This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടമത്സരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:21, 16 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓട്ടമത്സരങ്ങള്‍

ഒരു നിശ്ചിതദൂരം നിർദിഷ്‌ട മാർഗത്തിൽക്കൂടി ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ ഓടിത്തീർക്കുന്നതിനായി നടത്തുന്ന മത്സരം. എത്രപേർക്ക്‌ വേണമെങ്കിലും ഈ മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിർദിഷ്‌ട ട്രാക്കുകളുടെ എണ്ണത്തിൽക്കവിഞ്ഞാൽ ഘട്ടംഘട്ടമായി നടത്തുന്ന മത്സരങ്ങളിൽ ജയിക്കുന്നവർക്കായി നടത്തുന്ന അവസാന മത്സരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ നിർണയിക്കുന്നത്‌. എന്നാൽ ചില സന്ദർഭങ്ങളിൽ ഘട്ടംഘട്ടമായുള്ള മത്സരത്തിൽ ഒരാള്‍ എടുത്ത സമയം അന്തിമമത്സരത്തിലെ വിജയി എടുത്തതിനെക്കാള്‍ കുറവായിരുന്നാൽ അതിനുള്ള അംഗീകാരം ആ ഓട്ടക്കാരന്‌ ലഭിക്കുന്നതായിരിക്കും. ഒളിമ്പിക്‌ മത്സരങ്ങളിൽ ഓട്ടമത്സരങ്ങള്‍ക്കും സുപ്രധാനമായ സ്ഥാനം നല്‌കിയിട്ടുണ്ട്‌. ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലും ഇന്ന്‌ ഓട്ടമത്സരങ്ങള്‍ നടത്തിവരുന്നു. പുരാതനകാലം മുതല്‌ക്കേ ഓട്ടമത്സരങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നതായി തെളിവുകളുണ്ട്‌. അന്ന്‌ പ്രധാനമായും ഗ്രീസ്‌, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ ഈ മത്സരങ്ങള്‍ നടത്തിയിരുന്നത്‌. തപാൽ സൗകര്യങ്ങള്‍ ഇന്നത്തെപ്പോലെ നിലവിലില്ലായിരുന്ന കാലത്ത്‌ ഓട്ടത്തിൽ വിദഗ്‌ധരായ വ്യക്തികളെ ആയിരുന്നു എഴുത്തുകള്‍ കൈമാറുന്നതിനും സന്ദേശങ്ങള്‍ അറിയിക്കുന്നതിനും മറ്റും നിയോഗിച്ചിരുന്നത്‌. ഭാരതത്തിൽ രാജവാഴ്‌ച നിലവിലിരുന്ന കാലത്ത്‌ പരസ്‌പരം സന്ദേശങ്ങള്‍ അറിയിക്കുന്നതിനായി പ്രതേ്യകം ദൂതന്മാരെ ഏർപ്പെടുത്തിയിരുന്നു. ഓട്ടത്തിൽ പ്രതേ്യക പരിശീലനം നല്‌കിയശേഷമാണ്‌ ഇവരെ ഈ തുറകളിൽ നിയമിച്ചിരുന്നത്‌.

ബി.സി. 776-ൽ ഗ്രീസിൽ ഒളിമ്പിക്‌ മത്സരങ്ങള്‍ ആരംഭിച്ചിരുന്ന കാലംമുതല്‌ക്ക്‌ ഓട്ടമത്സരങ്ങളും നടത്തിവന്നിരുന്നു. ട്രാക്ക്‌ ആന്‍ഡ്‌ ഫീൽഡ്‌ മത്സരങ്ങളിൽ പ്രധാനപ്പെട്ട ഇനമാണ്‌ ഓട്ടമത്സരങ്ങള്‍. ഗ്രീസിൽവച്ച്‌ നടത്തപ്പെട്ടിരുന്ന പ്രാചീന ഒളിമ്പിക്‌സിൽ ഓട്ടത്തിനുള്ള രണ്ടുതരം മത്സരങ്ങളാണ്‌ നടത്തിവന്നത്‌: പടച്ചട്ടയും വാളും ധരിച്ച പടയാളികള്‍ ഓടുന്നതും; നഗ്നപാദരായ സാധാരണക്കാർ വീഥികളിൽക്കൂടി ഓടുന്നതും. 19-ാം ശതകത്തോടുകൂടി ട്രാക്ക്‌ ആന്‍ഡ്‌ ഫീൽഡ്‌ എന്ന പ്രതേ്യക വിഭാഗത്തിൽ ഓട്ടം, നടത്തം, ചാട്ടം, നീന്തൽ എന്നീ മത്സരങ്ങള്‍ നടത്തിത്തുടങ്ങിയപ്പോള്‍ ഓട്ടമത്സരങ്ങളുടെ പ്രാധാന്യം പൂർവാധികം വർധിക്കുകയുണ്ടായി. അതോടുകൂടി പഴയകാലത്തെ അരീനകളും സ്റ്റേഡിയങ്ങളും പുനരുദ്ധരിക്കേണ്ടിവന്നു. കൂടാതെ അണ്ഡാകൃതിയിലുള്ള (oval shaped) പുതിയ സ്റ്റേഡിയങ്ങള്‍ നിർമിക്കുകയും പ്രതേ്യകം അടയാളപ്പെടുത്തിയിട്ടുള്ള ട്രാക്കുകളിൽക്കൂടി ഓടുന്നതിനുള്ള നിബന്ധനകള്‍ ഉണ്ടാകുകയും ചെയ്‌തു. ഇതനുസരിച്ച്‌ ഒരുസമയം കുറഞ്ഞത്‌ ആറുപേർക്കെങ്കിലും ഓടത്തക്ക രീതയിൽ കളത്തിന്‌ ചുറ്റോടു ചുറ്റുമായി അടുത്തടുത്ത്‌ ഒരു മീറ്ററോളം വീതിയിൽ രേഖപ്പെടുത്തിയിട്ടുള്ള ആറുപാതകളിൽ ഓരോ പാതയുടെയും മധ്യത്തിൽക്കൂടി ഓട്ടക്കാർ ഓടണമെന്നുവന്നു. അപ്രദക്ഷിണ(anti clockwise)മായിട്ടാണ്‌ മത്സരങ്ങള്‍ നടന്നിരുന്നത്‌.

