This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്റ്റിയോ ആർത്രറ്റിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:17, 16 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓസ്റ്റിയോ ആർത്രറ്റിസ്‌

Osteo Arthritis

അസ്ഥിസന്ധിശോഥം. പ്രായാധിക്യംകൊണ്ട്‌ അസ്ഥിസന്ധികള്‍ക്കു ശക്തിക്ഷയം സംഭവിക്കുന്നതുമൂലമാണ്‌ ഓസ്റ്റിയോ ആർത്രറ്റിസ്‌ സാധാരണയുണ്ടാകുന്നത്‌. നിരന്തരമായി ശരീരഭാരം താങ്ങേണ്ടിവരുന്നഭാഗത്തെ (ഉദാ. നിതംബസന്ധികള്‍) അസ്ഥിസന്ധികളെയാണ്‌ പ്രധാനമായും ഈ രോഗം ബാധിക്കുന്നത്‌. ദുർമേദസ്സുള്ളവരിൽ ഇത്‌ കൂടുതലായി അനുഭവപ്പെടും. ഹീമോഫീലിയ എന്നരോഗംമൂലം അസ്ഥിസന്ധികളിൽ പല തവണ രക്തസ്രാവം ഉണ്ടാവുന്നത്‌ മറ്റൊരുകാരണമാണ്‌. പഴക്കംചെന്ന സിഫിലിസ്‌ രോഗം സന്ധികളിലേക്കുള്ള നാഡികളെ കേടുവരുത്തുന്നതുകൊണ്ട്‌ സംവേദനശക്തി നഷ്‌ടപ്പെടുകയും രോഗി അറിയാതെതന്നെ സന്ധികളിൽ കൂടുതൽ പ്രതിബലം ഉണ്ടാവുകയും ചെയ്യുന്നതും ഓസ്റ്റിയോ ആർത്രറ്റിസിന്‌ കാരണമാകാറുണ്ട്‌. ഡീജനറേറ്റീവ്‌ ജോയിന്റ്‌ ഡിസീസ്‌ എന്നാണ്‌ ഓസ്റ്റിയോ ആർത്രറ്റിസ്‌ അറിയപ്പെടുന്നത്‌. ക്ലിനിക്കൽ പരിശോധന, എക്‌സ്‌-റേ എന്നിവമൂലം രോഗം തിരിച്ചറിയാം. 40-നുമേൽ പ്രായമുള്ള, ആർത്തവം നിലച്ച സ്‌ത്രീകളിൽ വിരലുകളുടെ സന്ധികളെ ആർത്രറ്റിസ്‌ ബാധിക്കാറുണ്ട്‌. അപ്പോള്‍ വിരലുകളുടെ സന്ധികള്‍ക്കിരുപുറവും മുഴകള്‍ ഉണ്ടാവുന്നു. ഈ രോഗത്തെക്കുറിച്ച്‌ വിശദമായി പഠനം നടത്തിയ ഇംഗ്ലീഷ്‌ ഭിഷഗ്വരന്റെ പേരിനെ നിലനിർത്തിക്കൊണ്ട്‌ "ഹെബർഡന്‍ നോഡ്‌സ്‌' എന്നാണ്‌ ഇവ അറിയപ്പെടുന്നത്‌. ആരംഭകാലത്ത്‌ വേദനയുണ്ടാവുമെങ്കിലും വൈരൂപ്യത്തിൽ കവിഞ്ഞ പ്രയാസങ്ങളൊന്നും ഈ രോഗം ഉണ്ടാക്കുകയില്ല.

