This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓടുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓടുകള്‍
പുരമേയുവാനും തറയിൽ പാകുവാനും ചുമരിലും സീലിംഗിലും മറ്റും പതിക്കുവാനും ഉപയോഗിക്കുന്ന, തേയ്‌മാനം താങ്ങാന്‍ കഴിവുള്ള ഉത്‌പാദിത ഫലകങ്ങള്‍. സിറാമിക്, ശില, ലോഹം, സ്‌ഫടികം എന്നിവ ഓടുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. ആവ്‌ഫാള്‍ട്ട്, കോർക്ക്, തടി, മിനറൽ നാരുകള്‍, പ്ലാസ്റ്റിക് എന്നിവ കൊണ്ടുണ്ടാക്കിയതും ഭാരക്കുറവുള്ളതുമായ ഫലകങ്ങളെയും ഓടുകളായി ഉപയോഗിക്കാറുണ്ട്. കെട്ടിടംപണിക്ക് ഉപയോഗിക്കുന്ന കളിമണ്ണുത്‌പന്നങ്ങളിൽ ഇഷ്‌ടികയൊഴിച്ചുള്ള പലതിനെയും ഓട് (Tiles)
ചരിത്രം. പലനിറങ്ങളിലുള്ള മാർബിള്‍ ഓടുകളും കളിമണ്ണു ചുട്ടെടുത്തുണ്ടാക്കിയ ഓടുകളും പുരാതനകാലം മുതല്‌ക്കുതന്നെ ഗ്രീസ്, റോം, ചൈന, ഇന്ത്യ, ഈജിപ്‌ത്, ജപ്പാന്‍ എന്നിവിടങ്ങളിൽ ഉപയോഗിച്ചിരുന്നു. ഗ്രീക്ക് ക്ഷേത്രങ്ങളിൽ മേൽപ്പുരയ്‌ക്കും തറയിൽവിരിക്കാനും മാർബിള്‍ ഫലകങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. പുരാതന ഗ്രീസിലെ അപ്പോളോ, പൊസൈഡന്‍ എന്നീ ദേവമന്ദിരങ്ങളിലെ മേൽക്കൂര കളിമണ്‍ ഓടുകള്‍ കൊണ്ട് 750-650 ക്രി.മു.വിനുമിടയിൽ പുതുക്കിപ്പണിതതിനെക്കുറിച്ച് ചരിത്രത്തിൽ പരാമർശമുണ്ട്. വളരെപ്പെട്ടെന്നുതന്നെ മേച്ചിലോടുകള്‍ മെഡിറ്ററേനിയന്‍, ഗ്രീസ്, ഏഷ്യാമൈനർ, ഇറ്റലി എന്നിവിടങ്ങളിൽ പ്രചരിച്ചു.
അറ്റം വളഞ്ഞു പരന്ന കളിമണ്‍ ഓടുകള്‍, ഒന്നു മറ്റൊന്നിനു മേൽ അല്‌പം കയറിക്കിടക്കുന്ന വിധത്തിൽ നിരത്തി അവയുടെ ചേർപ്പുകളിലൂടെയുള്ള ചോർച്ചയൊഴിവാക്കാനുള്ള പാത്തിയോടുകള്‍ മേഞ്ഞ പുരകള്‍ പുരാതന ഗ്രീസിൽ ഉണ്ടായിരുന്നു. അന്യോന്യം കയറിക്കിടക്കുന്ന 'ട' ആകൃതിയിലുള്ള സ്‌പാനിഷ് ഓടുകള്‍ റോമാക്കാർ പുരമേയാന്‍ ഉപയോഗിച്ചിരുന്നു. ചെമ്പും വെളുത്തീയവും തുത്തനാകവും ചേർത്ത കൂട്ടുലോഹമായ ഓട് (bronze)കൊണ്ടുള്ള ഓടുകള്‍ റോമിൽ പ്രധാന കെട്ടിടങ്ങളിൽ ഉപയോഗിച്ചിരുന്നു. മധ്യകാല