാജ്യം. ലോകത്തിലെ ചെറിയഭൂഖണ്ഡമായ ആസ്റ്റ്രലിയയുടെ പകുതിയോളം മരുഭൂമിയും ബാക്കിപ്രദേശം സസ്യജന്തു വൈവിധ്യങ്ങള്‍കൊണ്ട് നിറഞ്ഞതുമാണ്. പ്രാചീന ജനതയുടെ അധിവാസം ഉണ്ടായിരുന്നെങ്കിലും യൂറോപ്യന്‍ കുടിയേറ്റത്തിനുശേഷമാണ് ഈ മേഖലയിൽ വലിയമാറ്റങ്ങള്‍ക്ക് തുടക്കമായത്. 80 ശതമാനത്തോളം ഇംഗ്ലീഷ് സംസാരിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ പൂർണമായും സാക്ഷരരാണ്. 99 ശതമാനത്തോളം കരഭൂമിയും ബോക്സൈറ്റ്, കൽക്കരി, ഇരുമ്പയിര് ലോഹങ്ങള്‍-പ്രകൃതിവാതകം എന്നിവ കൊണ്ട് സമ്പന്നവുമാണ്. ധാരാളം പഴവർഗങ്ങളും കിഴങ്ങുവർഗങ്ങളും ധാന്യങ്ങളായ ഗോതമ്പ്, അരി, തിന, ബാർളി എന്നിവയും ഉത്പാദിപ്പിക്കുന്നു. ദാരിദ്യ്രം താരതമ്യേന കുറഞ്ഞ രാജ്യമാണ് ആസ്റ്റ്രലിയ.
ആസ്റ്റ്രലേഷ്യയിലെ 2,68,680 ച.കി.മീ. വിസ്തൃതിയുള്ള സ്വതന്ത്യ്രരാജ്യമാണ് ന്യൂസീലന്‍ഡ്. മാവോറികള്‍ എന്ന ആദിമനിവാസികളെ കൊണ്ട് നിറഞ്ഞ ന്യൂസിലന്‍ഡിൽ മോവ എന്ന പറക്കാത്ത പക്ഷിയെ വേട്ടയാടാനായി 13-ാം ശതകം മുതൽ കുടിയേറ്റക്കാർ എത്തുകയുണ്ടായി. 17-ാം ശതകം മുതൽ യൂറോപ്യന്‍ ശക്തികള്‍ ആധിപത്യം സ്ഥാപിച്ചു. 1907 സെപ്. 27-ന് സ്വാതന്ത്യ്രം ലഭിച്ചെങ്കിലും ആലങ്കാരികമായി ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയാണ് രാഷ്ട്ര മേധാവി. രാജ്ഞിയുടെ പ്രതിനിധിയായാണ് ഗവർണർ ജനറൽ ഭരിക്കുന്നതെങ്കിലും ജനാധിപത്യ രാഷ്ട്രമാണ് ന്യൂസിലന്‍ഡ്.
മെലനീഷ്യ. ആസ്റ്റ്രലിയയുടെ വടക്കുകിഴക്കുള്ള അറഫൂറാ കടൽവരെയും കിഴക്കന്‍ പസിഫിക്കിന്റെ പടിഞ്ഞാറുവശംവരെയും വ്യാപിച്ചുകിടക്കുന്നതും ഏകദേശം ഒരുകോടിയോളം ജനങ്ങള്‍ വസിക്കുന്നതുമായ മേഖലയാണ് മെലനീഷ്യ. ഈ മേഖലയിൽ സ്വതന്ത്യ്ര രാജ്യങ്ങളായ ഫിജിപാപ്പുവന്യൂഗിനി, സോളമന് ദ്വീപുകള്‍ വനുവാതു എന്നീ രാജ്യങ്ങളും 19,060 ച.കി.മീ. വിസ്തൃതിയുള്ള ന്യൂകാലിഡോണിയ എന്ന ഫ്രഞ്ച് അധിനിവേശ പ്രദേശവുമുണ്ട്. ഇന്നത്തെ പാപ്പുവാന്‍ ഭാഷ സംസാരിക്കുന്നവരുടെ പൂർവികരായിരിക്കാം മെലനീഷ്യയിലെ ആദ്യത്തെ ജനങ്ങള്‍.
മൈക്രാനേഷ്യ. പസിഫിക്കിന്റെ പടിഞ്ഞാറുള്ള നൂറിലധികം ദ്വീപ സമൂഹങ്ങളുടെ സഞ്ചയമാണ് മൈക്രാനേഷ്യ. സ്വതന്ത്രരാജ്യങ്ങളായ മൈക്രാനീഷ്യന്സ്റ്റേസ്, പലാവുനൗറൂ, മാർഷൽ ദ്വീപുകള്‍, കിരിബാസ് എന്നിവയും അമേരിക്കയുടെ കീഴിലുള്ള മൈക്രാനേഷ്യയിലെ ഏറ്റവും വലിയ ദ്വീപായ് ഗ്വാം, വടക്കന്‍ മറിയാന ദ്വീപുകളും ഉള്‍പ്പെടുന്നു.
പോളിനീഷ്യ. പസിഫിക്കിന്റെ തെക്ക് മധ്യഭാഗത്തായി കാണപ്പെടുന്ന ആയിരത്തിൽപ്പരം ദ്വീപുകളുടെ സമൂഹമാണ് പോളിനീഷ്യ. ന്യൂസിലാന്‍ഡിന്റെ അധീനതയിലുള്ള സ്വയംഭരണാവകാശമുള്ള കുക്ക് ദ്വീപുകള്‍, ന്യൂയ്, സ്വയംഭരണമില്ലാത്ത തൊക്കലാവൂ, അമേരിക്കന്‍ അധീനതയിലെ സമോവ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള നാല് ദ്വീപുകളുടെ സഞ്ചയമായ പിറ്റ്കെയ് ദ്വീപ്, ഫ്രാന്‍സിന്റെ കീഴിൽ സ്വയം ഭരണാവകാശമുള്ള ഫ്രഞ്ച് പോളിനീഷ്യ വാലിസ് ആന്‍ഡ് ഫെറ്റൂണ എന്നിവയാണ് പ്രധാനപ്പെട്ടവ. ബ്രിട്ടന്, അമേരിക്ക, ജർമനി എന്നീ രാജ്യങ്ങളിൽനിന്ന് 1962 ജനു. 1-ന് സ്വാതന്ത്യ്രം നേടിയതും 2,831 ച.കി.മി. വിസ്തൃതിയുള്ളതും 100 ശതമാനം സാക്ഷരത നേടിയതുമായ രാജ്യമാണ് സമോവ. 1978 ഒ. 1-ന് സ്വാതന്ത്യ്രം നേടിയ തുവാല വെറും 26 ച.കി.മീ. വിസ്തൃതിയുള്ളതും ഏറ്റവും കുറച്ച് ജനസംഖ്യയുള്ളതുമായ ദ്വീപാണ് ആസ്റ്റ്രലിയയ്ക്കും ഹവായ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ബ്രിട്ടീഷ് അധീനതയിലായിരുന്നു. ഈ മേഖലയിലെ മറ്റൊരു രാജ്യമായ ടോങ്ഗ ബ്രിട്ടനിൽനിന്ന് 1970 ജൂണ്‍ 4-ന് സ്വാതന്ത്യ്രം നേടി. 748 ച.കി.മീ. വിസ്തൃതിയുള്ള ഈ ദ്വീപിൽ രണ്ടു ലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്നു. നോ. ആസ്റ്റ്രലിയ; ഏഷ്യ; പസിഫിക് ദ്വീപുകള്‍