മറ്റു മത്സരങ്ങള്‍ക്കെന്നപോലെ ഓട്ടമത്സരങ്ങള്‍ക്കും ആരംഭം കുറിക്കുന്നതിന്‌ ചില സൂചനകള്‍ നല്‌കേണ്ടിവന്നു. ആദ്യകാലങ്ങളിൽ തൂവാല താഴെയിട്ടുകൊണ്ടാണ്‌ മത്സരങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിരുന്നത്‌. ക്രമേണ വിസിൽ മുഴക്കുക, കൈത്തോക്കുകൊണ്ട്‌ വെടിപൊട്ടിക്കുക തുടങ്ങിയ സൂചനകള്‍ നിലവിൽവന്നു.

ഓട്ടമത്സരങ്ങളിൽ പ്രധാനപ്പെട്ട ഇനങ്ങള്‍ സ്‌പ്രിന്റ്‌ (ഹ്രസ്വദൂരഓട്ടം), മധ്യദൂരഓട്ടം, ദീർഘദൂരഓട്ടം, സ്റ്റീപ്പിള്‍ചേസ്‌, ഹർഡിൽ റേസ്‌, ക്രാസ്‌ കണ്‍ട്രിറേസ്‌, മാരത്തോണ്‍ ഓട്ടം തുടങ്ങിയവയാണ്‌. സ്‌പ്രിന്റ്‌ മത്സരങ്ങള്‍. 100-400 മീ. ദൂരം വളരെ വേഗത്തിൽ ഓടിത്തീർക്കുന്നതാണ്‌ സ്‌പ്രിന്റ്‌. പാദങ്ങളുടെ മുന്നോട്ടുള്ള തള്ളൽ, അവയ്‌ക്കൊപ്പംതന്നെ ശരീരത്തിന്റെ മുന്നേറ്റവും ഈ ഓട്ടത്തിന്റെ സവിശേഷതകളാണ്‌. 100 മീ., 200 മീ., 400 മീ. എന്നീ മത്സരങ്ങളാണ്‌ സ്‌പ്രിന്റ്‌ ഇനങ്ങളിൽ ഉള്‍പ്പെടുന്നത്‌. 1896 ഒളിമ്പിക്‌സ്‌ മുതൽ 100 മീ. പുരുഷവിഭാഗം മത്സരങ്ങള്‍ നടന്നുവരുന്നു. വനിതാവിഭാഗം 100 മീ. സ്‌പ്രിന്റ്‌ ആരംഭിച്ചത്‌ 1928 ഒളിമ്പിക്‌സിലാണ്‌. 100 മീ. ജേതാവിനെ ലോകത്തെ ഏറ്റവും വേഗം കൂടിയ കായികതാരമായി കണക്കാക്കുന്നു. പുരുഷവിഭാഗം 100 മീറ്ററിലെ മികച്ച പ്രകടനങ്ങള്‍ 10 സെക്കന്‍ഡിന്‌ താഴെയുള്ളതും വനിതാവിഭാഗത്തിലേക്ക്‌ 11 സെക്കന്‍ഡിന്‌ താഴെയുള്ളതുമാണ്‌. ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്റെ 9.58 സെക്കന്‍ഡാണ്‌ ഇപ്പോള്‍ നിലവിലുള്ള പുരുഷവിഭാഗം റെക്കോർഡ്‌. വനിതാവിഭാഗത്തിൽ അമേരിക്കയുടെ ഫ്‌ളോറന്‍സ്‌ ഗ്രിഫിത്‌ ജോയ്‌നറുടെ 10.49 സെക്കന്‍ഡാണ്‌ റെക്കോർഡ്‌. ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്‌, അസഫ പവൽ, നെസ്റ്റാ കാർട്ടർ, സ്റ്റീവ്‌ മുളിങ്‌സ്‌, യോഹാന്‍ ബ്ലേക്ക്‌, യു.എസ്‌.എ.യുടെ ടൈസണ്‍ ഗ്ര, മൗറിസ്‌ ഗ്രീന്‍, ലീറോയ്‌ ബുറൽ, ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, മൈക്ക്‌ റോഡ്‌ജേർസ്‌, കാനഡയുടെ ഡോണോവന്‍ ബെയിലി, ബ്രൂണി സൂരിന്‍, നൈജീരിയയുടെ ഒലുസോജി ഫസൂബ, ട്രിനിഡാഡ്‌ ടൊബാഗോയുടെ റിച്ചാർഡ്‌ തോംസണ്‍ എന്നിവർ 10 സെക്കന്‍ഡിന്‌ താഴെ 100 മീ. ഓടിയെത്തിയ പ്രമുഖ പുരുഷ അത്‌ലറ്റുകളാണ്‌. വനിതാവിഭാഗത്തിൽ യു.എസ്‌.എ.യുടെ ഫ്‌ളോറന്‍സ ഗ്രിഫിത്‌ ജോയ്‌നർ, കാർമെലിറ്റ ജെറ്റർ, മറിയോണ്‍ ജോണ്‍സ്‌, എവലിന്‍ ആഷ്‌ഫോഡ്‌, ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രസർ, മെർലീന്‍ ഓട്ടി, വെറണിക്ക കാംപ്‌ബെൽ ബ്രൗണ്‍, ഫ്രാന്‍സിന്റെ ക്രിസ്റ്റീന്‍ ആരണ്‍, റഷ്യയുടെ ജറീന പ്രിവളോവ, ബള്‍ഗേറിയയുടെ ഇവറ്റ്‌ ലാലേവ എന്നിവർ 11 സെക്കന്‍ഡിന്‌ താഴെയുള്ള സമയംകൊണ്ട്‌ 100 മീ. ഓടിയെത്തിയിട്ടുണ്ട്‌.

