This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫിമെറോപ്‌റ്റെറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:38, 14 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഫിമെറോപ്‌റ്റെറ

Ephemeroptera

മേഫ്‌ളൈ (Mayfly) എന്നറിയപ്പെടുന്ന ചെറുപ്രാണികള്‍ ഉള്‍പ്പെടുന്ന ഒരു ഷഡ്‌പദ ഗോത്രം. "ഒരു ദിവസത്തേക്ക്‌' എന്ന അർഥം വരുന്ന "എഫിമെറോ' ചിറകിനെ സൂചിപ്പിക്കുന്ന "റ്റെറ' എന്നീ പദങ്ങള്‍ കൂട്ടിച്ചേർത്താണ്‌ എഫിമെറോപ്‌റ്റെറ എന്ന പേര്‌ നല്‌കിയിരിക്കുന്നത്‌. എഫിമെറിഡ എന്നും ഈ ഗോത്രത്തിനു പേരുണ്ട്‌. ഇവയുടെ ലാർവാദശ മൂന്നു വർഷത്തോളം നീണ്ടു നില്‌ക്കും. പൂർണവളർച്ചയെത്തിക്കഴിഞ്ഞാൽ ചില മണിക്കൂറുകള്‍ മുതൽ ഏതാനും ദിവസങ്ങള്‍വരെ മാത്രമേ ഇവയ്‌ക്ക്‌ ആയുസ്സുള്ളൂ.

ചർമംപോലെ നേർത്തതും ധാരാളം സിരകളുള്ളതുമായ സുതാര്യമായ ചിറകുകള്‍ മേഫ്‌ളൈകളുടെ പ്രത്യേകതയാണ്‌. മുന്‍ചിറകുകള്‍ പിന്‍ചിറകുകളെക്കാള്‍ വലുതായിരിക്കും. സാധാരണ ഷഡ്‌പദങ്ങളുടെ സവിശേഷാവയവമായ സ്‌പർശിനികള്‍ (antenna) ഇവയിൽ സ്‌പഷ്‌ടമല്ല. എന്നാൽ ഉദരത്തിന്റെ അവസാനഭാഗത്ത്‌ ദീർഘമായ രണ്ടു "സിറസു'കള്‍ കാണാം. അപൂർവമായി ഈ സിറസുകള്‍ക്കിടയിൽ ഒരു "ഫിലമെന്റും' കാണാറുണ്ട്‌.

പ്രായപൂർത്തിയെത്തിയ ജീവിയുടെ വദനഭാഗങ്ങള്‍ നാമമാത്രമായിരിക്കും. ഭക്ഷണം കഴിക്കുന്നതിന്‌ ഇത്‌ ഉപയുക്തമാകുന്നില്ല. ഇതിന്റെ ക്ഷണികമായ വായവ (aerial) ജീവിതം പ്രധാനമായും വർഗോത്‌പാദനത്തോടു ബന്ധപ്പെട്ടിരിക്കുന്നതാകാം ഇതിനു കാരണം. പറന്നുകൊണ്ടിരിക്കുമ്പോഴാണ്‌ ഇണചേരൽ നടക്കുന്നത്‌. ഒരുപറ്റം ആണ്‍ ജീവികളുടെ ഇടയിലേക്കു പറന്നുകയറുന്ന പെണ്‍ജീവി ഇണചേരലിനുശേഷം ആയിരക്കണക്കിനു മുട്ടകളിടുന്നു. ജലോപരിതലത്തിൽ ചിതറിക്കിടക്കത്തക്ക രീതിയിലാണ്‌ മുട്ടയിടുന്നത്‌. പെണ്‍ജീവി വെള്ളത്തിൽ മുങ്ങിയും മുട്ടയിടാറുണ്ട്‌. പൂർണമായും ശുദ്ധജലജീവിതത്തിനുവേണ്ട എല്ലാ അനുകൂലനങ്ങളും മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്കുണ്ടായിരിക്കും. നിംഫ്‌, നയാഡ്‌ എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു. ജലാശയങ്ങളുടെ അടിത്തട്ടിലെ ചെളിയിലും മണലിലും കഴിയുന്ന നിംഫുകള്‍ക്ക്‌ നിലംകുഴിക്കാന്‍ പറ്റിയ മുന്‍കാലുകളും നീണ്ട കൊമ്പുപോലുള്ള മാന്‍ഡിബിളും ഉണ്ട്‌. ക്‌ളിയണ്‍, സിഫ്‌ളോന്യൂറസ്‌ എന്നീ സ്‌പീഷീസുകളുടെ നിംഫുകള്‍ സിറസുകളിലെ രോമത്തിന്റെ സഹായത്തോടെ വേഗത്തിൽ നീന്തുന്നതിനു കഴിവുള്ളവയാണ്‌. തോടുകളിലും നദികളിലും മറ്റും കഴിയുന്ന എക്‌ഡയോന്യൂറിഡേ കുടുംബത്തിലെ നിംഫുകളുടെ ശരീരം പരന്നതായിരിക്കും. പാറകളിലും മറ്റും പറ്റിപ്പിടിക്കുന്നതിനുപയുക്തമായ "സക്കറു'കളും ഇവയ്‌ക്കുണ്ട്‌. ചുറ്റുപാടുമുള്ള മാംസഭുക്കുകള്‍ക്ക്‌ ഇവ പ്രിയങ്കരമായ ഭക്ഷ്യവസ്‌തുവായി പരിണമിക്കാറുണ്ട്‌. മത്സ്യങ്ങളാണ്‌ ഇവയെ കൂടുതലായും ഭക്ഷിക്കുന്നത്‌. മത്സ്യങ്ങളെ ആകർഷിക്കാനായി ചൂണ്ടയിൽ കൊളുത്തുന്ന കൃത്രിമ ഇരകളെ മേഫ്‌ളൈയുടെയും അതിന്റെ നിംഫിന്റെയും ആകൃതിയിൽ ഉണ്ടാക്കുക പതിവാണ്‌.

