This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒമാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:51, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒമാന്‍

Oman

അറേബ്യാ ഉപദ്വീപിന്റെ തെക്കു കിഴക്കേ മൂലയിൽ സ്ഥിതിചെയ്യുന്ന സ്വതന്ത്ര സുൽത്തനേറ്റ്‌. 1970 വരെ മസ്‌കറ്റ്‌ ഒമാന്‍ എന്ന പേരിൽ അറിയപ്പെട്ടുപോന്നു. തെക്കുപടിഞ്ഞാറ്‌ യെമന്‍, തെക്കും കിഴക്കും അറേബ്യന്‍ കടൽ, വടക്ക്‌ ഒമാന്‍ ഉള്‍ക്കടൽ, വടക്കുപടിഞ്ഞാറ്‌ യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌, പടിഞ്ഞാറ്‌ സൗദി അറേബ്യ എന്നിങ്ങനെയാണ്‌ ഒമാന്റെ അതിരുകള്‍. പേർഷ്യന്‍ ഉള്‍ക്കടലിനെയും ഒമാന്‍ ഉള്‍ക്കടലിനെയും വേർതിരിക്കുന്ന മസാന്തം ഉപദ്വീപിന്റെ വടക്കേ അറ്റത്തുള്ള നിമ്‌നോന്നത പ്രദേശം (റൂ അസ്‌ അൽജിബാൽ) ഒമാന്റെ അധികാരാതിർത്തിയിലാണ്‌. 1955-ൽ ബ്രിട്ടീഷുകാർ വിട്ടൊഴിഞ്ഞപ്പോള്‍ യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സിന്റെ തെക്കരികിലായുള്ള അൽ ബുറേയ്‌മി മരുപ്പച്ചയിലെ 9 ഗ്രാമങ്ങളിന്മേൽ ഒമാന്‌ അവകാശം നല്‌കിയിരുന്നുവെങ്കിലും സൗദി അറേബ്യ ആ പ്രദേശം കൈയടക്കിവച്ചിരിക്കുന്നു. ഒമാനും സൗദി അറേബ്യയ്‌ക്കുമിടയ്‌ക്കുള്ള അതിർത്തി ഇനിയും നിർണയിക്കപ്പെട്ടിട്ടില്ല. തന്നിമിത്തം ഒമാന്റെ വിസ്‌തീർണം കൃത്യമായി പറയുവാനാവില്ല. സുൽത്തനേറ്റിന്റെ ദക്ഷിണതീരത്തുനിന്ന്‌ 40 കി.മീ. അകലത്തിൽ സ്ഥിതിചെയ്യുന്ന കൂറിയാ മുറിയാ ദ്വീപസമൂഹം 1967 മുതൽ ഒമാന്റെ അധീനതയിലാണ്‌. ഈ സുൽത്തനേറ്റിന്റെ അധികാരാതിർത്തിക്കുള്ളിൽ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ മൊത്തം വിസ്‌തീർണം 3,09,500 ച.കി.മീ. ജനസംഖ്യ: 30,01,583 (2005). തലസ്ഥാനം മസ്‌കറ്റ്‌.

