This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒന്നാം ലോകയുദ്ധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഒന്നാം ലോകയുദ്ധം
1914 ആഗ. 1 മുതൽ 1918 ന. 11 വരെ നീണ്ടുനിന്ന ആഗോളയുദ്ധം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളെയും സാരമായി ബാധിച്ച മഹാസംഭവമായിരുന്നു അത്. ലോകത്തിലെ രാഷ്‌ട്രീയ- സാമൂഹിക-സാമ്പത്തിക-വ്യവസ്ഥിതിയെ അത് ഇളക്കിമറിച്ചു. ലോകജനസംഖ്യയിൽ 93 ശതമാനം പ്രത്യക്ഷമായോ പരോക്ഷമായോ ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെട്ടിരുന്നു.
കാരണങ്ങള്‍
തീവ്രമായ ദേശീയത
20-ാം ശതകത്തിന്റെ ആരംഭവർഷങ്ങളിൽ പശ്ചിമയൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ഭൗതികമായി വമ്പിച്ച പുരോഗതി നേടിയിരുന്നു. ശാസ്‌ത്രരംഗത്തെ നേട്ടങ്ങള്‍ വ്യാവസായിക മേഖലയെ വളർത്തി; പ്രമുഖ വ്യവസായികള്‍ സമ്പന്നരായി. പാശ്ചാത്യരാജ്യങ്ങളുടെ വ്യാപാര വികസന മോഹവും ബാള്‍ക്കന്‍മേഖലാ രാജ്യങ്ങള്‍, ഏഷ്യാമൈനർ, ഉത്തര ആഫ്രിക്ക ഇത്യാദി പിന്നാക്കരാജ്യങ്ങളിൽ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിനുള്ള ആവേശവും പൂർവേഷ്യന്‍ രാഷ്‌ട്രങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള കിടമത്സരങ്ങളും അപകടകരമായ നിലയിൽ വളർന്നുകൊണ്ടിരുന്നു. തീവ്രമായ ദേശീയത അന്താരാഷ്‌ട്ര സമാധാനത്തിനുതന്നെ ഭീഷണിയായിത്തീർന്നു. സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള വ്യഗ്രത, രാജ്യവിസ്‌താരമോഹം എന്നിവ ദേശാതിർത്തികള്‍ മെച്ചപ്പെടുത്തുവാന്‍ രാജ്യങ്ങളെ പ്രരിപ്പിച്ചു. ഹെഗൽ, നീഷേ തുടങ്ങിയ ചിന്തകന്മാരുടെ കൃതികള്‍ ദേശാഭിമാനത്തെ പ്രത്യേകിച്ച് ജർമന്‍ ദേശാഭിമാനത്തെ ആളിക്കത്തിക്കാന്‍ പ്രചോദനം നൽകി. ബലവാന്മാർ ദുർബലരെ ഭരിക്കാന്‍ അർഹരാണെന്ന തത്ത്വചിന്ത പ്രചരിപ്പിക്കപ്പെട്ടു. "തെറ്റായാലും ശരിയായാലും ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടി' എന്ന മനഃസ്ഥിതി വളർന്നുവന്നു. ലോകരാഷ്‌ട്രങ്ങള്‍ തമ്മിൽ മത്സരവും വിരോധവും വർധിക്കാനിടയായതിന്റെ മൗലിക കാരണങ്ങളിവയായിരുന്നു.
രഹസ്യ നയതന്ത്രവും ശാക്തികതുലന സങ്കല്‌പവും
20-ാം ശതകത്തിന്റെ ആരംഭത്തിൽ യൂറോപ്യന്‍ ശക്തികള്‍ തമ്മിലുള്ള ശാക്തികതുലനം സ്ഥിരമായിരുന്നില്ല. 1870-നുശേഷം ജർമനി വ്യാവസായികമായും സൈനികമായും വളർന്നുകൊണ്ടിരുന്നു. 1870-71-ൽ ഫ്രാന്‍സിനോടു പടവെട്ടി വിജയിച്ച് അൽസേസ്-ലൊറേന്‍ കൈവശപ്പെടുത്തിയ ജർമന്‍ചാന്‍സലർ ബിസ്‌മാർക്ക്, ആസ്‌ട്രിയ-ഹംഗറിയും റഷ്യയും ചേർത്ത് "മൂന്നു ചക്രവർത്തിമാരുടെ സഖ്യം' (Dreikaiser Bund, 1873) ഉണ്ടാക്കി. 1878-ലെ ബർലിന്‍ കോണ്‍ഗ്രസ്സിൽ റഷ്യയുടെ താത്‌പര്യം സംരക്ഷിക്കുവാന്‍ ജർമനി തയ്യാറാകാതിരുന്നതിനാൽ റഷ്യ സഖ്യത്തിൽ നിന്നു പിന്മാറുകയും 1879-ൽ ഇത് ജർമനിയും ആസ്‌ട്രിയ-ഹംഗറിയും ചേർന്നുള്ള ദ്വികക്ഷി സഖ്യം (Dual Alliance) ആയിത്തീരുകയും ചെയ്‌തു. 1881-ൽ ചക്രവർത്തിമാരുടെ സഖ്യം ഒരു ഹ്രസ്വകാലത്തേക്കു പുനരുജ്ജീവിക്കപ്പെട്ടെങ്കിലും 1887-ൽ അതു വീണ്ടും തകർന്നു. 1885-86 ലെ സെർബിയ-ബള്‍ഗേറിയ യുദ്ധത്തിൽ റഷ്യയും ആസ്‌ട്രിയ-ഹംഗറിയുമായി ഉണ്ടായ തർക്കമാണ് ഈ സഖ്യം തകരുന്നതിന് കാരണമായത്. എന്നാൽ 1882-ൽ ദ്വികക്ഷി സഖ്യം ഇറ്റലിയെയും കൂടെ ഉള്‍പ്പെടുത്തി ത്രികക്ഷി സഖ്യ(Triple Alliance)മായി വിപുലീകരിച്ചു. കൂടാതെ 1883-ൽ ജർമനിയും ആസ്‌ട്രിയ-ഹംഗറിയും റൂമാനിയയുമായി ഒരു രഹസ്യക്കരാർ ഒപ്പുവച്ചു. കിഴക്കന്‍ യൂറോപ്പിൽ ജർമനിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് 1887-ൽ ബിസ്‌മാർക്ക് റഷ്യയുമായി ഒരു സഖ്യം(Re-Insurance treaty)ഉണ്ടാക്കി. ഈ കരാർ ആസ്‌ട്രിയ-ഹംഗറിയും ജർമനിയുമായി ഉണ്ടായിരുന്ന ദീർഘകാല ധാരണയ്‌ക്ക് നിരക്കുന്നതായിരുന്നില്ല. 1881-ൽ ആസ്‌ട്രിയ-ഹംഗറിയുമായി ഒരു രഹസ്യസന്ധിയിൽ ഒപ്പുവയ്‌ക്കുന്നതിന് സെർബിയ സമ്മതിച്ചു. ഇതുനിമിത്തം സെർബിയ പ്രായോഗികമായി ആസ്‌ട്രിയ-ഹംഗറിയുടെ ഉപഗ്രഹമായി തരംതാണെങ്കിലും 1885-86-ൽ സെർബിയ-ബള്‍ഗേറിയ യുദ്ധത്തിൽ ആ രാജ്യത്തിന് ആസ്‌ട്രിയ-ഹംഗറിയുടെ സഹായം ലഭിച്ചു. ബ്രിട്ടന്‍ റഷ്യയ്‌ക്കെതിരെ തുർക്കിക്കു പിന്തുണ നൽകിയതായിരുന്നു, ദീർഘനാളായി നിലനിന്നുപോന്ന ബ്രിട്ടീഷ്-റഷ്യ ശത്രുതയ്‌ക്കു കാരണം. മധ്യേഷ്യയിലൂടെ ഇന്ത്യയിലേക്കും, സൈബീരിയയിലൂടെ ചൈനയിലേക്കുമുള്ള റഷ്യന്‍ വ്യാപനം ബ്രിട്ടീഷ് വാണിജ്യ താത്‌പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമായിരുന്നു. അതിനാൽ മെഡിറ്ററേനിയന്‍ മേഖലയിൽനിന്ന് റഷ്യയെ അകറ്റിനിർത്തുവാന്‍ ബ്രിട്ടന്‍ ആഗ്രഹിച്ചു. ആഫ്രിക്ക വിഭജിക്കുന്നതിനും, ഈജിപ്‌തിന്റെ മേൽ ബ്രിട്ടീഷ് സ്വാധീനതയുറപ്പിക്കുന്നതിനുംവേണ്ടി ബ്രിട്ടന്‍ ഇക്കാലത്ത് (1882-83) ഫ്രാന്‍സുമായി കടുത്ത മത്സരത്തിലായിരുന്നു. ഇത് ഫ്രാന്‍സിന്റെ വികാരത്തെ വ്രണപ്പെടുത്തി. അതുപോലെ ടുണീഷ്യ ഫ്രഞ്ചുപുത്രികാപദവി(dominion)യിലായത് (1881) ഇറ്റലിയുടെ ഈർഷ്യയ്‌ക്കു കാരണമായി. ജർമനിയും ബ്രിട്ടനുമായി ശത്രുതയുണ്ടാവുന്നതിന് പൊതുവായ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. റഷ്യ ജർമനിയുടെ മുഖ്യ ശത്രുവായ ഫ്രാന്‍സുമായി യോജിക്കുന്നതിന് സാധ്യതയുള്ളതായി കാണപ്പെട്ടില്ല. അതുകൊണ്ട്, ആശയപരവും ഭൂമിശാസ്‌ത്രപരവുമായ പ്രശ്‌നങ്ങള്‍, റഷ്യയുമായി യോജിക്കുന്നതിന് ജർമനിയെ പ്രരിപ്പിച്ചു. റഷ്യയുടെ ബാള്‍ക്കന്‍ മേഖലയിലേക്കുള്ള വികസനത്തെ ചെറുക്കുക എന്നത് ബ്രിട്ടന്റെയും ആസ്‌ട്രിയ-ഹംഗറിയുടെയും പൊതു താത്‌പര്യമായിരുന്നു.
ഫ്രാന്‍സ് വന്‍ശക്തികളിൽ നിന്നു പൂർണമായി ഒഴിഞ്ഞുമാറിനിന്നു. ഫ്രാന്‍സിനെ ആഫ്രിക്കന്‍ പ്രദേശത്ത് ചെറുത്തു നിൽക്കുന്നതിനുള്ള ഇറ്റലിയുടെ സന്നദ്ധതയെയും കൊളോണിയൽ രംഗത്ത് ഫ്രാന്‍സും ബ്രിട്ടനും തമ്മിലുള്ള ശത്രുതയെയും സംബന്ധിച്ച് ജർമനിക്ക് അറിവുണ്ടായിരുന്നു. തന്മൂലം ബ്രിട്ടനുമായി തുറന്ന സന്ധി ആവശ്യമാണെന്ന് ജർമനി കരുതിയില്ല. കോളനിഭരണത്തിൽ താത്‌പര്യം കാണിക്കാതിരുന്ന ബിസ്‌മാർക്കിന്റെ നേതൃത്വത്തിലുള്ള ജർമനി 1880-കള്‍ക്കുശേഷമാണ് വിദേശ കോളനികള്‍ കൈയടക്കുവാനാരംഭിച്ചത്. ഇക്കാലത്ത് ഫ്രാന്‍സിനെ സമാധാനിപ്പിക്കുന്നതിന് ശ്രമിച്ചുതുടങ്ങിയ ബിസ്‌മാർക്ക് അതിനുള്ള നടപടിയെന്നോണം ഫ്രഞ്ചു സ്വാധീനതാ മേഖലവിട്ട് ബ്രിട്ടീഷ് വ്യാപനത്തെ നിയന്ത്രിക്കാവുന്ന രീതിയിൽ കോളനികള്‍ പടുത്തുയുർത്തുവാനാരംഭിച്ചു.
പുതിയ ജർമന്‍ ചക്രവർത്തി വില്യം II (സ്ഥാനാരോഹണം 1888)ന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ബിസ്‌മാർക്കിന് 1890 മാ. 18-ന് ചാന്‍സലർ സ്ഥാനത്തുനിന്നും പിരിയേണ്ടിവന്നു. ആസ്‌ട്രിയ-ഹംഗറിയോടുള്ള കൂറ് പ്രദർശിപ്പിക്കുന്നതിനായി 1890-ൽ അവസാനിച്ച "സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള സഖ്യം' പുതുക്കണമെന്ന റഷ്യന്‍ നിർദേശത്തെ പുതിയ ഭരണകൂടം നിരാകരിച്ചു. ഒറ്റപ്പെട്ടുപോയ റഷ്യ ഫ്രാന്‍സുമായി 1892-ൽ ഒരു സൈനിക സഖ്യത്തിലേർപ്പെട്ടു. 1893-94 ൽ ഈ സഖ്യം രണ്ടു രാഷ്‌ട്രങ്ങളുടെയും ഔപചാരികമായ അംഗീകാരം നേടി.
ഇതിനിടയിൽ ജർമനി റഷ്യയെ ഉപേക്ഷിച്ച് ലോകശക്തിയായ ബ്രിട്ടനുമായി സന്ധി ചെയ്യുന്നതിന് ശ്രമം നടത്തി. 1890-ൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഹെലിഗോലാന്‍ഡ്-സാന്‍സിബാർ സന്ധിയനുസരിച്ച് ജർമനിക്ക് ഹെലിഗോലാന്‍ഡ് ലഭിക്കുകയും ദക്ഷിണ പശ്ചിമ ആഫ്രിക്കയിലും പൂർവാഫ്രിക്കയിലും വികസനയത്‌നം നടത്തുന്നതിന് അംഗീകാരമുണ്ടാവുകയും ചെയ്‌തു. പകരം ജർമനി, സാന്‍സിബാറിലെ അവകാശങ്ങള്‍ ബ്രിട്ടനു വിട്ടുകൊടുത്തു. എന്നാൽ ബ്രിട്ടനും ജർമനിയുമായി ധാരണയിലെത്തുന്നതിന് 1898-ലും 1899-ലും 1901-ലും നടത്തിയ ശ്രമങ്ങള്‍ ഫലവത്തായില്ല. ബ്രിട്ടീഷ് കമാന്‍ഡോ ആക്രമണത്തെ ആട്ടിപ്പായിച്ച (1898) ട്രാന്‍സ് വാളിലെ പ്രസിഡന്റ് പോള്‍ക്രൂഗറെ അനുമോദിച്ചുകൊണ്ടുള്ള ജർമന്‍ ചക്രവർത്തി വില്യം കക ന്റെ കമ്പിസന്ദേശം; 1897-ലെ ഗ്രീക്കോ-തുർക്കി യുദ്ധത്തെ തുടർന്ന് ക്രീറ്റ് പ്രശ്‌നത്തിൽ തുർക്കി സുൽത്താന്റെ നിലപാട് പിന്താങ്ങിക്കൊണ്ട് വന്‍ശക്തി കൂട്ടുകെട്ടിൽ നിന്നുമുള്ള ജർമനിയുടെയും ആസ്‌ട്രിയ-ഹംഗറിയുടെയും പിന്‍വാങ്ങൽ; ഇസ്‌ലാം ഏകതാവാദത്തിന് ദമാസ്‌കസിൽ വച്ച് വില്യം കക നൽകിയ പരസ്യപിന്തുണ; 1898-ലെയും 1900-ത്തിലെയും ജർമനിയുടെ നാവിക നിയമങ്ങള്‍; വന്‍കടൽപ്പടയുടെ ഉദ്‌ഘാടനം തുടങ്ങിയ തന്ത്രപരമല്ലാത്ത പ്രവർത്തനങ്ങള്‍, ജർമനിക്കും ആസ്‌ട്രിയ-ഹംഗറിക്കും എതിരിൽ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, നെതർലന്‍ഡ്‌സ് മുതലായ എല്ലാ ശാക്തികരാഷ്‌ട്രങ്ങളുടെയും വെറുപ്പിനു കാരണമായി.
