This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓട്ടോസ്കോപ്പി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓട്ടോസ്കോപ്പി
Autoscopy
സ്വന്തം ശരീരത്തിന് പുറത്താണ് താന്‍ എന്ന് ഒരു വ്യക്തിക്കുണ്ടാകുന്ന തോന്നൽ അഥവാ മതിഭ്രമമാണ് ഓട്ടോസ്കോപ്പി. താന്‍ ഉണർന്നിരിക്കുന്നു എന്ന് വിശ്വസിക്കുന്ന വ്യക്തി തന്റെ ഭൗതികശരീരത്തിന് പുറത്തുതന്നെ കാണുന്ന പ്രതിഭാസമാണിത്. സ്വയം തന്റെ ശരീരത്തെ ശരീരത്തിന് പുറത്താണെന്ന് വിശ്വസിക്കുകയാണ് ഈ വ്യക്തി ചെയ്യുന്നത്. സാധാരണഗതിയിൽ മാനസികവിഭ്രാന്തിയായാണ് ഇത് കണക്കാക്കുന്നത്.
നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും പുരാണങ്ങളിലുമൊക്കെ ഇത്തരം സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. ശരീരാതീതാനുഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. ബോധം ശരീരത്തിന് പുറത്താണെന്ന തോന്നൽ അല്ലെങ്കിൽ ശരീരത്തിന് പുറത്ത് മറ്റൊരു ശരീരമുണ്ടെന്നു തോന്നുക, ലോകത്തെ കുറേയെറെ മുകളിൽനിന്ന് നോക്കിക്കാണുന്നതായി അനുഭവപ്പെടുക, സ്വന്തം ശരീരത്തെ മാറിനിന്ന് നോക്കുന്നതായി അനുഭവപ്പെടുക എന്നിവയൊക്കെയാണ് ഇതിന്റെ പ്രതേ്യകതകള്‍ ആയി പറയാവുന്നവ.
ന്യൂറോസയന്‍സിൽ ഗവേഷണം നടത്തുന്ന പ്രമുഖസ്ഥാപനങ്ങളിൽ ഓട്ടോസ്കോപ്പിയെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. നിദ്ര, മയക്കുമരുന്ന്, ബോധംകെടുത്താനുപയോഗിക്കുന്ന മരുന്നുകള്‍, മസ്തിഷ്കത്തിലെതന്നെ ചില പ്രതേ്യകതകള്‍ എന്നിവയൊക്കെ ഓട്ടോസ്കോപ്പി ഉണ്ടാകുന്നതിൽ പങ്കുവഹിക്കുന്ന ഘടകങ്ങള്‍ ആണെന്ന് ഈ ഗവേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്. ചിലർക്ക് ധ്യാനാവസ്ഥയിലും ഇത്തരം മതിഭ്രമങ്ങള്‍ ഉണ്ടാകാം. കാരണം എന്തുതന്നെയായാലും നാഡീവ്യവസ്ഥയിൽ ഉണ്ടാകുന്ന സ്ഥിരമോ താത്കാലികമോ ആയ മാറ്റങ്ങളാണ് ശരീരത്തിനുപുറത്ത് ശരീരമുണ്ടെന്ന ഈ തോന്നലിനുകാരണം.
പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന സംവേദനങ്ങള്‍ അപഗ്രഥിക്കുന്ന സങ്കേതത്തിലുള്ള പിഴവോ മസ്തിഷ്കത്തിലെ ടെമ്പറോ-പരൈറ്റൽ മേഖലയിലുണ്ടാകുന്ന ന്യൂനതകളോ ആണ് ഇത്തരത്തിലുള്ള തോന്നലിന് കാരണമെന്ന് ശാസ്ത്രം പറയുന്നു. അവബോധത്തിന്റെയും സ്വബോധത്തിന്റെയും രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ വിവരങ്ങള്‍ ഈ ഗേവഷണങ്ങളിലൂടെ ലഭിച്ചേക്കാം എന്നാണ് പ്രതീക്ഷ. ന്യൂറോസയന്‍സിന്റെ നവീന മേഖലകളിലേക്ക് കടന്നുചെല്ലാന്‍ ഓട്ടോസ്കോപ്പിയെക്കുറിച്ചുള്ള ഈ അന്വേഷണം സഹായിക്കും.
(സുരേന്ദ്രന് ചുനക്കര)