ഭൗതിക ഭൂമിശാസ്‌ത്രം ഭൂപ്രകൃതി. അറേബ്യാ മണലാരണ്യത്തിന്റെ ഭാഗമാണ്‌ ഒമാന്‍. ഉത്തര ഒമാനിൽ അൽ ഹജാർ മലനിരകള്‍ ഭൂപ്രകൃതിയുടെ ഏകതാനതയ്‌ക്ക്‌ കോട്ടം വരുത്തുന്നു. ഉള്‍ക്കടൽ തീരത്തിനു സമാന്തരമായി റൂ അസ്‌ അൽ ജിബാൽ മൽ റാസ്‌ അൽ ഹാദ്‌വരെ നീളുന്ന ഈ മലനിരകള്‍ ഉള്‍ക്കടൽ വശത്ത്‌ കൂടുതൽ തൂക്കായി കാണപ്പെടുന്നു. ഏറ്റവും കൂടിയ ഉയരം 3,107 മീ. ആണ്‌. ഈ പർവതങ്ങളിൽ പെയ്‌തുവീഴുന്ന മഴവെള്ളം ഉള്‍നാടന്‍ മരുപ്പച്ചകളിലേക്ക്‌ ഒഴുക്കിക്കൊണ്ടുപോകുന്ന സംവിധാനം പ്രാചീനകാലം തൊട്ടേ നിലവിലിരിക്കുന്നു; ഭൂമിക്കടിയിലൂടെ നിർമിച്ചിട്ടുള്ള പ്രത്യേകതരം ഓവുചാലുകളിലൂടെയാണ്‌ വെള്ളം ചോർത്തിക്കൊണ്ടുവരുന്നത്‌. ഒമാന്റെ ദക്ഷിണ പ്രവിശ്യയായ ദോഫാർ (സുഫാർ) തീരത്തും അറേബ്യന്‍ കടലിനു സമാന്തരമായുള്ള മല നിരകളുണ്ട്‌; പ്രവിശ്യാ തലസ്ഥാനമായ സലാല ഈ മലനിരകളുടെ ഭാഗമായ ഉന്നതതടത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കിഴക്കുപടിഞ്ഞാറായി കിടക്കുന്ന 5 ദ്വീപുകളാണ്‌ കൂറിയാ മുറിയാ സമൂഹം ഉള്‍ക്കൊള്ളുന്നത്‌: അൽഹാസ്‌കീയാ, അസ്‌സാദാ, അൽ ഹള്ളാനീയ, ക്വാർസവീത്‌, അൽക്വിബ്ലിയാ. ഇവയിൽ അൽ ഹള്ളാനീയയിൽ മാത്രമാണ്‌ ജനവാസമുള്ളത്‌; കാലാവസ്ഥ. അത്യുഷ്‌ണമുള്ള വരണ്ട കാലാവസ്ഥയാണ്‌ ഒമാനിൽ അനുഭവപ്പെടുന്നത്‌. മഴയുടെ തോത്‌ കൊല്ലത്തിൽ 7-10 സെ.മീ. എന്ന ക്രമത്തിലാണ്‌. തീരപ്രദേശങ്ങളിൽ അന്തരീക്ഷവായു ഈർപ്പമയമാവുന്നതിനാൽ ചൂട്‌ ദുസ്സഹമായിത്തീരുന്നു. 580 ച.കി.മീ. ആണ്‌ ജലസേചിത ഭൂമി.

സസ്യങ്ങളും ജന്തുക്കളും. അൽബാതിനാ സമതലം വിശാലമായ ഒരു ഈന്തപ്പനത്തോട്ടമാണെന്നു പറയാം. ഒമാന്റെ മറ്റു ഭാഗങ്ങളിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മരുപ്പച്ചകളിലും ഈന്തപ്പന സമൃദ്ധമായി വളരുന്നു. മരുപ്പച്ചകളിൽ ധാന്യങ്ങളും ഫലവർഗങ്ങളും അല്‌പമാത്രമായ തോതിൽ വിളയിക്കുന്നുണ്ട്‌. എന്നാൽ പ്രധാന ഭക്ഷ്യധാന്യമായ നെല്ലരി പൂർണമായും ഇറക്കുമതി ചെയ്യപ്പെടുകയാണ്‌. ഒട്ടകമാണ്‌ പ്രധാന വളർത്തുമൃഗം. ഭാരം വഹിപ്പിക്കുന്നതിനായി കാട്ടുകഴുതയെ ഇണക്കിവളർത്തുന്ന പതിവുമുണ്ട്‌. ഒമാനിലെ മലമ്പ്രദേശങ്ങളിൽ ചെറിയയിനം വന്യമൃഗങ്ങള്‍ ധാരാളമായുണ്ട്‌.

