This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എമെറ്റ്, റോബർട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എമെറ്റ്, റോബർട്ട്
Emmet, Robert (1778 - 1803)
ഐറിഷ് വിപ്ലവകാരിയും ദേശീയനേതാവും. അയർലണ്ടിലെ ബ്രിട്ടീഷ് വൈസ്രായിയുടെ ഭിഷഗ്വരനായിരുന്ന ഡോ. റോബർട്ട് എമെറ്റിന്റെ പുത്രനായി 1778 മാ. 4-ന് ഡബ്ലിനിൽ ജനിച്ചു. 1793-ൽ ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ ചേർന്നു. അവിടെ "യുണൈറ്റഡ് ഐറിഷ് മെന്‍' എന്ന സംഘടനയുടെ വിദ്യാർഥിവിഭാഗനേതാവായി. വിദ്യാർഥികളുടെ രാഷ്ട്രീയച്ചായ്വിനെക്കുറിച്ച് അന്വേഷിച്ചറിയാന്‍ യൂണിവേഴ്സിറ്റി ഒരു കമ്മിറ്റിയെ നിയോഗിച്ചപ്പോള്‍ അതിനെതിരായി ഇദ്ദേഹം ശബ്ദമുയർത്തി; 1796-ൽ കോളജ് വിട്ടു. 1798-ലെ ഐറിഷ് കലാപത്തിന്റെ ശില്പികളിലൊരാളും സ്വസഹോദരനുമായ തോമസ് എമെറ്റിന്റെ ആശയങ്ങള്‍ ഇദ്ദേഹത്തിൽ വമ്പിച്ച സ്വാധീനം ചെലുത്തിയിരുന്നു. 1800 മുതൽ രണ്ടുവർഷക്കാലം യൂറോപ്പ് വന്‍കരയിൽ സഞ്ചരിച്ച് ഇദ്ദേഹം അവിടങ്ങളിലുണ്ടായിരുന്ന ഐറിഷ് വിപ്ലവകാരികളുമായി ബന്ധം പുലർത്തി. ഐറിഷ് സ്വാതന്ത്യ്രസമരത്തിന് ഫ്രഞ്ചുസഹായം ലഭിക്കാന്‍ നെപ്പോളിയന് ബോണപ്പാർട്ടുമായി കൂടിയാലോചനകള്‍ നടത്തി. 1802 ഒക്ടോബറിൽ സ്വരാജ്യത്തു തിരിച്ചെത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരായി സമരം സംഘടിപ്പിക്കുവാന്‍ പദ്ധതികളാവിഷ്കരിച്ചു. 1803 ജൂല. 23-ന് 100 അനുചരന്മാരോടുകൂടി ഡബ്ലിന്കൊട്ടാരം തകർക്കാനും അവിടത്തെ വൈസ്രായിയെ വധിക്കാനും തീരുമാനിച്ചു. എന്നാൽ ഈ ശ്രമം പരാജയത്തിൽ കലാശിച്ചു. തുടർന്ന് ഇദ്ദേഹത്തിന് വിക്ലോ പർവതങ്ങളിൽ അഭയം പ്രാപിക്കേണ്ടിവന്നു. പിന്നീട് സാറാകുറന് എന്ന തന്റെ കാമിനിയെ സന്ദർശിക്കാനെത്തിയ അവസരത്തിൽ ഇദ്ദേഹം അധികാരികളുടെ കൈകളിലകപ്പെട്ടു. 1803 സെപ്. 19-ന് ഒരു പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടു. രാജ്യദ്രാഹകുറ്റം ചുമത്തി ഇദ്ദേഹത്തെ 1803 സെപ്. 20-ന് ബ്രിട്ടീഷ് ഗവണ്മെന്റ് തൂക്കിക്കൊന്നു.