1896-ലെ ആഡൂവ യുദ്ധത്തിൽ ഇറ്റലി, എത്യോപ്യയോടു പരാജയപ്പെട്ടശേഷം ആഫ്രിക്കയിലെ ബ്രിട്ടീഷ്-ഫ്രഞ്ചു ശത്രുത ഉച്ചകോടിയിലെത്തി. 1898-ൽ രണ്ടുമാസത്തോളം നീണ്ടുനിന്ന സംഘർഷാവസ്ഥയ്‌ക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയ്‌ക്ക് അവസരം നൽകുന്നതിനു വേണ്ടി ഊർധ്വനൈൽ പ്രദേശത്തെ ഫഷോഡായിൽ നിന്നും ഫ്രഞ്ചുസേന പിന്‍വലിക്കപ്പെട്ടു. ഫഷോഡാസംഭവവും, 1899-1902 ലെ ദക്ഷിണ ആഫ്രിക്കന്‍ യുദ്ധവും ബ്രിട്ടന്റെ നേർക്ക് ലോകരാഷ്‌ട്രങ്ങളുടെ വെറുപ്പിനും കാരണമായി. ഈ സാഹചര്യത്തിൽ സ്‌പെയിന്‍-അമേരിക്കന്‍ യുദ്ധ(1898) ശേഷമുള്ള യു.എസ്. വികസനം ബ്രിട്ടീഷ് വാണിജ്യതാത്‌പര്യങ്ങള്‍ക്ക് വിഘാതമായി കരുതപ്പെട്ടിരുന്നുവെങ്കിലും, ബ്രിട്ടന്‍ മുന്‍കൈയെടുത്ത് 1901-ൽ യു.എസ്സുമായി ഹേയ്-പൗണ്‍സുഫോർത്ത് സന്ധിയുണ്ടാക്കി. റഷ്യയ്‌ക്കെതിരെ 1902-ൽ ജപ്പാനും ബ്രിട്ടനുമായി സന്ധിയുണ്ടാക്കി. 1904-05 ലെ റഷ്യ-ജപ്പാന്‍ യുദ്ധത്തിൽ ജപ്പാന്റെ വിജയത്തിന് ഈ സന്ധി സഹായിച്ചു. കോളനി സ്ഥാപിക്കുവാനുള്ള കടന്നാക്രമണത്തിൽ ഇറ്റലിയുടെ ആദ്യത്തെ പരാജയം (1896 ഏത്യോപ്യ), ആസ്‌ട്രാ-ഹംഗേറിയന്‍ ഭൂവിഭാഗത്തെ സംബന്ധിച്ച ഇറ്റാലിയന്‍ ദേശാഭിമാനികളുടെ അത്യാശയത്തെ പുനരുജ്ജീവിപ്പിച്ചു. ഇറ്റലിയെ സംബന്ധിച്ചിടത്തോളം ആസ്‌ട്രിയ-ഹംഗറിയുമായി സമാധാനപരമായ സഹവർത്തിത്വത്തിനും, ജർമനിയുമായി ഫ്രഞ്ചു വിരുദ്ധ സന്ധിയിൽ ഏർപ്പെടുന്നതിനുമുള്ള ആഗ്രഹം കാലഹരണപ്പെട്ടു. 1887ലും 1891-ലും 1902-ലും ത്രികക്ഷി സഖ്യം പുതുക്കപ്പെട്ടു. 1900-ൽ ഇറ്റലിയും ഫ്രാന്‍സും, ലിബിയയിലും മൊറോക്കോയിലുമുള്ള ഇരു രാജ്യങ്ങളുടെയും പ്രത്യേക താത്‌പര്യം പരസ്‌പരം അംഗീകരിക്കുകയും 1902-ൽ ഒരു രഹസ്യ അനാക്രമണക്കരാർ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. 1886-ലെ സെർബിയ-ബള്‍ഗേറിയ യുദ്ധത്തിനുശേഷം ഒരു ദശകത്തോളം നീണ്ടുനിന്ന ആസ്‌ട്രിയ-ഹംഗറി-റഷ്യ സംഘർഷത്തിന് 1897-1902 കാലത്ത് താത്‌കാലികമായി അയവുവന്നു. എന്നാൽ 1904-ൽ അധികാരത്തിൽ വന്ന പീറ്റർ ക ന്റെ ഭരണനയങ്ങള്‍ ബാള്‍ക്കണ്‍ മേഖലയിൽ ക്രമസമാധാനം നിലനിൽക്കണമെന്ന ആസ്‌ട്രിയ-ഹംഗറിയുടെ നിലപാടിനു കടകവിരുദ്ധമായിരുന്നു. 1904 ഏ. 8-നു ഫ്രാന്‍സ് ബ്രിട്ടനുമായി സൗഹൃദസന്ധി (Entente Cordiale) ഒപ്പുവച്ചു. ഈ സന്ധി, വർഷങ്ങളായി ഇരുരാജ്യങ്ങളെയും അകറ്റി നിർത്തിയിരുന്ന നിരവധി കൊളോണിയൽ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീർത്തതിനുപുറമേ ബ്രിട്ടന് ഈജിപ്‌തിലുള്ള പ്രാമാണ്യം ഫ്രാന്‍സും, ആ രാജ്യത്തിന് മൊറോക്കോയുടെ മേലുള്ള അധീശത്വം സ്‌പെയിനിന്റെ കൂടെ സമ്മതത്തിനു വിധേയമായി ബ്രിട്ടനും അംഗീകരിച്ചു.
സൈനിക മനോഭാവവും സേനാബലവും
അൽജിസിറാസ് സമ്മേളനത്തിൽ ജർമന്‍ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം ഉറപ്പായി എങ്കിലും, മറ്റു പല കാര്യങ്ങളിലുമെന്നപോലെ ബ്രിട്ടീഷ് - ഫ്രഞ്ച് ബന്ധത്തെ (1904-ലെ സൗഹൃദസന്ധി) ഉലയ്‌ക്കുന്നതിലും ജർമനി പരാജയപ്പെട്ടു (നോ: അൽജിസിറാസ് സമ്മേളനം). 1907-ൽ ആംഗ്ലോ-റഷ്യന്‍ സന്ധി ഉണ്ടായി. ഇതോടെ ത്രികക്ഷിസഖ്യ (1882) ത്തിനെതിരായി ഒരു ത്രികക്ഷിസൗഹൃദം (Triple Entente) നിലവിൽവന്നു. ത്രികക്ഷി സൗഹൃദം ഫലത്തിൽ ഒരു നയതന്ത്രച്ചേരിതിരിവ് ആയിരുന്നു, ഈ ചേരി, തങ്ങളുടെ ലക്ഷ്യങ്ങളെ ചെറുക്കുന്നതിനുള്ള ഉപാധിയാണെന്ന് ജർമന്‍ രാജ്യതന്ത്രജ്ഞന്‍ മനസ്സിലാക്കി. 1908-ലെ ബോസ്‌നിയ-ഹെർസഗോവിന സംഘർഷം യൂറോപ്പിനെ ഒരു യുദ്ധത്തിന്റെ വക്കിലോളം എത്തിച്ചു. 1911-ൽ ഇറ്റലി, തുർക്കിയുടെ നേരെ യുദ്ധം പ്രഖ്യാപിക്കുകയും ട്രിപ്പൊളിയും സിറിനേക്കയും പിടിച്ചെടുക്കുകയും ചെയ്‌തു. ഈ അവസരത്തിൽ ഫ്രാന്‍സ് മൊറോക്കോ സാമ്രാജ്യത്തിന്മേൽ നടത്തിയ സൈനികാധിനിവേശത്തെ ജർമനി ചെറുത്തു. ഫ്രാന്‍സിനെ ചൊടിപ്പിക്കുന്നതിന് ജർമന്‍ പടക്കപ്പലുകളെ അഗാദിൽ തുറമുഖത്തേക്കയച്ചു. യുദ്ധപ്രരകമായ സാഹചര്യം വീണ്ടും വന്നുവെങ്കിലും ഫ്രഞ്ച് കോംഗോയിലെ 2,59,00,000 ഹെക്‌ടർ (2,59,000ച.കി.മീ.) സ്ഥലം ജർമനിക്കു വിട്ടുകൊടുത്തുകൊണ്ടു പ്രശ്‌നം പരിഹരിച്ചു. തുർക്കി ഇറ്റലിയുമായി യുദ്ധത്തിലായിരുന്നപ്പോള്‍ ബാള്‍ക്കന്‍ലീഗ് രാജ്യങ്ങള്‍ (സെർബിയ, ബള്‍ഗേറിയ, ഗ്രീസ്, മൊണ്ടനെഗ്രാ) ആ രാജ്യത്തിന്റെ നേർക്ക് യുദ്ധം പ്രഖ്യാപിക്കുകയും തുടർന്ന് 1912 ഒക്‌ടോബറിൽ സമരനടപടികളാരംഭിക്കുകയും ചെയ്‌തു. എന്നാൽ തുർക്കി പരാജയപ്പെടുകയും അത് ആസ്‌ട്രിയ-ഹംഗറിക്കും ജർമനിക്കും കനത്ത പ്രഹരമായിത്തീരുകയും ചെയ്‌തു.
സരയേവോ കൊലപാതകം
സെർബിയന്‍ രഹസ്യസേനാ വിഭാഗത്തിന്റെ തലവന്‍ ഏപിസ് (Apis)എന്ന പേരിൽ അറിയപ്പെട്ടിരുന്നു. "യൂണിയന്‍ ഓർ ഡെത്ത്' (Union or Death) എന്ന രഹസ്യ സംഘടനയുടെയും തലവനായിരുന്നു. ആസ്‌ട്രിയ-ഹംഗറി കിരീടാവകാശിയും ആസ്‌ട്രിയന്‍ ആർച്ച് ഡ്യൂക്കുമായ ഫ്രാന്‍സിസ് ഫെർഡിനന്‍ഡിനെ വധിച്ചാൽ സെർബ് ജനതയുടെ അഭിലാഷം നിറവേറ്റാന്‍ സഹായകമാവും എന്ന് രഹസ്യസംഘടന ധരിച്ചു. 1914 ജൂണ്‍ 28-നു പത്‌നീസമേതനായി ബോസ്‌നിയ സന്ദർശിച്ചപ്പോള്‍ സരയേവോയിൽ വച്ച് ഒരു വിദ്യാർഥിയായ ഗവ്‌റിലോ പ്രിന്‍സിപ് (Gavrilo Princip) ഫെർഡിനന്‍ഡിനെ വധിച്ചു. ഇതിന്റെ പേരിൽ 1914 ജൂല. 23-നു ആസ്‌ട്രിയന്‍ ഗവണ്‍മെന്റ് സെർബിയയ്‌ക്ക് അന്ത്യശാസനം നൽകി. എന്നാൽ സെർബിയ നൽകിയ മറുപടി തൃപ്‌തികരമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആസ്‌ട്രിയ-ഹംഗറി ആ രാജ്യവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും സെർബിയന്‍ അതിർത്തിയിലേക്കു നീങ്ങുകയും ചെയ്‌തു.
സൈന്യസജ്ജീകരണവും ബെൽഗ്രഡ് ആക്രമണവും
1907-ൽ ബ്രിട്ടനും റഷ്യയുമായി ചേർന്ന് ആംഗ്ലോ-റഷ്യന്‍ ഉടമ്പടി ഉണ്ടാക്കി. ആസ്‌ട്രിയ-ഹംഗറി ബോസ്‌നിയ-ഹെർസഗോവിനയെ പൂർണമായും സംയോജിപ്പിച്ച നടപടിയെ റഷ്യ അംഗീകരിച്ചു. ഇതേത്തുടർന്ന് (1909) ബാള്‍ക്കനിലെ ആസ്‌ട്രിയ-ഹംഗറിയുടെ ആക്രമണത്തിനെതിരെ ഇറ്റലി റഷ്യയുമായി ഒരു രഹസ്യകരാറുണ്ടാക്കി.
1914 ജൂല. 29-ന് റഷ്യ, ആസ്‌ട്രിയന്‍ അതിർത്തിക്കുതൊട്ടുള്ള ജില്ലകളിൽ സൈന്യത്തെ സജ്ജീകരിച്ചുനിർത്തി. അന്നുതന്നെ ആസ്‌ട്രിയ, സെർബിയന്‍ തലസ്ഥാനമായ ബെൽഗ്രഡിൽ ബോംബുചെയ്യുവാനാരംഭിച്ചു. ജർമന്‍ "വന്‍കടൽ കപ്പൽപ്പട' ബാള്‍ട്ടിക് സമുദ്രത്തിൽ നിന്നും തിരിച്ചുവിളിക്കപ്പെട്ടു. ബെൽജിയം പ്രതിരോധ നടപടികളാരംഭിച്ചു. ബ്രിട്ടന്‍ നാവികസേന കേന്ദ്രീകരിച്ചു തുടങ്ങി. റഷ്യയുടെ ഭാഗികമായ സൈന്യസന്നാഹം, സൈന്യസജ്ജീകരണം നടത്തുന്നതിന് തങ്ങളെ പ്രരിപ്പിക്കുമെന്ന് ജർമനി റഷ്യയ്‌ക്ക് അന്ത്യശാസനം നൽകി. ജർമന്‍ ചക്രവർത്തിയും ഉപദേശകരും അന്നുതന്നെ ഫ്രാന്‍സിന്റെയും റഷ്യയുടെയും മേൽ യുദ്ധം പ്രഖ്യാപിക്കുന്നതിനു തീരുമാനമെടുത്തു. ബ്രിട്ടന്‍ തികഞ്ഞ നിഷ്‌പക്ഷത പാലിക്കുന്നതായാൽ, തുടർന്നുണ്ടാകാവുന്ന ഏതു യുദ്ധത്തിലും ജർമനി വിജയിക്കുന്ന പക്ഷം ഫ്രാന്‍സിൽനിന്നും ഭൂപ്രദേശങ്ങളൊന്നും പിടിച്ചടക്കുകയില്ല എന്ന് ജർമനി ബ്രിട്ടനെ അറിയിച്ചു. ബ്രിട്ടന്‍ ജർമനിയുടെ വ്യവസ്ഥകള്‍ നിരാകരിച്ചു. റഷ്യ പൂർണ സൈനിക നീക്കമാരംഭിച്ചുവെന്ന വാർത്ത ജൂല. 31-ന് ജർമനിക്ക് ലഭിച്ചു. അതിനാൽ ജർമനി റഷ്യക്ക് അന്ത്യശാസനം നൽകി. ബൽജിയത്തിന് നേരെ ഉണ്ടാകുന്ന ആക്രമണത്തെ അവഗണിക്കാനാവില്ലെന്ന് ആഗ. 1-ന് ബ്രിട്ടന്‍ ജർമനിയെ അറിയിച്ചു. അടുത്ത ദിവസം ലക്‌സംബർഗിന്റെ അതിർത്തി കടന്ന് കയറിക്കൊണ്ട് ജർമനി യുദ്ധനടപടികളാരംഭിച്ചു. തുടർന്നു ബ്രിട്ടന്‍ സൈന്യസജ്ജീകരണത്തിന് ഉത്തരവിടുകയും സൈനിക കൗണ്‍സിൽ വിളിച്ചുകൂട്ടുകയും ചെയ്‌തു. ആഗ. 3-ന് ജർമനി ഫ്രാന്‍സിന്റെ നേർക്ക് യുദ്ധം പ്രഖ്യാപിച്ചു.