ജനങ്ങള്‍. ഒമാനിലെ 30,10,583-ത്തോളം വരുന്ന ജനങ്ങളിൽ ഏകദേശം 9,20,000 പേർ തൊഴിൽ മേഖലയിലാണ്‌ (2002). മൊത്തം ജനങ്ങളിൽ നഗരവാസികള്‍ 5 ശതമാനം മാത്രമായുള്ളൂ. ഭൂരിപക്ഷം ആളുകളും അറബികളാണ്‌. എന്നാൽ തുറമുഖനഗരങ്ങളിലെ വിദഗ്‌ധരും അവിദഗ്‌ധരുമായ തൊഴിലാളികളിൽ ഏറിയപങ്കും വിദേശികളാണ്‌. ഇറാന്‍, പാകിസ്‌താന്‍, ഇന്ത്യ, പൂർവ ആഫ്രിക്ക എന്നിവിടങ്ങളിൽനിന്ന്‌ കുടിയേറിയിട്ടുള്ളവരാണ്‌ ഇവർ. ഒമാന്‍ നിവാസികള്‍ക്ക്‌ തൊഴിലിൽ ഏർപ്പെടാനുള്ള പ്രായം 13-ഉം വിദേശികള്‍ക്ക്‌ 21-ഉം ആണ്‌. അറബി ജനത പൊതുവേ ഹിനാവി, ഘാഫിരി എന്നീ വിഭാഗങ്ങളിൽപ്പെടുന്നു. ഈ വിഭാഗങ്ങള്‍ നെടുനാളായി പുലർത്തിപ്പോന്ന വർഗവൈരം ഏറെക്കുറെ ശമിച്ച സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌. പാകിസ്‌താനിൽ നിന്ന്‌ കുടിയേറിയിട്ടുള്ള ബലൂചികള്‍ തങ്ങളുടെ ആചാരമര്യാദകളും പാരമ്പര്യക്രമങ്ങളും ഭേദപ്പെടുത്തി അറബികളെന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്‌. ഇസ്‌ലാമിലെ പല അവാന്തരവിഭാഗങ്ങള്‍ക്കും ഒമാനിൽ ഗണ്യമായ സംഖ്യാബലമുണ്ട്‌. ഇവരിൽ പ്രമുഖകക്ഷി ഇബാദികളാണ്‌. ഇസ്‌ലാമിന്റെ മുഖ്യധാരയിൽനിന്ന്‌ ആദ്യമായി വേർപിരിഞ്ഞു നിലകൊണ്ട ഖാരിജ്‌ വിഭാഗത്തിൽപ്പെട്ടവരാണ്‌ ഇബാദികള്‍. എട്ടാം ശതകം മുതല്‌ക്കേ ഇബാദികള്‍ തങ്ങളുടെ ഇമാമിനെ തെരഞ്ഞെടുത്തു വാഴിക്കുകയും അദ്ദേഹത്തിന്റെ ആജ്ഞകള്‍ ശിരസാ വഹിക്കുകയും ചെയ്‌തുപോന്നു. 1958-നുശേഷം ഇമാമിന്റെ അധികാരത്തിന്‌ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയെങ്കിലും സുൽത്താന്മാരെ മതനേതാവിന്‌ അതീതനായി കണക്കാക്കുവാന്‍ ഭൂരിപക്ഷം ഇബാദികളും ഇന്നും കൂട്ടാക്കുന്നില്ല. അൽ-ഹജാറിലെ ഉള്‍പ്രദേശത്ത്‌ ഇമാമുകളുടെ ആസ്ഥാനമായിരുന്ന നസ്‌വയിലും സമീപ പ്രദേശങ്ങളിലുമാണ്‌ ഇബാദികള്‍ക്കു പ്രാബല്യമുള്ളത്‌. ഉത്തര ഒമാനിൽ ബലൂചികള്‍ക്ക്‌ ഭൂരിപക്ഷമുള്ള അസ്‌സാഹിറായിലും സമീപസ്ഥമായ ജാലാനിലും സുന്നി വിഭാഗക്കാർക്കാണ്‌ ഭൂരിപക്ഷം. വഹാബി, ഷിയ, ഇസ്‌മേയ്‌ലി എന്നിവയാണ്‌ മറ്റ്‌ അവാന്തരവിഭാഗങ്ങള്‍. ഇസ്‌ലാമേതര വിഭാഗങ്ങള്‍ പൊതുവേ വിദേശീയരായ കുടിയേറ്റക്കാരാണ്‌; ഇവർ ന്യൂനപക്ഷവുമാണ്‌.

