This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓടനാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:50, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓടനാട്‌

മധ്യകാലകേരളത്തിലെ പ്രബലമായ ഒരു നാട്ടുരാജ്യം. തിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ എ.ഡി. 1746-ൽ പിടിച്ചടക്കി വേണാട്ടിനോടു ചേർക്കുന്നതുവരെ കൊല്ലത്തിനു (ദേശിങ്ങനാടിനു) വടക്കുണ്ടായിരുന്ന ഒരു ചെറുരാജ്യമാണിത്‌. ഇത്തരം ഒട്ടേറെ ചെറുരാജ്യങ്ങളായി വേർതിരിഞ്ഞു കിടന്നതായിരുന്നു മധ്യകാല കേരളം.

പേരും വിസ്‌തൃതിയും. ഓടനാടിന്റെ ഇപ്പോഴത്തെ പേര്‌ ഓണാട്ടുകര എന്നാണ്‌. ഓണം പോലെ ഐശ്വര്യമുള്ള നാട്‌ എന്ന്‌ അതിനു ഗ്രാമീണർ വ്യുത്‌പത്തി കല്‌പിക്കുന്നു. ഇവിടെ തിരുവോണമഹോത്സവവും ഓണപ്പടയും പഴയകാലത്ത്‌ രാജാക്കന്മാരുടെ സാന്നിധ്യത്തിൽ നടത്തിയിരുന്നു (നോ. ഹര്യക്ഷമാസ സമരോത്‌സവം). ഓണാട്ടുകരയിലെ ഒരു പ്രധാനസ്ഥലമായ "മാവേലിക്കര', ഈ നാടിന്‌ ഓണവുമായുള്ള ബന്ധത്തെ പിന്താങ്ങുകയും ചെയ്യുന്നു. ഓണത്തപ്പനായ മഹാബലിയെ പരാമർശിക്കുന്നതാണ്‌ ആ നാമം. ഓടങ്ങളുടെ നാട്‌ (സഞ്ചാരത്തിനും മറ്റും വള്ളങ്ങള്‍ അധികമായി ഉപയോഗിച്ചിരുന്ന നാട്‌) എന്ന അർഥത്തിലാണ്‌ ഓടനാടിന്‌ ഈ പേരു വന്നതെന്ന്‌ കരുതപ്പെടുന്നു ("വഞ്ചിനാട്‌' എന്ന പേരുമായി താരതമ്യപ്പെടുത്തുക). സംസ്‌കൃത മയൂരസന്ദേശത്തിൽ (ശ്ലോകം 57) ഓടനാടിനെ ഓടൽ വള്ളികളുള്ള നാട്‌ എന്നർഥത്തിൽ "ഇംഗുദീ ഭൂവിഭാഗഃ' എന്നു പരാമർശിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളും മറ്റു ചില ദേശങ്ങളും ചേർന്നിരുന്ന ഓടനാടിന്റെ അതിർത്തികള്‍ തെക്ക്‌ കന്നേറ്റി, വടക്ക്‌ തൃക്കുന്നപ്പുഴ, പടിഞ്ഞാറ്‌ സമുദ്രം, കിഴക്ക്‌ ഇളയെടുത്ത്‌ സ്വരൂപം എന്നിങ്ങനെയായിരുന്നു. എ.ഡി. 1743-ൽ കൊച്ചിയിലെ ഡച്ച്‌ കമാന്‍ഡർ വാന്‍ഗോളനേസ്‌ (Julius Valentyan Stein Van Gollenese) രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച്‌ പന്തളം, തെക്കുംകൂർ, ഇളയെടത്തു സ്വരൂപം, മാടത്തുംകൂർ, പുറക്കാട്‌, തൃക്കുന്നപ്പുഴ എന്നിവയായിരുന്നു ഓടനാടിന്റെ അയൽരാജ്യങ്ങള്‍ (A Galletti, The Dutch in Malabar 56).

