This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓടക്കുഴൽ (വാദ്യം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓടക്കുഴൽ (വാദ്യം)
ഒരു സുഷിരവാദ്യം. പുല്ലാങ്കുഴൽ, മുരളി, വേണു എന്നീ പേരുകളിലും ഇതറിയപ്പെടുന്നു; ഫ്‌ളൂട്ട് (flute) എന്നാണ് ആംഗലനാമം. ഓട(ൽ) കൊണ്ടുണ്ടാക്കുന്ന കുഴൽ എന്ന അർഥത്തിലാണ് ഈ പദം നിഷ്‌പന്നമായിട്ടുള്ളത്. ഒട്ടൽ അഥവാ ഓടൽ എന്ന ഇനം മുളയുടെ തണ്ടുകൊണ്ടായിരുന്നു ആദ്യകാലത്ത് ഓടക്കുഴൽ നിർമിച്ചിരുന്നത്. ചന്ദനം, രക്തചന്ദനം, എബണി, ഈട്ടി എന്നിവയുടെ തടി, ചൂരൽ, ഈറ, ഇരുമ്പ്, ഓട്, വെള്ളി, സ്വർണം, ആനക്കൊമ്പ് തുടങ്ങിയവകൊണ്ട് ഓടക്കുഴൽ ഉണ്ടാക്കാവുന്നതാണ്; എങ്കിലും ഓടൽ മുള കൊണ്ടു നിർമിച്ച വേണുവിൽ നിന്നുതിരുന്ന നാദം അതീവ ഹൃദ്യമാണെന്നാണ് സംഗീതജ്ഞരുടെ അഭിപ്രായം. ചിരപുരാതനവും പ്രകൃതിദത്തവുമായ ഒരു നാടന്‍ സംഗീതോപകരണമാണ് ഓടക്കുഴൽ. നിശ്ശബ്‌ദമായ നിശായാമങ്ങളിൽ ഓടക്കുഴൽ വായിച്ചാൽ അതിൽ നിന്നുമൊഴുകുന്ന നാദമാധുരി മുക്കാൽ കിലോമീറ്ററിലധികം വ്യാപരിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
അതിപ്രാചീനകാലം മുതല്‌ക്കേ ഇന്ത്യ, ജപ്പാന്‍, ചൈന, പലസ്‌തീന്‍, അറേബ്യ, പേർഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിൽ ഒരു സംഗീതോപകരണമെന്ന നിലയിൽ ഓടക്കുഴലിനു പ്രാധാന്യവും പ്രചാരവും ലഭിച്ചിരുന്നു. മതപരവും സാഹിത്യപരവുമായ പല പ്രാചീന ഗ്രന്ഥങ്ങളിലും ഓടക്കുഴലിനും അതിൽ നിന്നൊഴുകുന്ന സ്വരമാധുരിക്കും വിശിഷ്‌ടസ്ഥാനം നല്‌കിയിട്ടുള്ളതായി കാണാം. ബൈബിളിലെ ഉത്‌പത്തി പുസ്‌തകത്തിൽ ഓടക്കുഴലിനെപ്പറ്റിയുള്ള പരാമർശം കാണുന്നുണ്ട് (ഉത്‌പത്തി 4:21) ഭാഗവതം ദശമസ്‌കന്ധത്തിലും, ജയദേവന്‍, ചണ്ഡീദാസ്, വിദ്യാപതി, സൂർദാസ്, പരമാനന്ദദാസ്, ആഴ്‌വാർ കവികള്‍, ചെറുശ്ശേരി, മേല്‌പപുത്തൂർ, വില്വമംഗലം മുതലായവരുടെ കൃതികളിലും ശ്രീകൃഷ്‌ണന്റെയും ഗോപികമാരുടെയും രാസലീല വർണിക്കുന്ന ഭാഗത്ത് മുരളിയുടെ അലൗകിക വശ്യതയെപ്പറ്റിയും