200 മീറ്ററിൽ പുരുഷവിഭാഗത്തിൽ 20 സെക്കന്‍ഡിന്‌ താഴെയുള്ള സമയവും വനിതാവിഭാഗത്തിൽ 22 സെക്കന്‍ഡിന്‌ താഴെയുള്ള സമയവും ഏറ്റവും മികച്ചതായി കരുതുന്നു. ഇവിടെയും ഉസൈന്‍ ബോള്‍ട്ടാണ്‌ പുരുഷവിഭാഗം റെക്കോർഡിന്റെ ഉടമ. കോഹന്‍ ബ്ലേക്ക്‌ (ജമൈക്ക); മൈക്കന്‍ ജോണ്‍സണ്‍, മാള്‍ട്ടർ ഡിക്‌സ്‌, ടൈസണ്‍ ഗ്ര, സേവിയർ കാർട്ടർ, മല്ലാസ്‌ സ്‌പിയർമാന്‍, മൈക്കൽ മാർഷ്‌, (യു.എസ്‌.എ.); ഫ്രാകി ഫ്രഡറിക്‌ (നമീബിയ); പിയട്രാ മെനിയ (ഇറ്റലി) എന്നിവരാണ്‌ 200 മീറ്ററിൽ മികച്ചസമയം കണ്ടെത്തിയ മറ്റ്‌ അത്‌ലറ്റുകള്‍. വനിതാ വിഭാഗത്തിൽ ഫ്‌ളോറന്‍സ്‌ ഗ്രിഫിത്ത്‌, ജോയ്‌നർ, മറിയണ്‍ ജോണ്‍സ്‌, ഗ്വെന്‍ ടൊറന്‍സ്‌ (യു.എസ്‌.എ.); മെർലിന്‍ ഓട്ടി, വെറോണിക്ക കാർമെന്‍ ഓട്ടി, ഗ്രസ്‌ ജാക്‌സണ്‍ (ജമൈക്ക); മറീറ്റ കോച്ച്‌, ഹെയ്‌കെ ഡ്രഷ്‌ലർ, മാർലീസ്‌ ഗോർ, സിൽക്കെ ഗ്ലാഡിഷ്‌-വോളർ (കിഴക്കന്‍ ജർമനി) എന്നിവരാണ്‌ 200 മീറ്ററിൽ മികച്ചസമയം കണ്ടെത്തിയ വനിതാഅത്‌ലറ്റുകള്‍.

400 മീ. സ്‌പ്രിന്റും, 100 മീ. പോലെ 1896 ഒളിമ്പിക്‌സ്‌ മുതൽ നിലവിലുണ്ട്‌. വനിതാവിഭാഗം 400 മീ. 1964 ഒളിമ്പിക്‌സ്‌ മുതൽ നിലവിൽവന്നു. ഇത്‌ അമേരിക്കന്‍ അത്‌ലറ്റുകള്‍ ആധിപത്യം പുലർത്തുന്ന ഒരു മത്സരയിനമാണ്‌. 400 മീ. പുരുഷവിഭാഗത്തിൽ മികച്ച 10 സമയങ്ങള്‍ അമേരിക്കക്കാരുടേതാണ്‌. 43.18 സെക്കന്‍ഡുകൊണ്ട്‌ 400 മീ. ഓടി റെക്കോർഡ്‌ സ്ഥാപിച്ച മൈക്കൽ ജോണ്‍സണിനു പിന്നിൽ ഹാരി റെയനോള്‍ഡ്‌, ജെറമി മാറിനെർ, ക്വിന്‍സി വാട്‌സ്‌, ലാഷാണ്‍ മെറിറ്റ്‌, ഡാനി എവററ്റ്‌, ലീ ജവാന്‍സ്‌, സ്റ്റീവ്‌ ലെവിസ്‌, ലാറി ജയിംസ്‌ എന്നിവരും 44 സെക്കന്‍ഡിന്‌ താഴെയുള്ള സമയത്ത്‌ 400 മീ. ഓടിയെത്തിയിട്ടുണ്ട്‌. വനിതാവിഭാഗത്തിൽ മറിറ്റ കോച്ച്‌ (കിഴക്കന്‍ ജർമനി) ആണ്‌ ഏറ്റവും മികച്ച സമയം കണ്ടെത്തിയത്‌ (47.60). ചെക്ക്‌സ്ലോവാക്കിയയുടെ ജർമില ക്രറ്റോച്‌വിലോവ, റ്റാടാന കൊചംബോവ, ഫ്രാന്‍സിന്റെ മാറി ജോസ്‌പെരെക്‌, റഷ്യയുടെ ഓള്‍ഗ വ്‌ളാഡികിന ബ്രിസ്‌ഗിന, ആസ്റ്റ്രലിയയുടെ കാതിഫ്രീമാന്‍, യു.എസ്‌.എ.യുടെ സാന്യ റിച്ചാർഡ്‌സ്‌, വാലെറി ബ്രിസ്‌കോ-ഹുക്‌സ്‌ ചന്ദ്ര ചീസ്‌ബറോ, മെക്‌സിക്കോയുടെ അന ഗുവാര എന്നീ വനിതാ അത്‌ലറ്റുകള്‍ 49 സെക്കന്‍ഡോ അതിൽ താഴെയുള്ള സമയംകൊണ്ടോ 400 മീറ്റർ ഓടിയവരാണ്‌.