കന്നേറ്റി തെക്കേ അതിർത്തിയായ കരുനാഗപ്പള്ളി(മരുതൂർ കുളങ്ങര, ങമൃമേ) യും മാടത്തുംകൂറും മാവേലിക്കര (Martamcur) യും ഓടനാടു സ്വരൂപത്തിൽ നിന്ന്‌ പിന്നിട്ട്‌ പിരിഞ്ഞുപോയതായിരിക്കണം ധകർണാപൊളി (Carnapoli)എന്നും മാർത്ത (Marta, മരുതൂർകുളങ്ങര) എന്നുമാണ്‌ പോർച്ചുഗീസുകാരും ഡച്ചുകാരും കരുനാഗപ്പള്ളിയെ പരാമർശിച്ചിട്ടുള്ളത്‌; മാടത്തുംകൂർ ഡച്ചുകാരുടെ മാർത്തെന്‍കൂർ (Martencur)ആണ്‌. ഈ രണ്ടു സ്വരൂപങ്ങളുടെയും ഓടനാടിന്റെയും അതിർത്തികള്‍ വ്യക്തമായി മനസ്സിലാക്കാന്‍ രേഖകളില്ല.

കണ്ടിയൂർ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിൽ നിന്നു തെക്കോട്ടുള്ള പാതയാണ്‌ ഓടനാടിനെ മാടത്തുകൂറിൽ നിന്നും വേർതിരിച്ചിരുന്നത്‌. പാതയുടെ കിഴക്കുവശം മാടത്തുംകൂർ, പടിഞ്ഞാറുവശം ഓടനാട്‌ (കായംകുളം). ക്ഷേത്രം നില്‌ക്കുന്ന സ്ഥലത്തിന്റെ കിഴക്കേപകുതി ഭാഗം മാടത്തിന്‍കൂറിലേക്കും പടിഞ്ഞാറേ പകുതിഭാഗം ഓടനാടിലേക്കും അവകാശപ്പെട്ടിരുന്നു. ഓടനാട്ടുരാജാവും മാടത്തുംകൂർ രാജാവും കണ്ടിയൂർ ക്ഷേത്രത്തിൽ അധികാരം നടത്തിയിരുന്നതായിട്ടാണ്‌ പില്‌ക്കാലത്തെ ചരിത്രം. മറ്റു പേരുകള്‍. കായംകുളം, ചിറവാ എന്നീ പേരുകളിലും ഓടനാട്‌ പ്രസിദ്ധമാണ്‌. കായംകുളം ഈ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാണിജ്യകേന്ദ്രമായിരുന്നു. കായംകുളത്തിന്‌ 3 കി.മീ. തെക്ക്‌ കൃഷ്‌ണപുരം കൊട്ടാരവും അല്‌പം വടക്ക്‌ എരുവായിൽ കൃഷ്‌ണസ്വാമിക്ഷേത്രത്തിനു സമീപം വേറൊരു കൊട്ടാരവും ഈ സ്ഥലത്തിന്റെ പ്രാധാന്യം വർധിപ്പിച്ചു. ഈ പ്രാധാന്യംമൂലം കായംകുളം എന്ന പ്രദേശനാമം ഓടനാടിന്റെ മറ്റൊരുപേരായിത്തീർന്നു. ചിറവാ (ചിറവാസ്വരൂപം, ശ്രായിസ്വരൂപം, ശ്രായിക്കൂർ) എന്ന പേരും ഓടനാടിന്‌ ഉണ്ട്‌. ഓടനാട്‌ എന്ന പേര്‌ ക്രമേണ ലുപ്‌തപ്രചാരമാവുകയും പകരം ഓണാട്ടുകര എന്ന പേരിൽ ഇത്‌ അറിയപ്പെടുകയും ചെയ്‌തു. 1743-ൽ ഗോളനേസും ഓണാട്ടുകര എന്നാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. കുഞ്ചന്‍നമ്പ്യാരും (18-ാം ശ.) കൃഷ്‌ണലീലയിൽ "ഓണാട്ടുകര വാഴുമീശ്വരന്മാരും' എന്നു പ്രയോഗിച്ചിട്ടുണ്ട്‌.

