This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓ കെല്ലി, സീന്‍ തോമസ് (1882 - 1966)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓ കെല്ലി, സീന്‍ തോമസ് (1882 - 1966)
O Kelly, Sean Thomas
ഐറിഷ് പ്രസിഡന്റ് (1945-59). 1882 ആഗ. 25-ന് ഡബ്ലനിൽ ജനിച്ചു. സാമ്പത്തിക-സാംസ്‌കാരിക-സ്വയംഭരണാവകാശത്തിനു വേണ്ടിയുള്ള "ഷിന്‍ ഫേന്‍' (Shinn Fein)പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന ഓ കെല്ലി പ്രഗല്‌ഭനായ ഭരണതന്ത്രജ്ഞനും രാഷ്‌ട്രീയനേതാവുമായിരുന്നു.
1905-ൽ ഷിന്‍ ഫേന്‍ പ്രസ്ഥാനത്തിന്റെ പ്രധാന സ്ഥാപകനായ ആർതർഗ്രിഫിത്തുമായിച്ചേർന്ന് ഓ കെല്ലി ഐറിഷ് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എഡിറ്റുചെയ്‌തു. 1908-10 കാലത്ത് ഷിന്‍ ഫേന്‍ പ്രസ്ഥാനത്തിന്റെ ഓണററി സെക്രട്ടറിയായിരുന്നു. 1915-21 കാലത്ത് ഇദ്ദേഹം ഗാലിക് ലീഗിന്റെ സെക്രട്ടറി ജനറലായും പ്രധാനസൂത്രധാരനായും പ്രവർത്തിച്ചു. 1913 മുതൽ തന്നെ ഇദ്ദേഹം ഐറിഷ് സന്നദ്ധഭടന്മാരെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 1916-ൽ പൊട്ടിപ്പുറപ്പെട്ട "ഈസ്റ്റർ വീക്ക് കലാപ'ത്തിൽ സ്റ്റാഫ് ക്യാപ്‌റ്റനായിരുന്നതുകൊണ്ട് ഡബ്ലിന്‍ ജനറൽ പോസ്റ്റോഫീസസ് സമരത്തിനു പിന്തുണ നൽകി. കലാപം അടിച്ചമർത്തപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ ഒരു വർഷക്കാലത്തേക്ക് തടവിലാക്കി.
1918-ലെ തെരഞ്ഞടുപ്പിൽ പഴയ ഐറിഷ് നാഷണലിസ്റ്റ് പാർട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം കോളജ്‌ഗ്രീന്‍ (മധ്യ ഡബ്ലിന്‍) നിയോജക മണ്ഡലത്തിൽനിന്നും ഐറിഷ് അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഓ കെല്ലിയെ ഐറിഷ് നിയമസഭാസ്‌പീക്കറായി അവരോധിക്കയുണ്ടായി (1919-21). 1918 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം പലപ്പോഴായി ഡബ്ലിന്റെ പല മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ബ്രിട്ടീഷ് ഹൗസ് ഒഫ് കോമണ്‍സിൽ പ്രവർത്തിച്ചിട്ടുണ്ട്. 1919-22-ൽ ഇദ്ദേഹം ഫ്രാന്‍സിലെയും ഇറ്റലിയിലെയും ഐറിഷ് പ്രതിനിധിയായി ജോലിനോക്കി. 1924-26-ൽ വാഷിങ്‌ടണിൽ ഐറിഷ് പ്രതിനിധിയായിരുന്നു. ഐറിഷ് സ്വതന്ത്രരാഷ്‌ട്രത്തിനുവേണ്ടിയുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഉപാധ്യക്ഷന്‍ (1932-39), തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി, പൊതുജനാരോഗ്യവകുപ്പുമന്ത്രി, ധനകാര്യമന്ത്രി എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. 1945 ജൂണിൽ ഐറിഷ് പ്രസിഡന്റായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. അയർലണ്ടിന്റെ രണ്ടാമത്തെ പ്രസിഡന്റായിത്തീർന്ന ഇദ്ദേഹം ആദ്യത്തെ ഏഴുവർഷക്കാലാവധി കഴിഞ്ഞ് 1952 മേയിൽ വീണ്ടും പ്രസിഡന്റായി ഐകകണ്‌ഠേന തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1959 ജൂണിൽ ഏമന്‍ ഡിവലേറ ഐറിഷ് പ്രസിഡന്റായിത്തീർന്നപ്പോള്‍, ഓ കെല്ലി പൊതുജീവിതത്തിൽനിന്നും പിന്‍വാങ്ങി. 1966 ന. 23-ന് ഡബ്ലിനിൽ ഇദ്ദേഹം നിര്യാതനായി.
(ടി.പി. ശങ്കരന്‍കുട്ടിനായർ)