This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഗ്‌, അഗസ്റ്റസ്‌ ലിയോ പോള്‍ഡ്‌ (1816 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:58, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏഗ്‌, അഗസ്റ്റസ്‌ ലിയോ പോള്‍ഡ്‌ (1816 - 63)

Egg, Augustus Leo Pold

ബ്രിട്ടീഷ്‌ ചിത്രകാരന്‍. 1816 മേയ്‌ 2-ന്‌ ലണ്ടനിൽ ജനിച്ചു. ഹെന്‌റിസാസ്സിന്റെ ചുമതലയിൽ നടത്തിവന്ന സാസ്സ്‌ കലാശാലയിൽനിന്നു പ്രാരംഭശിക്ഷണം നേടിയശേഷം 1838-ൽ റോയൽ അക്കാദമിയിൽ ഒരു ചിത്രകാരനായി ചേർന്നു. നിത്യജീവിത സംഭവങ്ങളും ചരിത്രസംഭവങ്ങളുമായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രധാന പ്രതിപാദ്യം. റോയൽ അക്കാദമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവന്നതും "ക്ലിക്‌' എന്ന പേരിലറിയപ്പെട്ടിരുന്നതുമായ ചിത്രകാരസംഘത്തിൽ 1837-ൽ അംഗമായി. 1853-ൽ ചാള്‍സ്‌ഡിക്കന്‍സും വിൽകോളിന്‍സുമൊത്ത്‌ ഇറ്റലിയിൽ പര്യടനം നടത്തി; അവിടെവച്ച്‌ ഡിക്കന്‍സിന്റെ അമച്വർ നാടകങ്ങളിൽ അഭിനയിച്ചു. കോളിന്‍സിന്റെ ഫ്രാസണ്‍ ഡീപ്‌ (Frozen Deep) എന്ന നാടകത്തിലെ ജോണ്‍വാണ്‍ടിന്റെ ഭാഗം, ഏഗ്‌ ഭംഗിയായി രംഗത്ത്‌ അവതരിപ്പിച്ചു.

ഏഗിന്റെ പ്രാരംഭരചനകളെല്ലാം സുപ്രസിദ്ധകവികളുടെ കാവ്യവിഷയങ്ങളെ ആസ്‌പദമാക്കിയുള്ളവയായിരുന്നു. എന്നാൽ ക്രമേണ ഇദ്ദേഹം നവീനാശയങ്ങളും ആധുനിക ജീവിതസംഭവങ്ങളും തന്റെ ചിത്രരചനയ്‌ക്കുള്ള വിഷയങ്ങളായി സ്വീകരിച്ചുതുടങ്ങി. ഈ പരിവർത്തനദശയിൽ രചിക്കപ്പെട്ടതും പില്‌ക്കാലത്ത്‌ വളരെ പ്രസിദ്ധിയാർജിച്ചതുമായ ദ്‌ പാസ്റ്റ്‌ ആന്‍ഡ്‌ ദ്‌ പ്രസന്റ്‌ എന്ന ചിത്രം പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. ഇത്‌ 1858-ൽ റോയൽ അക്കാദമിയിൽ പ്രദർശിപ്പിക്കുകയുണ്ടായി.

"ക്വീന്‍ എലിസബത്ത്‌ ഡിസ്‌കവേർസ്‌ ഷീ ഈസ്‌ നോ ലോങ്ങർ യങ്‌' (1848), "പീറ്റർ ദ്‌ ഗ്രറ്റ്‌ സീസ്‌ കാതറിന്‍ ഫോർ ദ്‌ ഫസ്റ്റ്‌ ടൈം' (1850), "ദ്‌ നൈറ്റ്‌ ബിഫോർ നേസ്‌ബി' (1859), "ബക്കിങ്‌ഹാം റീബഫ്‌ഡ്‌' തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്‌തരചനകളാണ്‌. 1863 മാ. 20-ന്‌ അൽജിയേഴ്‌സിൽ ഏഗ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