അധിവാസക്രമം. ഒമാന്‍ ഉള്‍ക്കടലിനു സമാന്തരമായി 20 കിലോമീറ്ററിൽ കുറഞ്ഞ വീതിയിൽ കിടക്കുന്ന അൽബാതിനാ സമതലത്തിലാണ്‌ ഒമാനിലെ ജനാധിവാസം കേന്ദ്രീകരിച്ചിട്ടുള്ളത്‌. വടക്കരികിലുള്ള സുഹാർ ആണ്‌ അൽബാതിനായിലെ പ്രധാന നഗരം. മസ്‌കറ്റിന്റെ പടിഞ്ഞാറുഭാഗത്തുള്ള അൽ അഖ്‌ദർമല സാമാന്യം ജനസാന്ദ്രതയുള്ള കാർഷിക മേഖലയായി മാറിയിരിക്കുന്നു. അൽഹജാറിന്റെ ക്രമേണ ചരിഞ്ഞിറങ്ങുന്ന പശ്ചിമ പാർശ്വമാണ്‌ അസ്‌സാഹിറാ; കൃഷിയോഗ്യമായ ഈ ഉന്നതതടത്തിലും ജനവാസം വർധിച്ചിട്ടുണ്ട്‌. അൽ അഖ്‌ദറിന്റെ സാനുപ്രദേശത്തുള്ള നസ്‌വാനഗരവും അതിന്റെ പശ്ചപ്രദേശവും അധിവാസകേന്ദ്രങ്ങളാണ്‌. ദക്ഷിണ ഒമാനിലെ ദോഫാർ പ്രവിശ്യയിലും ജനവാസം അഭിവൃദ്ധിപ്പെട്ടുവരുന്നു. ഇവിടെയുള്ള സലാലാ നഗരം മുന്‍ സുൽത്താന്റെ തലസ്ഥാനമെന്ന നിലയിൽ പ്രാധാന്യം വഹിച്ചിരുന്നു. അറേബ്യന്‍ കടലിന്‍ തീരത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന മസീറാ ദ്വീപ്‌ ബ്രിട്ടീഷ്‌കാലത്തെ വ്യോമസേനാ കേന്ദ്രമായിരുന്നു; ഈ ദ്വീപിന്റെ പ്രാധാന്യത്തിന്‌ ഇന്നും മങ്ങലേറ്റിട്ടില്ല.

തുറമുഖനഗരവും തലസ്ഥാനവുമായ മസ്‌കറ്റ്‌ ആണ്‌ ജനനിബിഡമെന്നു വിശേഷിപ്പിക്കാവുന്ന ഏകമേഖല. ചുറ്റുമുള്ള ചെങ്കുത്തായ കുന്നിന്‍ നിരകള്‍ നഗരത്തിന്‌ നൈസർഗിക സുരക്ഷിതത്വം നല്‌കിയിരിക്കുന്നു. തുറമുറഭാഗത്തിനു മത്ര എന്നാണ്‌ പേർ; ഇത്‌ ഒരു ഇരട്ടത്തുറമുഖമാണ്‌. നഗരത്തിന്റെ ഉള്‍ഭാഗത്തേക്കു കടക്കുന്നതിനുള്ള മറ്റൊരുമാർഗം അൽഹജാറിനു കുറുകേയുള്ള സമാലിവാഡി മാത്രമാണ്‌. മത്രയിലെ ജനങ്ങളുള്‍പ്പെടെ മസ്‌കറ്റിലെ മൊത്തം ജനസംഖ്യ 9 ലക്ഷം ആണ്‌. ഒമാനിലെ മറ്റു