This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്‌ളജൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എക്‌ളജൈറ്റ്
Eclogite
മറ്റു ഭൗമശിലകളുടേതിൽനിന്ന് വ്യത്യസ്‌തമായ സ്വഭാവവിശേഷങ്ങളുള്ള ഒരു പാതാളശിലാവ്യൂഹം. "എക്‌ളജൈറ്റ് ധാതുക്കള്‍' എന്നു വിശേഷിപ്പിക്കാവുന്ന കടും പച്ചനിറമുള്ള ഓംഫസൈറ്റ്, ചെന്തവിട്ടു നിറമുള്ള പൈറോപ് എന്നിവയാണ് മുഖ്യഘടകങ്ങള്‍. സാമാന്യം വലുപ്പമുള്ള തരികളായി കാണപ്പെടുന്ന ഇവ അല്‌പസിലികമാണ്. പ്ലാജിയോക്ലേസ് ഫെൽസ്‌പാർ ഉള്‍ക്കൊള്ളുന്നില്ല എന്നതും എക്‌ളജൈറ്റിന്റെ ഒരു സവിശേഷതയാണ്. മാഗ്മീയ പ്രക്രിയ, കായാന്തരണം എന്നിവയുടെ വെണ്ണേറെയും, കൂട്ടായുമുള്ള പ്രവർത്തനഫലമായി രൂപംകൊള്ളുന്ന മൂന്നിനം എക്‌ളജൈറ്റ് ശിലകളുണ്ട്. ഭൂവല്‌ക്കത്തിലുള്ള സിയാൽ-പടലത്തിനുകീഴിൽ എക്‌ളജൈറ്റ്‌ശില മാത്രം ഉള്‍ക്കൊള്ളുന്ന ഒരു പടലമുണ്ടെന്ന് കരുതപ്പെടുന്നു. പ്രീ-കാംബ്രിയന്‍, പാലിയോസോയിക് കല്‌പങ്ങളിലുള്ള ആഗ്നേയവും കായാന്തരിതവുമായ സങ്കീർണഘടനകളിലാണ് എക്‌ളജൈറ്റ് സാധാരണയായി അവസ്ഥിതമായിക്കാണുന്നത്.
രാസസംഘടനത്തിൽ എക്‌ളജൈറ്റ് ബസാള്‍ട്ട്, ഗാബ്രാ എന്നീ ശിലകള്‍ക്ക് സമാനമാണ്; എങ്കിലും ആപേക്ഷികസാന്ദ്രത താരതമ്യേന കൂടുതലാണ് (3.2-3.6) ഓംഫസൈറ്റ് സോഡിയം, അലുമിനിയം എന്നിവയുടെ ആധിക്യമുള്ള ഒരു പൈറോക്‌സീന്‍ ധാതുവാണ്; പൈറോപ് മഗ്നീഷ്യം കൂടുതലുള്‍ക്കൊള്ളുന്ന ഒരു ഗാർനെറ്റ് ധാതുവും. മറ്റു ധാതുക്കള്‍ ഡയോക്‌സൈഡ്, എന്‍സ്റ്റട്ടൈറ്റ്, ഒലിവിന്‍, റൂട്ടൈൽ, അപട്ടൈറ്റ്, ഇരുമ്പയിരുകള്‍, ക്വാർട്‌സ്, മസ്‌കോവൈറ്റ്, സൊയിസൈറ്റ്, അൽബൈറ്റ്, കയനൈറ്റ്, സിലിമനൈറ്റ് എന്നിവയും അപൂർവമായി വജ്രം, കാൽസൈറ്റ് എന്നിവയുമാണ്. ഹോണ്‍ബ്‌ളെന്‍ഡ്, കെലിഫൈറ്റ് എന്നിവ യഥാക്രമം പൈറോക്‌സീന്‍, ഗാർനെറ്റ് എന്നിവയുടെ പ്രതിസ്ഥാപിത ധാതുക്കളാണ് ഹോണ്‍ബ്ലെന്‍ഡ് ക്ഷാരീയമോ പച്ചനിറമുള്ള സ്‌മരഗ്‌ഡൈറ്റോ ആയിരിക്കും. പ്രതിസ്ഥാപനത്തിന്റെ ആക്കം വർധിക്കുമ്പോള്‍ എക്‌ളജൈറ്റ് ശില ഗാർനൈറ്റ്-ആംഫിബൊളൈറ്റ് ശിലയായി പരിണമിക്കാം. ഗാബ്രാ, ബസാള്‍ട്ട് ശിലകളിലുള്ള ധാതുസമുച്ചയം ഉന്നതമർദാവസ്ഥയിൽ അസ്ഥിരമായതിനാൽ പുതിയവ രൂപംകൊള്ളുന്നു.
