This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എല്ലോറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:02, 14 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എല്ലോറ

മഹാരാഷ്‌ട്ര സംസ്ഥാനത്തിൽ അറംഗാബാദ്‌ നഗരത്തിനടുത്തു സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം. മൂലനാമം ഏലൂര എന്നാണ്‌. ഇവിടത്തെ ഗുഹാക്ഷേത്രങ്ങളാണ്‌ ഈ ഗ്രാമത്തിന്‌ അന്താരാഷ്‌ട്ര പ്രശസ്‌തി നേടിക്കൊടുത്തത്‌. പുരാതന ഭാരതീയ ശില്‌പശൈലിയുടെയും ഗുഹാവാസ്‌തുവിദ്യയുടെയും ഉദാത്തമാതൃകകളായി ഇവ ഇന്നും നിലകൊള്ളുന്നു.

എ. ഡി. 6-ാം ശതകത്തിൽ ദക്ഷിണപദം (ഡക്കാണ്‍) ഭരിച്ചിരുന്ന രാഷ്‌ട്രകൂടവംശത്തിലെ പ്രമുഖരായ ചില രാജാക്കന്മാരാണ്‌ ഇവയുടെ നിർമിതിക്കു മുതിർന്നത്‌. എല്ലോറാഗ്രാമത്തിൽ കിഴുക്കാംതൂക്കായി സ്ഥിതിചെയ്യുന്ന അഗ്നിപർവത പ്രദേശത്തുള്ള പാറക്കെട്ടിലാണ്‌ എല്ലോറാക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചിരിക്കുന്നത്‌. ദ്രാവിഡർ, പല്ലവർ, ചാലൂക്യർ തുടങ്ങിയ ജനവർഗങ്ങളുടെ കലാവൈഭവം എല്ലോറയിലെ ശില്‌പങ്ങളിൽ തെളിഞ്ഞു കാണാം.

എല്ലോറാശില്‌പങ്ങളെല്ലാം എ. ഡി. മൂന്നാം ശതകത്തിനും ഒന്‍പതാംശതകത്തിനുമിടയ്‌ക്കു നിർമിക്കപ്പെട്ടവയാണെന്ന്‌ കരുതപ്പെടുന്നു. ഹിന്ദു-ബൗദ്ധ-ജൈന സങ്കല്‌പങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതിഫലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 34 ഗുഹാക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ട്‌: ഇവയിൽ പന്ത്രണ്ടെണ്ണം ബൗദ്ധരുടേതും അഞ്ചെണ്ണം ജൈനരുടേതും ശേഷിച്ച പതിനേഴെണ്ണം ഹൈന്ദവരുടേതുമാണ്‌.

എല്ലോറാക്ഷേത്രമണ്‌ഡപത്തിന്റെ ചുവരുകള്‍, മേൽത്തട്ട്‌ തുടങ്ങിയ ഭാഗങ്ങള്‍ വിവിധവർണചിത്രങ്ങളും ശില്‌പങ്ങളും കൊണ്ടലങ്കൃതങ്ങളാണ്‌. പൊതുവേ പറഞ്ഞാൽ ശില്‌പകലാവൈദഗ്‌ധ്യം നിറഞ്ഞ ഒരു നിർമാണശൈലിയാണ്‌ ഈ ക്ഷേത്രങ്ങളുടെ നിർമിതിയിൽ പ്രകടമായി കാണുന്നത്‌. ഭീമാകാരമായ ഒരു പാറയുടെ മധ്യഭാഗത്താണ്‌ ക്ഷേത്രങ്ങള്‍ പണിതിട്ടുള്ളത്‌. ദ്രാവിഡമാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ള പതിനാറ്‌ ക്ഷേത്രങ്ങളിൽ രാവണ-കാ-കൈ, ദശാവതാരക്ഷേത്രം, കൈലാസനാഥക്ഷേത്രം, ധൂമർലേണാ, രാമേശ്വരക്ഷേത്രം എന്നിവ പ്രതേ്യക പരിഗണനയർഹിക്കുന്നു.

