This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒസീരിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:04, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒസീരിസ്‌

Osiris

ഈജിപ്‌ഷ്യന്‍ പുരാണങ്ങളിലെ ഒരു പ്രധാന ദേവത. പാതാളലോകത്തിലെ ദേവന്‍ എന്ന നിലയിലും ഈ ദേവതയെ വർണിച്ചു കാണുന്നു. ഭൂമിയുടെയും ആകാശത്തിന്റെയും പുത്രനാണെന്ന ഒരു സങ്കല്‌പവും പ്രചാരത്തിലുണ്ട്‌. ഒസീരിസ്‌ ഐസിസ്‌ ദേവതയുടെ ഭർത്താവായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. വിവേകത്തിന്റെയും നീതിയുടെയും വിളനിലമായ ഇദ്ദേഹം ഈജിപ്‌ത്‌ മുഴുവന്‍ കീഴടക്കി ഭരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അജ്ഞാനികളും പ്രാകൃതരുമായ ജനങ്ങളെ സംസ്‌കാരസമ്പന്നരാക്കി അവർക്കിടയിൽ നല്ല നിയമങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി. ഇദ്ദേഹത്തിന്റെ സദ്‌ഗുണങ്ങളും കൃത്യങ്ങളും കണ്ട്‌ സഹോദരനായ സെത്ത്‌ (seth) അസൂയാലുവായി; തന്ത്രപൂർവം ജ്യേഷ്‌ഠനെ ഒരു പെട്ടിയിലാക്കി നൈൽ നദിയിൽ ഒഴുക്കിക്കൊന്നു. ദീർഘകാലാനേ്വഷണഫലമായി ഒസീരിസ്സിനെ ഐസിസ്‌ കണ്ടെടുത്തു. പക്ഷേ അവളിൽ നിന്ന്‌ ഒസീരിസ്സിന്റെ ശരീരം സെത്ത്‌ പിടിച്ചു വാങ്ങി, പല കഷണങ്ങളാക്കി ഈജിപ്‌ത്‌ മുഴുവന്‍ വിതറി. ഒന്നൊഴിച്ചു ബാക്കിയെല്ലാ കഷണങ്ങളും ഐസിസ്‌ ശേഖരിച്ചു വേണ്ട ബഹുമതികളോടുകൂടി പല സ്ഥലങ്ങളിലായി സംസ്‌കരിച്ചു. ആ സ്ഥാനങ്ങളെല്ലാം പവിത്രമായിത്തീർന്നുവെന്നാണ്‌ ഐതിഹ്യം. ഒസീരിസ്സിന്റെ ശരീരഭാഗങ്ങളെല്ലാം തന്റെ മന്ത്രശക്തിയാൽ ഒരുമിച്ചുചേർത്ത്‌ ഐസിസ്‌ ഒസീരിസ്സിനെ ജീവിപ്പിച്ചുവെന്നും, പാതാളത്തിലെ ഭരണാധിപനായി ഒസീരിസ്‌ പിന്നീട്‌ ജീവിച്ചുവെന്നും ഉള്ള വേറൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്‌. ഒസീരിസ്സിന്റെ പുത്രന്‍ ഹോറസ്‌ തന്റെ പിതാവിന്റെ ഘാതകനായ സെത്തിനെ വധിച്ചു പകവീട്ടിയതായി പറയപ്പെടുന്നു. ഏപിസ്‌ എന്ന കാളയായി ഒസീരിസ്‌ ഭൂലോകത്തിൽ അവതരിച്ചതായി വിശ്വാസികള്‍ കരുതി വരുന്നു. (നോ. ഏപിസ്‌). ഇതിന്റെ ഫലമായി ഈ കാളയുടെ പേര്‌ ഒസീരിസ്‌-ഏപിസ്‌ എന്നായിത്തീർന്നു.

ഒസീരിസ്സിനെക്കുറിച്ച്‌ മറ്റൊരു ഐതിഹ്യവുമുണ്ട്‌. ആദിയിൽ ഇദ്ദേഹം ബുസീറിസ്സിലെ മാത്രം ദേവനായിരുന്നു. ക്രമേണ ഒസീരിസ്സിനെ ആരാധിക്കുന്ന സമ്പ്രദായം അബിഡോസിലും വ്യാപിച്ചു. നന്മ നല്‌കുന്നവനായും പ്രഭുക്കളുടെ പ്രഭുവായും ദേവതകളുടെ രാജാവായും ഇദ്ദേഹം പ്രകീർത്തിക്കപ്പെട്ടുവന്നു. ഒസീരിസ്സിന്റെ ഒരു ദേവാലയം അബിഡോസ്സിലുണ്ട്‌. ഇതിൽ ഒസീരിസ്സിന്റെ തല അടക്കം ചെയ്‌തിട്ടുള്ളതായി വിശ്വസിച്ചുവരുന്നു. ഇത്‌ നല്ലൊരു തീർഥാടനകേന്ദ്രമായിത്തീർന്നു. ഈ പുണ്യഭൂമിയിൽ മൃതശരീരം അടക്കം ചെയ്യുന്നത്‌ ശ്രയസ്‌കരമാണെന്ന വിശ്വാസത്താൽ മരിച്ചവരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഇവിടെ കൊണ്ടുവരാറുണ്ട്‌. ഒസീരിസ്സിനെ നന്മയുടെയും സഹോദരനായ സെത്തിനെ തിന്മയുടെയും പ്രതീകങ്ങളായി ഈജിപ്‌തുകാർ കരുതുന്നു. സാധാരണയായി മനുഷ്യരൂപത്തിലാണ്‌ ഒസീരിസ്സിനെ പ്രതിനിധീകരിക്കാറുള്ളത്‌. കാളയുടെയോ മറ്റു മൃഗങ്ങളുടെയോ മുഖത്തോടുകൂടിയ മനുഷ്യന്റെ ആകൃതിയിലും ഒസീരിസ്‌ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