ഒലിവിന്‍, അനോർതൈറ്റ് എന്നിവ പ്രതിപ്രവർത്തിച്ച് മഗ്നീഷ്യംഗാർനൈറ്റും; അൽബൈറ്റിനു പകരം ജഡൈറ്റും രൂപംകൊള്ളുന്നു. മാതൃശില കൂടുതലായി അലുമിനിയം ഉള്‍ക്കൊണ്ടിരുന്നാൽ കയനൈറ്റ്, സിലിമനൈറ്റ് എന്നീ ധാതുക്കളും; മാഗ്മ കൂടുതലായി അലുമിനിയം ഉള്‍ക്കൊണ്ടിരുന്നാൽ ഓംഫസൈറ്റിനു പകരം ജഡൈറ്റ്, എജിറിന്‍ എന്നിവയും; പൈറോപ്പിനുപകരം ആൽമണ്ടൈറ്റ്, ഗ്രാസുലറൈറ്റ് എന്നിവയും രൂപംകൊള്ളുന്നു.
ഭൂഗർഭീയ പരിസ്ഥിതികളെ ആസ്‌പദമാക്കി എക്‌ളജൈറ്റ് ശിലകളെ മൂന്നിനങ്ങളായി തിരിക്കാം:
(1) ക്രാമിയത്തിന്റെ ആധിക്യമുള്ള പൈറോക്‌സീന്‍, മഗ്നീഷ്യത്തിന്റെ ആധിക്യമുള്ള ഗാർനെറ്റ് എന്നിവയുള്‍ക്കൊള്ളുന്ന ഗാർനെറ്റ്-പൈറോക്‌സിനൈറ്റ് അഥവാ ഗ്രിക്ക്വയിറ്റ്. സൗത്ത് ആഫ്രിക്കന്‍ വജ്രഖനികളിലുള്ള കിംബർലൈറ്റ് പൈപ്പുകളിൽ ഖണ്ഡങ്ങളായും ഗോളകങ്ങളായും ഗ്രിക്ക്വയിറ്റ് അവസ്ഥിതമായിക്കാണുന്നു. ഗ്രിക്ക്വയിറ്റ് ഉള്‍ക്കൊള്ളുന്ന ഗാർനെറ്റ് പരലുകള്‍ക്കുള്ളിലാണ് വജ്രം അവസ്ഥിതമായിക്കാണുന്നത്. തന്മൂലം ഇത് വജ്രങ്ങളുടെ മാതൃശിലയായി കരുതപ്പെടുന്നു.
2. മാഗ്മീയ-കായാന്തരണ പ്രക്രിയകളുടെ കൂട്ടായപ്രവർത്തനംമൂലം സംജാതമാകുന്ന ഒഫിയോലിറ്റിക്-എക്‌ളജൈറ്റ്; ഈ വിഭാഗത്തിൽ പൈറോക്‌സീന്‍ സോഡിയത്തിന്റെയും ഗാർനെറ്റ് ഇരുമ്പ്, നിക്കൽ എന്നിവയുടെയും ആധിക്യമുള്ളവയാണ്.
3. സാധാരണയുള്ള എക്‌ളജൈറ്റ് ഉന്നതമർദോഷ്‌മാവിൽ
കായാന്തരണംമൂലം സംജാതമാകുന്നു (നോ. കായാന്തരണം). ഈ ഇനത്തിൽ ഗാർനെറ്റ് കൂടുതൽ കാത്സ്യം ഉള്‍ക്കൊള്ളുന്നവയാണ്.
ബസാള്‍ട്ട് മാഗ്മ ഉന്നതമർദത്തിൽ രൂപംപ്രാപിക്കുക വഴിയും ഗാർനെറ്റ്-പെരിടൊട്ടൈറ്റിന്റെ ഭാഗികഗളനം വഴിയും എക്‌ളജൈറ്റ് രൂപംകൊള്ളുന്നു. സാധാരണ ഉന്നത മർദോഷ്‌മാവിൽ രൂപംകൊള്ളുന്ന എക്‌ളജൈറ്റ് മറ്റ് അസംഗത(anomalous) പരിസ്ഥിതികളിലും കാണപ്പെടുന്നു. ഭൂവല്‌ക്കത്തിലുള്ള സിയാൽ-പടലത്തിനു കീഴിലുള്ള എക്‌ളജൈറ്റ് മണ്ഡലമാണ് മോഹോ (Moho) വിച്ഛിന്നതയ്‌ക്ക് നിദാനം എന്നു ചിലർക്ക് അഭിപ്രായമുണ്ട്.