മാധുര്യവൈശിഷ്‌ട്യത്തെപ്പറ്റിയും ഉദാത്തമായ ശൈലിയിൽ ഉദ്‌ഗാനം ചെയ്‌തിട്ടുണ്ട്. ഈ കൃതികളിൽ ഓടക്കുഴലിന് ഒരു കഥാപാത്രത്തിന്റെ മഹത്ത്വവും പ്രാധാന്യവും നല്‌കിയിട്ടുണ്ടെന്ന വസ്‌തുത പ്രതേ്യകം സ്‌മരണീയമാണ്. ഭാരതീയ വൈഷ്‌ണവഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരത്തോടുകൂടി മിക്ക ഹൈന്ദവ ക്ഷേത്രങ്ങളിലും രൂപംകൊണ്ട ശില്‌പചിത്രരചനകളിൽ മുരളീധരനായ കൃഷ്‌ണനെ പ്രതിപാദ്യവിഷയമാക്കിയിട്ടുള്ളതായി കാണാം. ബി.സി. രണ്ടാം നൂറ്റാണ്ടുമുതല്‌ക്കേ ഓടക്കുഴലിനെപ്പറ്റിയുള്ള ചരിത്രപരമായ പരാമർശങ്ങള്‍ ലഭ്യമാണ്. തിയോക്രിറ്റസിന്റെ ലിഖിതങ്ങളും എട്രൂസ്‌കന്‍ മണ്‍കുടങ്ങളിലെ ചിത്രീകരണങ്ങളും ഇക്കാര്യമാണ് സ്‌പഷ്‌ടമാക്കുന്നത്. എങ്കിലും എ.ഡി.1100 ഓടുകൂടി മാത്രമേ ഓടക്കുഴൽ ഒരു സംഗീതോപകരണമെന്ന നിലയിൽ യൂറോപ്യന്‍ രാജ്യങ്ങളിൽ പ്രചരിച്ചു തുടങ്ങിയതായി കരുതാന്‍ സാധിക്കുകയുള്ളൂ. ഏഷ്യന്‍ രാജ്യങ്ങളിൽ ഉപയോഗിച്ചുവന്ന മുളങ്കുഴലുമായി വളരെയടുത്ത സാദൃശ്യമുള്ള തടിക്കുഴലുകള്‍ 16-ാം നൂറ്റാണ്ടുവരെ യൂറോപ്യന്‍ നാടുകളിൽ ഉപയോഗിച്ചു വന്നതായി തെളിവുകളുണ്ട്. കാർപാത്തിയന്‍ പ്രദേശങ്ങളിലും ആൽപ്‌സിന്റെ കിഴക്കേ ഭാഗങ്ങളിലും ഒരു നാടോടി സംഗീതോപകരണമെന്ന നിലയിൽ ഇന്നും ഇതു പ്രചാരത്തിലിരിക്കുന്നു.
16-ാം നൂറ്റാണ്ടോടെ യൂറോപ്യന്‍ നാടുകളിൽ ഓടക്കുഴൽ വളരെയധികം പരിഷ്‌കാരങ്ങള്‍ക്കു വിധേയമായി. ലോഹം കൊണ്ടു നിർമിച്ച്, സ്വരക്കട്ടകള്‍ ക്രമീകരിച്ചു പിടിപ്പിച്ചിട്ടുള്ള ഫ്‌ളൂട്ടുകളാണ് ആധുനികകാലത്ത് ഓടക്കുഴലിന്റെ സ്ഥാനം കൈയടക്കിയിരിക്കുന്നത്. അള്‍തോ ഫ്‌ളൂട്ട്, പിക്കോളോ ഫ്‌ളൂട്ട്, ബാസ്‌ഫ്‌ളൂട്ട് (കോണ്‍ട്രാബാസ്) എന്നിങ്ങനെ പലതരത്തിലുള്ളവ സൈനിക-ബാന്‍ഡുമേളത്തോടൊപ്പവും മറ്റും ഉപയോഗിച്ചുവരുന്നു. (നോ. ഫ്‌ളൂട്ട്)
