This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കിമോസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:44, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എക്കിമോസിസ്‌

Ecchymosis

എക്കിമോസിസ്‌

രക്തക്കുഴലുകളിൽനിന്നു രക്തം സ്രവിക്കുന്നതുമൂലം തൊലിമേലുണ്ടാകുന്ന നീലലാഞ്‌ഛന. രസം എന്നർഥമുള്ള കൈമോസ്‌ (chymos)എന്നും സ്രവിക്കുക എന്നർഥമുള്ള എക്‌ (ek) എന്നും രണ്ടുപദങ്ങള്‍ ചേർന്നാണ്‌ പ്രസ്‌തുത പദം നിഷ്‌പന്നമായിട്ടുള്ളത്‌. ലാഞ്‌ഛനത്തിനു രണ്ടു മില്ലിമീറ്ററിൽ കുറഞ്ഞ വ്യാസമേയുള്ളുവെങ്കിൽ അതിനെ പർപ്യൂറ (purpura) എന്ന്‌ പ്രത്യേകം വ്യവഹരിക്കാറുണ്ട്‌. എറിത്തിമ എന്ന ത്വഗ്‌രക്തിമയിൽനിന്നും വ്യത്യസ്‌തമാണ്‌ എക്കിമോസിസ്‌; വിരൽകൊണ്ടോ ഗ്ലാസ്‌കൊണ്ടോ അമർത്തുമ്പോള്‍ ത്വഗ്‌രക്തിമ തത്‌കാലം അപ്രത്യക്ഷപ്പെടുന്നതുകാണാം. നീലലാഞ്‌ഛനമാകട്ടെ അപ്രത്യക്ഷപ്പെടാതെ നില്‌ക്കുന്നു.

എക്കിമോസിസ്‌ ബാധിച്ച ചെവിയുടെ പിന്‍ഭാഗം

സാധാരണമായി രക്തക്കുഴലുകളിൽനിന്നു പുറത്തേക്കു രക്തം സ്രവിക്കുകയില്ല. കുഴലുകള്‍ക്കു ചെറിയ പോറലുകള്‍ വല്ലപ്രകാരത്തിലും സംഭവിച്ചാൽ ആ കുഴലുകള്‍ ചുരുങ്ങുകയും പ്ലേറ്റ്‌ലറ്റുകള്‍ മുറിവുപറ്റിയ സ്ഥലം അടയ്‌ക്കുകയും രക്തം അവിടെ കട്ടകെട്ടുകയും ചെയ്യുന്നതിനാൽ അതു പുറത്തേക്കു സ്രവിക്കുകയില്ല. എന്നാൽ ചിലപ്പോള്‍ രക്തക്കുഴലുകള്‍ക്ക്‌ ചില തകരാറുകളുണ്ടാകുകയോ പ്ലേറ്റ്‌ലറ്റിന്റെ അളവിൽ കുറവുണ്ടാകുകയോ രക്തം കട്ടപിടിക്കുന്നതിലുള്ള ന്യൂനതകള്‍ സംഭവിക്കുകയോ ചെയ്‌താൽ രക്തം കുഴലുകളിൽനിന്നു സ്രവിച്ച്‌ എക്കിമോസിസ്‌ ഉണ്ടാകുന്നു. സ്രവിച്ച രക്തത്തിനു രാസപരമായിത്തന്നെ മാറ്റങ്ങളുണ്ടായി ക്രമത്തിൽ രണ്ടുമൂന്നാഴ്‌ചകള്‍കൊണ്ട്‌ ആയതു മാഞ്ഞുപോകുന്നതാണ്‌. രക്തത്തിലെ ഹീമോഗ്ലോബിന്‍ ബിലിറൂബിന്‍ ആയി മാറുകയും തുടർന്ന്‌ ഹീമോസിഡെറിന്‍ എന്ന വസ്‌തുവായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെയാണ്‌ പച്ചകലർന്ന നീലനിറം മുതൽ സ്വർണത്തവിട്ടുനിറംവരെയുള്ള വർണവ്യത്യാസം അനുഭവപ്പെടുന്നത്‌. സാധാരണഗതിയിൽ 1 മുതൽ 2 സെ.മീ. വരെ വലിപ്പമുള്ള നീലപ്പാടുകളെ മാത്രമേ എക്കിമോസിസ്‌ എന്നു വിളിക്കാറുള്ളു. ഈ രാസപരിണാമങ്ങള്‍മൂലം വ്യത്യസ്‌തപദാർഥങ്ങളുണ്ടാകുമ്പോള്‍ അതതിന്റെ സ്വഭാവമനുസരിച്ച്‌ ചുമപ്പ്‌, നീലിച്ച ചുമപ്പ്‌, ഓറഞ്ച്‌, തവിട്ട്‌, നീല, പച്ച എന്നീ നിറങ്ങള്‍ കാണാവുന്നതാണ്‌. ചില ഔഷധങ്ങള്‍, രക്തത്തിലെ ചില വൈഷമ്യങ്ങള്‍, രക്താർബുദം, സ്‌കർവി (scurvy) മുതലായവ എക്കിമോസസിനു കാരണങ്ങളാണ്‌. നോ: എറിത്തിമ.

(ഡോ. പി. സരോജിനി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