This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഞ്ചാവ്‌ (ഗഞ്ചാ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:49, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കഞ്ചാവ്‌ (ഗഞ്ചാ)

Hemp

ഒരു ലഹരിദായക സസ്യം. ഈ ചെടിയില്‍ നിന്നെടുക്കുന്ന ലഹരിപദാര്‍ഥത്തിഌം കഞ്ചാവ്‌ എന്നു തന്നെയാണു പേര്‌. കഞ്ചാവ്‌, ഭാംഗ്‌, ചരസ്‌ എന്നീ ലഹരിപദാര്‍ഥങ്ങള്‍ക്കും എണ്ണ, നാര്‌ എന്നിവയ്‌ക്കും വേണ്ടി ഈ ചെടി നട്ടുവളര്‍ത്തുന്നു. കനാബിനേസീ (Cannabinaceae) കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാ.നാ. കനാബിസ്‌ സറ്റെവ (Cannabis sativa) എന്നാണ്‌. യു.എസ്‌., കാനഡ, വെസ്റ്റ്‌ ഇന്‍ഡീസ്‌, മധ്യദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ കാണുന്ന കഞ്ചാവുചെടിക്ക്‌ മാരിഹ്വാ(ജ്വാ)ന എന്നും പേരുണ്ട്‌. ലഹരിപദാര്‍ഥമെന്ന്‌ അര്‍ഥമുള്ള മരിഗുവാങ്‌ഗോ (Mariguango) എന്ന പോര്‍ത്തുഗീസ്‌ പദത്തില്‍ നിന്നാണ്‌ ഇതിന്‍െറ നിഷ്‌പത്തിയെന്നു കരുതാം. വടക്കേ അമേരിക്കയില്‍ റീഫേഴ്‌സ്‌, മഗിള്‍സ്‌, ഇന്ത്യന്‍ ഹേ എന്നീപേരുകളിലും ഇത്‌ അറിയപ്പെടാറുണ്ട്‌. ഹഷീഷ്‌ എന്ന അറബി പദത്തിലൂടെയാണ്‌ ഈജിപ്‌തിലും ഏഷ്യാമൈനറിലും ഇതറിയപ്പെടുന്നത്‌. വടക്കേ ആഫ്രിക്കയില്‍ കഞ്ചാവിഌ കെഫ്‌ (kef) എന്നാണു പേര്‌.

അതിപ്രാചീനങ്ങളായ ഭാരതീയ ഗ്രന്ഥങ്ങളില്‍ കഞ്ചാവിനെക്കുറിച്ചു നിരവധി പരാമര്‍ശങ്ങള്‍ കാണാം. ഹിമാലയസാഌക്കളില്‍ വളരുന്ന ലഹരിദായകസസ്യമെന്ന നിലയിലാണ്‌ ഇതിനെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നത്‌. ബി.സി. 2700 ല്‍ ചൈനയിലെ ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നെങ്ങിഌ കഞ്ചാവുചെടിയില്‍ നിന്നെടുക്കുന്ന ലഹരിപദാര്‍ഥത്തെപ്പറ്റി അറിവുണ്ടായിരുന്നുവെന്നും പല ചികിത്‌സകള്‍ക്കും അതുപയോഗിച്ചിരുന്നുവെന്നുമുള്ളതിഌ തെളിവുകളുണ്ട്‌. കഞ്ചാവുചെടിയില്‍ നിന്നു കിട്ടുന്ന "ഭാംഗി'നെപ്പറ്റിയുള്ള പരാമര്‍ശം അഥര്‍വവേദത്തിലുണ്ട്‌ (ബി.സി. 2000). ചൈനക്കാരില്‍ നിന്നാണു കഞ്ചാവിന്റെ ലഹരിയെപ്പറ്റി ഇന്ത്യക്കാര്‍ മനസ്സിലാക്കിയത്‌ എന്നു കരുതപ്പെടുന്നു. പുരാതന കാലത്തു ഭാരതത്തിലെ ആയുര്‍വേദയൂനാനി ചികിത്സാരീതികളില്‍ ഔഷധമായി കഞ്ചാവിനെ പ്രയോജനപ്പെടുത്തിയിരുന്നു. തലവേദന, ആസ്‌ത്‌മ, വാതം, ചുമ എന്നിവയ്‌ക്കുള്ള ഒരു ഔഷധമായി വിപുലമായ തോതില്‍ ഇത്‌ ഉപയോഗിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന്‌ ഇത്‌ ആഫ്രിക്കന്‍ നാടുകളിലേക്കു വ്യാപിക്കുകയുണ്ടായി. അമേരിക്കയില്‍ ഇതിന്‍െറ പ്രചാരം 20-ാം നൂറ്റാണ്ടിന്‍െറ തുടക്കത്തോടെയാണ്‌ ആരംഭിച്ചത്‌.