യുദ്ധഗതി
ആഗ. 4-ന് ജർമനി ആക്രമണം ആരംഭിച്ചു. അതിർത്തി കടന്ന് ബെൽജിയത്തിൽ പ്രവേശിച്ച ജർമന്‍സേന വീസ ചുട്ടെരിക്കുകയും ലിയേഴ്‌കോട്ടയ്‌ക്കുനേരെ ആക്രമണം ആരംഭിക്കുകയും ചെയ്‌തു. ആഗ. 5-ന് ആസ്‌ട്രിയ - ഹംഗറി റഷ്യയ്‌ക്കും 6-ന് സെർബിയ ജർമനിക്കും എതിരായി യുദ്ധം പ്രഖ്യാപിച്ചു. മൊണ്ടെനെഗ്രാ ആഗ. 7-നു ആസ്‌ട്രിയ-ഹംഗറിയോടും 12-ന് ജർമനിയോടും യുദ്ധപ്രഖ്യാപനം നടത്തി. ഫ്രാന്‍സും ബ്രിട്ടനും യഥാക്രമം 10-ഉം 12-ഉം തീയതികളിൽ ആസ്‌ട്രിയ-ഹംഗറിക്കുനേരെ യുദ്ധം പ്രഖ്യാപിച്ചു. ആഗ. 23-ന് ജപ്പാന്‍ ജർമനിയോട് യുദ്ധപ്രഖ്യാപനം നടത്തി. രണ്ടുദിവസം കഴിഞ്ഞ് ആസ്‌ട്രിയ-ഹംഗറി ജപ്പാനുനേരെയും ആഗ. 28-ന് ബെൽജിയത്തിനു നേരെയും യുദ്ധം പ്രഖ്യാപിച്ചു. റൂമാനിയ യുദ്ധത്തിൽ നിഷ്‌പക്ഷനില പാലിച്ചു. ഇറ്റലിയും ജർമന്‍ ഭാഗത്തുനിന്ന് ഒഴിഞ്ഞുമാറി. 1914 സെപ്. 5-ന് റഷ്യയും ഫ്രാന്‍സും ബ്രിട്ടിനും ലണ്ടന്‍ സന്ധിയിലൊപ്പുവയ്‌ക്കുകയും ഇവയിൽ ഒരു രാജ്യവും ഒറ്റയ്‌ക്ക് ജർമനിയുമായി സന്ധിചെയ്യുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്‌തു. ഇതോടെ ഈ സഖ്യരാജ്യങ്ങള്‍ക്ക് പൊതുവിൽ സഖ്യകക്ഷികള്‍ (Allies)എന്ന പേരു ലഭിച്ചു. മറുഭാഗത്തെ ആസ്‌ട്രിയ-ഹംഗറിയും ജർമനിയും കേന്ദ്രശക്തികള്‍ (Central Powers)എന്ന പേരിലും അറിയപ്പെട്ടു. ഫ്രാന്‍സ് ആക്രമിച്ചു കീഴടക്കുകയെന്നതായിരുന്നു ജർമനിയുടെ ലക്ഷ്യം. എന്നാൽ നാലുവർഷത്തെ ഘോരമായ യുദ്ധത്തിനുശേഷവും ഇത് സാക്ഷാത്‌കരിച്ചില്ല. 1918-ന്റെ ആരംഭത്തിൽ റഷ്യയുടെ പ്രാരംഭപരാജയത്തിനുശേഷം ജർമനി അതിന്റെ മുഴുവന്‍ ശക്തിയും പാശ്ചാത്യ ശത്രുക്കള്‍ക്കു നേരെ കേന്ദ്രീകരിച്ചു. ജർമനി നിരവധി പ്രാരംഭവിജയങ്ങള്‍ കൈവരിക്കുകയും ചെയ്‌തു. യുദ്ധഗതിയെ പൊതുവിൽ മൂന്നു ഘട്ടങ്ങളായി തിരിക്കാം.
ഒന്നാം ഘട്ടം
ജർമന്‍ സൈനിക മേധാവിയായ ആൽഫ്രഡ് ഫൊണ്‍ ഷ്‌ലീഫെന്‍ (Alfred von Schlieffen) 1905-ൽ സ്ഥാനമൊഴിയുന്നതിനുമുമ്പ് സമഗ്രമായ ഒരാക്രമണ-പ്രതിരോധ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ആദ്യം റഷ്യയ്‌ക്കെതിരെ, പ്രതിരോധ ലക്ഷ്യത്തോടെയുള്ള യുദ്ധമാരംഭിക്കുകയും ഇതോടൊപ്പം ഫ്രാന്‍സിനെതിരെ ബെൽജിയത്തിലൂടെ മിന്നൽ ആക്രമണം സംഘടിപ്പിക്കുകയും ചെയ്യുക, ഫ്രാന്‍സിനെ പരാജയപ്പെടുത്തിയശേഷം മുഴുവന്‍ ശക്തിയും സമാഹരിച്ച് റഷ്യയെ കടന്നാക്രമിക്കുക ഇതായിരുന്നു ഷ്‌ലീഫെന്‍ പദ്ധതിയുടെ തന്ത്രം.
ബെൽജിയത്തിന്റെ നിഷ്‌പക്ഷതാനിർദേശത്തെ "കടലാസുകഷണ'മെന്നു പുച്ഛിച്ചു തള്ളിക്കൊണ്ട് ജർമന്‍സേന അവിടേക്കു മാർച്ചു ചെയ്‌തു. നാമൂറിലും ലിയേഴിലും വച്ച് ജർമന്‍ മുന്നേറ്റം താത്‌കാലികമായി തടയപ്പെട്ടു. ചെറുത്തുനില്‌പ് ഹ്രസ്വമായിരുന്നുവെങ്കിലും ബ്രിട്ടീഷ്‌സേനയ്‌ക്ക് ബെൽജിയത്തിലെത്തുവാനും ഫ്രഞ്ചുകാർക്ക് മൂന്നു സൈനിക വിഭാഗങ്ങളെ ജർമനിക്കെതിരെ അണിനിരത്തുവാനും അവസരം ലഭിച്ചു. എങ്കിലും ജർമന്‍ സേന സഖ്യകക്ഷികളെ മോണ്‍സിൽ നിന്നും പിന്തിരിപ്പിച്ചു (1914 ആഗ. 24-സെപ്. 5). സെപ്. 3-നു ജർമന്‍ സേന പാരിസിന് 40 കി.മീ. അടുത്തെത്തിയിരുന്നു. രണ്ടുദിവസം കൊണ്ട് മാണ്‍ (Marne) നദിക്കു പിന്നിൽ നിന്നിരുന്ന സഖ്യകക്ഷിസേനാവിഭാഗം പാരിസ് മുതൽ വെൽഡന്‍ വരെ വ്യാപിക്കപ്പെട്ടു. സെപ്. 6-ന് ജർമന്‍സേനയും വെർഡന്‍ സമരമുഖത്ത് അണിനിരന്നു. സെപ്. 10-വരെ നീണ്ടുനിന്ന ഒന്നാം "മാണ്‍' യുദ്ധത്തിൽ ജർമന്‍സേന പരാജയപ്പെട്ട് പിന്തിരിഞ്ഞു. വടക്ക് എയിന്‍ (Aisne) നദിക്കിപ്പുറംവരെയുള്ള ഈ പിന്‍വാങ്ങൽ അതീവ ചിട്ടയോടെ ആയിരുന്നു. ഇവിടെ ജർമന്‍സേന നിലയുറപ്പിച്ചു. ഇരുഭാഗം സൈന്യങ്ങളും റീംസിനും (Reims) ആൽപ്‌സിനുമിടയ്‌ക്കായി നിലകൊണ്ടു. സഖ്യകക്ഷികള്‍ക്ക് ഒരു ദീർഘകാലയുദ്ധത്തിനു തയ്യാറെടുക്കാന്‍ വേണ്ടത്ര സമയം ലഭിച്ചു. ജർമനി, ഫ്രാന്‍സിൽ നിന്നു വെർഡന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചുവെങ്കിലും, ഇതിനോടടുത്ത കുറേ പ്രദേശങ്ങള്‍ മാത്രമേ നേടിയുള്ളൂ.
തുടർന്നു കിടങ്ങു(trench)യുദ്ധം ആരംഭിച്ചു. റീംസിനും ഉത്തരസമുദ്രത്തിനുമിടയ്‌ക്ക് ആവുന്നത്ര മുന്നേറുവാന്‍ ഇരുകക്ഷികളും ശ്രമിച്ചു. എന്നാൽ ഇതിനു കനത്ത വില നൽകേണ്ടിവന്നു. ഈ ഘട്ടത്തിൽ മോള്‍ട്‌കേയെ(1848-1916)ത്തുടർന്ന് ഫാള്‍ക്കന്‍ ഹൈന്‍ (1861-1922) ജർമന്‍ സൈനിക മേധാവിയായി. യുദ്ധം അതിന്റെ സ്വാഭാവികപ്രയാണം വിട്ട് തീരദേശത്തിന് ആവുന്നത്ര സമീപത്ത് അനുകൂലസ്ഥാനം പിടിച്ചെടുക്കുന്നതിനുള്ള ഒരു മത്സരമായി മാറി. ബെൽജിയന്‍ പ്രസ്ഥാനമായ ആന്റ്‌വെർപ്പിന്‍ സേന ജർമന്‍ സൈന്യം നടത്തിയ ആക്രമണത്തെ ഫലപ്രദമായി ചെറുത്തു നിൽക്കുകയായിരുന്നു. ബെൽജിയന്‍ ചെറുത്തുനിൽപ് ജർമനിയെ കൂടുതൽ വിനാശകരമായ യുദ്ധതന്ത്രം ആവിഷ്‌കരിക്കുവാന്‍ പ്രരിപ്പിച്ചു. ലുവെയ്‌ന്‍ പട്ടണവും പ്രാചീന യൂണിവേഴ്‌സിറ്റിയും ഗ്രന്ഥശേഖരവും ഉള്‍പ്പെടെ പലതും നശിപ്പിക്കപ്പെട്ടു. 1914 സെപ്. 28-ന് ജർമനി ആന്റ്‌വെർപ് കീഴടക്കി. ബ്രിട്ടീഷ്‌സേന, തീരദേശത്തേക്കുള്ള ജർമനിയുടെ മുന്നേറ്റത്തെ തടഞ്ഞുനിർത്തി. ദെക്‌സ്‌മണ്ടിൽ വച്ച് ബെൽജിയം, ഈസർ (Yser) നദിയിലെ വെള്ളം തുറന്നുവിട്ടതും ജർമന്‍ മുന്നേറ്റത്തെ തടഞ്ഞുനിർത്തി. ഈസറിന്റെ കിഴക്കേ തീരത്തുള്ള ദെക്‌സ്‌മണ്ട് പിടിച്ചെടുക്കാന്‍ ജർമനിക്കു കഴിഞ്ഞെങ്കിലും നദികടന്നു മുന്നേറുവാന്‍ സാധിച്ചില്ല. ആറെസിൽ കടന്നു കയറാനുള്ള ജർമന്‍ ശ്രമത്തെ ഫ്രാന്‍സ് പരാജയപ്പെടുത്തി. പശ്ചിമ ബെൽജിയന്‍ നഗരമായ യീപ്രയിൽ ഇതേ സമയം ഘോരമായ യുദ്ധം നടക്കുകയായിരുന്നു. ഇന്ത്യന്‍ പട്ടാളക്കാർ സഖ്യകക്ഷികള്‍ക്കു വേണ്ടി ഇവിടെ പൊരുതി. 17-ന് കൂടുതൽ ഫ്രഞ്ചുസൈനിക ഡിവിഷനുകള്‍ സഖ്യകക്ഷികളുടെ സഹായത്തിന് എത്തിയതോടെ മുന്നോട്ടുപോകുന്നതിനുള്ള ജർമനിയുടെ ശ്രമം ഉപേക്ഷിക്കപ്പെട്ടു. പശ്ചിമബൽജിയത്തിൽവച്ച് 1914-ൽ നേടിയ വിജയങ്ങളുടെ ഫലമായി വന്‍തോതിൽ വ്യാവസായിക വിഭവങ്ങള്‍ വിളയുന്ന ബെൽജിയത്തിന്റെ ഭൂവിഭാഗങ്ങളും വടക്കന്‍ ഫ്രാന്‍സിലെ കൽക്കരിപ്പാടങ്ങളും ജർമനിയുടെ കൈവശമായി.
റഷ്യന്‍ സൈന്യം കിഴക്കന്‍ പ്രഷ്യയും ഗലീഷ്യയും ആക്രമിച്ചു. സർവസൈന്യാധിപനായ നിക്കോളസ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍സൈന്യത്തിന് കേന്ദ്രശക്തികളെ തോല്‌പിക്കാന്‍ കഴിഞ്ഞില്ല. ഹിന്‍ഡന്‍ ബർഗിന്റെയും എറിക് ലുഡന്‍ഡോർഫിന്റെയും നേതൃത്വത്തിലുള്ള ജർമന്‍ സൈന്യം ആഗ. 26-30 വരെ താനന്‍ബർഗിൽ നടന്ന യുദ്ധത്തിൽ റഷ്യന്‍ സേനയെ പരാജയപ്പെടുത്തുകയും ചെയ്‌തു. എന്നാൽ തെക്കുഭാഗത്ത് സ്ഥിതിഗതികള്‍ റഷ്യയ്‌ക്ക് അനുകൂലമായിരുന്നു. ആസ്‌ട്രിയയെ പരാജയപ്പെടുത്തി മുന്നേറിയ റഷ്യന്‍ സൈന്യം താർനോപോളും ഹാലിസും (Haliez) കൈവശപ്പെടുത്തി ലംബർഗിനു സമീപമെത്തി. സെപ്. 1 മുതൽ 3 വരെ നീണ്ടുനിന്ന ലംബർഗ് യുദ്ധത്തിൽ ആസ്‌ട്രിയന്‍സേന പരാജയപ്പെട്ടു പിന്‍വാങ്ങി. ആദ്യത്തെ മാണ്‍ യുദ്ധകാലത്തു തന്നെ ഗലീഷ്യയുടെ ബാക്കിഭാഗവും റഷ്യയുടെ അധീനതയിലായി. അങ്ങനെ ഏതാണ്ട് ഒരേസമയം കിഴക്കും പടിഞ്ഞാറും സഖ്യകക്ഷികള്‍ക്ക് വിജയങ്ങളുണ്ടായി. 1915 മേയിൽ ഒരു മാസത്തോളം നീണ്ടുനിന്ന രണ്ടാം യീപ്ര യുദ്ധത്തിൽ ബ്രിട്ടന്‍ പരാജയപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കുകയും കരിങ്കടലിലൂടെ റഷ്യയുമായി വാർത്താവിനിമയബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതിനുവേണ്ടി ബ്രിട്ടന്‍ നടത്തിയ നാവികാക്രമണവും പരാജയപ്പെട്ടു. ഗാലിപ്പോളി പര്യവേക്ഷണം (Gallipoli Expedition)എന്നറിയപ്പെടുന്ന ഈ യത്‌നം 1915 അവസാനം പിന്‍വലിക്കപ്പെട്ടു. ഇക്കാലത്ത് റഷ്യന്‍സേന ഗലീഷ്യയിൽ നിന്നും റഷ്യന്‍ പോളണ്ടിന്റെ വമ്പിച്ച ഭാഗത്തുനിന്നും പുറന്തള്ളപ്പെട്ടു. 1914 ആഗസ്റ്റ്-സെപ്‌തംബർ മാസങ്ങളിൽ സെർബിയയുടെ നേർക്ക് തുടരെത്തുടരെ ആസ്‌ട്രിയയുടെ ആക്രമണങ്ങളുണ്ടായി. കൊലുബാര (Kolubara) യുദ്ധത്തിൽ (1914 ന. 30) സെർബുകള്‍ക്ക് ബെൽഗ്രഡ് വിട്ടുപോകേണ്ടിവന്നുവെങ്കിലും ഡി. 15-ന് ഒരു പ്രത്യാക്രമണത്തിലൂടെ സെർബിയന്‍ സൈന്യം ബെൽഗ്രഡ് തിരിച്ചുപിടിക്കുകയും ആസ്‌ട്രിയന്‍ സേനയെ തുരത്തുകയും ചെയ്‌തു.