പഴയ പരാമർശങ്ങള്‍. ചരിത്രപഠനത്തിൽ പ്രധാനപ്പെട്ട പല പരാമർശങ്ങളും ഓടനാടിനെപ്പറ്റിയുണ്ട്‌. തിരുവല്ലാ ചെപ്പേടിൽ (11-ാം ശ.) ഓടനാടിനെയും അവിടത്തെ ഒരു പ്രധാന സ്ഥലമായ മറ്റത്തെയും പരാമർശിച്ചിട്ടുണ്ട്‌ (ടി.എ.എസ്‌. II 166; 171) ""ഓടനാട്ടു വരിയൈയാൽ ചെല്ലും തിരുവിളക്കൊന്റിനു കൊള്ളും പാട്ടനെല്‌നൂറ്റെമ്പതുപറൈ' (ടി.എ.എസ്‌. II 182) "മറ്റത്തിൽ പരമേച്ചുവരന്‍ ചോമന്‍ തന്നുടൈയ ചിറ്റൈക്കരെരപ്പുരൈയിടം തിരുവല്ല വാഴപ്പനു അട്ടികൊടുത്താന്‍ (ടി.എ.എസ്‌. കകക 204). പ്രസ്‌തുത താമ്രപത്രരേഖയിൽ മറ്റത്തിനടുത്തുള്ള ചെന്നിത്തലയെപ്പറ്റി വേറൊരു പരാമർശമുള്ളതു കൂടുതൽ ശ്രദ്ധേയമാണ്‌. ""ചെന്തിത്തലൈ അടികള്‍ ഇരായ ചേകരന്‍ അമൈച്ച തിരുവിളക്കൊന്റിനും... പാട്ടനെല്‌ നൂറുപറൈ (ടി.എ.എസ്‌. II178). ഈ ചെന്നിത്തല അടികള്‍ ഓടനാട്ടിൽ അധികാരം വഹിച്ചിരുന്നതായി കരുതാം. ചെന്നിത്തല കണ്ടിയൂരിന്റെ മദകരിയാണെന്ന്‌ ഉണ്ണുനീലി സന്ദേശത്തിലും പരാമർശമുണ്ട്‌. (ഉ.സ. I 112; 117). ഓടനാടു രാജാക്കന്മാരെപ്പറ്റിയുള്ള പ്രാചീനരേഖകള്‍ കണ്ടിയൂർ ക്ഷേത്രത്തിൽ നിന്നാണ്‌ ലഭിച്ചിട്ടുള്ളത്‌. കൊ. വ. 393-ലെ (എ.ഡി. 1218) ഒരു ശിലാരേഖയിൽ ""ഓടനാട്ടു വാഴ്‌ന്നരുളിന്റെ ഉതൈ ചിരമംഗലത്തു ശ്രീവീരപെരുമുറ്റത്തു ഇരാമന്‍ കോതവർമ തിരുവടിയെ സ്‌മരിച്ചിട്ടുണ്ട്‌ (ടി.എ.എസ്‌. ക 290). കാലനിർണയം ചെയ്യാന്‍ തെളിവില്ലാത്ത അരിപ്പാട്ടേ ശിലാരേഖകളിലും ഓടനാടു പ്രത്യക്ഷപ്പെടുന്നു; ""ഓടനാട്ടു വാണരുളിയ ഇരവികേരളന്‍ തിരുവടിക്കമൈത്ത അതികാരർ ഹരിക്കായതേവർക്കു കല്‌പിച്ച ചെലവു (ടി.എ.എസ്‌. IV 39). 14-15 ശതകങ്ങളിൽ ഉണ്ടായ സാഹിത്യകൃതികളിലും ഓടനാടിനെപ്പറ്റി കാണാം. ""ഈടിക്കൂടും നിഖിലവിഭവം മുമ്പിലേതോടനാട്‌ (ഉ. സ. I 92) ""ഓടനാടെന്നൊരു മണ്ഡലപ്രവരം വിരാജതി (ഉണ്ണിയാടി ഗദ്യം 16) പദ്യരത്‌നം, ചന്ദ്രാത്സവം എന്നിവയിലെ പരാമർശങ്ങള്‍: ""ഉത്‌പന്നോദയമോടനാട്ടു ചിറവായില്ലാത്തൊരേണാക്ഷിപ്പോളുത്തര ചന്ദ്രികേതി നിറമാർന്നസ്‌ത്രം മലർച്ചെഞ്ചാരാ! (പദ്യരത്‌നം 3); ""ഓടനാട്ടുകര വീടമാർന്ന വരവാരവാമനയനാജനം ഗാഢ കൗതുകമണിഞ്ഞു വന്നു തറയേറിനാരഥ വിധൂത്സവേ (ചന്ദ്രാ: 4.38).