മധ്യദൂര ഓട്ടമത്സരങ്ങള്‍ (Middle Distance Running Races). സ്പ്രിന്റ്‌ മത്സരദൂരത്തിലെ ഏറ്റവും നീണ്ട ഇനമായ 400 മീറ്ററിനെക്കാള്‍ ദൈർഘ്യമുള്ളതും 3,000 മീ. വരെയുള്ളതുമായ ഓട്ടമത്സരങ്ങളെയാണ്‌ മധ്യദൂര ഓട്ടമത്സരങ്ങള്‍ എന്നുവിശേഷിപ്പിക്കുന്നത്‌. 800 മീ., 1,500 മീ. എന്നിവയാണ്‌ ഇതിൽ ഏറ്റവും പ്രചാരമുള്ള ഇനങ്ങള്‍. ഒരു മൈൽ, അരമൈൽ, 2,000 മീ. തുടങ്ങിയവ ചില ടൂർണമെന്റുകളിൽ ഉള്‍പ്പെടുത്താറുണ്ട്‌. 800 മീ. പുരുഷവിഭാഗം മത്സരങ്ങള്‍ ആദ്യംമുതൽ ഒളിമ്പിക്‌സിന്റെ ഭാഗമായിരുന്നു. വനിതാവിഭാഗം 800 മീ. 1928 ഒളിമ്പിക്‌സിൽ ഉള്‍പ്പെടുത്തുകയും അതിനുശേഷം നിർത്തിവയ്‌ക്കുകയും ചെയ്‌തു. 1960-ലാണ്‌ പുനരാരംഭിച്ചത്‌. 2010-ൽ ഡേവിഡ്‌ ലെകുത റുഷിദ സ്ഥാപിച്ച 1:41:01 ആണ്‌ പുരുഷവിഭാഗത്തിലെ നിലവിലുള്ള റെക്കോർഡ്‌. വനിതാവിഭാഗത്തിൽ 1983-ൽ ജർമില ക്രാറ്റോഷ്‌വിലോവ സ്ഥാപിച്ച 1:53:28 എന്ന റെക്കോർഡ്‌ നിലനില്‌ക്കുന്നു. 1500 മീറ്ററിൽ മൊറോക്കോയുടെ ഹിച്ചാം എൽ ഗുറുജ്‌ 1988-ൽ സ്ഥാപിച്ച 3:26:001 വനിതാവിഭാഗത്തിൽ ചൈനയുടെ ക്യൂ യുങ്‌സിയാ 1993-ൽ സ്ഥാപിച്ച 3:50:46 എന്നതുമാണ്‌ നിലവിലുള്ള റെക്കോർഡുകള്‍. ഒരു മൈൽദൂരം അഞ്ച്‌ മിനിട്ടിൽ താഴെയുള്ള സമയംകൊണ്ട്‌ ആദ്യമായി ഓടിയ റോജർ ബാനിസ്റ്റർ, പറക്കുന്ന ഫിന്‍ എന്നറിയപ്പെടുന്ന പാവോ നൂർമി എന്നിവർ പ്രശസ്‌തരായ മധ്യദൂര ഓട്ടക്കാരാണ്‌.