തുർക്കിയുടെ താത്‌പര്യം സംരക്ഷിക്കുന്നതിന് ജർമനിയുമായി സഖ്യമുണ്ടാവുന്നതാണ് യുക്തമെന്ന് യുവതുർക്കി നേതാവായ എന്‍വർ പാഷ (1881-1922) കരുതി. റഷ്യയ്‌ക്കെതിരെ ആസ്‌ട്രിയ-ഹംഗറിയുടെ പക്ഷം ചേരുന്നതിന് ജർമനി തീരുമാനിക്കുന്നപക്ഷം തങ്ങള്‍ ജർമന്‍ പക്ഷത്തുണ്ടാവുമെന്ന് തുർക്കി പ്രതിജ്ഞ ചെയ്‌തു. ആഗ. 10-നു ജർമന്‍ യുദ്ധക്കപ്പലുകള്‍ ഡാർഡനൽസിൽ പ്രവേശിച്ചു. കപ്പലുകള്‍ പ്രത്യക്ഷത്തിൽ തുർക്കിക്കു വിൽക്കപ്പെട്ടുവെങ്കിലും കപ്പൽജോലിക്കാർ ജർമന്‍കാർ തന്നെയായിരുന്നു. ഒ. 29-30 നു തുർക്കി നാവികസേന, ഒഡേസയും മറ്റു റഷ്യന്‍ തുറമുഖങ്ങളും ബോംബു ചെയ്‌തു. ന. 1-നു റഷ്യയും 5-നു സഖ്യകക്ഷികളിൽപ്പെടുന്ന മറ്റു രാഷ്‌ട്രങ്ങളും തുർക്കിയുടെ നേർക്ക് യുദ്ധപ്രഖ്യാപനം നടത്തി. ഇന്ത്യയിൽനിന്നുമുള്ള ഒരു ബ്രിട്ടീഷ് നാവികസംഘം ന. 21-നു പേർഷ്യന്‍ ഉള്‍ക്കടലിലെ ബസ്‌റ പിടിച്ചടക്കി. ഇതുപോലെ തുർക്കിസേനയുടെ കാക്കസസ്, സിനായ് ആക്രമണങ്ങള്‍ (1914-15) ഫലപ്രദമായില്ല. എങ്കിലും അവർക്ക് ബ്രിട്ടീഷ്-റഷ്യന്‍ സൈന്യങ്ങളെ തങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ തളച്ചിടുന്നതിനു കഴിഞ്ഞു. ഇത് ജർമന്‍ സമരതന്ത്രത്തിന്റെ വിജയമായിരുന്നു. 1914 നവംബറിൽ തുർക്കി-അർമീനിയയിലെ എർസെറൂമിന്റെ നേർക്കുള്ള റഷ്യയുടെ മുന്നേറ്റത്തെ തുർക്കിപ്പട തടഞ്ഞുനിർത്തിയിരുന്നു. തുടർന്ന് 1915 നവംബറിൽ ലിബിയയിലെ മുസ്‌ലിംസേന ലിബിയന്‍ മരുഭൂമിയിൽവച്ച് ബ്രിട്ടീഷ്‌സേനയെ ആക്രമിച്ചു. ഇതിനിടയിൽ അറബികള്‍ തുർക്കിഗവണ്‍മെന്റിനെതിരായി കലാപം ആരംഭിച്ചു. പെട്ടെന്നുള്ള റഷ്യന്‍ ആക്രമണത്തിന്റെ ഫലമായി കലാപകാരികള്‍ പിന്‍വാങ്ങിയെങ്കിലും 1916 മേയിൽ തുർക്കി സേന റഷ്യയെ അവർ ഇതിനിടയ്‌ക്കു പിടിച്ചടക്കിയ ഹാമാദാനിൽ നിന്നും ഓടിച്ചു. പേർഷ്യയിൽ കലാപം പടർന്നുപിടിച്ചു. ഹിജാസിലെ അറബികള്‍ തുർക്കിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. 1916 ജൂല. 9-നു മക്കയിലെ ഷെരീഫ് തുർക്കിയിൽ നിന്ന് അറബികള്‍ സ്വതന്ത്രരായതായി പ്രഖ്യാപിച്ചു. ജൂല. 27 ആയതോടെ കലാപം ദമാസ്‌കസ് വരെ വ്യാപിച്ചു. ഹിജാസിലെ വിപ്ലവം തുർക്കിയുടെ ഈജിപ്‌താക്രമണം വിളംബമുണ്ടാക്കി, ആഗ. 4-ന് ബ്രിട്ടന്‍ തുർക്കിസേനയെ ആക്രമിക്കുകയും ദിവസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിൽ തുർക്കിയെ പരാജയപ്പെടുത്തുകയും ചെയ്‌തു.
1914 ആഗ. 25-ന് ആദ്യമായി ബ്രിട്ടീഷ് നാവികസേന ഹെലിഗോലാന്‍ഡ് ആക്രമിച്ചു. ജർമന്‍ സമുദ്രമേഖലയിൽ പ്രവേശിച്ച ബ്രിട്ടീഷ് നാവികസേന കുറെ ചെറുകിട സൈനിക ബോട്ടുകള്‍ നശിപ്പിക്കുകയും ജർമന്‍ നാവികരെ തടവുകാരാക്കുകയും ചെയ്‌തു. അതോടെ ജർമനിയുടെ സമുദ്രമാർഗവ്യാപാരം നിലച്ചു. ഒരു ബ്രിട്ടീഷ്‌കപ്പലിനു നാശവുമുണ്ടായി. തുടർന്ന് ജർമനി മുങ്ങിക്കപ്പൽ യുദ്ധം ആരംഭിച്ചു. ജർമന്‍ മുങ്ങിക്കപ്പലായ "എംഡന്‍' ബ്രിട്ടീഷ് വ്യാപാരക്കപ്പലുകളെയും ഭീഷണിപ്പെടുത്തി. അത് ബംഗാള്‍ ഉള്‍ക്കടലിൽ വച്ച് വ്യാപാരക്കപ്പലുകളെ നശിപ്പിക്കുകയും മദ്രാസ് ബോംബു ചെയ്യുകയും (സെപ്. 22) സിലോണിലേ(ശ്രീലങ്ക) ക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്‌തു. കോകോസ് ദ്വീപുകള്‍ക്ക് സമീപംവച്ച് നശിപ്പിക്കപ്പെടുന്നതുവരെ "എംഡന്‍' സഖ്യകക്ഷികളുടെ 15 കപ്പലുകളെ വക വരുത്തി.
അഡ്‌മിറൽ ഫൊണ്‍സ്‌പിയറുടെ നേതൃത്വത്തിലുള്ള ജർമന്‍ നാവികസേന ന. 1-നു നടന്ന കോറോണൽ യുദ്ധത്തിൽ ബ്രിട്ടീഷ് നാവികസേനയെ പരാജയപ്പെടുത്തി. എന്നാൽ ഡി. 8-നു ഫോക്‌ലന്‍ഡ് ദ്വീപ് ആക്രമിച്ചപ്പോള്‍ ജർമനിക്കും തിരിച്ചടി കിട്ടി. 1915 മാ. 14-നു "ഡ്രസ്‌ഡന്‍' എന്ന ജർമന്‍ കപ്പൽ നശിപ്പിക്കപ്പെട്ടു. ഇതോടെ, ഈ മേഖലയിൽ നിന്നു പ്രത്യക്ഷത്തിൽ ജർമനിക്കു പിന്‍വാങ്ങേണ്ടിവന്നു. എന്നാൽ ബ്രിട്ടീഷ് വ്യാപാരക്കപ്പലുകള്‍ക്ക് നേരെയുള്ള മുങ്ങിക്കപ്പലാക്രമണം തുടർന്നു. 1915 മേയ് 7-ന് രണ്ടായിരത്തോളം യാത്രക്കാരെയും 173 ടണ്‍ ആയുധങ്ങളും കയറ്റിക്കൊണ്ടുപോയിരുന്ന "ലൂസിറ്റാനിയ' എന്ന ബ്രിട്ടീഷ് യാത്രക്കപ്പൽ നശിപ്പിക്കപ്പെട്ടു. 2,000-ത്തോളം യാത്രക്കാരിൽ 128 യു.എസ്. പൗരന്മാരുള്‍പ്പെടെ 1,198 പേർ മുങ്ങിമരിച്ചു. യു.എസ്സിന്റെ പ്രതിഷേധം വകവയ്‌ക്കാതെ ആഗ. 17-നു അമേരിക്കക്കാരും, നിഷ്‌പക്ഷ രാഷ്‌ട്രങ്ങളിലെ പൗരന്മാരും യാത്രചെയ്‌തിരുന്ന "അറബിക്' എന്ന മറ്റൊരു കപ്പലും ജർമനി നശിപ്പിച്ചു. യു.എസ്സിന്റെ വീണ്ടുമുള്ള പ്രതിഷേധത്തിന്റെ മുമ്പിൽ, യാത്രക്കാരെ ഒഴിവാക്കിയിട്ടേ കപ്പലുകള്‍ നശിപ്പിക്കുകയുള്ളുവെന്ന് ജർമനി സമ്മതിച്ചുവെങ്കിലും സെപ്. 18-നു വീണ്ടുമൊരുയാത്രക്കപ്പൽ നശിപ്പിക്കപ്പെടുകയുണ്ടായി. എന്നാൽ ഇതോടെ, യു.എസ്സിനെ പ്രകോപിപ്പിക്കരുതെന്നു കരുതി ജർമനി ബ്രിട്ടീഷ് ചാനലിലും ബ്രിട്ടീഷ് ദ്വീപുകളുടെ പടിഞ്ഞാറുമുള്ള മുങ്ങിക്കപ്പലാക്രമണം സ്വയം നിർത്തിവച്ചു.
നേരിട്ടുള്ള നാവികയുദ്ധം 1916 മേയ്-ജൂണ്‍ കാലയളവിൽ യാഥാർഥ്യമായി. ജർമനിയുടെ വന്‍കടൽക്കപ്പൽപ്പടയും ബ്രിട്ടന്റെ കപ്പൽപ്പടയും ഡച്ചു തീരത്തുള്ള ജട്ട്‌ലന്‍ഡിൽ വച്ച് ഏറ്റുമുട്ടി. ചരിത്രം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഭീകരമായ ഈ നാവികയുദ്ധത്തിൽ ഇരുഭാഗത്തും വമ്പിച്ച നാശനഷ്‌ടങ്ങളുണ്ടായി. യുദ്ധത്തിൽ ഇരുകൂട്ടരും വിജയം അവകാശപ്പെട്ടു. എന്നാൽ ജർമന്‍ നാവികഡിവിഷന് "കിയേലി'ലേക്ക് പിന്‍മാറേണ്ടിവന്നു. ജർമന്‍ കപ്പൽപ്പട പിന്നീട് പ്രത്യക്ഷപ്പെട്ടില്ല. നാവികമേഖലയിൽ ബ്രിട്ടനുള്ള പ്രാമാണ്യം നിലനിന്നു. നാവികരംഗത്ത് സഖ്യകക്ഷികള്‍ക്കു ലഭിച്ച മുന്‍കൈ കാരണം ജർമനിയുടെ വിദേശകോളനികളിലേക്ക് ഭക്ഷണപദാർഥങ്ങളോ സൈനിക ചരക്കുകളോ കൊണ്ടുപോകുന്നതു തടയപ്പെട്ടു. ജർമനിയുടെ നേർക്കുള്ള ഈ ഉപരോധം, അന്താരാഷ്‌ട്രനിയമത്തെ മറികടന്നുപോലും ബ്രിട്ടന്‍ കൂടുതൽ ഫലപ്രദമായി പ്രയോഗിച്ചു. തന്നിമിത്തം ജർമനിയും അന്താരാഷ്‌ട്ര നിയമത്തെ മാനിക്കാതെ യാത്ര-ചരക്കു കപ്പലുകളുടെ നശീകരണം തുടർന്നു. പുറത്തുനിന്നുമുള്ള സഹായം കൂടാതെ ജർമന്‍ കോളനികള്‍ സഖ്യകക്ഷികളോട് ആവുന്നത്ര പൊരുതി നിന്നു. എന്നാൽ 1914-ൽത്തന്നെ ബ്രിട്ടീഷുകാർ ടോഗോയും ഫ്രഞ്ചുകാർ ഗോള്‍ഡു കോസ്റ്റും പിടിച്ചടക്കി. കാമറൂണ്‍ 1915 മുഴുവനും സഖ്യശക്തികളെ ചെറുത്തുനിന്നു. ജർമന്‍ ശക്തിദുർഗങ്ങളിലൊടുവിലത്തേതായ മോറാ 1916 ഫെബ്രുവരിയിൽ സഖ്യകക്ഷിക്ക് അധീനമായി. 1914 സെപ്‌തംബറിൽ ദക്ഷിണാഫ്രിക്കന്‍ സേന ജർമനിയുടെ അധീനതയിലുള്ള ദക്ഷിണ പശ്ചിമാഫ്രിക്ക ആക്രമിച്ചു. എന്നാൽ 1899-1902-ലെ ബോയർ യുദ്ധത്തിൽ ബ്രിട്ടനെതിരെ പൊരുതിയ ദക്ഷിണാഫ്രിക്കന്‍ സൈനികോദ്യോഗസ്ഥന്മാർ ഒരു ജർമന്‍ അനുകൂലകലാപം നടത്തിയതുകാരണം ദക്ഷിണ പശ്ചിമാഫ്രിക്കയ്‌ക്കു പിടിച്ചുനില്‌ക്കാന്‍ കഴിഞ്ഞു. കലാപം 1915 ഫെബ്രുവരിയിൽ പരാജയപ്പെട്ടു. ദക്ഷിണപശ്ചിമാഫ്രിക്ക ജൂല 9-നു സഖ്യകക്ഷികള്‍ക്കു കീഴടങ്ങി. ചൈനീസ് തീരത്തെ ഒരു ചെറിയ ജർമന്‍ സ്വാധീനമേഖലയായിരുന്ന ക്യോചൗ സഖ്യകക്ഷികളുടെ സഹായത്തോടെ ജപ്പാന്‍ ആക്രമിച്ചു പിടിച്ചെടുത്തു (1914 ന. 7). ഇതിനിടയ്‌ക്ക് ഒക്‌ടോബറിൽത്തന്നെ ഉത്തര പസിഫിക്കിലെ മരിയാനാസ്, കരോലിന്‍ ദ്വീപുകള്‍, മാർഷൽ ദ്വീപുകള്‍ മുതലായ ജർമന്‍ കോളനികള്‍ ജപ്പാന്‍ കൈയടക്കിയിരുന്നു. ദക്ഷിണ പസഫിക്കിലെ പശ്ചിമ-സമോവ ന്യൂസിലന്‍സ് സൈനികർ കൈവശപ്പെടുത്തിയിരുന്നു (1914 ആഗസ്റ്റ്). സെപ്‌തംബറിൽ ആസ്റ്റ്രലിയ ജർമന്‍ ന്യൂഗിനി പിടിച്ചടക്കി. ജർമന്‍ ഈസ്റ്റാഫ്രിക്കയുടെ സ്ഥിതി വ്യത്യസ്‌തമായിരുന്നു. പോള്‍ ഫൊണ്‍ ലെറ്റോ-ഫൊർബെക്കിന്റെ നേതൃത്വത്തിലുള്ള ജർമന്‍ സൈന്യം 1914 മുതൽക്ക് നിരവധി സഖ്യശക്തിസേനകളെ (ഇന്ത്യന്‍, ദക്ഷിണാഫ്രിക്കന്‍, ഈസ്റ്റാഫ്രിക്കന്‍, റൊഡേഷ്യന്‍, ബ്രിട്ടീഷ്) ചെറുത്തുനില്‌ക്കുകയും പോർച്ചുഗീസ് ഈസ്റ്റാഫ്രിക്കയെയും (1916 മാർച്ചിൽ ജർമനി പോർച്ചുഗലിനുനേരെ യുദ്ധം പ്രഖ്യാപിച്ചു) റൊഡേഷ്യയെയും ആക്രമിക്കുകയും ചെയ്‌തു. യൂറോപ്പിലെ യുദ്ധവിരാമത്തിനു (1918 ന. 11) ശേഷവും ഈ മേഖലയിലെ യുദ്ധം നീണ്ടുനിന്നു. ന. 25-നു ലെറ്റോ-ഫൊർബെക് കീഴടക്കി.