രാവണാ-കാ-കൈ. രാമായണത്തിലെ രാമരാവണയുദ്ധത്തിന്റെ, ആഖ്യാനചിത്രണ ശൈലിയിൽ ചിത്രപരമ്പരകളിലൂടെയുള്ള ആവിഷ്‌കരണം ഈ ക്ഷേത്രത്തെ (ഗുഹ 14) അലങ്കരിക്കുന്നുവെന്നുള്ളതാണ്‌ ഇതിന്റെ പ്രാധാന്യത്തിനു നിദാനം. രാവണന്‍ പുഷ്‌പകവിമാനത്തിൽ കൈലാസത്തിലേക്കു പറന്നു ചെല്ലുന്നതും പർവതത്തെ പിടിച്ചു കുലുക്കുന്നതും പാർവതിയും തോഴിമാരും ശിവനെ ശരണം പ്രാപിക്കുന്നതും ശിവന്‍ പർവതം ചവിട്ടിത്താഴ്‌ത്തി രാവണനെ ബന്ധനസ്ഥനാക്കുന്നതും മറ്റും അതിമനോഹരമായി ചിത്രണം ചെയ്‌തിട്ടുള്ള ശില്‌പങ്ങളാണ്‌ ഇവിടെയുള്ളത്‌.

കൈലാസനാഥക്ഷേത്രം. അടുത്തുള്ള കൈലാസനാഥക്ഷേത്രം എ. ഡി. 757നും 783നും ഇടയ്‌ക്ക്‌ അറംഗബാദ്‌ ഭരിച്ചിരുന്ന രാഷ്ട്രകൂടവംശത്തിലെ പ്രമുഖരാജാവായ കൃഷ്‌ണന്‍, ശിവനോടുള്ള ഭക്തിസൂചകമായി പണികഴിപ്പിച്ചതാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. എല്ലോറയുടെ വടക്കുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ദ്രാവിഡ വാസ്‌തുശൈലിയിലാണ്‌ നിർമിച്ചിട്ടുള്ളത്‌. "മാജിക്‌ മൗണ്ടന്‍' എന്ന പേരിലറിയപ്പെടുന്ന കൈലാസനാഥക്ഷേത്രം ഭീമാകാരമായ ഒരു പാറതുരന്ന്‌ അതിനുള്ളിലാണ്‌ പണിതുയർത്തിയിട്ടുള്ളത്‌. 29.33 മീ. ഉയരമുള്ള ഒരു പ്രധാനഗോപുരവും പ്രധാന വിഗ്രഹത്തിനു മുകളിലൂടെ മറ്റൊരു ചെറിയ ഗോപുരവും ഇരുവശങ്ങളിൽ തോരണങ്ങള്‍ കൊണ്ടലങ്കരിച്ച ചെറിയ വാതിലുകളും ഇവിടെ കാണാം. 18.3 മീ. ഉയരത്തിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള രണ്ട്‌ കൽത്തൂണുകള്‍ സവിശേഷ ശ്രദ്ധയർഹിക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ശില്‌പസുന്ദരമായ മതിലുകളും കെട്ടിയുയർത്തിയിട്ടുണ്ട്‌. ശില്‌പകലാചാതുരി പ്രകടമാക്കുന്ന കൈലാസനാഥക്ഷേത്രത്തിന്റെ പ്രധാനകവാടം കടന്ന്‌ അകത്തേക്കു പ്രവേശിക്കുമ്പോള്‍ ഡക്കാണ്‍ പ്രദേശത്തിന്റെ പ്രകൃതിഭംഗി പൂർണമായും പ്രതിബിംബിപ്പിക്കുന്ന അതിമനോഹരങ്ങളായ പല ശില്‌പങ്ങളും കാണുവാന്‍ സാധിക്കും. നിർമാണത്തിലുള്ള ഘടനാപരമായ സംവിധാനം അടിസ്ഥാനമാക്കി ഈ ക്ഷേത്രത്തെ വിഗ്രഹാങ്കണം, പ്രവേശനകവാടം, പൂമുഖം, അങ്കണത്തിനു ചുറ്റുമുള്ള ചെറുമുറികള്‍, പ്രവേശനകവാടത്തിനു സമീപമുള്ള നന്ദി വിഗ്രഹം ഇങ്ങനെ പല ഭാഗങ്ങളായി തിരിക്കാം. നന്ദി വിഗ്രഹത്തിന്റെ ഇരുവശത്തും 15.5 മീ. ഉയരമുള്ള ധ്വജസ്‌തംഭങ്ങള്‍ ഉണ്ട്‌. ഇടതുവശത്ത്‌ ആനകളുടെയും സിംഹങ്ങളുടെയും വലുപ്പമേറിയ രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നു.