ദീർഘദൂര ഓട്ടമത്സരങ്ങള്‍. 3,000-30,000 മീ. ദൂരം ഓടേണ്ട മത്സരങ്ങളാണ്‌ ഇവ. സ്റ്റീപ്പിള്‍ ചേസിങ്‌, ക്രാസ്‌ കണ്‍ട്രി ഓട്ടം, മാരത്തോണ്‍ എന്നിവയാണ്‌ ദീർഘദൂര ഓട്ടമത്സരത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. 3,000 മീ., 5,000 മീ. 10,000 മീ., 30,000 മീ. എന്നിങ്ങനെ പ്രതേ്യകമായിട്ടാണ്‌ ഈ മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ളത്‌. ഒരു മണിക്കൂറിനകം ഓടിത്തീർക്കേണ്ടതും, 24 മണിക്കൂറിൽ ഓടിത്തീർക്കേണ്ടതുമായ മത്സരങ്ങള്‍ ഇതിലുള്‍പ്പെടുന്നു. 80-കളിൽ മധ്യദൂര ദീർഘദൂര ഇനങ്ങളിൽ നിരവധി റെക്കോർഡുകള്‍ സ്ഥാപിച്ച സെയ്‌ദ്‌ ഔയിത, 5,000 മീ., 10,000 മീ. ഇനങ്ങളിൽ ഒളിമ്പിക്‌ (2004, 08) ലോകമത്സരങ്ങളിൽ സ്വർണമെഡലുകള്‍ നേടിയ കെനനീസ വെകെൽ, 5,000 മീറ്ററിൽ 1954-ൽ ലോകറെക്കോർഡ്‌ സ്ഥാപിച്ച ക്രിസ്റ്റോഫർ ചാറ്റവേ, എട്ടുവർഷം 10,000 മീ. ലോകറെക്കോർഡ്‌ നിലനിർത്തിയ റോണ്‍ ക്ലാർക്ക്‌, 2004 ആഥന്‍സ്‌ ഒളിമ്പിക്‌സിൽ ഇരട്ടസ്വർണം അടക്കം നിരവധി ഒളിമ്പിക്‌, ലോകമത്സരവേദികളിൽ സ്വർണമെഡൽ നേടിയിട്ടുള്ള ഹിച്ചാം എൽ ഗുറൂജ്‌, 1996, 2000 ഒളിമ്പിക്‌സുകളിൽ 10,000 മീറ്ററിൽ സ്വർണം നേടുകയും എക്കാലത്തെയും മികച്ച ഓട്ടക്കാരിൽ ഒരാളായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ഹെയിലി ഗെബ്രസലസ്സി, ഓട്ടമത്സരരംഗത്തെ ഇതിഹാസമായ പാവോ നൂർമി, 1980 ഒളിമ്പിക്‌സിൽ രണ്ട്‌ സ്വർണം നേടിയ മിറൂത്‌സ്‌യിഫ്‌റ്റർ, അഞ്ച്‌ ഒളിമ്പിക്‌സ്‌ മെഡലുകള്‍ നേടിയ വില്ലെറിറ്റോള, 1948, 52 ഒളിമ്പിക്‌സുകളിൽ സ്വർണം നേടുകയും 10,000 മീറ്ററിൽ 29 മിനിട്ടിന്റെ കടമ്പ ആദ്യമായി ഭേദിക്കുകയും ചെയ്‌ത എമിൽ സാടോപെക്‌ എന്നിവർ ദീർഘദൂരം പുരുഷവിഭാഗത്തിലെ പ്രസിദ്ധരായ കായികതാരങ്ങളാണ്‌. വനിതാവിഭാഗത്തിൽ, 10,000 മീറ്ററിൽ 30 മിനിട്ടിന്‌ താഴെയുള്ള സമയംകൊണ്ട്‌ ആദ്യമായി ഓടിയെത്തിയ വാങ്‌ ജങ്‌സിയ, 5,000 മീ., 10,000 മീ. മത്സരങ്ങളിൽ രണ്ടിലും സ്വർണംനേടിയ ആദ്യത്തെ വനിതാ അത്‌ലറ്റായ തിരുനേഷ്‌ ഡിബാബ, നഗ്നപാദയായി ഓടി 5,000 മീ. ലോകറെക്കോർഡ്‌ സ്ഥാപിച്ച സോള ബഡ്‌ 10,000 മീറ്ററിൽ നിരവധി ലോകറെക്കോർഡുകള്‍ സ്ഥാപിച്ച സോണിയ ഓ സള്ളിവന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറയേണ്ടതാണ്‌.

സ്റ്റീപ്പിള്‍ ചേസിങ്‌. 3,000 മീ. ദൂരം ലഘുവായ പ്രതിബന്ധങ്ങള്‍ തരണംചെയ്‌ത്‌ ഓടിത്തീർക്കുന്നതാണ്‌ സ്റ്റീപ്പിള്‍ ചേസിങ്‌. പ്രയാസം കൂടിയതും കുറഞ്ഞതുമായ ഏകദേശം 35 പ്രതിബന്ധങ്ങള്‍ 80 മീ. വീതം അകലത്തിൽ 3,000 മീ. ദൂരത്തിനുള്ളിൽ ഉണ്ടായിരിക്കും. ഇതിൽ ഏഴ്‌ ജല പ്രതിബന്ധങ്ങളും (water jumps) 28 മെറ്റു തടസ്സങ്ങളുമാണ്‌ തരണം ചെയ്യേണ്ടത്‌. ഇവയ്‌ക്ക്‌ 3' പൊക്കവും വശത്തോടുവശം 12' ദൈർഘ്യവുമുണ്ടായിരിക്കും. ജി. ഓർട്ടണ്‍ (യു.എസ്‌.) സ്റ്റീപ്പിള്‍ ചേസിന്റെ നിലവിലുള്ള റെക്കോർഡ്‌ 2004-ൽ സെയ്‌ഫ്‌ സയീദ്‌ ഷഹീന്‍ (ഖത്തർ) ആണ്‌ സ്ഥാപിച്ചത്‌-7:53.63. 2002-ൽ ബ്രാഹിം ബൗലാമി ഇതിലും മെച്ചപ്പെട്ട സമയം ഓടിയിട്ടുണ്ടെങ്കിലും ഉത്തേജക മരുന്നുകഴിച്ചു എന്ന്‌ തെളിഞ്ഞതിനെത്തുടർന്ന്‌ റെക്കോർഡ്‌ അസാധുവാക്കപ്പെട്ടു. എട്ട്‌ മിനിട്ടിൽ താഴെയുള്ള സമയംകൊണ്ട്‌ സ്റ്റീപ്പിള്‍ ചേസ്‌ ഓടിയെത്തിയ ആദ്യത്തെ അത്‌ലറ്റ്‌ കെനിയയുടെ മോസസ്‌ കിപ്‌താനൂയി ആണ്‌ (7:59.18). 1995-ലാണ്‌ ഇത്‌. വനിതാവിഭാഗം സ്റ്റീപ്പിള്‍ ചേസ്‌ റെക്കോർഡ്‌ റഷ്യയുടെ ഗുൽനാര ഗാൽകിന സമിതോവയ്‌ക്കാണ്‌-8:58.81. 2008 ഒളിമ്പിക്‌സിലാണ്‌ ഈ റെക്കോർഡ്‌ പിറന്നത്‌.