പശ്ചിമേഷ്യയോ മധ്യേഷ്യയോ ആണു കഞ്ചാവു ചെടിയുടെ ജന്മദേശം. ഇന്നു ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കഞ്ചാവുചെടി കൃഷി ചെയ്‌തുവരുന്നുണ്ട്‌. ഇന്ത്യയില്‍ വളരുന്ന കഞ്ചാവുചെടികള്‍(Indian Hemp)ക്കു മറ്റു രാജ്യങ്ങളിലെ കഞ്ചാവുചെടികളില്‍നിന്നു സാരമായ വ്യത്യാസങ്ങളുണ്ട്‌. ചുരുങ്ങിയ തോതിലേ കഞ്ചാവുചെടികള്‍ ഇന്ത്യയില്‍ ഇപ്പോള്‍ കൃഷിചെയ്യപ്പെടുന്നുള്ളു; അതും ഗവണ്‍മെന്റിന്‍െറ പരിപൂര്‍ണ നിയന്ത്രണത്തില്‍. എക്‌സൈസ്‌ വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ മേല്‍നോട്ടത്തിലും അവരുടെ കര്‍ശനമായ നിയന്ത്രണത്തിലുമാണു ലൈസന്‍സുള്ള കൃഷിക്കാര്‍പോലും ഗഞ്ചാക്കൃഷിചെയ്യുന്നത്‌. ഇന്ത്യയ്‌ക്കു പുറമേയുള്ള രാജ്യങ്ങളില്‍ പ്രധാനമായും നാരിഌ വേണ്ടിയാണ്‌ ഈ ചെടി കൃഷിചെയ്യുന്നത്‌.

ഇന്ത്യയില്‍ ഹിമാലയപ്രാന്തങ്ങളില്‍ കശ്‌മീര്‍ മുതല്‍ അസംവരെ കഞ്ചാവുചെടി വളരുന്നുണ്ട്‌. പഞ്ചാബിലും സിന്ധുഗംഗാസമതലത്തിലും അസമിലെയും ബംഗാളിലെയും പര്‍വതപ്രദേശങ്ങളിലും കഞ്ചാവുചെടി വ്യാപകമായുണ്ട്‌. ഇന്ത്യയ്‌ക്കുപുറമേ മധ്യേഷ്യ, ഇറാന്‍, ചൈന, അറേബ്യ, ഉത്തര റഷ്യ, ബ്രിട്ടന്‍, മധ്യ യൂറോപ്യന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഈ ചെടി കൂടുതലായി വളരുന്നത്‌.

