This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബാന്‍ഡൊ, ജോസെ മാരിയ (1795 - 1861)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:38, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒബാന്‍ഡൊ, ജോസെ മാരിയ (1795 - 1861)

Obando, Jose Maria

കൊളംബിയയിലെ രാഷ്‌ട്രീയ സൈനിക നേതാവ്‌. 1795-ൽ കൊളംബിയയിലെ കോകായിൽ കാലേതോ എന്ന പ്രദേശത്തു ജനിച്ചു. ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാലത്ത്‌ (19-ാം ശതകത്തിന്റെ ആദ്യദശകങ്ങള്‍) സ്‌പാനിഷ്‌ രാജവാഴ്‌ച നിലനിർത്തുവാന്‍ പടപൊരുതി. എന്നാൽ പിന്നീട്‌ വിപ്ലവനേതാവായ സൈമണ്‍ ബൊളിവറുടെ (1783-1830) പക്ഷത്ത്‌ ചേരുകയുണ്ടായി. 1822-ൽ ന്യൂ ഗ്രാനഡ, വെനിസൂല, ഇക്വഡോർ എന്നീ സംസ്ഥാനങ്ങള്‍ സംയോജിപ്പിച്ച്‌ ഗ്രാന്‍ കൊളംബിയ എന്ന പുതിയ റിപ്പബ്ലിക്‌ സ്ഥാപിക്കുന്നതിൽ ഒബാന്‍ഡൊ കാര്യമായ പങ്കുവഹിച്ചിരുന്നു. എന്നാൽ ബൊളിവറുടെ സുശക്തമായ കേന്ദ്രീകൃത ഭരണത്തെ എതിർക്കുന്നതിനും ഫ്രാന്‍സിസ്‌കോ സാന്താന്‍ഡറുടെ കീഴിലുള്ള ലിബറൽ പാർട്ടിയുമായി സഹകരിച്ച്‌ 1831-ൽ ന്യൂ ഗ്രാനഡ എന്ന പുതിയ സ്വതന്ത്ര റിപ്പബ്ലിക്ക്‌ സ്ഥാപിക്കുന്നതിനുമായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. പുതിയ ഭരണകൂടത്തിൽ അദ്ദേഹം വൈസ്‌പ്രസിഡന്റായി; പിന്നീട്‌ യുദ്ധകാര്യമന്ത്രിയും. 1831-ലെ സമരകാലത്ത്‌ മാർഷൽ അന്തോണിയോ ഡി സക്കറെ വധിച്ചത്‌ ഇദ്ദേഹമാണെന്ന്‌ കരുതപ്പെടുന്നു. കണ്‍സർവേറ്റിവ്‌ പാർട്ടി പിന്നീട്‌ അധികാരത്തിൽ വന്നപ്പോള്‍ അന്നത്തെ പ്രസിഡന്റായ ജോസെ ഇഗ്‌നേഷ്യോ മാർക്കസിനെതിരായി ഒരു കലാപം സംഘടിപ്പിച്ചതിന്റെ പേരിൽ ഇദ്ദേഹത്തെ പെറുവിലേക്ക്‌ നാടുകടത്തുകയുണ്ടായി (1838-41). 1849-ലെ പൊതുതെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി അധികാരത്തിൽ വന്നപ്പോള്‍ അദ്ദേഹം തിരികെ എത്തി, ന്യൂഗ്രാനഡ കോണ്‍ഗ്രസ്സിലെ ഒരംഗമായി. 1853-ൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമായി. ഇക്കാലത്താണ്‌ പുതിയ ലിബറൽ ഭരണഘടന നിലവിൽവന്നത്‌. 1854-ൽ കണ്‍സർേവറ്റീവ്‌ പാർട്ടി അധികാരത്തിൽ വന്നപ്പോള്‍ ഇദ്ദേഹം വീണ്ടും രാജ്യത്തുനിന്ന്‌ നിഷ്‌കാസിതനായി. 1860-ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒബാന്‍ഡൊ സ്വരാജ്യത്തേക്ക്‌ മടങ്ങുകയും യുദ്ധത്തിൽ സജീവ പങ്കുവഹിക്കുകയും ചെയ്‌തു. സൊബാച്ചൊക്ക്‌ യുദ്ധത്തിലേർപ്പെട്ടിരിക്കുമ്പോള്‍ ഇദ്ദേഹം കൊല്ലപ്പെട്ടു (1861). പ്രസിഡന്റായിരുന്ന ചുരുങ്ങിയ കാലത്ത്‌ ഇദ്ദേഹം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍-പ്രത്യേകിച്ചും പള്ളിയും രാഷ്‌ട്രകാര്യങ്ങളും പുനർവിഭജിച്ചത്‌-ഒബാന്‍ഡൊയെ കൊളംബിയന്‍ ചരിത്രത്തിൽ അനശ്വരനാക്കി.

(ടി.പി. ശങ്കരന്‍കുട്ടിനായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