This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇഗ്വാന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇഗ്വാന
== Iguana ==
അഗമയോട് സാദൃശ്യമുള്ള ഒരു ഇഴജന്തു (New world reptile). ഇതിന് അഗമയെക്കാള് പൊതുവേ വലുപ്പം കൂടിയിരിക്കും. പൃഷ്ഠ-പുച്ഛശൃംഗങ്ങള് (dorsal and caudal crests), മുള്ളുകള്‍ (spines) തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. വൈവിധ്യമാർന്ന ആവാസക്രമങ്ങളിൽ ജീവിക്കുന്ന നാനൂറിലേറെ ഇഗ്വാനാ സ്പീഷീസുകളുണ്ട്. സർവാഹാരികളും (omnivorous), സസ്യഭുക്കുകളും (herbivorous) ആയ ഇഗ്വാനകള്‍ അപൂർവമല്ലെങ്കിലും പ്രധാനമായും ഇവ ഇരപിടിക്കുന്നവയാണ്. ഓന്തിനെപ്പോലെ നിറംമാറാനുള്ള കഴിവ് ഇവയിൽ മിക്കതിനുമുണ്ട്. കരോലിന, ഫ്ളോറിഡ, ബഹാമസ്, ക്യൂബ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഗ്രീന്‍ ആനോള് (Green anole) എന്നറിയപ്പെടുന്ന ഇനത്തിന് മരയോന്തുമായി വളരെ സാദൃശ്യമുണ്ട്. പരന്ന്, പറ്റിപ്പിടിക്കാന്‍ കഴിവുള്ള (adhesive) വിരലുകളാണ് ഗ്രീന്‍ ആനോളിനുള്ളത്. ഈച്ച, ചിലന്തി തുടങ്ങിയവയാണ് ഇതിന്റെ പ്രധാനാഹാരം. കാലിലെ പെരുവിരൽ മറ്റു വിരലുകളുടെ എതിർദിശയിലായിരിക്കുന്നതിനാൽ വൃക്ഷക്കൊമ്പിലും മറ്റും പിടിച്ചുകയറാന്‍ ഇവയ്ക്ക് നിഷ്പ്രയാസം കഴിയുന്നു. അന്തരീക്ഷത്തിലെ ചൂടും സൂര്യപ്രകാശവും അനുസരിച്ചാണ് ശരീരത്തിന്റെ നിറംമാറുക. പരിസരത്തിന് ഉഗ്രമായ ചൂടോ തണുപ്പോ ആണെങ്കിൽ ഇരുണ്ട തവിട്ടുനിറം സ്വീകരിക്കുന്ന ഈ ജീവിക്ക് നിഴലിലായിരിക്കുമ്പോള്‍ ചാരനിറമായിരിക്കും; വിശ്രമിക്കുമ്പോഴാകട്ടെ, മഞ്ഞയും. (അപൂർവമായി ഈ മഞ്ഞയിൽ ചുവന്ന പൊട്ടുകളോ വരകളോ കാണാറുണ്ട്.) രണ്ട് ആണ്-ആനോളുകള് തമ്മിൽ പൊരുതുമ്പോള്‍, പോര് അവസാനിക്കുന്നതുവരെഅവയ്ക്കു ചാരനിറവും, അതു കഴിയുമ്പോള്‍ വിജയിയുടെ നിറം തിളങ്ങുന്ന പച്ചയും പരാജിതന്റേത് ഇരുണ്ട മഞ്ഞയും ആയിട്ടാണ് കണ്ടുവരുന്നത്. ഫെന്‍സ് ലിസാഡ് (fence lizard) എന്നറിയപ്പെടുന്ന ഇനം യു.എസ്സിന്റെ കിഴക്കുഭാഗത്തു കാണപ്പെടുന്നു. വേലിയിലോ വൃക്ഷങ്ങളിന്മേലോ കൂടി അതിവേഗത്തിൽ ഓടാനുള്ള ഇതിന്റെ കഴിവ് അനിതരസാധാരണമാണ്. പൈന്മരങ്ങളിൽ ധാരാളമായി കാണുന്നതിനാൽ ഇവയെ പൈന്‍ ലിസാഡ് എന്നും വിളിക്കാറുണ്ട്.
മെക്സിക്കന്‍ നദീതടങ്ങളിലും മധ്യ അമേരിക്കയിലും തെ. അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും കാണപ്പെടുന്ന മറ്റൊരിനമാണ് ബാസിലിസ്ക് (Basilisk). നാല്പതോളം "റേ'കളുള്ള (rays)ഒരു ശൃംഗം ഇതിന്റെ തലയിലും പുറത്തും വാലിലുമായി ഉയർന്നുകാണുന്നു. ചെറുപ്രാണികളും ചെടികളുമാണ് ഇതിന്റെ ആഹാരം. ഉഭയജീവിയായ (semi aquatic) ഇതിന് വെള്ളത്തിനു മീതെകൂടി പിന്‍കാലുകളാൽ കുറച്ചുദൂരം നടക്കാനുള്ള കഴിവുണ്ട്. അരുവികളുടെയും കുളങ്ങളുടെയും തീരത്താണ് ഇവ ജീവിക്കുന്നത്.