സമുദ്രനിരപ്പില്‍ നിന്ന്‌ 3,400 മീ. വരെ ഉയരത്തില്‍ കഞ്ചാവുചെടികള്‍ സമൃദ്ധിയായി വളരും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണു കഞ്ചാവുകൃഷിക്ക്‌ ഏറ്റവും അഌയോജ്യം. വനപ്രദേശങ്ങളിലെ പുതുമണ്ണില്‍ ഈ ചെടി നന്നായി തഴച്ചുവളരും. 1.55 മീ. ഉയരത്തില്‍ വളരുന്ന ഒരു വാര്‍ഷിക ഔഷധിയാണു കഞ്ചാവുചെടി. ആണ്‍ചെടികളും പെണ്‍ചെടികളുമുണ്ട്‌; പെണ്‍ചെടികള്‍ക്കാണു കൂടുതല്‍ പ്രാധാന്യം. പൂത്തുകഴിഞ്ഞാല്‍ മാത്രമേ പെണ്‍ചെടികളെ തിരിച്ചറിയാന്‍ സാധിക്കൂ. ഹസ്‌താകാര(palmate)ത്തിലുള്ള സംയുക്തപത്രങ്ങളാണു കഞ്ചാവിന്റെത്‌. ആണ്‍ചെടിയിലെ മഞ്ഞയും പച്ചയും കലര്‍ന്ന നിറമുള്ള പൂക്കള്‍ താരതമ്യേന വലുപ്പം കൂടിയവയാണ്‌. വലുപ്പം കുറഞ്ഞ പെണ്‍പൂക്കള്‍ ശാഖാഗ്രങ്ങളിലെ ചെറിയ ഇലകള്‍ക്കിടയില്‍ മറഞ്ഞു നില്‍ക്കുന്നു. പെണ്‍പൂക്കളില്‍ ബീജസങ്കലനം നടന്നാല്‍ പിന്നെ ഗ്രന്ഥികളില്‍നിന്നു കറ സ്രവിക്കുകയില്ല. പൂത്തുകഴിയുമ്പോള്‍ ആണ്‍ചെടികളെല്ലാം പിഴുതുമാറ്റേണ്ടതാണ്‌. അണ്ഡാകൃതിയിലുള്ള വിത്തിഌ ഗോതമ്പുമണിയോളം വലുപ്പം വരും. കഞ്ചാവുചെടിയുടെ എല്ലാ ഭാഗത്തിഌം കഞ്ചാവിന്റെ സഹജഗന്‌ധമുണ്ട്‌. ചെടിയുടെ എല്ലാഭാഗവും രോമാവൃതമായിരിക്കും.

പെണ്‍പൂക്കളുടെ പര്‍ണങ്ങളിലുള്ള ഗ്രന്ഥികളില്‍ നിന്നു സ്രവിക്കുന്ന ദ്രാവകരൂപത്തിലുള്ള ഒട്ടുന്ന കറയാണു കഞ്ചാവിഌ ലഹരി നല്‍കുന്നത്‌. പെണ്‍പൂക്കള്‍ വിടര്‍ന്നു കഴിഞ്ഞാലുടന്‍ തന്നെ അവയിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും അവയില്‍ നിന്നു കറ സ്രവിച്ചു തുടങ്ങുകയും ചെയ്യും. ഇന്ത്യയില്‍ കഞ്ചാവുചെടിയില്‍നിന്നു "ഭാംഗ്‌', "കഞ്ചാവ്‌', "ചരസ്‌' എന്നീ മൂന്നു ലഹരിപദാര്‍ഥങ്ങള്‍ തയ്യാറാക്കി വരുന്നുണ്ട്‌.

വടക്കേ ഇന്ത്യയിലാണ്‌ "ഭാംഗ്‌' അധികമായി ഉപയോഗിക്കപ്പെടുന്നത്‌. കഞ്ചാവുചെടിയുടെ പച്ചയോ ഉണങ്ങിയതോ ആയ തളിരിലകളും പുഷ്‌പങ്ങളും വെള്ളത്തിലോ പാലിലോ അരച്ചു കലക്കി സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ലഘു പാനീയമാണു "ഭാംഗ്‌'. ഇതില്‍നിന്ന്‌ ലഘുവായ ലഹരി മാത്രമേ ലഭിക്കുന്നുള്ളൂ. ബംഗാള്‍, ബിഹാര്‍, പഞ്ചാബ്‌, അസം, ഉത്തര്‍പ്രദേശ്‌, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലെ കാടുകളില്‍ വന്യമായി വളരുന്ന കഞ്ചാവുചെടികളില്‍ നിന്നാണ്‌ ഭാംഗ്‌ ഉണ്ടാക്കുന്നത്‌.