1916 മേയിൽ അനിയന്ത്രിതമായ മുങ്ങിക്കപ്പലാക്രമണം താത്‌കാലികമായി നിർത്തിവയ്‌ക്കുവാന്‍ ജർമനി തീരുമാനിച്ചു. സമാധാനശ്രമം ആരംഭിക്കുന്നതിന് ഫ്രാന്‍സിനെ പ്രരിപ്പിക്കുന്നതിനും പശ്ചിമസമരമുഖത്തിലെ സ്‌തംഭനാവസ്ഥ മാറ്റുന്നതിനും, വമ്പിച്ച ആക്രമണം നടത്തുന്നതിന് ജർമനി തയ്യാറെടുക്കുകയായിരുന്നു. ഫ്രാന്‍സിന്റെ പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം മർമപ്രധാനമായ വെർഡനിലാണ് ആക്രമണം കേന്ദ്രീകരിച്ചത്. അഞ്ചുമാസത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ കനത്ത ബോംബുവർഷത്തോടുകൂടി ജർമന്‍സേന മുന്നുറുവാന്‍ ശ്രമിച്ചു. സഖ്യകക്ഷിസേനയും സാധാരണപൗരന്മാരും ഒത്തൊരുമിച്ചുനിന്ന് ആക്രമണത്തെ ചെറുത്തു. 3,00,000-ത്തോളം ഭടന്മാരെ കുരുതി കൊടുത്തുകൊണ്ട് ജർമനിക്ക് ആക്രമണം പിന്‍വലിക്കേണ്ടിവന്നു. ഫ്രാന്‍സിനും വളരെയേറെ ജീവനാശമുണ്ടായി. ജർമനിയുടെ വെർഡിന്‍ ആക്രമണത്തിന്റെ മൂർച്ച കുറയ്‌ക്കുന്നതിനും ജർമനിയെ തിരിച്ചടിയ്‌ക്കുന്നതിനും വേണ്ടി സഖ്യകക്ഷിസേന ഇതിനിടയ്‌ക്ക് സോം (Somme) ആക്രമിച്ചു. 1916 ജൂലായിൽ ആരംഭിച്ച ആക്രമണം നാലു മാസം നീണ്ടുനിന്നു. ജർമന്‍ സൈനികരേഖയിലേക്കുള്ള സഖ്യകക്ഷികളുടെ മുന്നേറ്റശ്രമം പരാജയപ്പെട്ടു. ഇതോടെ സഖ്യകക്ഷികള്‍ കടലിലും കേന്ദ്രശക്തികള്‍ കരയിലും സർവശക്തമാണെന്ന നിലവന്നു. ഇരുകൂട്ടർക്കും വിജയം അവകാശപ്പെടാന്‍ കഴിയാത്ത സ്ഥിതിയിലായി.
1915 ഏപ്രിലിൽ ജർമന്‍ സേന യീപ്രപ്രദേശം ആക്രമിച്ചു. ഏ. 22-നു ആദ്യമായി അവർ വിഷവാതകപ്രയോഗം ആരംഭിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ പിന്തുണയോടെ ഫ്രാന്‍സ് പിടിച്ചുനിന്നു. ഒരു മാസം നീണ്ടുനിന്ന യുദ്ധത്തിൽ പറയത്തക്ക യാതൊരു നേട്ടവും ജർമനിക്കുണ്ടായില്ല. ഗലീഷ്യന്‍ മേഖലയിൽ നിന്നു റഷ്യന്‍ സേനയേയും 1915 മേയ് 2-നു കേന്ദ്രശക്തികള്‍ പുറത്താക്കി.
തുർക്കിക്കും റഷ്യയ്‌ക്കുമിടയ്‌ക്കുള്ള കാക്കസസ് മേഖലയായിരുന്നു അർമീനിയന്‍-അസെർബൈജാന്‍ യുദ്ധരംഗങ്ങള്‍. അസെർബൈജാനിലെ ബക്കു എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുക, മധ്യേഷ്യയിലും അഫ്‌ഗാനിസ്‌താനിലും കടന്നുകയറി ബ്രിട്ടീഷിന്ത്യയെ ഭീഷണിപ്പെടുത്തുക ഇവയായിരുന്നു തുർക്കികളുടെ ലക്ഷ്യം. എന്നാൽ കാക്കസസും, പശ്ചിമ-അനത്തോളിയയും തമ്മിൽ വാർത്താവിനിമയബന്ധം സ്ഥാപിക്കുന്നതിനുള്ള ബുദ്ധിമുട്ടും അർമീനിയയ്‌ക്ക് റഷ്യയോടുള്ള അനുഭാവവും തുർക്കികള്‍ക്കു പ്രശ്‌നമായി. 1914 നവംബറിൽ റഷ്യന്‍സേനയും എന്‍വറുടെ നേതൃത്വത്തിലുള്ള തുർക്കിപ്പടയും തമ്മിൽ നടന്ന യുദ്ധത്തിൽ തുർക്കി പരാജയപ്പെട്ടു. ഇതിനിടയ്‌ക്ക് നിഷ്‌പക്ഷ രാഷ്‌ട്രമായ പേർഷ്യയുടെ അസെർബൈജാന്‍ പ്രദേശം ആക്രമിച്ച തുർക്കി സൈന്യത്തെ റഷ്യന്‍സേന തോല്‌പിച്ചു (1915 ജ. 14). 1916 ജനുവരിയിൽ മറ്റൊരു കനത്ത ആക്രമണത്തിലൂടെ റഷ്യ തുർക്കിയെ നിശ്ശേഷം പരാജയപ്പെടുത്തി. നിഷ്‌പക്ഷരാഷ്‌ട്രമായ പേർഷ്യ മധ്യപൂർവദേശത്തെ എല്ലാ ആക്രമണത്തിനും ഇരയാകേണ്ടിവന്നു. 1914 നവംബറിൽ ബ്രിട്ടീഷുകാർ പേർഷ്യന്‍ ഉള്‍ക്കടലിൽ തുർക്കി തുറമുഖമായ ബസ്‌റാ കൈവശപ്പെടുത്തി. 1915 ജൂണിൽ ബ്രിട്ടീഷ് സേന കുത്-അൽ-അമാര വരെ മുന്നേറി. എന്നാൽ തുടർന്നുള്ള മുന്നേറ്റത്തിൽ അവർ പരാജയപ്പെട്ടു. ന. 22-നു അവർ കുത്-അൽ-അമാരയിലേക്കു പിന്‍വാങ്ങാനാരംഭിച്ചു. അവസാനം 1916 ഏ. 29-നു ബ്രിട്ടീഷ്‌കാർ തുർക്കിസൈന്യത്തിനു കീഴടങ്ങി.
1914 ആഗ. 25-നു ജപ്പാന്‍ ജർമനിയ്‌ക്കെതിരായി യുദ്ധം പ്രഖ്യാപിച്ചിരുന്നു. ജപ്പാന്‍ ചൈനയിലെ ജർമന്‍-അധീനപ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും, അവിടങ്ങളിലെ അവകാശം വിട്ടൊഴിയണമെന്ന് ചൈനയോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇക്കാലത്ത് ചൈന ആഭ്യന്തരഭീഷണിക്കു വിധേയമായിരുന്നു. ഭരണകൂടത്തിനെതിരായി വളർന്നുവന്ന കൂമിന്താങ് കക്ഷിക്ക് പാശ്ചാത്യശക്തികളുടെ അനുഭാവം ലഭിച്ചു. ഈ സാഹചര്യത്തിൽ, പാശ്ചാത്യശക്തികളുടെ അനുഭാവം കൂടുതൽ നേടിയെടുക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ ചൈന യുദ്ധത്തിൽ പങ്കാളിയായി. 1917 മാ. 14-നു ചൈന ജർമനിയുമായി നയതന്ത്രബന്ധം വിച്ഛേദിക്കുകയും ആഗ. 14-ന് കേന്ദ്രശക്തികളോടു യുദ്ധം പ്രഖ്യാപിക്കുകയും ചെയ്‌തു. യുദ്ധത്തെ എതിർത്തുകൊണ്ട് കൂമിന്താങ് കക്ഷി കാന്റണ്‍ കേന്ദ്രമായി ഒരു ഗവണ്‍മെന്റ് രൂപവത്‌കരിച്ചു.
സമാധാനചർച്ചകളാരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സഖ്യകക്ഷികള്‍ക്കൊരു സന്ദേശമയയ്‌ക്കണമെന്ന് 1916 ഡി. 12-നു കേന്ദ്രശക്തികള്‍ യു.എസ്സിനോടാവാശ്യപ്പെട്ടു. സഖ്യകക്ഷികളുടെ ഐക്യം അലസിപ്പിക്കുന്നതിനുള്ള ഒരു തന്ത്രമാവാം ഇതെന്നുകരുതി യു.എസ്. ഈ നിർദേശം നിരാകരിച്ചു. ചെറുകിട രാഷ്‌ട്രങ്ങള്‍ക്ക് നഷ്‌ടപരിഹാരവും സ്വാതന്ത്യ്രവും ഉറപ്പുചെയ്യാതെയും "ദേശീയതാ' തത്ത്വം അംഗീകരിക്കാതെയുമുള്ള ഒരു സമാധാനനിർദേശം പരിഗണിക്കുവാന്‍ സഖ്യകക്ഷികള്‍ തയ്യാറില്ലായിരുന്നു. എങ്കിലും യു.എസ്. പ്രസിഡന്റ് വിൽസന്‍ മുന്‍കൈയെടുത്ത് സമാധാനചർച്ചയാരംഭിച്ചു. ഇരുകക്ഷികളും അവരുടെ ലക്ഷ്യവും നിബന്ധനകളും എന്താണെന്നറിയിക്കുവാന്‍ യു.എസ്. ആവശ്യപ്പെട്ടു. തങ്ങളുടെ വ്യവസ്ഥകള്‍ പ്രസ്‌താവിക്കാതെ, ഒരു സമ്മേളനം വിളിച്ചുകൂട്ടുവാന്‍ ജർമനി ആവശ്യപ്പെട്ടു. വിജയത്തെ സംബന്ധിച്ച് ശുഭപ്രതീക്ഷയുണ്ടായിരുന്ന ജർമന്‍ സൈനിക മേധാവി, ലുഡന്‍ഡോർഫ്, സമാധാന നീക്കങ്ങളിൽ നിന്ന് ജർമന്‍ ഭരണാധികാരികളെ പിന്തിരിയുവാന്‍ പ്രരിപ്പിച്ചു.
രണ്ടാം ഘട്ടം
യുദ്ധാരംഭത്തിൽ യു.എസ്. അതിന്റെ നിഷ്‌പക്ഷത പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് വിൽസന്‍ സന്ധിസംഭാഷണങ്ങള്‍ക്കു മുന്‍കൈയെടുക്കുമ്പോള്‍ യു.എസ്സിലെ പൊതുജനാഭിപ്രായം സഖ്യകക്ഷികള്‍ക്ക് അനുകൂലമായി മാറിക്കഴിഞ്ഞിരുന്നു. ജർമനിയുടെ മുങ്ങിക്കപ്പലാക്രമണത്തെ സംബന്ധിച്ച സഖ്യകക്ഷികളുടെ പ്രചാരണം, സഖ്യകക്ഷിവിജയം യു.എസ്സിനു നൽകാവുന്ന സാമ്പത്തികനേട്ടം, റഷ്യന്‍ വിപ്ലവത്തിന്റെ വിജയം ഇവ യു.എസ്സിനെ യുദ്ധത്തിൽ പങ്കെടുക്കുന്നതിനു പ്രരിപ്പിച്ചു. ലൂസിറ്റാനിയയുടെ തകർച്ചയും തുടർന്നുള്ള നിരവധി സംഭവങ്ങളും ലോകമേധാവിത്വത്തിനു വേണ്ടി പൊരുതുന്ന ആക്രമണകാരിയായി ജർമനിയെ ചിത്രീകരിക്കുവാന്‍ സഖ്യകക്ഷികള്‍ക്കു സന്ദർഭം നൽകി. പ്രസിഡന്റ് വിൽസണ്‍ സഖ്യകക്ഷികളോട് പക്ഷപാതം കാണിക്കുകയും യു.എസ്. പിന്താങ്ങാവുന്ന ഒരു സമാധാന ചർച്ചയ്‌ക്ക് ചില ഉപാധികള്‍ നിർദേശിക്കുകയും ചെയ്‌തു. ഈ ഉപാധികള്‍ നിരാകരിക്കപ്പെട്ടു. ജർമനി 1917 ജനു. 31-ന് അനിയന്ത്രിതമായ മുങ്ങിക്കപ്പൽ യുദ്ധം പ്രഖ്യാപിച്ചു. അത്‌ലാന്തിക് സമുദ്രവും കൂടി ജർമന്‍ നിയന്ത്രണത്തിലായി തീരുന്നത് തങ്ങളുടെ സാമ്പത്തികതാത്‌പര്യത്തെ ഹനിക്കുമെന്ന് യു.എസ്. മനസ്സിലാക്കി. എന്നാൽ യുദ്ധകാല ചരക്കുനിർമാണം യു.എസ്. വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്തി. 1917 മാ. 1-ന് യു.എസ്സിനെതിരായ യുദ്ധത്തിൽ ജർമനിയെ സഹായിക്കാമെങ്കിൽ മെക്‌സിക്കോയ്‌ക്ക് ചില യു.എസ്. ഭൂവിഭാഗങ്ങള്‍ (ടെക്‌സാസ്, ന്യൂമെക്‌സിക്കോ, അരിസോണ) നൽകാമെന്ന, ജർമന്‍ വിദേശകാര്യമന്ത്രി ആർതർ സിമ്മർമാന്റെ (1864-1940) സന്ദേശം പ്രസിദ്ധീകരിക്കപ്പെട്ടതോടെ (1917 ജനു. 19) യു.എസ്സിൽ ജർമന്‍ വിരുദ്ധവികാരം ആളിക്കത്തി. ഏ. 6-ന് യു.എസ്. കോണ്‍ഗ്രസ് യുദ്ധത്തിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനമെടുത്തു. തങ്ങള്‍ യുദ്ധത്തിൽ പങ്കെടുക്കുന്നത് യുദ്ധം അവസാനിപ്പിക്കുവാനും ജനാധിപത്യത്തിന്റെ നിലനില്‌പിനുവേണ്ടി ലോകത്തെ രക്ഷിക്കുവാനുമാണെന്ന് അവർ അവകാശപ്പെട്ടു.
