This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്തംകുമാർ (1926 - 80)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉത്തംകുമാർ (1926 - 80)
ബംഗാളി ചലച്ചിത്രനടന്‍. "ഉത്തംകുമാർ', "മഹാനായക്' എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. അരുണ്‍കുമാർ ചാറ്റർജി എന്നായിരുന്നു യഥാർഥ പേര്. വടക്കന്‍ കൊൽക്കത്തയിലെ അഹിരിട്ടോലയിൽ 1926 സെപ്. 3-ന് ജനിച്ചു. ക്ലർക്കായി കൊൽക്കത്ത പോർട്ട് ട്രസ്റ്റിൽ ജോലി ലഭിച്ച കാലയളവിൽ ചില അമച്വർ നാടകസംഘങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കലയോട് ആഭിമുഖ്യമുണ്ടായിരുന്ന ഉത്തമിന്റെ കുടുംബം "സുഹൃത് സമാജ്' എന്ന നാടകഗ്രൂപ്പ് നടത്തിയിരുന്നു.
"സിനിമയെക്കുറിച്ചുള്ള ധാരണകളെ മാറ്റിമറിച്ച നടന്' എന്നാണ് ഉത്തമിനെക്കുറിച്ച് വിമർശകർ പറയുന്നത്. ഉത്തമിന്റെ ആദ്യചിത്രം "മായാധർ' ആയിരുന്നുവെങ്കിലും ആദ്യം പ്രദർശിപ്പിക്കപ്പെട്ട ചിത്രമായി "ദൃഷ്ടിദാന്' അറിയപ്പെടുന്നു. "ബസുപരിവാർ', "അഗ്നിപരീക്ഷ' തുടങ്ങിയ ആദ്യകാല ചിത്രങ്ങള്‍ ജനശ്രദ്ധ നേടി. "അഗ്നിപരീക്ഷ'യിൽ തുടങ്ങിയ ഉത്തംകുമാർ-സുചിത്രസെന്‍ (1954 മുതൽ 75 വരെ) കൂട്ടുകെട്ട് ബംഗാളി സിനിമയിലെ അവിഭാജ്യഘടകമായിരുന്നു. ബംഗാളി ചലച്ചിത്രത്തിന്റെ "സുവർണയുഗ'മായി ഈ കാലഘട്ടം അറിയപ്പെടുന്നു. "ശാപമോചന്', "സാഗരിക', "ഹരണാസുർ', "ഇന്ദ്രാണി', "സബർ ഉപരോയ്', "സുർജ്യോ തരണ്‍' തുടങ്ങി 30 ചലച്ചിത്രങ്ങളിൽ നായികാ-നായകന്മാരായി ഇവർ അഭിനയിച്ചു. സ്വാഭാവികമായ അഭിനയശൈലിയായിരുന്നു ഉത്തമിന്റേത്. 250-ഓളം ചലച്ചിത്രങ്ങളിൽ ഉത്തം അഭിനയിച്ചു. മൂന്നു ദശാബ്ദത്തോളം ബംഗാളി ചലച്ചിത്ര ലോകത്ത് ഒറ്റയാള്‍പ്പോരാട്ടം നടത്തിയ അതുല്യപ്രതിഭയായിരുന്നു ഉത്തംകുമാർ. "ഖോകാബാബുർ പ്രത്യാബർതന്' (1960), "മായാമൃഗ' (1960), "തനാതേകേ അസ്ചി' (1965), "ബിചാരക്, കുഹുക്', "ശേഷ് അങ്ക', "അപരാജിത, നായക്', "ചിരിയാഖാന' എന്നിവ ഉത്തമിന്റെ അഭിനയപ്രതിഭയുടെ നേർസാക്ഷ്യങ്ങളാണ്.
ബംഗാളിക്കു പുറമേ ചില ഹിന്ദി ചലച്ചിത്രങ്ങളിലും ഉത്തം അഭിനയിച്ചിട്ടുണ്ട്. സത്യജിത്റേ സംവിധാനവും തിരക്കഥയും നിർവഹിച്ച "നായക്' (1966) എന്ന ബംഗാളി ചലച്ചിത്രം ഉത്തമിന്റെ ജീവിതകഥയായി കരുതപ്പെടുന്നു. ഉത്തം നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായിരുന്നില്ലെങ്കിൽ ഈ ചലച്ചിത്രമെടുക്കാനുള്ള പദ്ധതി തന്നെ ഉപേക്ഷിക്കുമായിരുന്നുവെന്ന് സത്യജിത്റേ വെളിപ്പെടുത്തിയിട്ടുണ്ട്. "നായകി'നെ തുടർന്ന് അഭിനയിച്ച "ചിരിയാഖാന'യിലെയും "ആന്റണി ഫിറഞ്ജി'യിലെയും പ്രകടനത്തിന് മികച്ച നടനുള്ള 1967-ലെ ദേശീയ ചലച്ചിത്ര അവാർഡ് ഉത്തംകുമാറിന് ലഭിച്ചിരുന്നു.
അഭിനയത്തിനു പുറമേ ഉത്തംകുമാർ സംവിധാനം, നിർമാണം, ഗാനരചന, തിരക്കഥാരചന, ആലാപനം എന്നിവയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1980 ജൂല. 24-ന് "ഒഗോബോധു ഷുന്ദരി' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതംമൂലം അന്തരിച്ചു. 2009-ൽ ഉത്തംകുമാറിന്റെ 83-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തപാൽവകുപ്പ് ഇദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. കൊൽക്കത്ത ടോളിഗഞ്ച് മെട്രാസ്റ്റേഷനിൽ ഉത്തമിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ച കേന്ദ്ര റെയിൽവേ മന്ത്രാലയം "മഹാനായക് ഉത്തംകുമാർ' മെട്രാസ്റ്റേഷന് എന്ന് പുനർനാമകരണം നടത്തി. സ്റ്റേഷനുള്വശം ഇദ്ദേഹം അഭിനയിച്ച ചലച്ചിത്രങ്ങളുടെ രംഗങ്ങള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.