This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒപ്പന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:20, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒപ്പന

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിൽ പ്രചാരമുള്ള ഒരു കലാരൂപം. ഒപ്പന എന്ന പദത്തിന്‌ ഉപമ, താരതമ്യം, തെളിവ്‌, പരസമ്മതം, യോജിപ്പ്‌, ഒപ്പനിരപ്പ്‌, ആഭരണം, അലങ്കരണം, ചമയൽ എന്നിങ്ങനെയുള്ള അർഥങ്ങളാണുള്ളത്‌. എങ്കിലും വരന്‌ ഇരിക്കാനുള്ള ചമയപ്പന്തൽ എന്ന അർഥത്തിലാണ്‌ മുസ്‌ലിങ്ങള്‍ക്കിടയിൽ ഒപ്പന വിവക്ഷിക്കപ്പെടുന്നത്‌. വരനെ കാണിക്കുന്നതിനുമുമ്പ്‌ വധുവിനെ ചമയങ്ങള്‍ അണിയിച്ചൊരുക്കാന്‍ ഇരുത്തുന്നതിന്‌ ഒപ്പനയ്‌ക്കിരുത്തൽ എന്നാണ്‌ പറയുക. തിരണ്ടു കല്യാണത്തിന്‌ മുസ്‌ലിം സ്‌ത്രീകള്‍ കന്യകയ്‌ക്കു ചുറ്റുമിരുന്ന്‌ ഒപ്പനപ്പാട്ടുപാടുന്നതിന്‌ ഒപ്പന മുട്ടുക എന്നു പറയാറുണ്ട്‌. ഒരു കലാരൂപമെന്ന നിലയിൽ വിവാഹത്തോട്‌ ബന്ധപ്പെട്ടാണ്‌ ഒപ്പനയ്‌ക്ക്‌ പ്രചാരം സിദ്ധിച്ചത്‌. സ്‌ത്രീകളാണ്‌ ഈ കലയിൽ മുന്‍പന്തിയിൽ നില്‌ക്കുന്നത്‌. എങ്കിലും സുന്നത്ത്‌ (ചേലാകർമം) ചെയ്യപ്പെടുന്ന ബാലനെയും, വിവാഹനാളിലെ "മുഖവള'(മുടി മുറിക്കൽ)യിലും മറ്റും "പുതുമാപ്പിള'യെയും പുരുഷന്മാർ ഒപ്പനവയ്‌ക്കുന്നു. അതുപോലെ അവർ നടത്താറുള്ള കോൽക്കളിയിലെ വിവിധ ഘട്ടങ്ങളിൽ ഒന്നുകൂടിയാണ്‌ ഒപ്പന; എന്നിരുന്നാലും ഈ കലയിൽ സ്‌ത്രീകള്‍ക്കു നേടുവാന്‍ കഴിഞ്ഞിട്ടുള്ള വൈഭവം പുരുഷന്മാർക്ക്‌ ലഭിച്ചിട്ടില്ല.

കേരളത്തിലെ മുസ്‌ലിം സ്‌ത്രീകള്‍ക്കു പാരമ്പര്യമായി ലഭിച്ചിട്ടുള്ള കലാരൂപം ഇതൊന്നു മാത്രമാണ്‌. അത്തറിന്റെ നറുമണവും കുപ്പിവളകളുടെ കിലുകിലുക്കവും തുളുമ്പിനില്‌ക്കുന്ന കല്യാണപ്പന്തലിൽ ചമഞ്ഞൊരുങ്ങി നാണം കുണുങ്ങിയിരിക്കുന്ന മണവാട്ടിയെ വലയം ചെയ്‌തുകൊണ്ട്‌, കൈയിൽ മൈലാഞ്ചിച്ചുവപ്പും, കണ്ണിൽ സുറുമക്കറുപ്പും, കവിളിൽ കുസൃതിത്തുടിപ്പുമായി തോഴികള്‍ ഒപ്പന വയ്‌ക്കുന്നു. വിവാഹ പൂർവരാത്രിയിലെ മൈലാഞ്ചി; നാല്‌പതുകുളിക്കും' (പ്രസവാനന്തരം), "നാത്തൂന്‍ സത്‌ക്കാര'ത്തിനും, "കാതുകുത്തി'നും ഒപ്പനക്കാരികള്‍ ഒത്തുകൂടുന്നു. ഈദ്‌ ദിനങ്ങളിൽ (പെരുന്നാള്‍) പെണ്‍കൊടികളുടെ ഒപ്പനപ്പാട്ടുകള്‍ സർവസാധാരണമാണ്‌. കലാമത്സരങ്ങളിലും ഒപ്പന സ്ഥാനം പിടിച്ചിട്ടുണ്ട്‌.