യുദ്ധം തുടർന്നു നടത്തുന്നത് റഷ്യയിലെ പുതിയ ഭരണകൂടത്തിന്റെ കീർത്തി വർധിപ്പിക്കുമെന്ന് 1917 മാർച്ചിലെ വിപ്ലവത്തോടെ അധികാരത്തിൽവന്ന താത്‌കാലിക ഭരണകൂടം കരുതി. എന്നാൽ സോവിയറ്റുകള്‍ ഇതിനെതിരായി പ്രചാരണം നടത്തുകയായിരുന്നു. റഷ്യയുടെ ആഭ്യന്തരരംഗം ആകെ കുഴഞ്ഞുമറിഞ്ഞു. 1917 ന. 7-നു ബോള്‍ഷെവിക് വിപ്ലവം വിജയിച്ചതോടെ യുദ്ധപ്പങ്കാളിത്തം അവസാനിപ്പിക്കപ്പെട്ടു. ന. 26-നു റഷ്യ ഏകപക്ഷീയമായി കേന്ദ്രശക്തികള്‍ക്കും തുർക്കിക്കുമെതിരായുള്ള ശത്രുത അവസാനിപ്പിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. റഷ്യയുമായുള്ള യുദധവിരാമത്തോടെ പശ്ചിമ സമരമുഖം ശക്തിപ്പെടുത്തുവാനും എന്നാൽ അതേസമയം ദേശീയസ്വയംനിർണയാവകാശത്തിന്റെ മറവിൽ റഷ്യന്‍ മേഖലയിലുള്ള പ്രദേശങ്ങളെ കൈയടക്കുവാനും ജർമനി ഒരുമ്പെട്ടു. തൊഴിലാളി വർഗത്തിന്റെ രാഷ്‌ട്രീയാധികാരം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി റഷ്യ പരമാവധി വിട്ടുവീഴ്‌ച ചെയ്‌തും യുദ്ധമവസാനിപ്പിക്കുവാന്‍ തയ്യാറായി. യുദ്ധവിരാമമുണ്ടായിട്ടും ജർമനി ഉക്രയിന്‍ ആക്രമിക്കുകയും ബോള്‍ഷെവിക് ഭരണകൂടത്തിനെതിരെ അവിടത്തെ ദേശീയ വാദികളുമായി സഹകരിക്കുകയും ചെയ്‌തു. ജർമനിയുടെ വ്യവസ്ഥകളംഗീകരിച്ചുകൊണ്ട് 1918 മാ. 3-ന് റഷ്യ, ബ്രസ്റ്റ്-ലിറ്റോവ്‌സ്‌ക് സന്ധിയിൽ ഒപ്പുവച്ചു. റഷ്യ ഇതിനനുസരിച്ച് ഉക്രയിനും ഫിന്‍ലന്‍ഡും സ്വതന്ത്ര രാഷ്‌ട്രങ്ങളായംഗീകരിക്കുകയും എസ്‌തോണിയ, ലാത്‌വിയ, ലിത്വാനിയ, പോളണ്ട്, ബെലോറഷ്യയിലെ പ്രമുഖ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ നിയന്ത്രണം ഉപേക്ഷിക്കുകയും, കാർസ്, അർദഹൽ, ബാതുമി ഈ പ്രദേശങ്ങള്‍ തുർക്കിക്കു വിട്ടുകൊടുക്കുകയും, ജർമനിക്കും ആസ്‌ട്രിയക്കും വമ്പിച്ച സാമ്പത്തിക സൗജന്യങ്ങളനുവദിക്കുകയും ചെയ്‌തു.
റഷ്യയുമായി യുദ്ധവിരമാത്തിലേർപ്പെട്ടതോടെ സൈനികവ്യൂഹത്തെ മുഴുവനും പശ്ചിമസമരമുഖത്ത് അണിനിരത്തുവാനും ആക്രമണരംഗം കേന്ദ്രീകരിക്കുവാനും ജർമനിക്കു കഴിഞ്ഞു. മാ. 21-ന് പ്രഭാതത്തിൽ ജർമനി സെയ്‌ന്റ് ക്വയ്‌ന്റിനു (St. Quentin) സമീപം ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു. ബ്രിട്ടീഷ്‌സേന അമിയന്‍സ് വരെ പിന്‍വാങ്ങി. അമിയന്‍സ് നിപതിച്ചിരുന്നുവെങ്കിൽ അവർക്ക് ഫ്രഞ്ചുസേനയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു പോകാമായിരുന്നു. ഈ സംഘർഷാവസ്ഥയിൽ ഫ്രഞ്ചു ജനറൽ ഫോഷ് (1851-1929) സഖ്യകക്ഷിസേനയുടെ സർവസൈന്യാധിപനായി നിയമിതനായി. അവസാനത്തെ സൈനികന്‍ അവശേഷിക്കുന്നതുവരെ പൊരുതുവാന്‍ സഖ്യകക്ഷിസേനയ്‌ക്കു കല്‌പന ലഭിച്ചു. മേയിൽ ജർമനി ഫ്രാന്‍സിനുനേരെ ആക്രമണമാരംഭിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ജർമനി 1914-ൽ കൈയൊഴിഞ്ഞ ഫ്രഞ്ചുപ്രദേശങ്ങള്‍ വീണ്ടും പിടിച്ചെടുത്തു. മേയ് 30-നു ജർമന്‍ സേന മാണിൽ എത്തിച്ചേർന്നു. പാരിസിനു 60 കി.മീ. അടുത്തുവരെ എത്തിയ ജർമനി ദീർഘദൂരപീരങ്കികളുപയോഗിച്ച് പാരിസിനെയും യുദ്ധമേഖലയിൽ കൊണ്ടുവന്നു. എന്നാൽ മാണ്‍ യുദ്ധത്തിൽ വിജയം നേടാന്‍ ജർമനിക്കു കഴിഞ്ഞില്ല.
ജർമനി സർവശക്തിയും സമാഹരിച്ച് ജൂല. 15-നു സഖ്യകക്ഷി സേനയുടെ മേൽ ആഞ്ഞടിച്ചുകൊണ്ട് ഷാത്തോ തീരി (Chateau-Thierry) കടക്കുന്നതിനു ശ്രമിച്ചു. ഇതോടെ രണ്ടാം മാണ്‍ യുദ്ധമാരംഭിച്ചു. ഫ്രാന്‍സ്, റീംസിനെ ഉപേക്ഷിച്ചേക്കാവുന്ന ഒരിടവേള സംജാതമായി. എന്നാൽ യു.എസ്. സഹായത്താൽ വീര്യം വീണ്ടെടുത്ത ഫ്രഞ്ചുസേന ജനറൽ ഫോഷിന്റെ നേതൃത്വത്തിൽ തിരിച്ചടിച്ചു. ഇതോടെ ജർമന്‍ സേനയ്‌ക്കു പിന്മാറേണ്ടിവന്നു.
സഖ്യകക്ഷികള്‍ ആഗ. 2-നു സ്വാസോണ്‍ പിടിച്ചെടുത്തു. പിന്മാറിക്കൊണ്ടിരുന്ന ജർമനിക്കു തങ്ങളുടെ അന്തിമശ്രമവും പരാജയപ്പെടുന്നുവെന്നു ബോധ്യമായി. സെപ്‌റ്റംബറോടുകൂടി സഖ്യകക്ഷികള്‍ സമാധാന നിർദേശം ഉന്നയിക്കുമെന്ന് ജർമന്‍ ചാന്‍സലർ കൗണ്ട് ഫൊണ്‍ ഹെർട്ട്‌ലിങ് പ്രത്യാശിച്ചു. തങ്ങള്‍ പരാജയപ്പെട്ടുവെന്ന് കിരീടാവകാശി കൈസറെ അറിയിച്ചു. എന്നാൽ അതംഗീകരിക്കുവാന്‍ ലുഡന്‍ഡോർഫ് തയ്യാറായില്ല.
മറ്റു സമരമുഖങ്ങളിലും കേന്ദ്രശക്തികള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു. ആസ്‌ട്രിയന്‍ സേന പ്യാപ് നദിക്കിപ്പുറം വരെ പിന്‍മാറി; കനത്ത ആള്‍നാശവും അവർക്കുണ്ടായി. ആസ്‌ട്രിയയും അവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങളും തമ്മിലുള്ള വിരോധം മൂർച്ഛിച്ചു. ആസ്‌ട്രിയ-ഹംഗറിയിലെ പോള്‍, ചെക്ക്, യൂഗോസ്ലാവ് തുടങ്ങിയ വിഘടനശക്തികളെ സഖ്യകക്ഷികള്‍ പ്രാത്സാഹിപ്പിച്ചു. ബള്‍ഗേറിയ ഏറെക്കുറെ തകർന്നു. 1918 സെപ്‌തംബറിൽ ആ രാജ്യം സഖ്യകക്ഷികള്‍ക്ക് കീഴടങ്ങി. കേന്ദ്രശക്തികളുടെ അവശേഷിച്ച കരുത്തു മുഴുവന്‍, ഹംഗറിയുടെ നേർക്കുണ്ടാവുമെന്നു പ്രതീക്ഷിച്ച ആക്രമണത്തെ നേരിടാന്‍ സമാഹരിക്കപ്പെട്ടു. ബ്രിട്ടീഷ് പത്രലേഖകനായ നോർത്ത് ക്ലിഫ് പ്രഭുവിന്റെ നേതൃത്വത്തിൽ ജർമന്‍ സൈനികരുടെ ആത്മവീര്യം തകർക്കുന്നതിനു വേണ്ടി പ്രചണ്ഡമായ പ്രചാരണ പരിപാടി ആവിഷ്‌കരിക്കപ്പെട്ടു. ജർമന്‍ ജനതയിലെ എല്ലാ വിഭാഗങ്ങളിലും പരാജയബോധം ആഴ്‌ന്നിറങ്ങി. സഖ്യകക്ഷിയുടെ വിമാനങ്ങള്‍ റൈന്‍ മേഖലയിലെ നഗരങ്ങളിൽ ബോംബു വർഷം തുടങ്ങി. ജർമനിയിലെ ആഭ്യന്തര-അസംതൃപ്‌തി സൈന്യത്തിലേക്കും വ്യാപിച്ചു. മുന്നണിസേനാവിഭാഗത്തിൽ അച്ചടക്കരാഹിത്യം പ്രകടമായി. സഖ്യകക്ഷികള്‍ ജർമനിയിലെ നേതാക്കളോട് യുദ്ധമെന്നും, ജനതയോട് അവർക്ക് സഹതാപമാണുള്ളതെന്നും പ്രസിഡന്റ് വിൽസന്‍ തന്റെ പ്രസംഗങ്ങളിലൂടെ ഒരു ധാരണ പരത്തിയിരുന്നു. 1918 ജനു. 8-നു യു.എസ്. കോണ്‍ഗ്രസ്സിൽ ചെയ്‌ത പ്രസംഗത്തിലുന്നയിച്ച പതിന്നാലിന പദ്ധതി സമാധാനത്തിനുള്ള അടിസ്ഥാനമായി മധ്യയൂറോപ്യന്‍ ജനത വീക്ഷിച്ചു. പതിന്നാലിനങ്ങള്‍ താഴെ പറയുന്നവയാണ്: പരസ്യമായ രീതിയിൽ സന്ധികളുണ്ടാക്കുക; സമുദ്രങ്ങളെ സ്വതന്ത്രമാക്കുക; താരിപ്പു പോലുള്ള സാമ്പത്തിക തടസ്സങ്ങള്‍ കഴിയുന്നത്ര അവസാനിപ്പിക്കുക; യുദ്ധോപകരണങ്ങള്‍ വെട്ടിക്കുറയ്‌ക്കുക; കോളനി അവകാശങ്ങള്‍ നിഷ്‌പക്ഷമായി ഒതുക്കിത്തീർക്കുക; റഷ്യന്‍ ഭൂപ്രദേശങ്ങളിൽ നിന്നു ജർമനി സൈന്യത്തെ പിന്‍വലിക്കുകയും എല്ലാവരും തനതായ രാഷ്‌ട്രീയവികാസം കൈവരിക്കുവാന്‍ സ്വന്തം ജനങ്ങളെ പ്രാത്സാഹിപ്പിക്കുകയും ചെയ്യുക; ബെൽജിയത്തിൽനിന്നു സൈന്യങ്ങള്‍ പിന്മാറി അവിടെ പുനർനിർമാണം നടത്തുക; അൽസേസ്-ലൊറേന്‍ ഉള്‍പ്പെടെയുള്ള ഫ്രഞ്ചു പ്രദേശങ്ങളെ മോചിപ്പിക്കുക; ദേശീയതയുടെ അടിസ്ഥാനത്തിൽ ഇറ്റലിയുടെ അതിർത്തി പുനഃക്രമീകരണം നടത്തുക; ആസ്‌ട്രിയ-ഹംഗറിയിലെ ജനങ്ങളുടെ സ്വാധീകാര പൂർവമുള്ള വികസനം സാധ്യമാക്കുക; റൂമാനിയ, സെർബിയ, മൊണ്ടനെഗ്രാ എന്നിവിടങ്ങളിൽ നിന്നു സൈന്യത്തെ പിന്‍വലിക്കുകയും സെർബിയയ്‌ക്ക് സമുദ്രസൗകര്യം നല്‌കുകയും ചെയ്യുക; തുർക്കിയുടെ ഭരണത്തിൽ കീഴിലുള്ള ദേശീയജനവിഭാഗങ്ങള്‍ക്ക് സ്വാധികാരപൂർവമുള്ള വികസനത്തിന് അവസരം നല്‌കുക; ഒരു സ്വതന്ത്രപോളണ്ട് സ്ഥാപിക്കുകയും അതിന് സമുദ്രസൗകര്യം അനുവദിക്കുകയും ചെയ്യുക; രാഷ്‌ട്രങ്ങളുടെ ഒരു സംഘടന സ്ഥാപിക്കുക.