പെണ്‍ചെടിയുടെ പൂങ്കുലകള്‍ കഞ്ചാക്കറ എടുക്കുന്നതിഌ മുന്‍പുതന്നെ മുറിച്ചെടുത്ത്‌ ഉണക്കിയാണു "കഞ്ചാവ്‌' നിര്‍മിക്കുന്നത്‌. ലഹരിക്കു നിദാനമായ "കറ' ചെറിയ തോതില്‍ ഇതില്‍ അടങ്ങിയിരിക്കും. പൈപ്പു വഴിയോ ഹുക്കാവഴിയോ പുകവലിക്കാനാണു പ്രധാനമായും ഇതുപയോഗിക്കുന്നത്‌. ആയുര്‍വേദത്തിലും അലോപ്പതിയിലും ഔഷധത്തിനായി കഞ്ചാവ്‌ ഉപയോഗിക്കുന്നുണ്ട്‌. ഉറക്കത്തെ ഉത്തേജിപ്പിക്കുന്നതിഌം വേദന സംഹാരിയായും ഇതു ഉപയോഗിക്കുന്നു. പൂത്തുലഞ്ഞു നില്‍ക്കുന്ന പെണ്‍ചെടികളില്‍ നിന്നു സ്രവിക്കുന്ന കറ മാത്രമായി ശേഖരിച്ചെടുക്കുന്നതാണു "ചരസ്‌'. ഇന്ത്യയില്‍ വളരുന്നയിനം കഞ്ചാവുചെടികളില്‍ നിന്നു കാര്യമായ അളവില്‍ കഞ്ചാക്കറ കിട്ടാറില്ല.

കൃഷിരീതി. കഞ്ചാവുചെടിയില്‍ നിന്നു നാര്‌, എണ്ണ, ലഹരിവസ്‌തുക്കള്‍ എന്നിവ ലഭിക്കുന്നു. യൂറോപ്പ്‌, ചൈന, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ മുഖ്യമായും നാരിഌവേണ്ടിയാണു കഞ്ചാവ്‌ കൃഷി ചെയ്യുന്നത്‌. ഇന്ത്യയില്‍ ഉത്തര്‍പ്രദേശില്‍ മാത്രമേ നാരിഌവേണ്ടി കൃഷി ചെയ്യുന്നുള്ളു. ഇതിനായി വളക്കൂറുള്ള എക്കല്‍മണ്ണില്‍ കൃഷിയിറക്കുന്നു. കഞ്ചാവിഌവേണ്ടിയുള്ള കൃഷി കൂറേക്കൂടി ശ്രമകരമാണ്‌. 1.3 മീ. അകലത്തില്‍ എടുത്ത അധികം ആഴമില്ലാത്ത ചാലുകളില്‍ ഹെക്‌ടറിന്‌ 58 കി. ഗ്രാം എന്ന കണക്കില്‍ ആഗ. മാസത്തില്‍ വിത്തുവിതയ്‌ക്കുന്നു. ന. മാസമാകുമ്പോഴേക്കും ചെടി പൂര്‍ണവളര്‍ച്ചയെത്തും.