കാതുകുത്തിനും സുന്നത്തിനും വിധേയരാകുന്ന കുട്ടികളുടെ ഭയം പോക്കുക, വധൂവരന്മാരുടെ നാണംനീക്കുക, അവരെ ആശീർവദിക്കുക, അതിഥികളെ മാനിക്കുക എന്നീ സന്ദർഭോചിത ലക്ഷ്യങ്ങളുള്ള സർഗസുന്ദരമായ ഈ വിനോദകല, വിജ്ഞാനവും സാമൂഹികബോധവും പകർന്നുകൊണ്ട്‌ ആഘോഷവേളകളെ ആകർഷകമാക്കുന്നു.

മാപ്പിളപ്പാട്ടും കൈകൊട്ടും ഒപ്പനയുടെ മുഖമുദ്രകളാണ്‌. അറബിഗാനശൈലികളുമായി, മറ്റനേകം മാപ്പിളപ്പാട്ടുകള്‍ക്കുമെന്നപോലെ, ഒപ്പനപ്പാട്ടുകള്‍ക്കും ബന്ധമുണ്ട്‌. പദ്യത്തിലൂടെ വിജ്ഞാനം പകരുന്നതിൽ പുരാതന അറബികള്‍ സമർഥരായിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തോടൊപ്പം കേരളത്തിൽ പ്രചരിച്ച അറേബ്യന്‍ ഗാനശൈലി ഇവിടത്തെ കൈകൊട്ടിക്കളി(തിരുവാതിരക്കളി)യുടെ പ്രാകൃതരൂപവുമായി പുലർത്തിയ സമ്പർക്കത്തിൽ നിന്നുരുത്തിരിഞ്ഞ്‌ വളർന്നുവന്നതാണ്‌ ഒപ്പന എന്ന ഈ കലാവിശേഷം. സന്തോഷസൂചകമായി കൈയടിക്കുന്ന സ്വഭാവം മനുഷ്യന്‌ ജന്മസിദ്ധമാണ്‌. ഭാവത്തിൽ വിഭിന്നങ്ങളെങ്കിലും രൂപത്തിൽ സദൃശങ്ങളായ തിരുവാതിരക്കളിയും ഒപ്പനയും ഈ സിദ്ധിയുടെ പരിപുഷ്‌ടമായ രണ്ടു മുഖങ്ങളാണ്‌. ദശകങ്ങള്‍ക്കുമുമ്പ്‌ മലബാറിലെ ചില "ഓത്തുപള്ളി'(മതപാഠശാല)കളിൽ ഒപ്പന അഭ്യസിപ്പിച്ചിരുന്നു.

കോഴിക്കോട്ടുകാരന്‍ കുഞ്ഞമ്മദ്‌കോയ രചിച്ച തശരീഫ്‌ എന്ന കൃതിയാണ്‌ അറിയപ്പെട്ട ഒപ്പനപ്പാട്ടുകളിൽ ആദ്യത്തേതെന്ന്‌ അറബിമലയാള സാഹിത്യചരിത്രകാരനായ ഒ. അബു അഭിപ്രായപ്പെടുന്നു. അറബിയിലും മലയാളത്തിലും, "അറബിമലയാള'ത്തിലുമായി പലതരം ഒപ്പനപ്പാട്ടുകളുണ്ട്‌. പുഷ്‌പങ്ങള്‍, പലഹാരങ്ങള്‍, ആഭരണങ്ങള്‍, ആചാരങ്ങള്‍, മത്സ്യങ്ങള്‍, മരുന്നുകള്‍, സ്ഥലങ്ങള്‍ എന്നിവയുടെ പേരുകള്‍ നിബന്ധിച്ചുകൊണ്ടുള്ളവയാണ്‌ ചിലത്‌. ഒട്ടേറെ ഗാനങ്ങള്‍ മണവാളന്റെയും മണവാട്ടിയുടെയും വർണനകളാണ്‌. പഴങ്കഥകളും ചരിത്രസംഭവങ്ങളും ഇതിവൃത്തമായുള്ളവയും കുറവല്ല. പടപ്പാട്ടുകളിലെ ഈണപ്പൊരുത്തമുള്ള ശീലുകളും ഒപ്പനമട്ടിൽ പാടിവരുന്നു. "ചായൽ', "മുറുക്കം' എന്നീ രണ്ടു വൃത്തങ്ങളുണ്ട്‌, ഒപ്പനഗീതങ്ങള്‍ക്ക്‌. ചായലിനും, മുറുക്കത്തിലെ മൂന്നുപദങ്ങള്‍ക്കും തുള്ളൽരീതിയോട്‌ ബന്ധംകാണുന്നു. ഉദാ.