ഇഗ്വാന ഇഗ്വാന, ഇഗ്വാന ഡെലിക്കാറ്റിസീമ എന്നീ രണ്ടു സ്പീഷീസുകള്‍ക്ക് 2 മീറ്ററോളം നീളവും 15 കി. ഗ്രാമിൽ കവിഞ്ഞ ഭാരവും ഉണ്ടാകും. തൊണ്ടയിൽ വാളുപോലെ കാണുന്ന ഭാഗവും (serrated) ശരീരത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കാണപ്പെടുന്ന മൃദുവായ മുള്ളുകളുള്ള ശൃംഗവും ഇവയുടെ പ്രത്യേകതകളാണ്. മധ്യ അമേരിക്കയിലെ കാടുകളിൽ നദിക്കരയിലാണ് ഇവ സാധാരണയായി കാണപ്പെടുക. എന്തെങ്കിലും ഉപദ്രവത്തെക്കുറിച്ച് സംശയം ഉണ്ടാകുന്നപക്ഷം ഇവ വെള്ളത്തിലേക്കു ചാടുന്നു. നദിക്കരയിൽ കാണുന്ന ആഴമേറിയ കുഴികളാണ് ഇവയുടെ മാളങ്ങള്‍. ഭക്ഷണത്തിനു വേണ്ടിയോ മരങ്ങളുടെ ചുവട്ടിൽ ഉണ്ടാക്കിയിട്ടുള്ള പൊത്തുകളിൽ മുട്ടയിടാനായോ മാത്രമേ ഇവ തങ്ങളുടെ മാളം വിട്ടുപോകാറുള്ളൂ.
ആംബ്ളിറിങ്കസ് (Amblyrhynchus)എന്ന കടൽ ഇഗ്വാനയും കോണൊലോഫസ് (Conolophus)എന്ന ഗാലപ്പാഗോസ് ലാന്‍ഡ് ഇഗ്വാനയും ഗാലപ്പാഗോസ് ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന രണ്ടിനങ്ങളാണ്. നായ്, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങള്‍ ഇവയെ ആഹരിക്കുന്നതുമൂലം ഇവ ഏതാണ്ട് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. 135 സെ.മീറ്ററോളം നീളവും ഏകദേശം 10 കി. ഗ്രാം ഭാരവുമുള്ള ഒരു വലിയ ഇഴജന്തുവാണ് ആംബ്ളിറിങ്കസ്. വേലിയിറക്കസമയത്ത് കടൽകളകളും മറ്റു കടൽസസ്യങ്ങളും ഭക്ഷിക്കുന്നതിനുവേണ്ടി ഇവ പറ്റംചേർന്ന് കടൽത്തീരത്തുള്ള പാറകളിൽ വെയിൽ കാഞ്ഞിരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. പാറകളുടെ വിടവുകളിലാണ് ഇവ രാത്രികാലം കഴിച്ചുകൂട്ടുക. ശരീരവും വാലും ഒരു പ്രത്യേകരീതിയിൽ ചലിപ്പിച്ച് (undulating) വെള്ളത്തിൽ നീന്താനും ഇവയ്ക്കു കഴിയും. ഇവയുടെ ശരീരത്തിന്റെ വലുപ്പവും പല്ലുകളുടെ ആകൃതിയും ഭീതിദമാണെങ്കിലും പൊതുവേ ഈ ജീവികള്‍ നിരുപദ്രവികളും ശാന്തപ്രകൃതികളുമാണ്. മനുഷ്യസാമീപ്യം അവയെ ഭയപ്പെടുത്തുന്നതായി തോന്നാറില്ല.
എന്നാൽ 120 സെ.മീറ്ററോളം നീളംവയ്ക്കുന്ന കോണൊലോഫസ് സ്വഭാവത്തിൽ ആംബ്ളിറിങ്കസിൽനിന്നും തികച്ചും വ്യത്യസ്തമാണ്. കടലിൽനിന്നും ദൂരെയുള്ള മണ്‍കുഴികളിൽ ജീവിക്കുന്ന ഇവ അക്രമസ്വഭാവികളാണ്. സസ്യങ്ങളും പുൽച്ചാടികളും (grass hopper) ആണ് ഇവയുടെ ഭക്ഷണം. റ്റിനോസോറ (Ctenosaura) എന്ന കറുത്ത ഇഗ്വാനകള്‍ മധ്യ അമേരിക്കയിൽമാത്രം കാണപ്പെടുന്നവയാണ്. വരിയായി കാണപ്പെടുന്ന മുള്ളുകള്‍ ഇവയുടെ വാലിൽ മാത്രമേയുള്ളൂ. തങ്ങളെ ആക്രമിക്കുന്ന ജീവികളെ കടിച്ചോ, വാലിലെ മുള്ളുകള്‍ ഉപയോഗിച്ചോ മുറിവേല്പിക്കുക പതിവാണ്. രണ്ടുകാലിൽ ഓടാന്‍ ഇവയ്ക്കു പ്രത്യേകമായ കഴിവുണ്ട്. ഇവയ്ക്ക് സാധാരണ 60 സെ.മീറ്ററിലേറെ നീളമുണ്ടായിരിക്കും. ഇവയുടെ ഭക്ഷണം പക്ഷികള്‍, എലികള്‍, സസ്യങ്ങള്‍ തുടങ്ങിയവയാണ്.
ഫ്രനൊസോമാ ജീനസിൽപ്പെട്ട ഇഗ്വാനകള്‍ക്ക് മരത്തവളകളോട് ആകാരസാദൃശ്യമുണ്ട്. ഇവ കൂടുതലും മരുഭൂമികളിലോ മറ്റു മണൽപ്രദേശങ്ങളിലോ ആണ് കാണപ്പെടുന്നത്. നോ: അഗമ