ശില്‌പഭംഗിയും കലാചാതുരിയും പ്രതിഫലിപ്പിക്കുന്ന കൈലാസനാഥക്ഷേത്രം മുസ്‌ലിങ്ങളുടെ ഡക്കാന്‍ ആക്രമണകാലത്ത്‌ "രംഗ്‌മഹൽ' എന്നറിയപ്പെട്ടിരുന്നു. ഹിമവെണ്മയാർന്ന മാർബിള്‍ക്കല്ലുകള്‍കൊണ്ടു നിർമിച്ചിരിക്കുന്ന ക്ഷേത്രാന്തർഭാഗം മുഴുവന്‍ ചുവർചിത്രങ്ങളാലും ശില്‌പവേലകളാലും അലങ്കൃതമാണ്‌. ഇവയിൽ പലതും ഗ്രീക്ക്‌ വിഗ്രഹങ്ങളെപ്പോലെ മിഴിവുറ്റതും വർണശബളവുമാണ്‌. ഭീമാകാരങ്ങളായ പാറകളിൽ കൊത്തിയുണ്ടാക്കിയിട്ടുള്ള പല ശില്‌പങ്ങളിലും "ഗോഥിക്‌' ശൈലിയുടെ പ്രഭാവം പ്രകടമായിക്കാണാം. ഇവിടെയുള്ള ശില്‌പങ്ങളിൽ നല്ലൊരു ശതമാനം കാലപ്പഴക്കവും അശ്രദ്ധയും നിമിത്തം നാശോന്മുഖമാണ്‌.

ഈ ക്ഷേത്രസങ്കേതത്തിലെ പ്രധാന മണ്ഡപത്തിന്റെ ചുവരുകള്‍ ആന, കടുവ, സിംഹം എന്നിവയുടെ രൂപശില്‌പങ്ങള്‍ കൊണ്ടലങ്കൃതങ്ങളാണ്‌. ഇവയിൽക്കാണുന്ന ചുളിവുകളും വടിവുകളും കണ്ണുകളുടെ തിളക്കവും പ്രതിമകള്‍ക്കു സജീവത്വവും സ്വാഭാവികതയും പ്രദാനം ചെയ്യുന്നു. വേദിയുടെ മുകളിലായി നിരവധി ശില്‌പങ്ങളും പവലിയനുകളും ബാൽക്കണികളും കാണാം.

ദശാവതാരക്ഷേത്രം. ഗുപ്‌തകാലകലാമാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ള ദശാവതാരക്ഷേത്രത്തിൽ നരസിംഹാവതാരത്തെ ചിത്രീകരിക്കുന്ന വൈവിധ്യപൂർണമായ ശില്‌പങ്ങള്‍ ദൃശ്യമാണ്‌. ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനായി അവതരിച്ച നരസിംഹത്തിന്റെ ഭയാനകരൂപം ഹൃദയസ്‌പൃക്കായ രീതിയിൽ ഇവിടെ ആലേഖനം ചെയ്‌തിരിക്കുന്നു. ഇവയിൽ ശില്‌പികളുടെ ഭാവനാവൈഭവവും സാങ്കേതിക വൈദഗ്‌ധ്യവും സർഗശക്തിയും പ്രകടമായിക്കാണാം. നരസിംഹം അതിഘോരരൂപം ധരിച്ച്‌ ഹിരണ്യകശിപുവിനെ മടിയിൽ കിടത്തി കുടൽമാല വലിച്ചുകീറിയെടുക്കുന്ന ബീഭത്സദൃശ്യം യഥാതഥമായി കൊത്തിവച്ചിരിക്കുന്നത്‌ ആരെയും അദ്‌ഭുതപരതന്ത്രരാക്കുകതന്നെ ചെയ്യും.

21-ാമത്തെ ഗുഹയിൽ നൃത്തനിരതനായിരിക്കുന്ന നടരാജനെയാണ്‌ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. ഗുപ്‌തകാലശില്‌പശൈലിയുടെയും ചാലൂക്യ ശില്‌പശൈലിയുടെയും പ്രഭാവം പ്രകടിപ്പിക്കുന്ന ഈ വിഗ്രഹം പല്ലവകാലഘട്ടത്തിനു മുമ്പ്‌ പണികഴിപ്പിച്ചതായിരിക്കാമെന്നു കരുതേണ്ടിയിരിക്കുന്നു. പില്‌ക്കാലത്തു പ്രചാരത്തിൽവന്ന നടരാജവിഗ്രഹ മാതൃകകളെ അപേക്ഷിച്ച്‌ ശ്രദ്ധേയങ്ങളായ ചില വ്യതിയാനങ്ങള്‍ ഇതിൽ കാണുന്നു എന്നതാണ്‌ ഈ അഭ്യൂഹത്തിനു നിദാനം. നടരാജ വിഗ്രഹത്തിന്റെ രണ്ട്‌ വശത്തുമുള്ള ബ്രഹ്മാ, വിഷ്‌ണു വിഗ്രഹങ്ങളും മധ്യത്തിലുള്ള ലിംഗോദ്‌ഭവ ശില്‌പങ്ങളും വാസ്‌തുവിദ്യാപരമായി മഹത്ത്വമർഹിക്കുന്നു.