യൂറോപ്പിൽ കളിമണ്‍ ഓടുകള്‍ മേഞ്ഞ മേൽപ്പുരകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇവയിൽ പട്ടികയിൽ (പട്ടിയലിൽ) പിടിച്ചിരിക്കുവാനുള്ള മുനകളോടു കൂടിയ പരന്ന മേച്ചിലോടുകള്‍ക്കായിരുന്നു കൂടുതൽ പ്രചാരം. "റ' പോലെ വളഞ്ഞ ഓടുകള്‍ മലർത്തിവച്ച്, അവയുടെ ചേർപ്പുകള്‍ക്കു മുകളിൽ അതുപോലെതന്നെ വളഞ്ഞ ഓടുകള്‍ കമിഴ്‌ത്തിവച്ചു മേഞ്ഞ മേൽപ്പുരകള്‍ ഇറ്റലിയിലും ചൈനയിലും പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം മേൽക്കൂരകളുടെ മോന്തായങ്ങളും കോടികളും അറ്റങ്ങള്‍ മുകളിലേക്ക് വളച്ച്, കളിമണ്ണുകൊണ്ടു വാർത്തെടുത്ത രൂപങ്ങള്‍വച്ച് പൂർത്തിയാക്കപ്പെട്ടിരുന്നു. സിന്ധു നദീതട സംസ്‌കാരകാലത്തുതന്നെ ചുട്ട കളിമണ്ണുകൊണ്ടുള്ള അഴുക്കുചാൽക്കുഴലുകള്‍ ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു. ബുദ്ധന്റെ കാലത്തോടുകൂടി, പുരമേയാനും ഓടുകള്‍ ഉപയോഗിച്ചുതുടങ്ങിയതായി കാണുന്നു. മധ്യകാലയൂറോപ്പിൽ പള്ളികളിലും മറ്റു പ്രധാന കെട്ടിടങ്ങളിലും നിലത്തുവിരിക്കുവാന്‍ ചുട്ട കളിമണ്ണുകൊണ്ടുള്ള തറയോടുകള്‍ ഉപയോഗിച്ചിരുന്നു. ഈജിപ്‌തുകാർ, ബാബിലോണിയക്കാർ, അസ്സീറിയക്കാർ എന്നിവർ ചുമരുകളിൽ പതിക്കാന്‍ ഓടുകള്‍ ഉപയോഗിച്ചിരുന്നു. 13-14 ശതകത്തിൽ സ്‌പെയിനിലും മറ്റും ഓടുപതിച്ച ചുമരുകള്‍ ധാരാളം കെട്ടിടങ്ങളിൽ നിർമിച്ചിരുന്നു. ഉദാ. ഗ്രനേഡയിലെ അൽഹംബ്ര. 19-ാം ശതകത്തിൽ യൂറോപ്പിലും മറ്റും പള്ളികളുടെ കമാനാകൃതിയിലുള്ളതും അർധഗോളാകൃതിയിലുള്ളതുമായ മേൽപ്പുരകളുടെ ഉള്‍ഭാഗത്ത് പലനിറത്തിലുള്ള ഓടുകള്‍ പതിച്ച് മോടിയും വൃത്തിയും അഗ്നിസഹനക്ഷമതയും വർധിപ്പിച്ചിരുന്നു.
ആധുനികകാലത്ത്, പുരമേയാനും, തറയിലും ചുമരിലും പതിക്കാനും ഉപയോഗിക്കുന്നതു കൂടാതെ മറ്റുപലതരം ആവശ്യങ്ങള്‍ക്കും പ്രത്യേകതരം ഓടുകള്‍ ഉപയോഗിക്കപ്പെടുന്നു. ശബ്‌ദപ്രതിരോധത്തിനുപയോഗിക്കുന്ന നാരുകള്‍ കൊണ്ടുണ്ടാക്കിയ (fibre board) അക്കൂസ്റ്റിക് ഓടുകള്‍, വെളിച്ചം കടത്തിവിടുന്ന ഗ്ലാസ് ഓടുകള്‍ എന്നിവ ഇത്തരത്തിൽപ്പെടുന്നവയാണ്.