ഹർഡിൽ റേസ്‌. സ്റ്റീപ്പിള്‍ ചേസ്‌ ഓട്ടത്തിന്റെ ഒരു വിഭാഗമാണിത്‌. ഏകദേശം 100-400 മീ. ദൂരം പ്രയാസമേറിയ തടസ്സങ്ങള്‍ തരണം ചെയ്‌ത്‌ ഓടേണ്ടതാണ്‌ ഹർഡിൽ റേസ്‌. ലോ ഹർഡിലിങ്ങിന്‌ (100 മീ.) 9.14 മീ. ഇടവിട്ട്‌ 42 പൊക്കമുള്ള 10 ഹർഡിലുകളും; ഹൈ ഹർഡിലിങ്ങിൽ (400 മീ.) 35 മീ. ഇടവിട്ട്‌ 36 പൊക്കമുള്ള 10 ഹർഡിലുകളും ഉണ്ടായിരിക്കും. അമേരിക്കന്‍ അത്‌ലറ്റ്‌ ഗ്ലെന്‍ ഡേവിഡ്‌ 1956-ൽ 400 മീ. ഹർഡിൽസിൽ ലോകറെക്കോർഡ്‌ സ്ഥാപിച്ചു (49.5. സെ.). 1956, 60 ഒളിമ്പിക്‌സുകളിലെ 400 മീ. ഹർഡിൽസ്‌ സ്വർണമെഡൽ ജേതാവായിരുന്നു ഡേവിഡ്‌. അമേരിക്കയുടെ എഡ്വിന്‍ മോസസ്‌ ഹർഡിൽസിലെ പ്രശസ്‌തനായ താരമാണ്‌. 1977-നും 87-നും ഇടയ്‌ക്ക്‌ 122 ഹർഡിൽസ്‌ മത്സരങ്ങള്‍ വിജയിക്കുകയും 76, 84 ഒളിമ്പിക്‌സുകളിൽ സ്വർണമെഡൽ നേടുകയും ചെയ്‌തു. 1988-ലെ ഒളിമ്പിക്‌സിൽ ഇദ്ദേഹം മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനത്തേക്ക്‌ തള്ളിപ്പോയി. ക്രാസ്‌ കണ്‍ട്രി ഓട്ടമത്സരം. 1837-നുശേഷമാണ്‌ ക്രാസ്‌ കണ്‍ട്രി ഓട്ടമത്സരങ്ങള്‍ പ്രചാരത്തിൽവന്നത്‌. ആദ്യത്തെ ക്രാസ്‌ കണ്‍ട്രി മത്സരം ബ്രിട്ടനിൽവച്ച്‌ നടത്തപ്പെട്ട "ക്രിക്ക്‌റണ്‍' ആണ്‌. ശീതകാലത്ത്‌ ബ്രിട്ടനിൽ നടത്തിവന്നിരുന്ന കായികവിനോദങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്‌. 10,000 മീ. ദൂരമാണ്‌ ക്രാസ്‌ കണ്‍ട്രി മത്സരത്തിൽ ഓടേണ്ടത്‌. തുറസ്സായ മൈതാനങ്ങളിലോ പുൽപ്രദേശങ്ങളിലോ ആയിരിക്കും ഈ മത്സരം സംഘടിപ്പിക്കുക. 1876-നുശേഷം ഈ മത്സരത്തിന്‌ ദേശീയ ചാമ്പ്യന്‍പദവി ഏർപ്പെടുത്തി. ഒളിമ്പിക്‌ മത്സരങ്ങളിലും ഇതിന്‌ സ്ഥാനം ലഭിച്ചു.