ശിവക്ഷേത്രത്തിനു പുറത്ത്‌ ധനുർധാരിയും രഥാരൂഢനുമായ ശിവനെ ചിത്രീകരിച്ചിരിക്കുന്നു. ഇടതുകൈകൊണ്ട്‌ വില്ല്‌ പിടിച്ചിരിക്കുന്നതും വലതുകൈകൊണ്ട്‌ അമ്പ്‌ വില്ലിൽ തൊടുത്ത്‌ വിടുന്നതുമായുള്ള ദൃശ്യങ്ങള്‍ ശിലകളിൽ ആലേഖനം ചെയ്‌തിരിക്കുന്നതു കണ്ടാൽ വില്ല്‌ കുലച്ച്‌ അമ്പ്‌ വിടുന്ന ഒരു യഥാർഥ വില്ലാളിയെക്കാണുന്ന പ്രതീതി തന്നെ ഉണ്ടാകും. വെള്ളക്കല്ലിൽ നിർമിച്ച നന്ദിയെയും ശിവനു മുമ്പിലായി കാണാനുണ്ട്‌.

ശിവക്ഷേത്രത്തിന്റെ വാമഭാഗത്തായി സ്ഥിതിചെയ്യുന്ന അഭിഷേക തീർഥക്ഷേത്രത്തിൽ ഗംഗ, യമുന, സരസ്വതി തുടങ്ങിയ നദീദേവതകളെ മൂന്ന്‌ കോണുകളിലായി കൊത്തിവച്ചിരിക്കുന്നു. പശ്ചാത്തലത്തിൽ താമര, ആമ്പൽ, ലത എന്നിവയുമുണ്ട്‌. വർണങ്ങളുടെയും പ്രകാശത്തിന്റെയും അനുയോജ്യമായ പരസ്‌പര സംയോജനം പൂർണമായും നിർവഹിച്ചു കാണുന്നത്‌ "അഭിഷേക തീർഥം' എന്ന പേരിലറിയപ്പെടുന്ന ഈ ക്ഷേത്രത്തിലാണ്‌. ശിവ വിഗ്രഹത്തിന്റെ രണ്ടു വശങ്ങളിലായി കാണുന്ന ദ്വാരപാലകരുടെ അതിമനോഹരങ്ങളായ രണ്ട്‌ ശില്‌പങ്ങള്‍ ആരെയും ആകർഷിക്കാന്‍ പര്യാപ്‌തമാണ്‌.

വടക്കുഭാഗത്തുള്ള ശൈവശില്‌പങ്ങളിൽ പ്രധാനം കാലഭൈരവന്റെ ഉഗ്രരൂപമാണ്‌. ഭീമാകാരമായ ഭൈരവ വിഗ്രഹത്തിന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന മൂർഖന്‍പാമ്പും കപാലാസ്ഥിമാലകളും തുറന്ന വായിൽ നിന്ന്‌ തള്ളിനില്‌ക്കുന്ന ദംഷ്‌ട്രകളോടുകൂടിയ ദന്ത നിരകളും; കൈയിൽ വച്ചിരിക്കുന്ന ത്രിശൂലവും ഡമരുവും എല്ലാം ഈ വിഗ്രഹത്തിന്റെ ഭീകരതയും ഗാംഭീര്യവും വർധിപ്പിക്കാന്‍ പോരുന്നവയാണ്‌.

ധൂമർ ലേണാ. എടുത്തുപറയത്തക്ക പ്രാധാന്യമർഹിക്കുന്ന മറ്റൊരു ക്ഷേത്രമാണിത്‌. ഇവിടത്തെ പ്രധാനശാലയ്‌ക്കു ചുറ്റുമായി നിർമിക്കപ്പെട്ടിട്ടുള്ളതും 45.7 മീ. നീളവും വീതിയും 15.23 മീ. പൊക്കവും സമകോണചതുർഭുജാകൃതിയുള്ളതുമായ ഒരു ഗാലറിയെ, കുഷ്യന്‍ രീതിയിൽ നിർമിച്ചിട്ടുള്ള നിരവധി സ്‌തംഭങ്ങള്‍ താങ്ങിനിർത്തുന്നു. ഈ സ്‌തംഭങ്ങളുടെ ശില്‌പശൈലിക്ക്‌ പുരാതന ഈജിപ്‌ഷ്യന്‍ സ്‌തംഭങ്ങളുടെ ശില്‌പശൈലിയോട്‌ സാദൃശ്യമുള്ളതായി സൂക്ഷ്‌മ നിരീക്ഷണത്തിൽ ബോധ്യമാകുന്നതാണ്‌.