ഇനി ഹര്യക്‌ഷമാസസമരോത്‌സവത്തിൽ ഓടനാട്‌, വേണാട്‌, മാടത്തിന്‍കൂറ്‌, ചിറവാസ്വരൂപം എന്നീ നാടുകളെ പരാമർശിച്ചിരിക്കുന്നത്‌ അവയുടെ ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലാണ്‌. കേരളോത്‌പത്തിയിൽ ഓടനാടിന്റെ ഭാഗമായ കായംകുളത്തെക്കുറിച്ച്‌ അപര്യാപ്‌തങ്ങളായ പരാമർശങ്ങളുണ്ട്‌. ടി.എ. ഗോപിനാഥറാവു കണ്ടിയൂർ ശിവക്ഷേത്രത്തിൽ നിന്നു കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ ചില രേഖകളിൽ നിന്ന്‌ "കണ്ടിയൂർ വർഷ'ത്തെപ്പറ്റി ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്‌. അതനുസരിച്ച്‌ കണ്ടിയൂർ വർഷം ആരംഭിക്കുന്നത്‌ കൊല്ലവർഷത്തിനു രണ്ടു കൊല്ലം മുമ്പാണ്‌. ക്ഷേത്രത്തിന്റെ സ്ഥാപനത്തെയോ നവീകരണത്തെയോ ആസ്‌പദമാക്കി ആരംഭിച്ചിട്ടുള്ള കണ്ടിയൂർ വർഷം ഓടനാടിന്റെ അക്കാലത്തെ പ്രാധാന്യത്തിന്‌ തെളിവാണ്‌. ഓടനാട്ടിലെ ബുദ്ധമതാവശിഷ്‌ടങ്ങള്‍. കണ്ടിയൂർ, ഹരിപ്പാട്‌ മുതലായ മഹാക്ഷേത്രങ്ങളും ക്രിസ്‌ത്യാനികളുടെയും മുസ്‌ലിങ്ങളുടെയും പള്ളികളുംകൊണ്ട്‌ ശോഭിക്കുന്ന ഓടനാട്ടിൽ പണ്ടത്തെ ബുദ്ധമതാവശിഷ്‌ടങ്ങള്‍കൂടി കാണാം. കരുനാഗപ്പള്ളി, കാർത്തികപള്ളി, മൈനാഗപ്പള്ളി, പുതുപ്പള്ളി മുതലായ സ്ഥലനാമങ്ങളിലെ പള്ളിതന്നെ ബുദ്ധമതാനുസ്‌മാരകങ്ങളാണ്‌. കരുനാഗപ്പള്ളിയിലും മാവേലിക്കരയിലും ഇന്നും കാണാവുന്ന പ്രാചീന ബുദ്ധവിഗ്രഹങ്ങള്‍ ഈ വിഷയത്തിൽ കൂടുതൽ തെളിവു നൽകുന്നു. മാവേലിക്കരയ്‌ക്ക്‌ അടുത്തുള്ള ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുതിരകെട്ടുകാഴ്‌ചയും ബൗദ്ധമതത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്‌.

