This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയർഹാർട്ട്‌, അമീലിയ (1897 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:32, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇയർഹാർട്ട്‌, അമീലിയ (1897 - 1937)

--Mksol 05:32, 15 ജൂണ്‍ 2014 (UTC)== Earhart, Amelia ==

അമേരിക്കന്‍ വൈമാനിക. അത്‌ലാന്തിക്‌ സമുദ്രത്തിന്റെ കുറുകെ ഒറ്റയ്‌ക്ക്‌ വിമാനം പറപ്പിച്ച ആദ്യത്തെ വനിതയാണ്‌ ഇയർഹാർട്ട്‌. യു.എസ്സിലെ കാന്‍സാസിലായിരുന്നു ജനനം (1897). വ്യോമയാനരംഗത്ത്‌ എത്തുന്നതിനുമുമ്പ്‌ മിലിട്ടറി നഴ്‌സായി ഇയർഹാർട്ട്‌ പ്രവർത്തിച്ചിരുന്നു. വ്യോമപ്രകടനങ്ങള്‍ കണ്ടാസ്വദിക്കുക എന്നതായിരുന്നു ചെറുപ്പകാലത്തെ ഇവരുടെ പ്രധാന വിനോദം. 1920-ൽ നടത്തിയ ആദ്യവിമാനയാത്ര ഇയർഹാർട്ടിന്റെ ജീവിതത്തിലെ വഴിത്തിരിവായി. വ്യോമയാനരംഗം കർമമേഖലയായി തെരഞ്ഞെടുക്കുന്നതിന്‌ പ്രരണയായത്‌ ഈ യാത്രയാണ്‌. ഫ്‌ളൈയിങ്‌ ക്ലബ്ബിൽ നിന്ന്‌ പരിശീലനം നേടിയ ഇവർ സ്വന്തമായി വിമാനം വാങ്ങി. പ്രസാധകനായ ജോർജ്‌ പുട്ട്‌നാം അത്‌ലാന്തിക്കിന്‌ കുറുകേയുള്ള ഒരു വിമാനയാത്രയിലെ യാത്രികയായി ഇയർഹാർട്ടിനെ തെരഞ്ഞെടുക്കുന്നത്‌ 1928-ലാണ്‌. അത്‌ലാന്തിക്‌ സമുദ്രത്തിനു കുറുകെ യാത്ര ചെയ്‌ത ആദ്യത്തെ വനിതാ യാത്രക്കാരിയെന്ന ബഹുമതി ഇവർക്കു സ്വന്തമായി. ഈ യാത്രയിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ഇവർ അമേരിക്കയിലെ ഇതിഹാസതാരമായി മാറി.1931-ൽ ഇവർ ജോർജ്‌ പുട്ട്‌നാമിനെ വിവാഹം ചെയ്‌തു. വനിതാ പൈലറ്റുകളുടെ സംഘടനയായ "നൈന്റി നൈന്‍സ്‌'ന്റെ രൂപീകരണവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ച ഇയർഹാർട്ട്‌ പ്രസ്‌തുത സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായി.

അറ്റ്‌ലാന്തിക്‌ സമുദ്രത്തിനു കുറുകേ ഒറ്റയ്‌ക്ക്‌ വിമാനം പറപ്പിച്ച ലോകത്തെ ആദ്യത്തെ വനിതയെന്ന റെക്കോർഡ്‌ സ്ഥാപിക്കുന്നത്‌ 1932-ലാണ്‌. 1935-ത്തിൽ പസിഫിക്‌ സമുദ്രത്തിനു മുകളിലൂടെ വിമാനം ഒറ്റയ്‌ക്ക്‌ പറപ്പിച്ചുകൊണ്ട്‌ മറ്റൊരു ലോകറെക്കോർഡിനുടമയായി. വിമാനത്തിൽ ഭൂഗോളം ചുറ്റിസഞ്ചരിക്കാനുള്ള ശ്രമത്തിൽ ഇവർ സഞ്ചരിച്ച വിമാനം പസിഫിക്‌ സമുദ്രത്തിനു മുകളിൽവച്ച്‌ കാണാതായി (1937). ഫ്രഡറിക്‌ നൂനാന്‍ എന്ന ഫ്‌ളൈറ്റ്‌ നാവിഗേറ്ററാണ്‌ ഈ യാത്രയിൽ ഇവരോടൊപ്പമുണ്ടായിരുന്നത്‌. യാത്രികരെ കണ്ടെത്താന്‍ യു.എസ്‌. നേവി നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ഇയർഹാർട്ടും സഹയാത്രികനും കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു (1939). ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽവച്ച്‌ ഏറ്റവും പ്രബലമായത്‌ വിമാനം കടലിൽ തകർന്നുവീണു എന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