പട്ടണങ്ങളൊക്കെത്തന്നെ പുരാതന ദുർഗങ്ങളെ ആശ്രയിച്ച്‌ വികസിച്ചിട്ടുള്ളവയാണ്‌; വറ്റിവരണ്ട നീരൊഴുക്കുചാലുകളായ വാഡികളുടെ തീരങ്ങളിലാണ്‌ ഗ്രാമങ്ങള്‍ വളർന്നു കാണുന്നത്‌; അടുത്തടുത്തുള്ള ചെറുഭവനങ്ങളിൽ സംഘം ചേർന്നു പാർത്തുവരുന്ന രീതിയാണ്‌ ഇവിടങ്ങളിലുള്ളത്‌. പരമ്പരാഗത കരകൗശലവസ്‌തുക്കളുടെ നിർമാണത്തിൽ പ്രശ്‌സതരാണ്‌ ഒമാനികള്‍ ഇവർ നിർമിക്കുന്ന ഖാന്‍ജാർ കത്തികള്‍ സവിശേഷതയാർന്നതാണ്‌. സമ്പദ്‌വ്യവസ്ഥ. എണ്ണ ഖനനമാണ്‌ ഏറ്റവും പ്രധാന വരുമാനമാർഗം. ദിനംപ്രതി ഏഴുലക്ഷം വിപ്പ എണ്ണയാണ്‌ ഒമാന്‍ ഉത്‌പാദിപ്പിക്കുന്നത്‌. സുൽത്തനേറ്റിലെ വരുമാനത്തിൽ 90 ശതമാനവും എണ്ണവിപണനത്തിലൂടെയാണ്‌ ലഭ്യമാകുന്നത്‌. 1964-ൽ വന്‍തോതിലുള്ള എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്നാണ്‌ ഒമാന്‍ പുരോഗതി ആർജിച്ചത്‌. ഉള്‍നാടന്‍ എണ്ണപ്പാടമായ നതി ഫുഹൂദിൽനിന്ന്‌ ഉള്‍ക്കടൽ തീരംവരെ എത്തുന്ന പൈപ്പ്‌ലൈന്‍ 1967-ൽ പൂർത്തിയായി; തുടർന്ന്‌ എണ്ണ കയറ്റുമതി ആരംഭിക്കുകയും ചെയ്‌തു. എണ്ണ ഉത്‌പാദനത്തിന്റെ തോത്‌ ക്രമേണ കുറഞ്ഞുവരുന്ന സ്ഥിതിയാണുള്ളത്‌. എന്നാൽ 1999 ജൂണിൽ തെക്കന്‍ ഒമാനിൽ പുതിയ എണ്ണപ്പാടം കണ്ടെത്തുകയുണ്ടായി. മസ്‌കറ്റ്‌, മത്ര എന്നിവയാണ്‌ വിപണനകേന്ദ്രങ്ങള്‍. പ്രകൃതിവാതക വിതരണരംഗത്തെ സുർ(ടന്‍) പദ്ധതി തലസ്ഥാന നഗരിയെ പുരോഗതിയിൽ എത്തിച്ചിട്ടുണ്ട്‌. വന്‍മതിലുകള്‍, റോഡുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ജലവൈദ്യത പദ്ധതികള്‍ തുടങ്ങിയവ ഇപ്പോഴുമുണ്ട്‌. എന്നാൽ ഇപ്പോഴും എണ്ണ ഉത്‌പാദകരാജ്യങ്ങളുടെ സംഘടനയായ "ഒപെക്കി'ൽ (OPEC) ഒമാന്‍ അംഗമല്ല.