ഓസ്റ്റിയോ ആർത്രറ്റിസ്‌ സാവധാനമായിട്ടാണു പ്രത്യക്ഷപ്പെടുന്നത്‌. തുടക്കത്തിൽ സന്ധികള്‍ക്ക്‌ വേദനയും മുറുക്കവുമുണ്ടാവാം. രാവിലെ ഉണരുമ്പോഴോ വിശ്രമത്തിനുശേഷമോ ആണ്‌ ഇത്‌ കൂടുതൽ അനുഭവപ്പെടുക. ജോലിയിൽ വ്യാപൃതരായിക്കഴിഞ്ഞാൽ ക്ലേശം മാറുകയും ചെയ്യും. രോഗം മൂർച്ഛിക്കുമ്പോള്‍ സന്ധികളിൽ മുഴപ്പുകള്‍ പ്രത്യക്ഷപ്പെടും. നടക്കുമ്പോള്‍ എല്ലുകള്‍ തമ്മിൽ ഉരയുന്നതായിത്തോന്നും. കൂടുതൽ വൈകല്യങ്ങള്‍ സംഭവിച്ചാൽ ദിനചര്യകള്‍ക്കു പ്രയാസമുണ്ടാവും. സന്ധികളെ പൊതിഞ്ഞിരിക്കുന്ന സന്ധായക-തരുണാസ്ഥി(articular cartilage) ദ്രവിക്കുകയും അസ്ഥികള്‍ തെളിഞ്ഞുവരുകയും ചെയ്യുമ്പോള്‍, ഈ പ്രതിസന്ധിയെ അതിജീവിക്കുവാന്‍ വേണ്ടി അസ്ഥികള്‍ക്കു ചുറ്റും ചെറിയ വളർച്ചകള്‍ ഉണ്ടാകുന്നതാണ്‌ മുഴപ്പായി കാണുന്നത്‌. ഈ മുഴപ്പുകള്‍ സന്ധികളുടെ ചലനശേഷിയെ പ്രതികൂലമായി ബാധിക്കുകയും ഒടുവിൽ സന്ധികള്‍ തമ്മിൽ ഒട്ടിച്ചേരുന്നതിന്‌ ഇടയാക്കുകയും ചെയ്യുന്നു. എക്‌സ്‌-റേ ഉപയോഗിച്ച്‌ ഈ വൈഷമ്യങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും.

സന്ധികള്‍ക്ക്‌ ആയാസം കുറയ്‌ക്കുകയാണ്‌ ഓസ്റ്റിയോ ആർത്രറ്റിസിന്‌ ഒരു പ്രതിവിധി. ദുർമേദസ്‌ ഇല്ലാതാക്കുകയും കഠിനമായ ജോലികള്‍ നിയന്ത്രിക്കുകയും വേണം. ലളിതമായ വ്യായാമ മുറകളും ഭൗതികചികിത്സ(Physiotherapy)യും കൊണ്ട്‌ രോഗം കുറെയൊക്കെ നിയന്ത്രിക്കാന്‍ കഴിയും. ചില സന്ദർഭങ്ങളിൽ ശസ്‌ത്രക്രിയ നടത്തി കൃത്രിമ സന്ധികള്‍ വച്ചുപിടിപ്പിക്കുകയോ അധികം ചലനം ആവശ്യമില്ലാത്ത സന്ധികളാണെങ്കിൽ അവയെ തമ്മിൽ ചേർക്കുകയോ ചെയ്യേണ്ടിവരും. വേദനാഹരങ്ങളായ ഔഷധങ്ങള്‍ സേവിക്കുക, പട്ടക(bandages) ഉപയോഗിക്കുക എന്നിവയും നിവാരണമാർഗങ്ങളായി സ്വീകരിക്കാറുണ്ട്‌. ജീവിതശൈലി നിയന്ത്രിച്ച്‌ രോഗം ഒരു പരിധിവരെ ഭേദമാക്കാം. വ്യായാമം, ഭാരം കുറയ്‌ക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്‌. നോണ്‍സ്റ്റീറോയിഡൽ ആന്റി ഇന്‍ഫ്‌ളമേറ്ററി ഔഷധങ്ങളാണ്‌ പ്രധാന ചികിത്സാസങ്കേതം. സന്ധികള്‍ മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയയാണ്‌ ഏറ്റവും ആധുനികമായ ചികിത്സ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