റിലേ ഓട്ടമത്സരം. ഒളിമ്പിക്‌ കായികമത്സരങ്ങളിലെ ഒരു പ്രധാന ഇനമാണ്‌ റിലേ ഓട്ടം. നാല്‌ അംഗങ്ങള്‍ വീതമുള്ള മൂന്നോ നാലോ ടീമുകള്‍ ഈ മത്സരത്തിൽ പങ്കെടുക്കുന്നു. ഒരു ടീമിലെ അംഗങ്ങള്‍ ഒരേ ട്രാക്കിൽത്തന്നെ ഒരു നിശ്ചിത അകലത്തിൽ സ്ഥാനമുറപ്പിക്കും. ഇപ്രകാരം ഓരോ ട്രാക്കിലും ഓരോ ടീമിലെ അംഗങ്ങള്‍ അവരുടെ സ്ഥാനമുറപ്പിച്ചശേഷമാണ്‌ മത്സരം ആരംഭിക്കുന്നത്‌. ഓരോ ട്രാക്കിലും ആദ്യത്തെ സ്ഥാനത്തു നില്‌ക്കുന്ന ഓട്ടക്കാരന്റെ കൈയിൽ ഒരു പതാകയോ, കമ്പോ, തുണിയോ നല്‌കിയിരിക്കും. മത്സരം തുടങ്ങിക്കഴിഞ്ഞാൽ കൈയിലിരിക്കുന്ന സാധനവുമായി ആദ്യത്തെ സ്ഥാനത്ത്‌ നില്‌ക്കുന്ന ഓട്ടക്കാരന്‍ ഓടി തന്റെ ട്രാക്കിൽ രണ്ടാം സ്ഥാനത്ത്‌ നില്‌ക്കുന്ന ഓട്ടക്കാരന്റെ അടുത്തെത്തി കൈയിലിരിക്കുന്ന സാധനം അയാളെ ഏല്‌പിക്കുന്നു. അത്‌ കൈയിൽ കിട്ടിയാലുടന്‍ രണ്ടാമത്തെ ഓട്ടക്കാരന്‍ ഓടി മൂന്നാമത്തെ ഓട്ടക്കാരന്റെ അടുത്തെത്തി കൈയിലുള്ള സാധനം അയാളെ ഏല്‌പിക്കുന്നു. ഉടന്‍തന്നെ മൂന്നാമത്തെ ആള്‍ ആ സാധനവുമായി ഓടി തന്റെ ട്രാക്കിൽ നാലാമത്തെ സ്ഥാനത്ത്‌ നില്‌ക്കുന്ന ആളിന്റെ കൈയിൽ അത്‌ ഏല്‌പിക്കുന്നു. വിവിധ ട്രാക്കുകളിൽ നാലാമത്തെ സ്ഥാനത്ത്‌ നില്‌ക്കുന്ന ഓട്ടക്കാരിൽ ഏറ്റവും ആദ്യം ലക്ഷ്യസ്ഥാനത്ത്‌ ഓടി എത്തുന്ന ആളിന്റെ ടീം വിജയിച്ചതായി പ്രഖ്യാപിക്കുന്നു.

മാരത്തോണ്‍ മത്സരം. ഓട്ടമത്സരങ്ങളിൽവച്ച്‌ ഏറ്റവും കൂടുതൽ ദൂരം ഓടേണ്ടതും കായികശേഷിയും സഹനശക്തിയും, വളരെ കൂടുതൽ അവശ്യം വേണ്ടതുമായ ഒരു കായിക വിനോദമാണിത്‌. ബി.സി. 490-ൽ ആഥന്‍സും പേർഷ്യയും തമ്മിൽ നടന്ന യുദ്ധത്തിൽ ആഥന്‍സിന്റെ വിജയം മാരത്തോണ്‍ എന്ന സ്ഥലത്തുനിന്ന്‌ ഓടിയെത്തിയ ഫെയ്‌ഡിപ്പിഡസ്‌ (Pheidippides)എന്ന ഒരു പട്ടാളക്കാരനാണ്‌ ആഥന്‍സിൽ അറിയിച്ചത്‌. ഇതിനെ അനുസ്‌മരിപ്പിക്കത്തക്കവണ്ണം ഒളിമ്പിക്‌ മത്സരങ്ങളിലും ഈ ഓട്ടം ഏർപ്പെടുത്തിയിട്ടുണ്ട്‌. 1896-ൽ ഏർപ്പെടുത്തിയ ഈ ഓട്ടത്തിന്‌ ഇതേ കാരണം കൊണ്ടുതന്നെ "മാരത്തോണ്‍ ഓട്ടം' എന്ന പേരും നല്‌കപ്പെട്ടു. 25 മൈൽ (40 കി.മീ.) ദൂരമാണ്‌ ഇതിൽ ഓടിത്തീർക്കേണ്ടത്‌. 1908-നുശേഷം ദൂരം 26 മൈലായി നിശ്ചയിച്ചു. സാധാരണയായി പൊതുനിരത്തുകളിൽക്കൂടിയോ, ഇതിനായി പ്രത്യേകം നിർമിക്കപ്പെട്ടിട്ടുള്ള നിരത്തുകളിലൂടെയോ ആണ്‌ ഓടേണ്ടത്‌. മത്സരത്തിൽ ഓടിത്തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും സ്റ്റേഡിയത്തിൽ തന്നെയായിരിക്കും. ഓരോ 1,100 മീ. ദൂരത്തിനിടയ്‌ക്കും ലഘുഭക്ഷണശാലകള്‍ ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കളിക്കാർക്ക്‌ പോഷകാംശങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടുകള്‍ ഇവിടെ ചെയ്‌തിരിക്കും.