ഭാരതീയ സംഗീതം വാദ്യത്രയത്തിൽ (വീണ, വേണു, മൃദംഗം) ഒന്നായി ഓടക്കുഴലിനെ അംഗീകരിച്ചിട്ടുണ്ട്. അറുപത്തിനാലു കലകളിൽ ഒന്നായും മുരളീവാദനത്തിനു സ്ഥാനമുണ്ട്. ദക്ഷിണേന്ത്യയിൽ സാധാരണപ്രചാരത്തിലുള്ള ഓടക്കുഴൽ 36 സെ.മീ. നീളമുള്ള ഒരു കുഴലാണ്. ഇതിന്റെ ഒരറ്റം അടച്ചിരിക്കും. ഈ അഗ്രത്തു നിന്നും 1.91 സെ.മീ. അകലെ ഒരു ദ്വാരമുണ്ട്. ഇതിനു മുഖരന്ധ്രമെന്നാണ് പേർ. ഇതിൽ നിന്നും അല്‌പം അകലെയായി ഒരേ വരിയിൽ കാണുന്ന എട്ട് (ചിലപ്പോള്‍ ഒന്‍പത്) ദ്വാരങ്ങള്‍ അംഗുലീരന്ധ്രങ്ങള്‍ എന്ന പേരിലറിയപ്പെടുന്നു. ഇവ മുഖരന്ധ്രത്തെക്കാള്‍ അല്‌പം ചെറുതായിരിക്കും. മുഖരന്ധ്രം ചുണ്ടിന്റെ വലതുവശം ചേർത്ത് അതിന്റെ ഒരുവശം കീഴ്‌ചുണ്ടു കൊണ്ട് അടച്ചുപിടിച്ച് ഊതുകയും ഒപ്പം അംഗുലീരന്ധ്രങ്ങള്‍ അടച്ചും തുറന്നും വേണ്ടവിധം നിയന്ത്രിക്കുകയും ചെയ്‌താണ് നാദം പുറപ്പെടുവിക്കുന്നത്. മുഖരന്ധ്രത്തിന്റെ തൊട്ടടുത്തുള്ള ദ്വാരം താരരന്ധ്രമാണ്. ഉച്ചസ്ഥായിയിലുള്ള ശബ്‌ദം ഇതിൽ നിന്നു ലഭിക്കുന്നു. അംഗുലീരന്ധ്രങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇരു കൈകളിലെയും ചൂണ്ടുവിരൽ, നടുവിരൽ, അണിവിരൽ എന്നിവയാണ് ഉപയോഗിക്കുന്നത്. ചെറുവിരൽ വലതുകൈയിലേതു മാത്രമേ ഉപയോഗിക്കാറുള്ളൂ. ഊതുന്ന ശക്തിക്കനുസരിച്ച് ശബ്‌ദത്തിന് ഉയർച്ചയും താഴ്‌ചയും ഉണ്ടാക്കാം. നേർത്തതാടിയും പൊങ്ങിയ ദന്തനിരയും ഉള്ളവർക്ക് വിദഗ്‌ധമായി ഓടക്കുഴൽ കൈകാര്യം ചെയ്യുവാന്‍ സാധിക്കുകയില്ല.
എല്ലാ ഓടക്കുഴലുകളും ഒരേ വലുപ്പത്തിലല്ല നിർമിക്കുന്നത്. വലുപ്പത്തിനനുസരിച്ച് ശ്രുതിയിലും വ്യത്യാസമുണ്ടാകുന്നു. നാഗസ്വരം പോലെ കുത്തനെ പിടിച്ചു വായിക്കാവുന്ന പുല്ലാങ്കുഴലുകളും ഉണ്ട്. ശരഭശാസ്‌ത്രി, ശ്രീ രാമുഅയ്യർ, പല്ലടം സഞ്‌ജീവറാവു എന്നിവർ കൃതഹസ്‌തരായ പുല്ലാങ്കുഴൽ വിദ്വാന്മാരായിരുന്നു. ടി.ആർ.മഹാലിംഗ(മാലി)വും അദ്ദേഹത്തിന്റെ ശിഷ്യനായ എന്‍. രമണിയും ഇക്കാലത്ത് (1979) ഈ കലയിൽ വിശേഷവൈദുഷ്യം നേടിയിട്ടുള്ള രണ്ടു പ്രസിദ്ധ കലാകാരന്മാരാണ്. ഓടക്കുഴലിന്റെ സ്ഥാനത്ത് ഉത്തരേന്ത്യയിൽ ഉപയോഗിച്ചുവരുന്ന വാദ്യമാണ് ബാംസുരി. പ്രസിദ്ധ ബാംസുരി വിദഗ്‌ധനായിരുന്ന പന്നാലാൽഘോഷ് ഈ കലയുടെ ആചാര്യനായിട്ടാണ് ഉത്തരേന്ത്യയിലറിയപ്പെടുന്നത്.