യുദ്ധത്തിന്റെ ഭീകരതയിൽ നിന്നുമുള്ള മോചനത്തിന്റെ വാഗ്‌ദാനവും സഖ്യകക്ഷിസേനയുടെ തള്ളിക്കയറ്റവും കേന്ദ്രശക്തികളുടെ വിഘടനത്തിന്റെ ഗതിവേഗം വർധിപ്പിച്ചു. ആഗസ്റ്റിൽ ജർമനിക്കു നേരെയുള്ള ആക്രമണത്തിന്റെ ശക്തി പതിന്മടങ്ങു വർധിച്ചു. മർമപ്രധാനമായ ജർമന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ജർമനിയുടെ പ്രതിരോധ ശ്രമങ്ങള്‍ തകർന്നു. സമാധാന ചർച്ചയാരംഭിക്കണമെന്ന് സൈനികോദ്യോഗസ്ഥർ നിർദേശമുന്നയിച്ചു. സെപ്‌തംബർ ആദ്യത്തോടെ ലുഡന്‍ഡോർഫും കീഴടങ്ങുവാന്‍ തയ്യാറായി. സഖ്യകക്ഷികളുടെ ടാങ്കുകളും ജർമനിയുടെ കരുതൽ സേനയുടെ അപര്യാപ്‌തതയുമാണ് ജർമന്‍ മുന്നണിയുടെ തകർച്ചയ്‌ക്കു കാരണമെന്ന് റൈക്ക്‌സ്‌റ്‌റാഗ്- പ്രസ്‌താവന ഉണ്ടായി. ബേദനിലെ മാക്‌സ് രാജകുമാരന്‍ ചാന്‍സലറായി അധികാരത്തിൽ വന്ന പുതിയ ഗവണ്‍മെന്റ്, സമാധാനചർച്ച ആരംഭിക്കണമെന്ന് പ്രസിഡന്റ് വിൽസനോട് ആവശ്യപ്പെട്ടു. യുദ്ധവിരാമത്തിനുള്ള വ്യവസ്ഥകള്‍ ക്രാഡീകരിക്കുന്നതിനിടയ്‌ക്കുള്ള അഞ്ചാഴ്‌ചക്കാലം പതിനായിരക്കണക്കിനു പടയാളികള്‍ പൊരുതി മരിച്ചു. ജർമന്‍ ഭരണാധികാരികള്‍ കൈയടക്കിയിരുന്ന അമിതാധികാരം അവസാനിപ്പിക്കണമെന്ന് വിൽസന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിഷേധിക്കപ്പെട്ടതോടെ ജർമന്‍ ജനതയുടെ അസംതൃപ്‌തി രൂക്ഷതരമായി. ജർമന്‍ ജനത അർധപട്ടിണിയിൽ ആഴ്‌ന്നുപോവുകയും രോഗങ്ങള്‍ പടർന്നു പിടിക്കുകയും ചെയ്‌തു. ഒക്‌ടോബർ അവസാനംവരെ ഇറ്റാലിയന്‍സേന ആസ്‌ട്രിയയ്‌ക്കെതിരെ പടനീക്കമാരംഭിച്ചു. ആസ്‌ട്രിയന്‍സേന വിഘടിച്ചുപോയി. വിഘടിതസേന കൂട്ടത്തോടെ കീഴടങ്ങുകയോ തങ്ങളുടെ ഭവനങ്ങളിലേക്ക് ഓടിപ്പോവുകയോ ചെയ്‌തു. സഖ്യകക്ഷികളുടെ അശ്വസേനയും കവചിത സൈന്യവും മുന്നോട്ടു പാഞ്ഞുകയറുകയും ഒ. 29-നു വിറ്റോറിയ വെനിറ്റോയിൽ വച്ച് ആസ്‌ട്രിയന്‍ സൈനികത്താവളം പിടിച്ചെടുക്കുകയും ചെയ്‌തു. ആസ്‌ട്രിയ പെട്ടെന്നുള്ള യുദ്ധവിരാമത്തിന് അഭ്യർഥിച്ചു. സഖ്യകക്ഷികളുമായി പ്രത്യേകിച്ചുള്ള സമാധാന സന്ധിയിൽ തങ്ങള്‍ ഏർപ്പെടുമെന്ന് ഒ. 27-നു ചാള്‍സ് ചക്രവർത്തി ജർമന്‍ കൈസറെ അറിയിച്ചു. ആസ്‌ട്രിയന്‍ സൈന്യം കലാപത്തിനു മുതിർന്നിരുന്നു. 1918 ന. 3-നു ആസ്‌ട്രിയ യുദ്ധവിരാമം സാധിപ്പിക്കുന്നതിൽ വിജയിച്ചു.
1918 ഒ. 3-ന് ആയിരുന്നു ബേദനിലെ മാക്‌സ് രാജകുമാരന്‍ പുതിയ ചാന്‍സലറായി നിയമിതനായത്. ലുഡന്‍ഡോർഫും ഹിന്‍ഡന്‍ബർഗും ഇതിനകം പെട്ടെന്നുള്ള സമാധാന ചർച്ചകള്‍ക്ക് ചക്രവർത്തിയുടെ അനുവാദം വാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമാധാന ചർച്ച ആരംഭിക്കണമെന്ന് ജർമനി, പ്രസിഡന്റ് വിൽസനോട് ആവശ്യപ്പെട്ടു (ഒ. 3-4 രാത്രി). യു.എസ് ആവശ്യപ്പെട്ടതനുസരിച്ച് വിൽസന്റെ 14 ഇന നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച കൂടിയാലോചനകള്‍ക്ക് വഴങ്ങാമെന്നും സഖ്യകക്ഷികളുടെ പ്രദേശത്തുനിന്നും മുഴുവന്‍ ജർമന്‍ സേനയെയും പിന്‍വലിക്കാമെന്നും ജർമനി സമ്മതിച്ചു. ഒരു യുദ്ധവിരാമത്തിനു സമ്മതിക്കുവാനും സമാധാന ചർച്ചകളാരംഭിക്കുവാനും വിൽസന്‍ സഖ്യകക്ഷികളെ പ്രരിപ്പിച്ചു. സമുദ്രമേഖല സ്വതന്ത്രമാക്കാനാവുകയില്ലെന്നും സഖ്യകക്ഷി രാജ്യങ്ങളിലെ ജനങ്ങള്‍ക്കും സ്വത്തിനുമുണ്ടായ നഷ്‌ടം ജർമനി പരിഹരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി സമാധാന ചർച്ചകള്‍ക്കു വഴങ്ങാന്‍ സഖ്യകക്ഷികള്‍ തീരുമാനിച്ചു. യുദ്ധവിരാമ വ്യവസ്ഥകള്‍ അറിയുന്നതിന് സഖ്യകക്ഷികളുടെ സൈനിക മേധാവിയായ ഫോഷിനെ കാണുവാന്‍ മത്യാസ് എൽസ് ബർജറുടെ നേതൃത്വത്തിലുള്ള ഒരു ജർമന്‍ പ്രതിനിധി സംഘം ന. 8-നു റെത്തോണ്ടയിൽ (Rethondes)എത്തിച്ചേർന്നു. ഈ ഘട്ടത്തിൽ ജർമനി വിപ്ലവത്തിന്റെ പിടിയിൽ അമരുകയായിരുന്നു. ഒ. 29-നു കൈസർ ബർലിന്‍ വിട്ട് സൈനികത്താവളത്തിലേക്ക് ഒളിച്ചോടി. അന്നുതന്നെ കീൽ എന്ന സ്ഥലത്ത് നാവികവിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ജർമന്‍ കപ്പൽപ്പട, ഉത്തരസമുദ്രത്തിലേക്കു മുന്നേറുവാനുള്ള നാവിക മേധാവിയുടെ കല്‌പന ധിക്കരിച്ചു.
ന. 4 ആയപ്പോഴേക്കും കീൽ കലാപകാരികളുടെ നിയന്ത്രണത്തിലായി. ന. 6-നു അവർ ഹാംബർഗും ബ്രമനും കൈവശപ്പെടുത്തി. സൈന്യം, കൈസറെ അനുസരിക്കുകയില്ല എന്ന് അറിയിപ്പുണ്ടായി. ഉള്‍നാടന്‍ വ്യാവസായിക കേന്ദ്രങ്ങളിൽ ഇതിനിടയ്‌ക്ക് റഷ്യന്‍ മാതൃകയിൽ "സൈനിക-തൊഴിലാളി' കൗണ്‍സിലുകള്‍ രൂപവത്‌കരിക്കപ്പെട്ടു. ന. 7-നു രാത്രി "ബവേറിയാ ജനാധിപത്യ സോഷ്യലിസ്റ്റു റിപ്പബ്ലിക്' രൂപവത്‌കൃതമായി. റെക്ക്‌സ്റ്റാഗിലെ സോഷ്യൽ ഡെമോക്രാറ്റുകള്‍ വിപ്ലവത്തിന്റെ നേതൃത്വം കമ്യൂണിസ്റ്റുകാരിൽ നിന്നു പിടിച്ചെടുക്കുന്നതിനുവേണ്ടി മാക്‌സ് രാജകുമാരനുള്ള പിന്തുണ പിന്‍വലിച്ചു. ന. 9-നു വില്യം ചക്രവർത്തിയുടെ പദവി അവസാനിപ്പിച്ചിരിക്കുന്നുവെന്ന് മാക്‌സ് രാജകുമാരന്‍ പ്രഖ്യാപിച്ചു. ചാന്‍സലറുടെ അധികാരം ഭൂരിപക്ഷകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതാവായ ഫ്രഡറിക് എബർട്ടിന് കൈമാറി. ജർമനി, റിപ്പബ്ലിക്കായതായി എബർട്ട് ഗവണ്‍മെന്റിലെ അംഗമായ ഫിലിപ്പ് ഷ്‌ക്കൈഡ്‌മാന്‍ (Philipp Scheidemann) പ്രഖ്യാപിച്ചു. ന. 10-നു ചക്രവർത്തി വില്യം കക ഹോളണ്ടിലേക്കു പലായനം ചെയ്‌തു.
യുദ്ധപരിസമാപ്‌തി
ജർമന്‍ സൈന്യം ബെൽജിയം, ഫ്രാന്‍സ്, അൽസേസ്-ലൊറേന്‍, റൈന്‍ നദിയുടെ ഇടത്തേക്കര എന്നിവിടങ്ങളിൽ നിന്നും പിന്മാറുക; നെതർലന്‍ഡ്‌സിനും സ്വിറ്റ്‌സർലണ്ടിനുമിടയ്‌ക്കുള്ള റൈനിന്റെ വലത്തേക്കര നിഷ്‌പക്ഷമേഖലയാക്കുക; കിഴക്കന്‍ ആഫ്രിക്കയിലെ ജർമന്‍സേന കീഴടങ്ങിയതായി പ്രഖ്യാപിക്കുക; കിഴക്കന്‍ യൂറോപ്പിൽ യുദ്ധത്തിനു മുമ്പുള്ള അതിർത്തിയിലേക്ക് ജർമനി പിന്‍മാറുക; ബ്രസ്റ്റ്-ലിറ്റോവ്‌സ്‌ക്, ബുക്കാറസ്റ്റ് സന്ധികള്‍ റദ്ദാക്കുക; സഖ്യകക്ഷികള്‍ക്ക് ഒരു വമ്പിച്ച അളവ് യുദ്ധോപകരണങ്ങളും മറ്റു സാധനങ്ങളും കൈമാറുക ഇവയായിരുന്നു, സഖ്യകക്ഷികളുടെ യുദ്ധവിരാമവ്യവസ്ഥകള്‍. എന്നാൽ അതേസമയം ജർമനിയുടെ നേർക്കുള്ള ഉപരോധം തുടരുന്നതാണെന്നും ഫോഷ് വ്യക്തമാക്കി. തകർച്ചയുടെ വക്കോളമെത്തിയ ജർമനിയിൽ ബോള്‍ഷെവിക്കുകളുടെ ഭീഷണി നിലനില്‌ക്കുന്നുവെന്ന് വാദിച്ചുകൊണ്ട് ജർമനി, വ്യവസ്ഥകളിൽ ചില നീക്കുപോക്കുകള്‍ വരുത്തിച്ചു. സമാധാനസന്ധിക്കുശേഷം ഉപരോധം അവസാനിപ്പിക്കാമെന്നും, ജർമനി നൽകേണ്ടുന്ന യുദ്ധോപകരണങ്ങളുടെ അളവ് കുറയ്‌ക്കാമെന്നും, തത്‌കാലം ജർമന്‍സേന കിഴക്കന്‍ മേഖലയിൽ നില്‌ക്കാന്‍ അനുവദിക്കാമെന്നും സഖ്യകക്ഷികള്‍ സമ്മതിച്ചു. ന. 11-നു യുദ്ധവിരാമക്കരാർ ഒപ്പുവച്ചു. കരാർ വ്യവസ്ഥകള്‍ ഫലത്തിൽ ജർമനിയുടെ മേൽ അടിച്ചേല്‌പിക്കുകയായിരുന്നു. സഖ്യകക്ഷികള്‍ക്കും അവരുമായി ചേർന്ന് യുദ്ധം ചെയ്‌ത മറ്റു രാജ്യങ്ങള്‍ക്കും 50 ലക്ഷത്തോളം ആള്‍നാശമുണ്ടായതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രശക്തികള്‍ക്കും ബള്‍ഗേറിയയ്‌ക്കും തുർക്കിക്കും കൂടി 34 ലക്ഷം ആള്‍നാശം ഉണ്ടായി. ഇരുഭാഗത്തും മുറിവേറ്റതായി കണക്കാക്കപ്പെട്ട 2.1 കോടി ജനങ്ങള്‍ക്കു പുറമെയാണിത്. സഖ്യകക്ഷികള്‍ക്ക് 145,38,80,00,000 ഡോളറും കേന്ദ്രശക്തികള്‍ക്ക് 6,301,80,00,000 ഡോളറും യുദ്ധച്ചെലവു വന്നതായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ നേരിട്ടല്ലാതെ(ഭൂമി, വാഹനങ്ങള്‍ മുതലായവ)യുള്ള നഷ്‌ടം 300,00,00,000 ഡോളർ വരും.
ഫ്രാന്‍സിന്റെ ശക്തിക്ക് ഗണ്യമായ ക്ഷയം സംഭവിച്ചു. മാനുഷികവും ഭൗതികവുമായ വിഭവനഷ്‌ടം ലോകത്തിലെ ഒന്നാംകിട രാഷ്‌ട്രമെന്ന ബ്രിട്ടന്റെ പദവിക്ക് ക്ഷതമേല്‌പിച്ചു. യൂറോപ്യന്‍ വന്‍കരയിൽ ദേശീയവാദം ശക്തിപ്പെടുകയും യുദ്ധത്തിനു മുമ്പുള്ള സഖ്യങ്ങളുടെ സ്ഥാനത്ത് പുതിയ കൂട്ടുകെട്ടുകള്‍ നിലവിൽവരുകയും ചെയ്‌തു. രാജവാഴ്‌ച അധികപങ്കും അവസാനിപ്പിക്കപ്പെടുകയും അതോടൊപ്പം ഫ്യൂഡലിസത്തിന്റെ അവശിഷ്‌ടങ്ങള്‍ തുടച്ചുമാറ്റപ്പെടുകയും ചെയ്‌തു. ഭൂഖണ്ഡത്തിലുടനീളം സാമ്പത്തിക സാമൂഹിക പരിഷ്‌കാരങ്ങള്‍ ഏർപ്പെടുത്തപ്പെട്ടു. എന്നാൽ എല്ലാ രാജ്യങ്ങളിലും ഇവ വിജയകരമായിരുന്നില്ല. യു.എസ്. ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായിക-സാമ്പത്തിക-ശക്തി എന്ന സ്ഥാനം നേടി. ലോകകാര്യങ്ങളിൽ യൂറോപ്യന്‍ മേധാവിത്വം കാര്യമായി കുറഞ്ഞു. യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ക്ഷീണിച്ചതോടെ പുത്തനുണർവും ശക്തിയുമാർജിക്കുവാന്‍ പുറംരാജ്യങ്ങള്‍ക്ക് അവസരം ലഭിച്ചു.