വ്യവസായിക പുരോഗതി 2020 ആകുമ്പോഴേക്കും 15 ശതമാനം രാജ്യത്തിന്റെ ജി.ഡി.പി. രംഗത്ത്‌ വർധിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു. വിഷന്‍ 2020 പ്രകാരം ധാരാളം പദ്ധതികള്‍ സാമ്പത്തികമേഖലയിൽ നടപ്പിലാക്കുന്നു. ഉള്‍നാട്ടിലെ ഗ്രാമങ്ങളിൽ ജലലഭ്യതയുള്ള ഭാഗങ്ങളിലൊക്കെ സ്ഥിരപാർപ്പുകാരായ ജനങ്ങള്‍ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. ഈന്തപ്പന, നാരകം, തെങ്ങ്‌, പപ്പായ, വാഴ, ഗോതമ്പ്‌, കരിമ്പ്‌, മുന്തിരി തുടങ്ങിയവയൊക്കെ കാർഷിക വിളകളിൽപ്പെടുന്നു. ജലസേചന സംവിധാനത്തിനുള്ള അപര്യാപ്‌തത കാർഷികവികസനം അസാധ്യമാക്കിയിരിക്കുന്നു. ഉള്‍നാട്ടിലെ മറ്റൊരു ഉപജീവനമാർഗം ഒട്ടകം വളർത്തലാണ്‌. കടലോരങ്ങളിൽ മത്സ്യബന്ധനവും നടന്നുവരുന്നു. ഉണക്കമീന്‍, ഈന്തപ്പഴം, നാരങ്ങ എന്നിവ അല്‌പമായ തോതിൽ കയറ്റുമതിചെയ്‌തുവരുന്നു. ഇറക്കുമതി കയറ്റുമതിയെ അപേക്ഷിച്ച്‌ പതിന്മടങ്ങാണ്‌. പ്രതിരോധാവശ്യങ്ങള്‍ക്ക്‌ വേണ്ടി വരുന്ന വമ്പിച്ച ചെലവും ഈ സുൽത്തനേറ്റിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ഉലച്ചിട്ടുണ്ട്‌. ഗതാഗതസംവിധാനം മികച്ചതാണ്‌. 1971-ൽ രണ്ട്‌ ടാർറോഡുകള്‍ മാത്രമാണുണ്ടായിരുന്നത്‌. എന്നാൽ ഇപ്പോള്‍ ആധുനിക റോഡുശൃംഖലയുണ്ട്‌. പൊതുറോഡ്‌ ട്രാന്‍സ്‌പോർട്ട്‌ സംവിധാനവുമുണ്ട്‌. ഒമാനിൽനിന്ന്‌ അയൽ രാജ്യങ്ങളിലേക്കും നല്ല റോഡ്‌ ബന്ധമാണുള്ളത്‌ ബുറേമി (Buraimi)വാദി ഖത്താ (waddi Hatta) ബുക്കാ (Bukha) ബയ്‌സാ എന്നറിയപ്പെടുന്ന ബസ്സുകളാണ്‌ ഇവിടെ കൂടുതൽ പ്രചാരമുള്ളവ. തീവണ്ടി ഗതാഗതമില്ലാത്ത ഒമാനിൽ സീബ്‌ ഇന്റർനാഷണൽ എയർപ്പോർട്ട്‌, ഷാർജ എയർപ്പോർട്ട്‌ എന്നിങ്ങനെ രണ്ട്‌ എയർപ്പോർട്ടുകളാണുള്ളത്‌. "ഒമാന്‍ എയർ' എന്നാണ്‌ ദേശീയ വിമാന കമ്പനിയുടെ പേര്‌.

മത്രയാണ്‌ പ്രധാന തുറമുഖം. ഉള്‍ക്കടലിലെ സുഹർ, സൂദ്‌, മിർബാത്ത്‌ എന്നീ ചെറുകിട തുറമുഖങ്ങളും വിപണനപ്രധാനമാണ്‌. അറേബ്യന്‍ കടൽത്തീരത്തെ സലാലാ തുറമുഖത്തിനും വാണിജ്യപരമായ പ്രാധാന്യമുണ്ട്‌. ഭരണസംവിധാനം. ബ്രിട്ടീഷ്‌ സംരക്ഷിത പ്രദേശമായിരുന്ന ഒമാന്‍ 1932 മുതൽ 1970 വരെ സയീദ്‌ ഇബ്‌നു തയ്‌മൂർ ആണ്‌ ഭരിച്ചിരുന്നത്‌. രാജ്യത്തിന്റെ വികസനത്തിൽ ഈ സുൽത്താന്‍ തികച്ചും അശ്രദ്ധനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ യു.