This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരിങ്ങാലക്കുട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:15, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരിങ്ങാലക്കുട

കൂടൽമാണിക്യം ക്ഷേത്രം

കേരളത്തിൽ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനമായ മുനിസിപ്പൽ പട്ടണം. തൃശൂർ പട്ടണത്തിന്‌ 21 കി.മീ. തെക്കും നാഷണൽ ഹൈവേ 47-ന്‌ 15 കി.മീ. പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു. രണ്ടു ചാലുകള്‍ക്കരികേ എന്ന്‌ അർഥമുള്ള "ഇരുചാൽകിട്ടൈ' എന്നോ, രണ്ടു ചാലുകള്‍ക്കു മധ്യത്തിൽ എന്നർഥമുള്ള "ഇരുചാലുക്ക്‌ ഇടൈ' എന്നോ ഉള്ള പ്രയോഗത്തിൽ നിന്നാവണം ഇരിങ്ങാലക്കുട എന്ന ദേശനാമത്തിന്റെ നിഷ്‌പത്തി എന്ന്‌ ഒരു അഭിപ്രായമുണ്ട്‌. സ്ഥലത്തെ മുഖ്യഹൈന്ദവദേവാലയമായ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപത്തുകൂടി രണ്ടു നീർച്ചാലുകള്‍ ഒഴുകിയിരുന്നുവെന്ന്‌ ഊഹിക്കപ്പെടുന്നു. ക്ഷേത്രസംബന്ധിയായ രേഖകളിലും ശിലാലിഖിതങ്ങളിലും "ഇരുചാൽകൂടൽ' എന്നാണ്‌ പരാമർശം. ഇതിന്റെ രൂപഭേദമായ "ഇരുങ്കാൽ കൂടൽ' പിൽക്കാലത്ത്‌ ഇരിങ്ങാലക്കുട ആയതാവാം.

പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചെന്നും അതിൽ കരുവന്നൂർപുഴയ്‌ക്കും വരാപ്പുഴയ്‌ക്കും ഇടയിൽ സ്ഥിതിചെയ്‌തിരുന്ന പത്തു ഗ്രാമങ്ങളുടെ നായകത്വം ഇരിങ്ങാലക്കുടയ്‌ക്കായിരുന്നു എന്നും കേരളോല്‌പത്തിയിൽ പ്രസ്‌താവിച്ചിരിക്കുന്നു. കേരളത്തിന്റെ മതപരമായ നേതൃത്വവും ഇരിങ്ങാലക്കുടയ്‌ക്കായിരുന്നുവെന്നതിന്‌ ചരിത്രരേഖകളുണ്ട്‌. രാഷ്‌ട്രീയാധികാരം പെരുമാക്കന്മാരിൽ അമർന്നതോടുകൂടിയാണ്‌ ഇരിങ്ങാലക്കുടയുടെ പ്രാധാന്യം മങ്ങിയതെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു. പുരാതനകാലം മുതൽക്കേ ഇരിങ്ങാലക്കുട ഒരു വാണിജ്യകേന്ദ്രമായിരുന്നു. 18-ാം ശതകത്തിൽ കൊച്ചിയിലെ ശക്തന്‍തമ്പുരാന്റെ താത്‌പര്യപ്രകാരം പ്രത്യേക സൗകര്യങ്ങളോടെ വാണിജ്യത്തിൽ വ്യാപൃതരാക്കപ്പെട്ട ക്രിസ്‌ത്യാനികള്‍ ഇരിങ്ങാലക്കുടയുടെ മുഖച്ഛായ മാറ്റുന്നതിൽ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഷണ്‍മുഖം കനാൽ പട്ടണത്തെ കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കുന്നു. കുരുമുളക്‌, കശുവണ്ടി, അടയ്‌ക്ക, കൊപ്ര തുടങ്ങിയ കാർഷികോത്‌പന്നങ്ങളും ഉത്‌പാദിതവസ്‌തുക്കളും ഇവിടെ വന്‍തോതിൽ വിപണനം ചെയ്‌തുവരുന്നു. ഓട്ടുപാത്രങ്ങള്‍ നിർമിക്കുന്ന സ്ഥാപനങ്ങളും ഏതാനും ഓയിൽ മില്ലുകളും ഓട്ടുക്കമ്പനികളും കശുവണ്ടി ഫാക്‌ടറികളും ഇവിടെ പ്രവർത്തിക്കുന്നു. എസ്‌.വി. പ്രാഡക്‌ട്‌സ്‌ എന്ന "ചന്ദ്രിക' ഔഷധസോപ്പുഫാക്‌ടറിയും സോള്‍വന്റ്‌ എക്‌സ്‌ട്രാക്ഷന്‍ കമ്പനിയും എടുത്തുപറയത്തക്ക വ്യവസായ സ്ഥാപനങ്ങളാണ്‌.

വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിലും ഇരിങ്ങാലക്കുട പുരോഗതിയാർജിച്ചിട്ടുണ്ട്‌. ക്രസ്റ്റ്‌ കോളജ്‌, സെന്റ്‌ ജോസഫ്‌സ്‌ വിമന്‍സ്‌ കോളജ്‌ എന്നീ കോളജുകള്‍ ഉള്‍പ്പെടെ നിരവധി കോളജുകള്‍ ഈ നഗരത്തിലുണ്ട്‌. ഉച്ചായിവാര്യർ സ്‌മാരക കലാനിലയം മഹാത്മാഗാന്ധി ഗ്രന്ഥശാല പട്ടണത്തിന്‌ അരികിലായുള്ള ശ്രീനാരായണ പബ്ലിക്‌ ലൈബ്രറി എന്നിവ പ്രസ്‌താവയോഗ്യങ്ങളായ സാംസ്‌കാരിക സ്ഥാപനങ്ങളാണ്‌.

ഗവണ്‍മെന്റുവക ഒരു അലോപ്പതിക്‌ ആശുപത്രിയും ഒരു ആയുർവേദാശുപത്രിയും ഇരിങ്ങാലക്കുടയിലുണ്ട്‌. മജിസ്‌ട്രറ്റു കോടതി, മുനിസിഫ്‌ കോടതി എന്നീ നീതിന്യായസ്ഥാപനങ്ങളും, താലൂക്ക്‌ ആസ്ഥാനങ്ങളിൽ സാധാരണമായ മറ്റു ഗവണ്‍മെന്റ്‌ ആഫീസുകളും ഇവിടെ പ്രവർത്തിച്ചുവരുന്നു. മുനിസിപ്പൽ ഭരണം പ്രാവർത്തികമായത്‌ 1937-ലാണ്‌. മുനിസിപ്പാലിറ്റിയുടെ സംരക്ഷണയിലുള്ള ഒരു പൊതു ഉദ്യാനവും സ്റ്റേഡിയവും ഇവിടെയുണ്ട്‌.

സെന്റ്‌ ജോർജ്‌ പള്ളി, ഇരിങ്ങാലക്കുട

സാഹിത്യത്തിനും ശാസ്‌ത്രത്തിനും മഹത്തായ സംഭാവനകള്‍ നല്‌കിയിട്ടുള്ള സ്ഥലമാണ്‌ ഇരിങ്ങാലക്കുട. ആട്ടക്കഥകളിൽ അദ്വിതീയമായി വാഴ്‌ത്തപ്പെടുന്ന നളചരിതത്തിന്റെ കർത്താവ്‌ ഉച്ചായിവാരിയർ ഇരിങ്ങാലക്കുടയുടെ സന്താനമാണ്‌. ദൃഗ്ഗണിതത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഇരിങ്ങാലക്കുട മാധവനാണ്‌ കൊല്ലവർഷത്തെ 27 ഞാറ്റുവേലകളായി വിഭജിച്ച്‌ കേരളത്തിലെ കർഷകർക്ക്‌ ഒരു കാലപരിപാടി നിർദേശിച്ചത്‌.