നാര്‌, വിത്ത്‌, ഔഷധങ്ങള്‍ എന്നിവയ്‌ക്കായി ഭിന്നകാലങ്ങളിലാണു വിളവെടുക്കുക. പൂത്തു തുടങ്ങുമ്പോഴാണു നാരെടുക്കാന്‍ പറ്റിയ സമയം. ചുവട്ടില്‍ വച്ചു മുറിച്ചെടുത്തു കെട്ടി വെള്ളത്തിലിട്ട്‌ അഴുക്കി നാരു വേര്‍പെടുത്തുന്നു. മേയ്‌ജൂണ്‍ മാസങ്ങളില്‍ ചുവട്ടിലെ ഇലകള്‍ പഴുത്തുതുടങ്ങുമ്പോള്‍ "ഭാംഗി'ഌവേണ്ടി വിളവെടുക്കാം. ആറുമാസം വളര്‍ച്ചയെത്തിയ പെണ്‍ചെടികള്‍ പുഷ്‌പിച്ചു കറ സ്രവിപ്പിക്കാന്‍ തുടങ്ങുമ്പോഴാണു കഞ്ചാവിനായി വിളവെടുക്കുക. പൂങ്കുലകളുള്ള ശിഖരങ്ങള്‍ മുറിച്ചെടുത്തു വളരെ സൂക്ഷ്‌മതയോടെ ഉണക്കിയെടുക്കുന്നു. ശരിയായി ഉണങ്ങിയില്ലെങ്കില്‍ അതിന്‍െറ ഗുണം കുറഞ്ഞുപോകും. ഉണങ്ങി പാകമായ കഞ്ചാവിന്‌ ഇളം പച്ചയോ തവിട്ടോ നിറമായിരിക്കും; ഒട്ടിപ്പിടിക്കുകയില്ല, ചവര്‍പ്പു രുചിയുമുണ്ട്‌. ചെടികള്‍ പൂത്തുകഴിഞ്ഞ്‌ ഇലകള്‍ പഴുക്കുമ്പോള്‍ "ചരസ്‌' ശേഖരിക്ക-ാനായി പൂങ്കുലകള്‍ മാത്രം മുറിച്ചെടുക്കുന്നു.

കഞ്ചാവുചെടിയില്‍ നിന്നെടുക്കുന്ന നാര്‌ വളരെയധികം വ്യാവസായികപ്രാധാന്യമുള്ളതാണ്‌. കയറ്‌, ട്വയിന്‍, കപ്പല്‍പ്പായ്‌, ടാര്‍പ്പാളിന്‍ മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. നാരിഌ നല്ല ബലവും ലിനന്‍ നൂലിനെപ്പോലെ തിളക്കവുമുണ്ട്‌; ഏറെക്കാലം ഈടു നില്‍ക്കുകയും ചെയ്യും. കഞ്ചാവുചെടിയുടെ വിത്തില്‍ നിന്ന്‌ ഒരുതരം എണ്ണ ലഭിക്കുന്നു. സോപ്പ്‌, പെയിന്റ്‌, വാര്‍ണിഷ്‌ മുതലായവ ഉണ്ടാക്കാഌം വിളക്കെണ്ണയായും ഇത്‌ ഉപയോഗിക്കുന്നു; ഇതിന്റെ പിണ്ണാക്ക്‌ ഒരു നല്ല കാലിത്തീറ്റയുമാണ്‌.

ലഹരിപദാര്‍ഥമായി ഉപയോഗിക്കുന്ന കഞ്ചാവിലെ മുഖ്യരാസവസ്‌തു ഡെല്‍റ്റാ ടെട്രാഹൈഡ്രാ കാനാബൈനോളുകള്‍ (THC) എന്ന പൊതുവായി അറിയപ്പെടുന്നു. ഈ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ യഥാക്രമം ഡെല്‍റ്റാ 9 റ്റി എച്ച്‌ സി, ഡെല്‍റ്റാ 8 റ്റി എച്ച്‌സി, റ്റി എച്ച്‌സി അമ്ലം, കാനാബൈനോള്‍ (Cannabinol), കാനാബൈഡൈയോള്‍ (Cannabidiol) എന്നിവയാണ്‌. കാനാബൈഡൈയോളിന്‌ രോഗാണുക്കളെ ചെറുക്കാഌള്ള ശക്തിയുണ്ട്‌.