കളിമണ്ണുകൊണ്ടുള്ള ഓടുകള്‍. ഇവയുടെ നിർമാണം ഇഷ്‌ടികകളുടേതുപോലെതന്നെയാണ് (നോ. ഇഷ്‌ടിക). നല്ലതരം കളിമണ്ണ് ചവിട്ടിക്കുഴച്ചോ, യന്ത്രസഹായത്തോടെയോ പതം വരുത്തിയതിനുശേഷം നനവ് കുറച്ച് ശുഷ്‌കമർദ സമ്പ്രദായത്തിലാണ് ഓടുകള്‍ അച്ചുകളിലിട്ട് രൂപപ്പെടുത്തുന്നത്. ഓടുകള്‍ ചുടുവാന്‍ ഉപയോഗിക്കുന്ന ചൂളകളിലെ താപനില വളരെ കൃത്യമായി നിയന്ത്രിക്കേണ്ടതാണ്. 1200ºC-1300ºCതാപനിലയിലാണ് ഓടുകള്‍ ചുട്ടെടുക്കാറുള്ളത്. കളിമണ്‍ ഓടുകള്‍ പ്രധാനമായി തറയോടുകള്‍, മേച്ചിലോടുകള്‍ എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്. തറയോടുകള്‍ സാധാരണയായി സമചതുരാകൃതിയിലായിരിക്കും. 15 സെ.മീ. ചതുരത്തിലും 20 സെ.മീ. ചതുരത്തിലുമാണ് ഇവ കൂടുതലും നിർമിക്കപ്പെടുന്നത്. പ്രത്യേകാവശ്യങ്ങള്‍ക്ക് മറ്റു രൂപങ്ങളിലും അളവുകളിലും ഇവ ഉണ്ടാക്കാറുണ്ട്. തറയോടുകളുടെ അടിഭാഗം സിമെന്റുചാന്തിൽ പിടിച്ചിരിക്കാന്‍ ചെറിയ വരമ്പുകളോടുകൂടിയാണ് നിർമിക്കുക. മുകള്‍ഭാഗം ഭംഗിയും, ഉറപ്പും അപഘർഷണ (friction) പ്രതിരോധശേഷിയും ഉള്ളതായിരിക്കണം. നല്ലതരം കളിമണ്ണുകൊണ്ടുണ്ടാക്കുന്ന ഓടുതന്നെ കാചനീയ താപനിലയിൽ ചുട്ടെടുത്താൽ അപഘർഷണ പ്രതിരോധശേഷിയും ബാഹ്യശോഭയും വർധിക്കും.
അഴുക്കുപിടിക്കാതിരിക്കാനും എളുപ്പത്തിൽ വൃത്തിയാക്കാനുള്ള സൗകര്യത്തിനും വേണ്ടി അടുക്കള, കുളിമുറി, കക്കൂസ് എന്നീ സ്ഥാനങ്ങളിലും ആസ്‌പത്രികളിലും ഗ്ലേസിത ഓട് നിലത്തും ചുമരിലും പതിക്കാന്‍ ഉപയോഗിക്കുന്നു. ഗ്ലേസിത ഓടുകളുടെ നിർമിതിക്ക് ഒരു പ്രത്യേക മിശ്രിതമാണ് ഉപയോഗിക്കുക. ചീനക്കളിമണ്ണ് (20-30 ശതമാനം), ഉരുളക്കളിമണ്ണ് (15-25 ശതമാനം), തീക്കല്ല് (flint)-(20-30 ശതമാനം), ഫെൽസ്‌പാർ (30-35 ശതമാനം) എന്നിവ ശീലപ്പൊടിയാക്കി, വെള്ളത്തിൽ കുഴച്ച് വീണ്ടും അരച്ച് പ്രസ്സിലിട്ട് ഓടുകള്‍ രൂപപ്പെടുത്തുന്നു. ഉണങ്ങിയശേഷം ഇവ 12500ഇ-13000ഇ താപനിലയിൽ നാലഞ്ചുദിവസം തുടർച്ചയായി ചുട്ടെടുത്ത്, ഗ്ലേസൽ ലായനിയിൽ മുക്കിയെടുത്ത്, 10000ഇ താപനിലയിൽ, ഓക്‌സിഡേഷന്‍ നടക്കത്തക്ക പരിതഃസ്ഥിതിയിൽ വീണ്ടും ചുടുന്നു. ഗ്ലേസിത ഓടുകള്‍ക്ക് 10 മില്ലിമീറ്ററിൽ കുറവ് കനമേ ഉണ്ടാകൂ. 