This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എല്ലിസ്‌, ഹെന്‌റി ഹാവ്‌ലോക്‌ (1859 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:52, 14 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എല്ലിസ്‌, ഹെന്‌റി ഹാവ്‌ലോക്‌ (1859 - 1939)

Ellis, Henry Havelock

യൂറോപ്പിലെ പ്രശസ്‌തനായ മനോവൈജ്ഞാനികനും സാമൂഹ്യശാസ്‌ത്രജ്ഞനും. ഇംഗ്ലണ്ടിൽ സറേയിലുള്ള ക്രായ്‌ഡനിൽ 1859 ഫെ. 20-ന്‌ ഇദ്ദേഹം ജനിച്ചു. പ്രശാന്തമായ പരിതഃസ്ഥിതിയിൽ ബാല്യകാലം കഴിച്ചുകൂട്ടിയ എല്ലിസ്‌ കുട്ടിക്കാലംമുതൽക്കുതന്നെ ഒരു ചിന്താശീലനായിരുന്നു. ന്യൂ സൗത്ത്‌വെയ്‌ൽസിൽ നാല്‌ കൊല്ലം വിദ്യാഭ്യാസം നടത്തിയശേഷം ലണ്ടനിലെ സെന്റ്‌ തോമസ്‌ ആശുപത്രിയിൽനിന്ന്‌ ചികിത്സാവിഷയകമായ പരിജ്ഞാനം നേടി. ചിന്തയിലും ലേഖന രചനയിലും കൂടുതൽ അഭിരുചിയുണ്ടാകയാൽ അല്‌പകാലത്തിനുള്ളിൽ ഇദ്ദേഹം വൈദ്യരംഗമുപേക്ഷിച്ച്‌ അധ്യയന-ഗവേഷണലേഖനകർമങ്ങളിൽ വ്യാപൃതനായി. ചികിത്സയിലും ശരീരവിജ്ഞാനത്തിലും വിശേഷവിജ്ഞാനമുണ്ടായിരുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ ശ്രദ്ധ സ്വാഭാവികമായും മനുഷ്യജീവിതത്തിന്റെയും മനുഷ്യസ്വഭാവത്തിന്റെയും ഗഹനവും സൂക്ഷ്‌മവുമായ പഠനങ്ങളിലേക്ക്‌ തിരിഞ്ഞു. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ (1894) പ്രസിദ്ധഗ്രന്ഥം മാന്‍ ആന്‍ഡ്‌ വുമണ്‍ (Man and Woman) ആയിരുന്നു. സ്‌ത്രീപുരുഷന്മാരുടെ ആകൃതിയിലും പ്രകൃതിയിലുമുള്ള ഭേദങ്ങളെ ശാസ്‌ത്രീയമായി വിശകലനം ചെയ്‌തുകൊണ്ടുള്ള പഠനങ്ങളാണ്‌ ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. പ്രസ്‌തുത ഗ്രന്ഥം പ്രകാശനം ചെയ്യുന്നതിനിടയിൽ ഇദ്ദേഹം സ്റ്റഡീസ്‌ ഇന്‍ സൈക്കോളജി ഒഫ്‌ സെക്‌സ്‌ എന്ന തന്റെ വിഖ്യാത പ്രബന്ധാവലി പൂർണമായി സംവിധാനം ചെയ്‌തുതീർത്തിരുന്നു. ഏഴ്‌ വാല്യങ്ങളിലായി രചിച്ച ഈ ഗ്രന്ഥപരമ്പരയുടെ ആദ്യത്തെ വാല്യം പ്രസിദ്ധീകൃതമായപ്പോള്‍ത്തന്നെ ഇദ്ദേഹത്തിന്റെ വിപ്ലവാത്മകങ്ങളായ ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും നേരെ സമൂഹത്തിൽ പ്രതിഷേധമാരംഭിക്കുകയുണ്ടായി. പക്ഷേ ഒടുവിൽ സ്വന്തം നാട്ടിലും അന്യദേശത്തിലുമുള്ള പണ്ഡിതന്മാരുടെ പ്രശംസ ഇദ്ദേഹത്തിനു ലഭിച്ചു. അമ്പത്‌ കൊല്ലത്തെ ഗ്രന്ഥകർത്തൃജീവിതത്തിനിടയിൽ ഇദ്ദേഹത്തിന്‌ ശരീരവിജ്ഞാനം, സമൂഹവിജ്ഞാനം, നീതിശാസ്‌ത്രം, ദർശനം, ലൈംഗികശാസ്‌ത്രം എന്നിങ്ങനെയുള്ള വിവിധ മണ്ഡലങ്ങളിൽ സിദ്ധാന്തപരമായി വിലപ്പെട്ട സംഭാവനകള്‍ നല്‌കുവാന്‍ സാധിച്ചു. ഡാർവിന്റെ ധൈര്യവും ഹക്‌സ്‌ലിയുടെ പ്രതിഭയും ഇദ്ദേഹത്തിൽ സമ്മേളിച്ചിരുന്നതായി പറയപ്പെടുന്നു.

ഹൈന്‌റിച്ച്‌ ഹീനിന്റെ ഉപന്യാസങ്ങള്‍, ഇബ്‌സന്റെ നാടകങ്ങള്‍ എന്നിവയുടെ ഇംഗ്ലീഷ്‌ പരിഭാഷകള്‍, ന്യൂ സ്‌പിരിട്ട്‌, അഫർമേഷന്‍സ്‌ എന്നീ ഉപന്യാസസമാഹാരങ്ങള്‍, ദ്‌ ക്രിമിനൽ, ദ്‌ നാഷണലൈസേഷന്‍ ഒഫ്‌ ഹെൽത്ത്‌, ദി ഈറോട്ടിക്‌ റൈറ്റ്‌സ്‌ ഒപ്‌ വിമന്‍ തുടങ്ങിയ അനേകം ലൈംഗികശാസ്‌ത്ര ഗ്രന്ഥങ്ങള്‍, മൈ ലൈഫ്‌ എന്ന ആത്മകഥ എന്നിങ്ങനെ വേറെയും ഒട്ടേറെ കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്‌. 1939 ജൂല. 8-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