This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതമേനോന്‍, ടി.സി.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:15, 30 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

അച്യുതമേനോന്‍, ടി.സി. (1864 - 1942)

മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കര്‍ത്താവ്. തെക്കേക്കുറുപ്പത്തു രാമഞ്ചിറമഠത്തില്‍ പാറുക്കുട്ടിയമ്മയുടെയും ഗുരുവായൂര്‍ കോട്ടപ്പടി നടുകാട്ടു കൃഷ്ണന്‍ നമ്പൂതിരിയുടെയും പുത്രനായി 1864-ല്‍ തൃശൂരില്‍ ജനിച്ചു. നൈസര്‍ഗികമായ സംഗീതവാസന ചെറുപ്പത്തിലേ പ്രകടമായിരുന്നു. അച്ഛന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് സംസ്കൃതം പഠിച്ചു. കൊല്ലം നാരായണപിള്ളയുടെ നാടകക്കമ്പനി കേരളവര്‍മയുടെ അഭിജ്ഞാനശാകുന്തളം രംഗത്തവതരിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. നാടകത്തില്‍ താത്പര്യമുണ്ടായിരുന്ന രാമഞ്ചിറമഠത്തില്‍ കാവമ്മ ആ നാടകസമിതിയെ തൃശൂരേക്കു ക്ഷണിച്ചു. നാടകങ്ങളില്‍ ശ്ളോകത്തേക്കാള്‍ ആസ്വാദ്യത ഗാനത്തിനാണെന്ന് കാവമ്മ മനസ്സിലാക്കി. അവരുടെ നിര്‍ദേശപ്രകാരമാണ് അച്യുതമേനോന്‍ സംഗീതനൈഷധം രചിച്ചത്. 1892-ല്‍ അത് അരങ്ങേറി. കാട്ടാളനായി നാടകകൃത്തും നളനായി കാവമ്മയും അഭിനയിച്ചു (മലയാള നാടകത്തിലെ ആദ്യത്തെ നടി കാവമ്മയാണ്). ഭാഷയിലെ പ്രഥമ സംഗീതനാടകമായ ആ കൃതിക്ക് വമ്പിച്ച പ്രചാരം ലഭിച്ചു. 39 വര്‍ഷംകൊണ്ട് 18 പതിപ്പുകളായി 33,800 പ്രതികള്‍ ചെലവായി. അച്യുതമേനോന്‍ 1893-ല്‍ തൃശൂര്‍ അമ്പാടി പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പല സമയങ്ങളിലായി കുറേക്കാലം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്വാതിതിരുനാളും ഇരയിമ്മന്‍ തമ്പിയും തുടങ്ങിവച്ച സംഗീതപാരമ്പര്യത്തിലെ തിളക്കമുള്ളൊരു കണ്ണിയാണ് ടി.സി. അച്യുതമേനോന്‍.

സംഗീതനൈഷധം: സംഗീതഹരിശ്ചന്ദ്രചരിതം; ജനാവാപര്‍വം; അവസാന പ്രസ്താവന; മദനികാമന്‍മഥം; പദ്മവ്യൂഹഭഞ്ജനം; കുചേലഗോപാലം; രുക്മിണീസ്വയംവരം; ബാലഗോപാലന്‍ (എല്ലാം നാടകങ്ങള്‍); ഭദ്രോത്സവം; ഹരിഹരചരിതം (ആട്ടക്കഥകള്‍) എന്നിവയാണ് പ്രധാന കൃതികള്‍. ഇവയില്‍ ആദ്യത്തെ നാലു കൃതികള്‍ മാത്രമേ അച്ചടിക്കപ്പെട്ടിട്ടുള്ളു. 1942 ജൂല. 8-ന് ടി.സി. അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