1:2 സിമെന്റു ചാന്തിലോ, വെള്ള സിമെന്റുചാന്തിലോ, പ്ലാസ്റ്റർ ഒഫ് പാരിസിലോ ഇവ ഉറപ്പിക്കുന്നു. ഉണങ്ങുമ്പോള്‍ ചുരുങ്ങാത്തതും ചുട്ടെടുത്താൽ വെള്ളം ചേരാത്താതുമായ നല്ലതരം കളിമണ്ണുപയോഗിച്ചുണ്ടാക്കുന്ന മേച്ചിലോടുകള്‍ പല ആകൃതിയിലും വലുപ്പത്തിലും നിർമിക്കപ്പെടുന്നു.ആകൃതിക്കനുസരിച്ചുള്ള അച്ചു(press)കളിൽ മർദമേല്‌പിച്ചാണ് ഇവ രൂപപ്പെടുത്തുന്നത്. മേച്ചിലോട്
1. പരന്നമേച്ചിലോട്. 10-12 മി.മീ. കനത്തിൽ നിർമിക്കപ്പെടുന്ന ഇവ മേഞ്ഞുകഴിഞ്ഞാൽ ഒന്നിനു മീതെ മറ്റൊന്ന് ഇളകാതെ ഇരിക്കുവാന്‍, മുകള്‍ഭാഗത്ത് കനംകൂടിയും താഴെ കനംകുറഞ്ഞും ഇരിക്കും. പട്ടികയിൽ കൊളുത്തുവാന്‍ മുകള്‍ഭാഗത്ത് അടിയിലായി രണ്ടുമുനകള്‍ ഉണ്ടായിരിക്കും. പട്ടികകളിൽ ആണിയടിച്ചോ കമ്പികൊണ്ടു കെട്ടിയോ ഉറപ്പിക്കാന്‍ ചിലപ്പോള്‍ മുകള്‍ ഭാഗത്ത് ഈരണ്ടു തുളകള്‍ ഇടാറുണ്ട്.
2. പാനഓട്. കുശവന്റെ ചക്രത്തിൽവച്ച് രൂപപ്പെടുത്തുന്ന ഇവ നല്ലപോലെ വളഞ്ഞിരിക്കും. ഏതാണ്ട് അർധവൃത്താകാരത്തിൽ 15-20 സെ.മീ. നീളവും 8-10 സെ.മീ. വീതിയും ഉള്ള ഇവയുടെ ഒരറ്റം വീതികൂടിയും മറ്റേഅറ്റം അല്‌പം കുറഞ്ഞും ഇരിക്കും. ഇവ കമഴ്‌ത്തിവച്ചാണ് മേയുക. പ്രത്യേക അച്ച് ഉപയോഗിക്കാത്തതുകൊണ്ട് ഇവയെല്ലാം ഒരു പോലെ ഇരിക്കുകയില്ല. അതുകൊണ്ട് ഇവ മേയുവാന്‍ വിഷമമാണ്. വേഗം പൊട്ടിപ്പോകുമെന്ന ദോഷവും ഇവയ്‌ക്കുണ്ട്. 3. പാത്തിഓട്. ഇവ പാന ഓടുകളോളം വളഞ്ഞവയല്ല; ഇവയ്‌ക്കു കൂടുതൽ കനമുണ്ടായിരിക്കും. അതുകൊണ്ട് അത്ര എളുപ്പത്തിൽ ഉടയുകയില്ല. പ്രത്യേക അച്ചിൽ വാർത്തെടുക്കുന്നതിനാൽ എല്ലാം ഒരു പോലെ തന്നെ ഇരിക്കും. 4. ചാലോട്. പരന്ന ഓടുകളിൽനിന്നും ഇവയ്‌ക്ക് ആകൃതിയിലേ മാറ്റമുള്ളൂ. പ്രത്യേക അച്ചിൽ തരംഗാകൃതിയിലാക്കി പ്രസ്സു ചെയ്‌തെടുത്തശേഷമാണ് ഇവ ചൂളയ്‌ക്കു വയ്‌ക്കുന്നത്.