കെ., യു.എസ്‌., ഇന്ത്യ എന്നീ രാഷ്‌ട്രങ്ങളുമായി മാത്രമേ ഒമാന്‍ നയതന്ത്രബന്ധങ്ങള്‍ പുലർത്തിയിരുന്നുള്ളൂ. 1970-ൽ തന്റെ പിതാവിനെ അധികാരഭ്രഷ്‌ടനാക്കിക്കൊണ്ട്‌ സുൽത്താന്‍ ക്വാബൂസ്‌ ഇബ്‌നു സയീദ്‌ ഭരണമേറ്റു. തുടർന്ന്‌ ഒമാന്റെ വികസനം ലക്ഷ്യമാക്കിയുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു. വിദേശീയ വിദഗ്‌ധന്മാരുടെ സഹായത്തോടെയാണെങ്കിലും ഭരണ-സാമൂഹിക-സാമ്പത്തിക മണ്ഡലങ്ങളിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ വരുത്തുവാന്‍ ക്വാബൂസ്‌ പ്രാപ്‌തനായി. ആരോഗ്യസംരക്ഷണത്തിനും ശുചീകരണ പ്രവർത്തനങ്ങള്‍ക്കുമായി വന്‍തുകകള്‍ ചെലവഴിക്കപ്പെടുന്നു. ധാരാളം ആശുപത്രികളും നിരവധി സ്‌കൂളുകളും ആരംഭിച്ചിട്ടുണ്ട്‌. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്‌. ചരിത്ര-മതഗ്രന്ഥങ്ങള്‍ സമ്പാദിച്ച്‌ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നു.

രാഷ്‌ട്രീയം. ഒമാനിൽ രാഷ്‌ട്രത്തിന്റെയും സർക്കാരിന്റെയും തലവന്‍ സുൽത്താനാണ്‌. മന്ത്രിസഭയെ സുൽത്താന്‍ നിയമിക്കുന്നു. 2003-ൽ രാജ്യത്ത്‌ വോട്ടവകാശം നിലവിൽവന്നു. രാജ്യത്തെ അഞ്ചുമേഖലകളായും അവയെ ചെറുജില്ലകളായും വിഭജിച്ചാണ്‌ ഭരണം നടത്തുന്നത്‌. സുൽത്താന്‍ ഒരു കാബിനറ്റ്‌ രൂപീകരിച്ച്‌ 2011 വരെ ഉപദേശക അധികാരവും അതിനുശേഷം നിയമനിർമാണ അധികാരങ്ങളും അതിനു നൽകുകയും ചെയ്‌തു. നിയമപരമായി ഒരു രാഷ്‌ട്രീയ പാർട്ടി ഒമാനിൽ ഇല്ല. 2001-ലെ കണക്കനുസരിച്ച്‌ 3,11,000 ഇന്ത്യാക്കാർ ഒമാനിലുണ്ട്‌. അതായത്‌ മൊത്തം വിദേശികളിൽ 56 ശതമാനം ഇന്ത്യക്കാരാണ്‌. ഇവരിലധികവും മലയാളികളും ഗുജറാത്തികളും സിന്ധികളുമാണ്‌. ഇവർക്കായി രണ്ട്‌ ഹിന്ദുക്ഷേത്രങ്ങളും രണ്ട്‌ സിഖ്‌ ഗുരുദ്വാരകളും ഏഴ്‌ ക്രസ്‌തവ ദേവാലയങ്ങളും ഉണ്ട്‌. ഇന്ത്യക്കാരിൽ 10 ശതമാനം ഡോക്‌ടർമാരും എന്‍ജിനീയർമാരും പ്രാഫഷണലുകളുമാണ്‌. ബാക്കിയുള്ളവർ സാധാരണ തൊഴിലാളികളും 14 ഇന്ത്യന്‍ സ്‌കുളുകള്ളതിൽ ഒരെണ്ണം കേരളാ സിലബസും മറ്റുള്ളവ സി.ബി.എസ്‌.സി. സിലബസും പിന്തുടരുന്നു. മലയാളം, ഹിന്ദി സിനിമകളാണ്‌ ഇവിടെ പ്രദർശിപ്പിക്കാറുള്ളത്‌. ഇരുപത്തഞ്ചോളം ഇന്ത്യന്‍ സംഘടനകളും ഒമാനിൽ പ്രവർത്തിക്കുന്നുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