കഞ്ചാവിന്‍െറ പ്രഭാവം പ്രധാനമായി ബാധിക്കുന്നതു നാഡീവ്യൂഹത്തെയാണ്‌. ഇതിഌ രണ്ടു ഘട്ടങ്ങളുണ്ട്‌ ഉത്തേജനവും ഊര്‍ജസ്വലതയും അഌഭവപ്പെടുന്ന ആദ്യഘട്ടവും; അതേത്തുടര്‍ന്ന്‌ മ്ലാനതയും വിഷാദവും അഌഭവപ്പെടുന്ന രണ്ടാംഘട്ടവും. ഇതിന്റെ ലഹരി ശാരീരികവും മാനസികവുമായ അനവധി പ്രതികരണങ്ങള്‍ സൃഷ്‌ടിക്കുന്നു. ഒരുതരം പേടിപ്പെടുത്തുന്ന വിഭ്രാന്തി അഌഭവപ്പെടുക സാധാരണമാണ്‌. സന്തുലനാവസ്ഥയ്‌ക്കും സമബോധമുള്‍പ്പെടെയുള്ള ബുദ്ധിവ്യാപാരങ്ങള്‍ക്കും അസ്ഥിരത അഌഭവപ്പെടുന്നു. കഞ്ചാവിലുള്ള 9 റ്റി എച്ച്‌ സി തലച്ചോറിന്റെ പുരോഭാഗത്തുള്ള ഫ്രാണ്ടല്‍ കോര്‍ട്ടെക്‌സിലും ഹിപ്പോകാംബസിലും ധാരാളമായി കേന്ദ്രീകരിക്കുന്നതു കൊണ്ടാണ്‌ സമയത്തെക്കുറിച്ചുള്ള വിഭ്രാന്തി സംഭവിക്കുന്നത്‌. വേഗതയുടെ അഌഭവവും ഇതുപോലെ വ്യത്യാസപ്പെടാം. മറ്റൊരു പ്രത്യേകതയാണു ദര്‍ശനവിഭ്(രമം (visual hallucination). വെളിച്ചം അതിവേഗത്തില്‍ പാഞ്ഞുപോകുന്നതായും പല നിറത്തിലുള്ള രൂപങ്ങളും മുഖങ്ങളും കാണുന്നതായും തോന്നും. മറ്റുള്ളവര്‍ ഉപദ്രവിക്കാന്‍ വരുന്നുവെന്ന തോന്നലുകളോ സ്വയം വലിയ ആളാണെന്ന ഭാവമോ ഉണ്ടാകാം. ദ്വന്ദ്വചേതന (double consciousness) എന്നതു വളരെ രസകരമായ മറ്റൊരഌഭൂതിയാണ്‌. ഇതഌഭവപ്പെടുന്ന ആള്‍ക്ക്‌ താന്‍ രണ്ടു രൂപമാണെന്നു തോന്നുന്നു.

കഞ്ചാവുപയോഗിച്ചാല്‍ ആദ്യം കാണുന്ന ശാരീരിക ലക്ഷണം നാഡിമിടിപ്പിലുള്ള വര്‍ധനയാണ്‌. തുടര്‍ന്ന്‌ രക്തസമ്മര്‍ദം കൂടുന്നു. ഒക്കാനവും ഛര്‍ദിയും ഉണ്ടാകുകയും മൂത്രം ധാരാളമായി പോകുകയും ചെയ്യാറുണ്ട്‌. അമിതമായ ദാഹവും വിശപ്പും അഌഭവപ്പെടാം.

പതിവായി ഉപയോഗിക്കുന്നവരില്‍ ചുമയും നെഞ്ചുരോഗങ്ങളും സാധാരണമാണ്‌. ക്ഷയരോഗബാധയ്‌ക്കു വിധേയമാകാഌള്ള സാധ്യതയും വളരെ കൂടുതലാണ്‌. ദഹനേന്ദ്രിയ തകരാറുകളും വിരളമല്ല.

ആസക്തി (addiction) വളര്‍ത്തുന്ന ഒരു ലഹരിവസ്‌തു അല്ല കഞ്ചാവ്‌ എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്‌. ഈജിപ്‌തിലും മറ്റു പൗരസ്‌ത്യദേശങ്ങളിലും നിന്നു ലഭിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌ കഞ്ചാവ്‌ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ആളുകള്‍ പൊതുവില്‍ നിഷ്‌ക്രിയരും കര്‍മവിമുഖരും അധികാരതൃഷ്‌ണയില്ലാത്തവരുമാണെന്നാണ്‌. കഞ്ചാവിന്‍െറ ഉപയോഗം സൈക്കോസിസ്‌ (psychosis) എന്ന മാനസികരോഗത്തിഌ കാരണമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