This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌നർ, ഹ്യൂഗോ (1868-1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:50, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എക്‌നർ, ഹ്യൂഗോ (1868-1954)

Eckener, Hugo

ഹ്യൂഗോ എക്‌നർ

ജർമന്‍ ആകാശക്കപ്പൽ വിദഗ്‌ധന്‍. 1868 ആഗ. 10-ന്‌ പ്ലന്‍സ്‌ബർഗിൽ ജനിച്ചു. മ്യൂണിക്‌, ബർലിന്‍, ലൈപ്‌സിഗ്‌ എന്നീ സർവകലാശാലകളിൽ വിദ്യാഭ്യാസം ചെയ്‌തു. 1905-ൽ എം.എ. ബിരുദം നേടി. ആകാശക്കപ്പലുകളുടെ നിർമാണത്തിലും അവ പറപ്പിക്കുന്നതിലും ഇദ്ദേഹം പ്രത്യേകം വൈദഗ്‌ധ്യം സമ്പാദിച്ചു. പ്രസിദ്ധ വ്യോമയാന നിർമാണസ്ഥാപനമായ സെപ്പലിന്‍ ശാലയിൽ ഒന്നാംപൈലറ്റായി ഇദ്ദേഹം 1906-ൽ ജോലിയിൽ പ്രവേശിച്ചു. പ്രസ്‌തുത സ്ഥാപനത്തിൽ നിന്ന്‌ 20-ാം ശതകത്തിന്റെ ആരംഭത്തിൽ പുറത്തിറക്കിയ ആകാശക്കപ്പലുകളുടെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ചു. ഒന്നാം ലോകയുദ്ധകാലത്ത്‌ ഇദ്ദേഹം പൈലറ്റുകളെ പരിശീലിപ്പിക്കുകയും ജർമന്‍ നാവിക സേനയ്‌ക്കുവേണ്ടി 88 വ്യോമ നൗകകള്‍ നിർമിച്ചു കൊടുക്കുന്നതിന്‌ നേതൃത്വം നല്‌കുകയും ചെയ്‌തു. സെപ്പലിന്റെ മരണശേഷം 1918 നവംബറിൽ ഇദ്ദേഹം സ്വന്തമായി വ്യാവസായികാടിസ്ഥാനത്തിലുള്ള ഒരു വ്യോമനൗകാനിർമാണസ്ഥാപനം തുടങ്ങി. ആകാശക്കപ്പൽസഞ്ചാരം പ്രചാരത്തിൽ കൊണ്ടുവരുന്നതിൽ ഇദ്ദേഹം താത്‌കാലിക വിജയം നേടി.

1924-ൽ ഇദ്ദേഹം "ലോസ്‌ ഏഞ്ചൽസ്‌' എന്ന ആകാശക്കപ്പലിൽ അത്‌ലാന്തിക്‌ സമുദ്രം മുറിച്ചു കടക്കുകയും, "ഗ്രാഫ്‌ സെപ്പിലിനി'ൽ 1929-ൽ ഐതിഹാസികമായ രീതിയിൽ ലോകം ചുറ്റിപ്പറക്കുകയും ചെയ്‌തു. 1931-ൽ ധ്രുവപര്യവേക്ഷണവും നിർവഹിച്ചു. എക്‌നർ പറപ്പിച്ചിരുന്ന "ഹിന്‍ഡന്‍ബർഗ്‌' എന്ന ആകാശക്കപ്പൽ 1937 മേയ്‌ 6-ന്‌ അനേകം പേരുടെ ജീവഹാനിക്കിടയാക്കിക്കൊണ്ട്‌ അഗ്നിക്കിരയായി. ആകാശക്കപ്പൽഗതാഗതത്തിന്റെ പുരോഗതി അതോടെ നിലച്ചു. അന്ത്യകാലം ജർമനിയിലെ ഒരു മെഷിന്‍പ്ലാന്റിന്റെ തലവനായാണ്‌ എക്‌നർ കഴിച്ചുകൂട്ടിയത്‌. ഇദ്ദേഹം ആകാശസഞ്ചാരത്തെ സംബന്ധിക്കുന്ന പല ഗ്രന്ഥങ്ങളുമെഴുതിയിട്ടുണ്ട്‌. 1954 ആഗ. 14-ന്‌ ജർമനിയിലെ ഫ്രീഡ്രിച്ച്‌ ഷാഫനിൽ നിര്യാതനായി. നോ. ആകാശക്കപ്പൽ; ആകാശസഞ്ചാരം; ആകാശാക്രമണങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