5. മച്ചോടുകള്‍. മേച്ചിലോടുകള്‍ക്ക് താഴെ പരന്ന മച്ചോടുകള്‍ മേഞ്ഞ് വേനൽക്കാലത്ത് മുറിക്കകത്തെ ചൂട് കുറയ്‌ക്കാന്‍ സാധിക്കും. അകം പൊള്ളയായി വാർത്തെടുക്കുന്ന ഹുർഡി ഓടുകള്‍ തട്ടിനും ചുമരിനും ഉപയോഗിക്കാം. അടുത്തടുത്ത് തുലാം നിരത്തി, അവയ്‌ക്കു മുകളിൽ ഓടു നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. ഹുർഡിഓടുകള്‍ കൊണ്ടുള്ള തട്ടിനും ചുമരിനും ചൂടും ശബ്‌ദവും ഒരളവുവരെ തടയാന്‍ കഴിയും. തറയോട്. സിറാമിക്, ശില എന്നിവയാണ് തറയോട് ഉത്‌പാദനത്തിന് സാധാരണയായി ഉപയോഗിക്കാറുള്ളത്. പുതിയ സാങ്കേതികവിദ്യയുപയോഗിച്ച് റബ്ബർ, ഗ്ലാസ് എന്നിവ ഉപയോഗിച്ചുള്ള തറയോടുകള്‍ നിർമിച്ചുവരുന്നു. ശിലകൊണ്ട് നിർമിക്കപ്പെട്ടതും പ്രകൃതിദത്തവുമായ തറയോടുകള്‍ മനോഹരമാണ്. എന്നാൽ നിറത്തിലും ഭാവത്തിലും ഇത്തരം തറയോടുകള്‍ കുറച്ചൊക്കെ വ്യത്യാസം പുലർത്താറുണ്ട്. ഗ്രാനൈറ്റ്, മാർബിള്‍ തുടങ്ങിയവയുടെ ശിലാപാളികളിൽനിന്ന് സാങ്കേതിക സൂക്ഷ്‌മതയോടെ ഒരേ വലുപ്പത്തിലുള്ള ടയിലുകള്‍ വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചുവരുന്നു. ഇവയുടെ മുഖവശം മിനുസപ്പെടുത്തി കൂടുതൽ മനോഹരമാക്കാറുണ്ട്. വ്യത്യസ്‌തമായ കട്ടിയുള്ള ഓടുകളാണ് തറയോടായും ചുമരിൽ പതിപ്പിക്കുന്നതിനുള്ള ആവശ്യത്തിനായും ഉത്‌പാദിപ്പിക്കപ്പെടുന്നത്. ഇത്തരം തറയോടുകളുടെ തേയ്‌മാനം താങ്ങാനുള്ള കഴിവ് പലപ്പോഴും വ്യത്യസ്‌തമായിരിക്കും. റബ്ബർ, പ്ലാസ്റ്റിക് എന്നിവകൊണ്ട് നിർമിക്കുന്ന തറയോടുകള്‍ കുറേക്കൂടി ആധുനികവും സാങ്കേതികമായ നൂതനമാർഗങ്ങള്‍ അവലംബിച്ച് നിർമിക്കപ്പെടുന്നവയുമാണ്. ഇവയുടെ ആകൃതി, ബലം എന്നിവ കൂടുതൽ കാര്യക്ഷമത പുലർത്തുന്നു. ചുമരുകളിൽ പതിക്കുന്നതിനും ഇതേ തരത്തിലുള്ള ഓടുകള്‍ ഉപയോഗിക്കാറുണ്ട്.