ഓടനാടും കൂടൽമാണിക്യം ക്ഷേത്രവും. കൊ. വ. 517 (എ.ഡി. 1342)-മാണ്ട്‌ അജ്ഞാത നാമാവായ ഒരു ഓടനാട്ടു രാജാവ്‌ കൊച്ചിയിലെ ഇരിങ്ങാലക്കുട ക്ഷേത്രത്തിലേക്ക്‌ ഒരു മാണിക്യം സംഭാവന ചെയ്‌തതായി ഐതിഹ്യമുണ്ട്‌. ആ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാബിംബത്തിൽ കണ്ട വിശേഷ പ്രഭയുടെ സാദൃശ്യം പരിശോധിക്കാന്‍വേണ്ടിയായിരുന്നു ക്ഷേത്രാധികാരികള്‍ ഓടനാട്ടിൽ നിന്ന്‌ മാണിക്യം ആവശ്യപ്പെട്ടത്‌. മാണിക്യം ബിംബത്തിൽ വച്ചപ്പോള്‍ അതിൽ ലയിച്ചുപോയി എന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ്‌ ഇരിങ്ങാലക്കുട ക്ഷേത്രത്തിനു "കൂടൽമാണിക്യം' എന്ന പേരുവന്നത്‌. (ഉള്ളൂർ വി. ദീ. IV) ആ അവകാശത്തെ ആസ്‌പദമാക്കി പ്രസ്‌തുത ക്ഷേത്രത്തിൽ തച്ചുടയക്കൈമളെ നിയമിക്കാനുള്ള അവകാശം ഓടനാടിനു കിട്ടി. ഓടനാടു തിരുവിതാംകൂറിൽ ലയിച്ചതിനുശേഷം ആ അവകാശം തിരുവിതാംകൂർ മഹാരാജാവിനു സിദ്ധിച്ചു. ഇപ്പോഴത്തെ (കൊ. വ. 1154) തച്ചുടയ്‌ക്കൈമളെയും ഈ പാരമ്പര്യാവകാശമനുസരിച്ച്‌ തിരുവിതാംകൂർ മഹാരാജാവു തന്നെ നിയമിച്ചിട്ടുള്ളതാണ്‌. മാർത്താണ്ഡവർമയും മാന്നാർ സന്ധിയും. മാർത്താണ്ഡവർമയുടെ നേരിട്ടുള്ള നേതൃത്വത്തിൽ 68 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ വേണാട്ടുസൈന്യം രാമയ്യന്‍ ദളവയുടെ നേതൃത്വത്തിൽ കായംകുളത്തെ ആക്രമിച്ചു. തെക്കുംകൂറിൽനിന്നും മറ്റും പ്രതീക്ഷിച്ച സഹായം കായംകുളത്തിനു യഥാസമയം ലഭിച്ചില്ല. കായംകുളം രാജാവ്‌ ഒളിച്ചോടാന്‍ നിർബന്ധിതനായി. കുടുംബാംഗങ്ങളെ രഹസ്യമായി തൃശൂരിലേക്ക്‌ അയച്ചു. വിലപിടിപ്പുള്ള ജംഗമവസ്‌തുക്കളെല്ലാം ഗൂഢമായി നീണ്ടകരയിൽ കൊണ്ടുപോയി അഷ്‌ടമുടിക്കായലിൽ താഴ്‌ത്തിയിട്ട്‌ രാജാവും രാജ്യം വിട്ടു (കൊ. വി. 921/1746). ഓടനാട്ടിലെ വീരയോദ്ധാക്കള്‍ കുറേനാള്‍ കൂടെ യുദ്ധം തുടർന്നു. ഒടുവിൽ വേണാട്ടുസൈന്യം അവരെ അടിച്ചമർത്തി, കൊട്ടാരം പിടിച്ചു. രാജഭണ്ഡാരങ്ങളും നിധിനിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ ചെന്ന വേണാട്ടുസൈന്യം കണ്ടത്‌ ഒഴിഞ്ഞ കൊട്ടാരവും അതിനകത്ത്‌ അമ്പലപ്പുഴ ദേവനാരായണന്റെ നാമംകൊത്തിയ യുദ്ധസാമഗ്രികളും മാത്രമായിരുന്നു. അമ്പലപ്പുഴ ഒരു ശത്രുരാജ്യമായി പരിഗണിക്കുവാനും മാർത്താണ്ഡവർമയുടെ ആക്രമണത്തിനു പിന്നീടു വിധേയമാകുവാനും ഇതു വഴിതെളിച്ചു. ഓടനാട്‌ വേണാടിന്റെ ഭാഗമായിത്തീരുകയും ചെയ്‌തു.