(i) ഒപ്പനചായൽ
""ബാണദിൽഗുണം നാണിയം ഇവർ-
ക്കാണറും ശരിയാണൊ ബാവാ?
ബിക്കറിൽ ഖൊശിക്കണ്ടദും സുകം
ബിണ്ടദും അറിയേണ്ട ബാവാ?''
(ii) ഒപ്പനമുറുക്കം
""രസിത്താറ്റൽ മകളാരെ ബിളിത്ത്‌ ചൊല്ലീ,
റഹ്‌മത്തന്നബി ഹ്‌ള്‌റത്തുടന്‍ ഫോവല്ലീ
ബല്ലിയിൽ ബസ്സി അതൊന്ന്‌ കൊടുത്ത്‌,
നല്ലെ രസഫ്‌ഫഴം വണ്ണം നിറൈത്ത്‌,
സുല്ലിയമാൽ ഖറാറ്‌ വിരുത്തി,
വിരുത്തണം മകളെ നീ നബിയാർക്കിട്ടേ,
വേണമെങ്കിൽയെടുത്തോബാ ഫൊരുത്തപ്പെട്ടേ''
 

ചായൽ പല്ലവിയുടെയും, മുറുക്കം അനുപല്ലവിയുടെയും ധർമം നിർവഹിക്കുന്നു. ഇരുന്നും നിന്നും അന്യോന്യം സ്ഥാനം മാറിയും, ചുറ്റിനടന്നും ഒപ്പന മുട്ടാറുണ്ട്‌. ഒരാള്‍ പാടും, മറ്റുള്ളവർ ഏറ്റുപാടും. പാടുമ്പോഴും പാടാത്തപ്പോഴും ഒന്നിച്ചു കൈകൊട്ടും. അതോടൊപ്പം മേലോട്ടും താഴോട്ടും വശങ്ങളിലേക്കും കൈകള്‍ തന്മയത്വത്തോടെ ചലിപ്പിക്കും. നിയതമാത്രങ്ങളിൽ പരസ്‌പരം കൈയടിക്കും. ചായൽ ആലപിച്ച്‌ മന്ദതാളത്തിൽ തുടങ്ങുന്ന കൈകൊട്ടൽ മുറുക്കത്തിൽ ദ്രുതതാളേത്താടെ അവസാനിക്കുന്നു. സംഘത്തിൽ അംഗസംഖ്യ ക്ലിപ്‌തമല്ല. നാടന്‍വേഷമാണ്‌ യുക്തം. ഉപകരണങ്ങള്‍ ആവശ്യമില്ലാത്തതിനാൽ ഏതവസരത്തിലും നിഷ്‌പ്രയാസം അവതരിപ്പിക്കാം. പ്രദേശികമായ നേരിയ വ്യത്യാസങ്ങള്‍ കണ്ടുവരുന്നു. ഈണത്തിനും താളത്തിനും വഴങ്ങുന്ന ഇതര ഗാനങ്ങളും പരിഷ്‌ക്കരിച്ച ചുവടുകളും സ്വീകരിച്ച്‌ ചില സംഘങ്ങള്‍ ഒപ്പനയ്‌ക്ക്‌ ഗാനനൃത്തത്തിന്റെ പരിവേഷം നല്‌കാറുണ്ട്‌. നോ. മാപ്പിളപ്പാട്ട്‌

(പുറമണ്ണൂർ ടി. മുഹമ്മദ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