സീലിംഗ് ഓടുകള്‍. കെട്ടിടങ്ങള്‍ക്കുള്ളിലെ ഭംഗി വർധിപ്പിക്കുന്നതിന് മച്ചിൽ പതിക്കുന്ന സീലിംഗ് ഓടുകള്‍ ഭാരക്കുറവുള്ളവയാണ്. തടി, മിനറൽ നാരുകള്‍, പേപ്പർ പള്‍പ്പ് തുടങ്ങിയവ സീലിംഗ് ഓടുകളുടെ നിർമിതിക്ക് ഉപയോഗിക്കുന്നു. എക്കൂസ്റ്റിക് (acoustic)സംവിധാനമൊരുക്കുന്നതിന് പ്രത്യേകതരം സീലിംഗ് ഓടുകളും ചുമരോടുകളും ഉപയോഗിക്കാറുണ്ട്.
മറ്റുതരം ഓടുകള്‍. പലതരത്തിലുള്ള ജ്യാമിതീയ രൂപങ്ങളൊരുക്കുന്ന ഇസ്‌ലാമിക് ടയിലുകള്‍ 10-ാം ശതകം മുതൽ തന്നെ പേർഷ്യന്‍ മോസ്‌ക്കുകളുടെ ചുമരുകള്‍ അലങ്കരിച്ചിരുന്നു. മുസ്‌ലിം ദേവാലയങ്ങളിലെ മിഹ്‌റബു(mihrab)കളെ 14-ാം ശതകത്തിൽതന്നെ ഇസ്‌ലാമിക ഓടുകള്‍ പതിപ്പിച്ച് മോടിപിടിപ്പിച്ചിരുന്നത് കലാചാരുതയുടെ മാതൃകകളായി കരുതപ്പെടുന്നു.
പാശ്ചാത്യ രാജ്യങ്ങളിലും വിശേഷതരത്തിലുള്ള തറയോടുകളും ചുമരോടുകളും 14-ാം ശതകത്തോടെ പ്രചാരത്തിൽവന്നു. പള്ളികളിലും മറ്റും പഴയനിയമത്തിലെ ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത തറയോടുകള്‍ പതിക്കാറുണ്ടായിരുന്നു. മധ്യപൂർവ ചൈനയിലുള്ള, "നാന്‍ജിങ്ങിലെ കളിമണ്‍ ഗോപുരം' തറയോടുകള്‍കൊണ്ടും ചുമരോടുകള്‍കൊണ്ടും മോടിപിടിപ്പിച്ചതായിരുന്നു. സ്‌ഫടികക്കല്ലുകള്‍ പതിച്ച പെബിള്‍ ടയിലുകള്‍ (pebble tiles) ആഡംബരത്തിന്റെയും ശില്‌പസൗന്ദര്യത്തിന്റെയും കാര്യത്തിൽ മികവു പുലർത്തുന്നു. ചിത്രങ്ങള്‍, മുദ്രകള്‍ എന്നിവ പതിപ്പിച്ച ഡിജിറ്റൽ ഓടുകള്‍ (Digital tiles)ഏറ്റവും ആധുനികതരത്തിലുള്ളതാണ്. കംപ്യൂട്ടർ സാങ്കേതികത ഉപയോഗപ്പെടുത്തി, ഉയർന്ന താപനിലയിൽ ഓടുകളിൽ ചിത്രങ്ങള്‍ മുദ്രണം ചെയ്യുന്നു.