കലാസമ്പത്ത്‌. ധനധാന്യ സമൃദ്ധികൊണ്ടെന്നപോലെ കലാസമ്പത്തു കൊണ്ടും ഓടനാട്‌ അന്ന്‌ ശോഭിച്ചിരുന്നു എന്നതിന്‌ ""വടിവുറ്റ കലാസുസമ്മതാനാം-മധുരേഗീത വിധൗവിചക്ഷണാനാം-ധനധാന്യവതാം മഹാജനാനാം നിലയാ യത്ര നിരന്തരം വിഭാന്തി (ഉണ്ണിയാടിചരിതം ശ്ലോകം 38) എന്നും ""ആടകം കൊണ്ട്‌ നിർമിച്ചഴകെഴും അരങ്ങത്തേറി നാടകമാടിമേവും നടികുലം പൊടിയുമേടം (ഉ.ച. ഗദ്യം 22) എന്നും ""നക്‌തം കോവിദ നർത്തകീ വിരചരിതം നാട്യം... (കണ്ടിയൂരെ കൊട്ടാരത്തിൽ രാത്രി കാലങ്ങളിൽ നർത്തകികള്‍ നടത്തിയിരുന്ന നൃത്തം കാണാന്‍ വന്ന ദേവന്മാർ രാത്രികഴിഞ്ഞിട്ടും തിരിച്ചും പോകാന്‍ മറന്ന്‌ അവിടെത്തന്നെ നിർന്നിമേഷരായി നില്‌ക്കയാണോ എന്നു തോന്നും അവിടത്തെ ഭിത്തിയിലെ ദേവചിത്രങ്ങള്‍ കണ്ടാൽ) (ശിവവിലാസം 1.9) എന്നും മറ്റുമുള്ള സാഹിത്യഗ്രന്ഥപരാമർശങ്ങള്‍ തെളിവാണ്‌. സാഹിത്യം, നൃത്തം, ഗീതം, ശില്‌പം, ചിത്രം മുതലായ കലകള്‍ക്ക്‌ അവിടെ പ്രാത്സാഹനം സിദ്ധിച്ചിരുന്നു എന്ന്‌ ഇതിൽ നിന്നു ധരിക്കാം. കണ്ടിയൂരെയും ഹരിപ്പാട്ടെയും ചാക്യാർകൂത്തും മഹാഭാരത പാരായണവും ഈ സന്ദർഭത്തിൽ പ്രസ്‌താവ്യങ്ങളാണ്‌.

കലാസാഹിത്യ-സാംസ്‌കാരിക രംഗങ്ങളിൽ ഇന്നത്തെ ഓടനാട്‌ പ്രദേശം ഏറെ സമ്പന്നമാണ്‌. ഓച്ചിറക്കളി, കാളകെട്ടുത്സവം, ചെട്ടിക്കുളങ്ങരയിലെ കെട്ടുകാഴ്‌ചകള്‍ മുതലായവയാണ്‌ പ്രധാന ഉത്സവങ്ങള്‍. കെ.പി.എ.സി., പീപ്പിള്‍സ്‌ തിയേറ്റേഴ്‌സ്‌ തുടങ്ങിയ പ്രസിദ്ധമായ നാടകസംഘങ്ങള്‍ ഇവിടെയാണ്‌ രൂപംകൊണ്ടത്‌. തോപ്പിൽഭാസി, സി.ജി. ഗോപിനാഥ്‌, ഒ. മാധവന്‍, ഓച്ചിറ വേലുക്കുട്ടി, സ്വാമിബ്രഹ്മവ്രതന്‍ എന്നിവർ ഈ രംഗത്ത്‌ പ്രസിദ്ധി നേടിയവരാണ്‌. എസ്‌. ഗുപ്‌തന്‍നായർ, പുതുപ്പള്ളി രാഘവന്‍, പുതുശ്ശേരി രാമചന്ദ്രന്‍, കെ. സുരേന്ദ്രന്‍, പത്മരാജന്‍, വി.എസ്‌. ശർമ, ശ്രീകുമാരന്‍തമ്പി, എ.പി. ഉദയഭാനു, നരേന്ദ്രപ്രസാദ്‌, പാറപ്പുറം തുടങ്ങിയ പ്രഗല്‌ഭരായ ഒട്ടനവധി സാഹിത്യകാരന്മാർ ഓടനാട്ടിന്റെ പ്രശസ്‌തിയ്‌ക്കു മാറ്റുകൂട്ടുന്നവരാണ്‌.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