മാരത്തോണ്‍ മത്സരങ്ങള്‍ 1896-ലാണ്‌ ആദ്യം നടന്നതെങ്കിലും 1921-ൽ മാത്രമാണ്‌ അന്തർദേശീയ അമച്വർ അത്‌ലറ്റിക്‌ ഫെഡറേഷന്‍ മാരത്തോണിന്റെ ദൂരവും മറ്റ്‌ നിബന്ധനകളും മാനകീകരിച്ചത്‌. അതുകാരണം ഒരുകാലത്തെ റെക്കോർഡുകള്‍ പലതും പിന്നീട്‌ തള്ളപ്പെട്ടുപോയി. 1896-ലെ ആദ്യ ഒളിമ്പിക്‌സിൽ ഗ്രീസിന്റെ സ്‌പൈറോസ്‌ ലൂയിസാണ്‌ മാരത്തോണ്‍ വിജയിച്ചത്‌. 2011 ബർലിന്‍ മാരത്തോണിൽ കെനിയയിലെ പാട്രിക്‌ മകാവു രേഖപ്പെടുത്തിയ രണ്ട്‌ മണിക്കൂർ മൂന്ന്‌ മിനിട്ട്‌ 38 സെക്കന്‍ഡ്‌ ആണ്‌ ഇന്ന്‌ നിലവിലുള്ള മാരത്തോണ്‍ റെക്കോർഡ്‌. 2003 ലണ്ടന്‍ മാരത്തോണിൽ യു.കെ.യുടെ പൗല റാഡ്‌ക്ലിഫ്‌ രേഖപ്പെടുത്തിയ രണ്ട്‌ മണിക്കൂർ 15 മിനിട്ട്‌ 25 സെക്കന്‍ഡ്‌ ആണ്‌ വനിതാവിഭാഗം റെക്കോർഡ്‌. ഇപ്പോള്‍ അംഗീകൃതമായിട്ടുള്ള ഏറ്റവും മികച്ച 10 ടൈമിങ്ങുകളിൽ പുരുഷവിഭാഗത്തിൽ ഒമ്പത്‌ എണ്ണവും വനിതാവിഭാഗത്തിൽ മൂന്ന്‌ എണ്ണവും കെനിയക്കാരുടേതാണ്‌. ഒളിമ്പിക്‌ മത്സരങ്ങളിലെ ഓട്ടമത്സരങ്ങള്‍ക്കു പുറമേ അന്താരാഷ്‌ട്രതലത്തിലും ദേശീയതലത്തിലും ഓട്ടമത്സരങ്ങള്‍ നടത്തപ്പെടുന്നുണ്ട്‌. ഇന്റർനാഷനൽ അമച്വർ അത്‌ലറ്റിക്‌ ഫെഡറേഷന്‍ (IAAF), യു.എസ്സിലെ അമച്വർ അത്‌ലറ്റിക്‌ യൂണിയന്‍ (AAU), ബ്രിട്ടീഷ്‌ അമച്വർ അത്‌ലറ്റിക്‌ യൂണിയന്‍ തുടങ്ങി പല അന്താരാഷ്‌ട്ര സംഘടനകളും ഓട്ടമത്സരങ്ങള്‍ നടത്തിവരുന്നുണ്ട്‌.

ഭാരതത്തിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും, ഓട്ടമത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്‌. വിവിധ അത്‌ലറ്റിക്‌ സംഘടനകള്‍ ഓട്ടമത്സരങ്ങളുടെ പ്രചരണത്തിനും വികാസത്തിനുംവേണ്ടി യത്‌നിച്ചുവരുന്നു. ഓരോ സംസ്ഥാനത്തിലെയും സ്‌പോർട്‌സ്‌ കൗണ്‍സിലുകളും, വൈ.എം.സി.എ. തുടങ്ങിയ സാമൂഹിക സാംസ്‌കാരിക സംഘടനകളും സർവകലാശാലാ അത്‌ലറ്റിക്‌ യൂണിയനുകളും മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്‌. ഇതിലേക്കായി പ്രതേ്യക അവാർഡുകളും മെഡലുകളും ഏർപ്പെടുത്തിയിട്ടുമുണ്ട്‌.

ഓട്ടമത്സരങ്ങളുടെ ഒളിമ്പിക്‌, അന്തർദേശീയ വേദികളിൽ ഇന്ത്യക്ക്‌ മെഡലുകളൊന്നും ഇന്നോളം നേടാനായിട്ടില്ലെങ്കിലും ഏഷ്യന്‍ ഗെയിംസ്‌ വേദിയിൽ ഇന്ത്യയുടെ മെഡൽ നേട്ടങ്ങള്‍ക്കു പിന്നിൽ നിരവധി പ്രഗല്‌ഭ ഓട്ടക്കാരുണ്ടായിരുന്നു. മെഡൽ നേടാനായില്ലെങ്കിലും ഒളിമ്പിക്‌ മത്സരവേദിയിലെ മികച്ച പ്രകടനത്തോടെ ലോകശ്രദ്ധയാകർഷിച്ച രണ്ട്‌ ഇന്ത്യന്‍ ഓട്ടക്കാരായിരുന്നു "പറക്കും സിക്ക്‌' എന്നിറിയപ്പെട്ടിരുന്ന മിൽക്കാസിങ്ങും, കേരളീയതാരം പി.ടി. ഉഷയും. ഇവരെക്കൂടാതെ ശ്രീറാംസിങ്‌, ബഹാദുർ പ്രസാദ്‌, കെ.എം. ബിനു, എഡ്വാർഡ്‌ സെക്വിറ, ശിവനാഥ്‌സിങ്‌ എന്നീ പുരുഷ അത്‌ലറ്റുകളും, എം.ഡി. വൽസമ്മ, ഷൈനി എബ്രഹാം, അശ്വനി നാച്ചപ്പ, മേഴ്‌സികുട്ടന്‍, വന്ദന റാവു, വന്ദന ഷാന്‍ബാഗ്‌, കെ.എം. ബീനാമോള്‍, ചിത്രാസോമന്‍, ഗീതാസുത്‌ഷി, റോസക്കുട്ടി, മന്‍ജിക്‌ കൗർ, സിനിമോള്‍ പൗലോസ്‌ എന്നീ വനിതാ അത്‌ലറ്റുകളും ഓട്ടമത്സരത്തിന്റെ വേദികളിൽ ഇന്ത്യക്കുവേണ്ടി തിളങ്ങിയവരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