പ്രധാനമായും സസ്യഭുക്കുകളായ എഫിമെറോപ്‌െറ്ററന്‍ നിംഫുകള്‍ ഇരുപതോ അതിലധികമോ പ്രാവശ്യം ചട്ടകഴറ്റുന്നു. പൂർണവളർച്ചയെത്തുന്നതോടെ ഇവ ജലോപരിതലത്തിലേക്ക്‌ പൊന്തിവന്ന്‌, ഒരിക്കൽക്കൂടി ചട്ടകഴറ്റി, ചിറകുള്ള ഒരവസ്ഥയിലേക്കു രൂപാന്തരം പ്രാപിക്കുന്നു. "സബ്‌ഇമാഗോ' എന്നറിയപ്പെടുന്ന ഇത്‌ കാഴ്‌ചയിൽ മേഫ്‌ളൈ പോലെതന്നെ തോന്നുമെങ്കിലും ഇതിന്‌ പ്രത്യുത്‌പാദനശേഷിയില്ല. ചിറകുകളുള്ള സബ്‌ ഇമാഗോ എഫിമെറോപ്‌റ്റെറയിൽ മാത്രമുള്ള ഒരു പ്രത്യേകതയാണ്‌. കരയിലേക്കു പറക്കുന്ന സബ്‌ഇമാഗോ അവസാനത്തെ ചട്ടകഴറ്റലോടെ മേഫ്‌ളൈ ആയി രൂപാന്തരപ്പെടുന്നു. പൂർണവളർച്ച പ്രാപിച്ചതും പ്രത്യുത്‌പാദനക്ഷമതയുള്ളതുമാണ്‌ ഇത്‌. ഇപ്രകാരം ഒരു സബ്‌ഇമാഗോ ചട്ടകഴറ്റുന്നത്‌ മറ്റ്‌ ഇന്‍സെക്‌റ്റുകളിൽ കാണാന്‍ പറ്റാത്ത ഒരു പ്രത്യേകതയാണ്‌. റ്റെറിഗോട്ട്‌ ഇന്‍സെക്‌റ്റുകളുടെ പ്രാരംഭ പരിണാമദശകളുടെ ഒരു അവശിഷ്‌ടമായി ഇതിനെ കരുതുന്നതിൽ തെറ്റില്ല. ഇതുപോലെ മറ്റു പല ശാരീരിക ഘടനാവിശേഷങ്ങളും പരിണാമപരമായി ഏറ്റവും താഴ്‌ന്ന, ചിറകുള്ള ഷഡ്‌പദങ്ങളുടെ സ്വഭാവങ്ങളും മേഫ്‌ളൈകളിൽ ഉള്ളതായി കാണാം. എഫിമെറ ഈ ഗോത്രത്തിലെ സാധാരണ കാണപ്പെടുന്ന ഒരു അംഗമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