കുറച്ചകലെ വടക്കുഭാഗത്തായി ജൈനക്ഷേത്രങ്ങളുടെ കൂട്ടത്തിൽ അഞ്ചോളം ശില്‌പങ്ങളുള്ള ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഛോട്ടാകൈലാസ്‌ (ചെറിയ കൈലാസം) എന്ന പേരിലറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്‌ വളരെ പ്രധാന്യമുണ്ട്‌. 9.14 മീ. വീതിയും പ്രധാന ക്ഷേത്രത്തിന്റെ കാൽഭാഗത്തോളം വലുപ്പവുമുള്ള "ഛോട്ടാ കൈലാസ്‌' ക്ഷേത്രത്തിൽ "ഇന്ദ്രസഭ', "ജഗനാഥസഭ' എന്നിങ്ങനെ രണ്ടു "സഭ'കള്‍ ഉണ്ട്‌.

രാമേശ്വരക്ഷേത്രം. മറ്റു ക്ഷേത്രങ്ങളോളം പ്രധാനപ്പെട്ടതല്ലെങ്കിലും ഇതിന്റെ ഉള്‍ഭാഗത്തിന്‌ 21.02മീ. x 7.65 മീ. വിസ്‌തീർണമുള്ള കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. പൂമുഖത്തിലെ ഭീമാകാരങ്ങളായ അനവധി സ്‌തംഭങ്ങള്‍ "ശാഖാപാത്ര'(pot and foliage) മാതൃകയിലുള്ളവയാണ്‌.

ഇവയ്‌ക്കുപുറമേ ഗരുഡാരൂഢനായ ശ്രീലക്ഷ്‌മീനാരായണന്റെ വിഗ്രഹം, പറക്കുന്ന അപ്‌സരസ്സുകളുടെ രൂപങ്ങള്‍ (ശാർദൂലത്തിന്റെ ശില്‌പം ഇവയിൽ പ്രധാനപ്പെട്ടതാണ്‌), സംഗീതവിഷയകമായ ചിത്രങ്ങള്‍ തുടങ്ങി എല്ലോറയിൽ കണ്ടെത്താന്‍ കഴിയുന്ന ഉദാത്തങ്ങളായ കലാവിഭവങ്ങളെല്ലാം ഐശ്വരേ്യാന്മുഖമായിരുന്ന ഒരു ഭൂതകാലത്തിന്റെ സാംസ്‌കാരിക ചരിത്രവീഥിയിലെ ഭദ്രദീപങ്ങളായി നിലകൊള്ളുന്നു.

എല്ലോറയിലെ വിശ്വകർമക്ഷേത്രത്തിലെ ശില്‌പങ്ങള്‍ക്കും അജന്തായിലെ ശില്‌പങ്ങള്‍ക്കും തമ്മിൽ സവിശേഷ സാദൃശ്യം കാണുന്നുണ്ട്‌. ഭാരതീയശില്‌പികളുടെയും ചിത്രകാരന്മാരുടെയും ശില്‌പകലാവൈദഗ്‌ധ്യത്തിന്റെയും പാരമ്യമാണ്‌ എല്ലോറക്ഷേത്രത്തിലുടനീളം പ്രകടമായി കാണുന്നത്‌. ആംഗ്യത്തിനും കരണങ്ങള്‍ക്കും (വിഭിന്ന നിലകള്‍) പ്രാധാന്യം കല്‌പിച്ചിട്ടുള്ളതോടൊപ്പം മാനസികഭാവങ്ങളെ അന്യൂനമായി പ്രതിഫലിപ്പിക്കുന്ന ഒരു ശില്‌പശൈലിയാണ്‌ ഭാരതീയ ശില്‌പികള്‍ സ്വീകരിച്ചിട്ടുള്ളത്‌ എന്ന്‌ ഇവ തെളിയിക്കുന്നു. എല്ലോറ ലോകപൈതൃകങ്ങളിലൊന്നാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