ഇരിങ്ങാലക്കുടയിൽ ഹിന്ദു-ക്രിസ്‌ത്യന്‍-ഇസ്‌ലാം മതസ്ഥരുടെ ധാരാളം ആരാധനാകേന്ദ്രങ്ങളുണ്ട്‌. സെന്റ്‌ ജോർജ്‌ പള്ളി, സെന്റ്‌ മേരീസ്‌ പള്ളി, ശ്രീവിശ്വനാഥപുരം ക്ഷേത്രം തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഇരിങ്ങാലക്കുട പള്ളിയിൽ കൊല്ലന്തോറും വളരെ ആഘോഷപൂർവം നടത്തിവരുന്ന പിണ്ടിപ്പെരുന്നാള്‍ പ്രസിദ്ധമാണ്‌. അന്ന്‌ ഇരിങ്ങാലക്കുട അങ്ങാടിയിലെ മന്ദിരാങ്കണങ്ങള്‍ എല്ലാം തന്നെ ദീപാലങ്കൃതമായ പിണ്ടികളാൽ ഉജ്വലങ്ങളായിരിക്കും. പട്ടണത്തിന്റെ പ്രശസ്‌തിക്കു മുഖ്യകാരണം ഇവിടെയുള്ള കൂടൽമാണിക്യം ക്ഷേത്രമാണ്‌. തച്ചുടയ കൈമള്‍ എന്ന സ്ഥാനിയായിരുന്നു. ക്ഷേത്രത്തിന്റെ ഭരണാധികാരി. തച്ചുടയ കൈമളെ നിയന്ത്രിക്കുന്നതിനുള്ള അവകാശം തിരുവിതാംകൂർ രാജാക്കന്മാർ ബലമായി കൈയടക്കിയതിനെച്ചൊല്ലി കൊച്ചിയും തിരുവിതാംകൂറും തമ്മിലുണ്ടായിരുന്ന തർക്കം 1901 വരെ നിലനിന്നു. മേടമാസത്തിൽ നടത്തുന്ന, കൂടൽമാണിക്യക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവം ജനലക്ഷങ്ങളെ ആകർഷിച്ചുവരുന്നു. ശ്രീരാമന്റെ സഹോദരനായ ഭരതനെയാണ്‌ ഈ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ച്‌ ആരാധിച്ചുവരുന്നത്‌. പ്രതിഷ്‌ഠാമൂർത്തിയുടെ ചമയങ്ങളിൽപ്പെട്ട മാണിക്യക്കല്ലുമായി ഒത്തുനോക്കുന്നതിന്‌ സമീപത്തുകൊണ്ടുചെന്ന അതേയിനത്തിലുള്ള മറ്റൊരു രത്‌നം ബിംബത്തിലെ മാണിക്യവുമായി കൂടിച്ചേർന്നു എന്ന ഐതിഹ്യത്തെ ആസ്‌പദമാക്കിയാണ്‌ ക്ഷേത്രത്തിന്‌ കൂടൽമാണിക്യം എന്ന വിശേഷണം സിദ്ധിച്ചിട്ടുള്ളത്‌. ഇത്‌ ഒരു പുരാതന ജൈനക്ഷേത്രമാണെന്നും ഇവിടത്തെ "നഗ്ന' പ്രതിഷ്‌ഠ ദിഗംബര ജൈന(ഭരതേശ്വരന്‍)ന്റേതാണെന്നും കോമാട്ടിൽ അച്യുതമേനോന്‍ പ്രാചീനകേരളം (Ancient Kerala) എന്ന ഗ്രന്ഥത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. ശ്രവണബെൽഗൊളയിലെ ഭാരതേശ്വര ക്ഷേത്രംപോലെ ഇരുനിലയിലുള്ള ക്ഷേത്രം (കൂടം) ആയതുകൊണ്ടാണ്‌ കൂടൽമാണിക്യം എന്നു വിളിക്കപ്പെടുന്നതെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ നഗ്നകായമാണെന്നവിശ്വാസത്തിൽ കുറേക്കാലം മുമ്പുവരെ സ്‌ത്രീകള്‍ക്കു ശ്രീകോവിൽഭാഗത്ത്‌ പ്രവേശനം വിലക്കപ്പെട്ടിരുന്നു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