This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കർസ്‌ബെർഗ്‌,ക്രിസ്റ്റഫർ വിൽഹെൽമ്‌ (1783-1853)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:43, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എക്കർസ്‌ബെർഗ്‌,ക്രിസ്റ്റഫർ വിൽഹെൽമ്‌ (1783-1853)

Eckersberg, Christoffer Wilhelm

ക്രിസ്റ്റഫർ വിൽഹെൽമ്‌

ഡാനിഷ്‌ നിയോക്ലാസ്സിക്കൽ ചിത്രകാരന്‍. 1783 ജനു. 2-ന്‌ ബ്ലാക്‌റോഗിൽ ജനിച്ചു. കോപ്പന്‍ഹേഗന്‍ "അക്കാദമി ഒഫ്‌ ഫൈന്‍ ആർട്ട്‌സി'ൽ ശിക്ഷണം (1810-13) നേടിയ ശേഷം പാരിസിലേക്കു പോയി. അവിടെ ലൂയി ഡേവിഡിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ ക്ലാസ്സിക്കൽ ഛായാചിത്രങ്ങളുടെ രചനയിൽ അറിവുനേടി. ഷീന്‍ അഗസ്റ്റ്‌ ഡൊമിനിക്ക്‌ ഇങ്‌ഗ്ര്‌ എന്ന ചിത്രകാരനും എക്കർസ്‌ബെർഗിനെ ചിത്രരചനാഭ്യസനത്തിൽ സഹായിച്ചിട്ടുണ്ട്‌. 1813-16 കാലയളവിൽ റോമിൽവച്ചാണ്‌ ഇങ്‌ഗ്ര്‌, ഡാനിഷ്‌ നിയോക്ലാസ്സിക്കൽ ശില്‌പിയായ ബർങൽ തോർവാഡ്‌സെന്‍ എന്നിവരുമായി എക്കർസ്‌ബെർഗ്‌ പരിചയപ്പെട്ടത്‌. 1816-ൽ കോപ്പന്‍ഹേഗന്‍ ലളിതകലാ അക്കാദമിയിൽ ഒരു അധ്യാപകനായി എക്കർസ്‌ബെർഗ്‌ നിയമിക്കപ്പെട്ടു. ഭൂദൃശ്യചിത്രത്തിന്‌ നിക്കോളാസ്‌ പോസിനെയും ക്ലാഡ്‌ ലോറേനെയുമാണ്‌ എക്കർസ്‌ബെർഗ്‌ മാതൃകയായി സ്വീകരിച്ചത്‌. ചിത്രത്തിന്റെ വലുപ്പം, പ്രകാശം എന്നിവയെ സംബന്ധിച്ചുള്ള ഇവരുടെ ആശയങ്ങള്‍ക്ക്‌ എക്കർസ്‌ബെർഗ്‌ വില കല്‌പിച്ചിരുന്നുവെങ്കിലും അവ അപ്പാടെ സ്വീകരിച്ചിരുന്നില്ല. റോമിനെ ആസ്‌പദമാക്കി എക്കർസ്‌ബെർഗ്‌ രചിച്ച ചിത്രങ്ങള്‍ ഇദ്ദേഹം നവീനയുഗത്തിന്റെ പ്രതിനിധിയാണെന്ന്‌ തെളിയിക്കുന്നു. ഇതിനുദാഹരണമാണ്‌

ദർപ്പണിനു മുമ്പിലെ നഗ്നരൂപം-പെയിന്റിങ്‌

1814-ൽ വരച്ച ലാന്‍ഡ്‌സ്‌കേപ്‌ അറ്റ്‌ ഫൊണ്ടാനു അസറ്റോസാ എന്ന ചിത്രം. ഡാനിഷ്‌ കടൽത്തീരങ്ങളെപ്പറ്റി എക്കർസ്‌ബെർഗ്‌ പഠനം നടത്തിയിട്ടുണ്ട്‌. തന്റെ ആത്മസംതൃപ്‌തിക്കുവേണ്ടി മാത്രമായി ഇതിന്റെ മൂന്നു ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്‌. ഇവയുടെ രചനയിൽ ചിത്രരചനാകീഴ്‌വഴക്കങ്ങള്‍ക്ക്‌ സ്ഥാനം കല്‌പിച്ചിട്ടില്ലായെങ്കിലും ഇവ ഇപ്പോഴും ആകർഷകങ്ങളായി പരിഗണിക്കപ്പെടുന്നു. സ്‌ത്രീരൂപങ്ങള്‍ ചിത്രണംചെയ്യുന്നതിൽ മുന്‍കൈയെടുത്ത ഒരാളാണ്‌ ഇദ്ദേഹം. ഷാന്റെ വിഭാഗത്തിലെ ഒരു ഉത്തമ കലാസൃഷ്‌ടിയാണ്‌ 1830-40 കാലത്ത്‌ ഇദ്ദേഹം രചിച്ച "ദർപ്പണിനു മുന്‍പിലെ നഗ്നരൂപം' (Nude figure in front of a mirror) എന്ന ചിത്രം.

1853 ജൂല. 22-ന്‌ ഇദ്ദേഹം കോപ്പന്‍ഹേഗനിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