സമാധാന സംരംഭങ്ങള്‍
1919 ജനു. 18-നു പാരിസ് സമാധാനസമ്മേളനം ആരംഭിച്ചു. സഖ്യകക്ഷികള്‍ക്കും ബന്ധപ്പെട്ട രാഷ്‌ട്രങ്ങള്‍ക്കും മാത്രമേ സമാധാനസമ്മേളനത്തിൽ അംഗത്വമുണ്ടായിരുന്നുള്ളൂ. മൊത്തം 32 രാഷ്‌ട്രങ്ങള്‍ക്ക് സമ്മേളനത്തിൽ പ്രാതിനിധ്യം ഉണ്ടായിരുന്നുവെങ്കിലും പ്രധാന തീരുമാനങ്ങളിലെല്ലാം യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍ എന്നീ വന്‍ശക്തികള്‍ക്കു മാത്രമാണ് പങ്കുണ്ടായിരുന്നത്. പ്രസിഡന്റ് വിൽസനും യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയും മറ്റു നാലു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും വിദേശകാര്യമന്ത്രിമാരും ചേർന്ന് ഒരു പത്തംഗകൗണ്‍സിൽ (Council of Ten) രൂപവത്‌കരിച്ചു. യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാഷ്‌ട്രങ്ങളുടെ തലവന്മാർ മാത്രമടങ്ങുന്ന ഒരു നാലംഗസമിതി (Council of Four)യും പ്രവർത്തിച്ചിരുന്നു. ജപ്പാന്‍ ഇടയ്‌ക്കിടെ ഈ സമിതിലേക്ക് ക്ഷണിക്കപ്പെടുകയുണ്ടായി. വന്‍ശക്തി രാഷ്‌ട്രങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ ഒരഞ്ചംഗസമിതി (Council of Five)യും പ്രവർത്തിച്ചിരുന്നു. സർവരാജ്യസഖ്യ (League of Nations)ത്തിന്റെ രൂപരേഖ തയ്യാറാക്കുക; ജർമനിയെ സംബന്ധിച്ചുള്ള അടിയന്തരപ്രശ്‌നങ്ങള്‍ പരിഗണിക്കുക എന്നിവയായിരുന്നു, സമ്മേളനത്തിന്റെ കാര്യപരിപാടിയിലെ പ്രധാന ഇനങ്ങള്‍. യു.എസ്. പ്രസിഡന്റ് വിൽസന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്‌ഡ് ജോർജ്, ഫ്രഞ്ച് പ്രധാനമന്ത്രി ക്ലമന്‍സോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ഓർലാന്‍ഡോ എന്നിവരായിരുന്നു സമ്മേളനത്തിലെ പ്രമുഖ വ്യക്തികള്‍.
പാരിസ് സമാധാന സമ്മേളന ചർച്ചകളുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ജർമനിയുമായുള്ള വേഴ്‌സയിൽസ് സന്ധി (1919 ജൂണ്‍ 28), ആസ്‌ട്രിയയുമായി സാങ്‌ഷർമുങ് സന്ധി (1919 സെപ്. 10), ബള്‍ഗേറിയയുമായി ന്യൂയില്ലി സന്ധി (1919 ന. 27), ട്രിയാനൊണ്‍ സന്ധി (1920 ജൂല. 6), സെവ്‌ർസ് സന്ധി (1920 ആഗ. 10) എന്നിങ്ങനെ അഞ്ചുസന്ധികള്‍ അംഗീകരിക്കപ്പെട്ടു. സെവ്‌ർസ് സന്ധിയെ പരിഷ്‌കരിച്ചുകൊണ്ട് 1923 ജൂല. 23-നു ലോസാങ് (Lausanne)സന്ധി ഒപ്പുവച്ചു. ലോകത്തിലെങ്ങുമുള്ള ആശയവാദികള്‍ക്ക് വിൽസനെ സംബന്ധിച്ച് വളരെ പ്രതീക്ഷകളുണ്ടായിരുന്നു. അദ്ദേഹം അന്തസ്സായ നിലയിൽ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി നിലകൊള്ളുമെന്ന് പരാജിത വിഭാഗം പ്രതീക്ഷിച്ചു; എന്നാൽ സഖ്യകക്ഷികളുടെ ഇടയിൽ പ്രതികാരദാഹം വളർന്നിരുന്നു. അതുപോലെ ജനങ്ങളുടെ സ്വയം നിർണയാവകാശപ്രശ്‌നം കൈകാര്യം ചെയ്യുന്നത് അത്ര ലഘുവായ കാര്യമായിരുന്നില്ല. സഖ്യകക്ഷികള്‍ തമ്മിലുണ്ടാക്കിയ രഹസ്യക്കരാറുകള്‍ വിൽസന്റെ സമാധാനയത്‌നത്തെ തടസ്സപ്പെടുത്തി. ഇദ്ദേഹത്തിന് തന്റെ ലക്ഷ്യങ്ങളെ ക്ലമന്‍സോ, ലോയ്‌ഡ്‌ജോർജ്, ഓർലാന്‍ഡോ എന്നിവരുടെ അവകാശവാദങ്ങള്‍ക്കൊപ്പം പരിഷ്‌കരിക്കേണ്ടിവന്നു. ഏഡ്രിയാറ്റിക് പ്രശ്‌നത്തെ സംബന്ധിച്ച ഒത്തുതീർപ്പു നിർദേശങ്ങളിൽ അസംതൃപ്‌തി കാരണം ഓർലാന്‍ഡോ നാലംഗസമിതിയിൽ നിന്നു പിന്മാറി.
ആദ്യത്തെ അന്താരാഷ്‌ട്ര സംഘടനയായ സർവരാജ്യസഖ്യം രൂപവത്‌കരിക്കുന്നതിനു വേണ്ടി വിൽസന്‍ പല പ്രശ്‌നങ്ങളിലും വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായി. സാർവത്രികനിരായുധീകരണത്തിനുവേണ്ടി ഇദ്ദേഹം വാദിച്ചുവെങ്കിലും ജർമനിയെ ഭയന്ന്, സ്വയം നിരായുധീകരണത്തിന് കൂട്ടാക്കാതിരുന്ന സഖ്യകക്ഷിരാഷ്‌ട്രങ്ങളെ ഒഴിവാക്കി. കേന്ദ്രശക്തികളെ നിർബന്ധിതമായി നിരായുധീകരിച്ചു. ജർമനിയുടെ സൈനികബലം ഒരു ലക്ഷമായി പരിമിതപ്പെടുത്തി. നിർബന്ധിത സൈനികപരിശീലനം നിരോധിക്കുകയും, സ്വമേധയാ സൈനികസേവനം ഏർപ്പെടുത്തുകയും ചെയ്‌തു. ചുരുങ്ങിയ സേവനകാലം പന്ത്രണ്ടുവർഷമായി നിജപ്പെടുത്തി. നാവിക സേനാബലം കുറയ്‌ക്കുകയും മുങ്ങിക്കപ്പലും യുദ്ധവിമാനങ്ങളും വിലക്കുകയും ചെയ്‌തു. ആസ്‌ട്രിയയ്‌ക്കും ഹംഗറിക്കും ബൽഗേറിയയ്‌ക്കുംമേൽ ഇത്തരം നിയന്ത്രണങ്ങളേർപ്പെടുത്തി. റൈന്‍ നദിയുടെ ഇടത്തേക്കരയിൽ ജർമന്‍ ആക്രമണത്തിനെതിരെ ജാഗ്രത പുലർത്തുന്നതിന് ഫ്രാന്‍സും ബ്രിട്ടനും തമ്മിൽ ഒരു സൈനികക്കരാറുണ്ടാക്കി. 15 വർഷത്തേക്ക് ഈ പ്രദേശം സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. ഇവിടത്തെ സാർ-താഴ്‌വരയിലെ ഖനികള്‍ ഫ്രാന്‍സിന് കൈമാറി. ഈ പ്രദേശത്തിന്റെ ഭരണാധികാരം സർവരാജ്യസഖ്യത്തിൽ (League of Nations) നിക്ഷിപ്‌തമാക്കി. 15 വർഷത്തിനുശേഷം സാർമേഖലയുടെ രാഷ്‌ട്രീയഭാവി അവിടത്തെ ജനങ്ങള്‍ സ്വയം നിർണയിക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്‌തു. ഏഡ്രിയാറ്റിക് പ്രദേശത്തെ സംബന്ധിച്ച് ഇറ്റലിയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കപ്പെട്ടു. ട്രന്റിനോ, ട്രിയെസ്റ്റ്, ഇസ്‌ത്രിയയുടെ മുഖ്യഭാഗങ്ങള്‍, ഇവ ഇറ്റലിക്കു നൽകി. വേഴ്‌സെയിൽസ് സന്ധിയനുസരിച്ച് ജർമനിയുടെ കോളനി പ്രദേശങ്ങള്‍ ആ രാജ്യത്തിനു നഷ്‌ടപ്പെട്ടു.
പരാജയപ്പെട്ട രാഷ്‌ട്രങ്ങളുടെ പ്രദേശങ്ങള്‍ വിജയികള്‍ തമ്മിൽ വീതിച്ചു. ബ്രിട്ടനും ഫ്രാന്‍സിനും ജപ്പാനും പ്രദേശപരമായ നേട്ടങ്ങളുണ്ടായി. ജർമനി, ആസ്‌ട്രിയ-ഹംഗറി, ബള്‍ഗേറിയ, തുർക്കി മുതലായ രാഷ്‌ട്രങ്ങള്‍ക്ക് ഭൂപ്രദേശങ്ങളും സ്വാധീനമേഖലകളും നഷ്‌ടമാവുകയും ചെയ്‌തു. എന്നാൽ തുർക്കിയെ സംബന്ധിച്ചിടത്തോളം കെമാൽപാഷയുടെ നേതൃത്വത്തിലുള്ള വിപ്ലവത്തിനുശേഷം സഖ്യകക്ഷികള്‍ തങ്ങളുടെ അവകാശവാദങ്ങളിൽ വിട്ടുവീഴ്‌ച വരുത്തുവാന്‍ തയ്യാറായി. സെവർസ് സന്ധി റദ്ദാക്കി പ്രാബല്യത്തിൽ വന്ന ലോസാങ് സന്ധിയനുസരിച്ച് ഏഷ്യാമൈനർ, കോണ്‍സ്റ്റാന്റിനോപ്പിള്‍, ഏഡ്രിയാനോപ്പിള്‍ എന്നിവ കൈവശം വയ്‌ക്കുവാന്‍ തുർക്കിയെ അനുവദിച്ചു. അർമീനിയയും തുർക്കി ക്കുവിട്ടുകൊടുത്തു. താനുന്നയിച്ച സ്വയം നിർണയാവകാശ തത്ത്വത്തിനു വിരുദ്ധമായി പ്രദേശങ്ങള്‍ കൈയടക്കുന്നതിനോട് വിൽസന്‍ വിയോജിച്ചു. ഈ പ്രദേശങ്ങളെ "മാന്‍ഡേറ്റ്' പ്രദേശങ്ങളായും അധീശ രാജ്യങ്ങളെ സർവരാജ്യസഖ്യത്തിനു കീഴിലുള്ള ട്രസ്റ്റി രാജ്യങ്ങളായും കരുതണമെന്ന് നിബന്ധന ചെയ്‌തു. ഇവയുടെ ഭരണത്തെ സംബന്ധിച്ച് ട്രസ്റ്റികള്‍ സഖ്യത്തിന് റിപ്പോർട്ട് നൽകേണ്ടതാണ്. ശിക്ഷാപരമായ നഷ്‌ടപരിഹാര നടപടികളെ പൊതുവിൽ എതിർക്കുന്ന നിലപാടാണ് യു.എസ്. സ്വീകരിച്ചിരുന്നതെങ്കിലും ജർമനിയുടെ മേൽ നഷ്‌ടപരിഹാരം ചുമത്തുന്നതിന് വിൽസന്‍ അംഗീകാരം നല്‌കി. ആദ്യം നഷ്‌ടപരിഹാരത്തുക നിശ്ചയിക്കുകയുണ്ടായില്ല. 1921-ൽ ഇത് 33,00,00,00,000 ഡോളറായി നിജപ്പെടുത്തി. പില്‌ക്കാലത്ത് ഇത് കുറയ്‌ക്കുകയും അവസാനം ഇല്ലാതാക്കുകയും ചെയ്‌തു. പുതിയ കുറേ രാഷ്‌ട്രങ്ങള്‍ ഉദയം ചെയ്‌തു. ബാള്‍ട്ടിക് മേഖലയിലെ ലിത്വാനിയ, ലാത്‌വിയ, എസ്‌തോണിയ, ഫിന്‍ലന്‍സ് എന്നിവ ഇപ്രകാരമുണ്ടായതാണ്. 18-ാം ശതകത്തിൽ വിഭജിക്കപ്പെട്ട പോളണ്ട് പുനരേകീകരിക്കപ്പെട്ടു. ഒരിക്കൽ ഒന്നായിരുന്ന ആസ്‌ട്രിയ-ഹംഗറി നിലവിലില്ലാതായി. ആസ്‌ട്രിയ, ഹംഗറി, ചെക്ക്‌സ്ലോവാക്കിയ, യൂഗോസ്ലാവിയ എന്നിങ്ങനെ ഈ പ്രദേശ വിഭജിക്കപ്പെട്ടു. കുറേ ഭാഗം റൂമാനിയയുമായി ചേർത്ത് ആ രാജ്യത്തെ കുറേക്കൂടെ വിസ്‌തൃതമാക്കി. ദേശീയ സ്വയം നിർണയാവകാശതത്ത്വത്തെ നിഷേധിച്ചുകൊണ്ടുള്ള ഈ വിഭജനം പല പ്രശ്‌നങ്ങളും സൃഷ്‌ടിച്ചു. പുതിയ രാഷ്‌ട്രങ്ങളുടെ രൂപവത്‌കരണം, പഴയ വൈരാഗ്യങ്ങളുടെ പുനരുജ്ജീവനം, പുതിയ ഭീതിയുടെ ആരംഭം ഇവ ഭാവിയിലെ അനർഥങ്ങള്‍ക്കു നിമിത്തമായിത്തീർന്നു. ലീഗ് ഒഫ് നേഷന്‍സ് വ്യവസ്ഥകള്‍ വേഴ്‌സെയിൽസ് സന്ധിയുടെ ഭാഗമായിരുന്നു. ഉടമ്പടി ഒപ്പുവയ്‌ക്കാന്‍ ജർമനി നിർബന്ധിതമായി. 1919 ജൂണ്‍ 19-നു ജർമന്‍ നാഷണൽ അസംബ്ലി വേഴ്‌സെയിൽസ് സന്ധിക്ക് അംഗീകാരം നൽകി. 1919 ജൂലായിൽ പ്രസിഡന്റ് വിൽസന്‍, വേഴ്‌സെയിൽസ് സന്ധി സെനറ്റിനു സമർപ്പിച്ചു. വളരെയേറെ ചർച്ചകള്‍ക്കുശേഷം 1919 നവംബറിൽ സന്ധി നിരാകരിക്കപ്പെട്ടു. ലീഗ് ഒഫ് നേഷന്‍സിൽ പങ്കെടുക്കാതെ യു.എസ്. സ്വയം ഒറ്റപ്പെടൽ നയം അംഗീകരിച്ചു. 1921 മാ. 4-ന് യു.എസ്. കോണ്‍ഗ്രസ് ഒരു സംയുക്ത പ്രമേയത്തിലൂടെ "യുദ്ധാവസ്ഥ' ഔപചാരികമായി അവസാനിപ്പിച്ചു. ആസ്‌ട്രിയ (ആഗ. 24), ജർമനി (ആഗ. 25), ഹംഗറി (ആഗ.29) എന്നീ രാജ്യങ്ങളും യൂറോപ്പിലെ പുതിയ രാഷ്‌ട്രങ്ങളുമായി യു.എസ്. പ്രത്യേക സന്ധികള്‍ ഉണ്ടാക്കി. നോ: സർവരാജ്യസഖ്യം