This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊ നൂ (1907 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:52, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഊ നൂ (1907 - 95)

U Nu

സ്വതന്ത്രബർമയുടെ (ഇന്നത്തെ മ്യാന്മർ) ആദ്യത്തെ പ്രധാനമന്ത്രി. ബർമയിലെ വാകമയിലായിരുന്നു ജനനം (1907 മേയ്‌ 25). ബ്രിട്ടീഷ്‌ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ മയോമ ഹൈസ്‌കൂളിലെ പഠനം ഇദ്ദേഹത്തിന്റെ വീക്ഷണത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്കാണ്‌ വഹിച്ചത്‌; വിപ്ലവബോധവും ദേശീയവികാരവും വളരാന്‍ ഇവിടത്തെ അന്തരീക്ഷം സഹായകമായി. ആള്‍ ബർമ സ്റ്റുഡന്‍സ്‌ യൂണിയനിലൂടെ രാഷ്‌ട്രീയത്തിലെത്തിയ ഊ നൂ, 1934-ൽ അതിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിൽ നിന്നുള്ള സ്വാതന്ത്യ്രം ലക്ഷ്യമാക്കി പ്രവർത്തിച്ച ഈ സംഘടനയുടെ സെക്രട്ടറിയായിരുന്നു ആങ്‌ സാങ്‌ (നോ. ആങ്‌സാങ്‌). രാഷ്‌ട്രീയപ്രവർത്തനത്തിന്റെ പേരിൽ ബ്രിട്ടീഷ്‌ അധികാരികള്‍ 1936-ൽ ഊ നൂവിനെ സർവകലാശാലയിൽ നിന്നും പുറത്താക്കി. 1936-ൽ ബർമീസ്‌ ദേശീയകക്ഷിയായ "തകി'ന്റെ നേതൃത്വനിരയിലേക്ക്‌ ഉയരുന്നതിന്‌ ഇദ്ദേഹത്തിന്റെ പ്രവർത്തനപരിചയവും സംഘാടകത്വവും നിർണായകമായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്താണ്‌ ജപ്പാന്‍, ബ്രിട്ടീഷ്‌ കോളനിയായ ബർമ പിടിച്ചെടുക്കുന്നത്‌; ഈ ദൗത്യത്തിൽ ജപ്പാനുവേണ്ട സഹായസഹകരണങ്ങള്‍ നല്‌കിയ ബർമീസ്‌ ഇന്‍ഡിപെന്‍ഡന്‍സ്‌ ആർമിയിലെ സജീവഅംഗമായി ഊ നൂ പ്രവർത്തിച്ചിരുന്നു. തുടർന്ന്‌ ജപ്പാന്റെ ഒത്താശയോടെ ബർമയിൽ അധികാരത്തിലേറിയ ബാമായുടെ പാവസർക്കാരിലെ വിദേശകാര്യ മന്ത്രിയായി. എന്നാൽ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരുന്നതിൽ ഈ സർക്കാർ പരാജയപ്പെടുകയാണുണ്ടായത്‌. ജപ്പാന്റെ നിയന്ത്രണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമാക്കിയ ആന്റി ഫാസിസ്റ്റ്‌ പീപ്പിള്‍സ്‌ ഫ്രീഡം ലീഗ്‌ (എ.എഫ്‌.പി.എഫ്‌.എൽ.) എന്ന സംഘടന ആങ്‌ സാങിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടത്‌. ഈ സാഹചര്യത്തിലാണ്‌. ഫ്രീഡം ലീഗിന്റെ പ്രവർത്തനങ്ങളിൽ ഊ നൂവിന്റെ പങ്ക്‌ നാമമാത്രമായിരുന്നെങ്കിലും, ആങ്‌ സാങ്‌ വധിക്കപ്പെട്ടതിനെത്തുടർന്ന്‌ ഫ്രീഡം ലീഗിനെ നയിക്കാന്‍ ഊ നൂ നിയുക്തനായി. 1947 ഒക്‌ടോബറിൽ ബർമയുടെ സ്വാതന്ത്യ്രം അംഗീകരിച്ചുകൊണ്ടുള്ള ഒരു കരാറിൽ ഊ നൂവും ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആറ്റ്‌ലിയും ചേർന്ന്‌ ഒപ്പു വച്ചു. തുടർന്ന്‌ 1948-ജനുവരിയിൽ ബർമയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി ഊ നൂ അധികാരത്തിലേറി (1948-58).

ഊ നൂവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ കമ്യൂണിസ്റ്റുകാർ എതിർത്തതോടെ ആഭ്യന്തരയുദ്ധത്തിലേക്ക്‌ നീങ്ങിയ രാജ്യത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇദ്ദേഹം അധികാരം ജനറൽ നെവിനു കൈമാറിയത്‌ 1958-ലാണ്‌. ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെട്ടശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഊ നൂ വീണ്ടും പ്രധാനമന്ത്രിയായെങ്കിലും പട്ടാളഅട്ടിമറിയിലൂടെ ജനറൽ നെവിൽ അധികാരം പിടിച്ചെടുക്കുകയുണ്ടായി. സൈനിക ഭരണകൂടം തടവിലാക്കിയ ഊ നൂ 1966-ലാണ്‌ മോചിക്കപ്പെട്ടത്‌. തുടർന്ന്‌ തായ്‌ലന്‍ഡിൽ പ്രവാസജീവിതം നയിച്ച ഊ നൂ അവിടെ നിന്നു കൊണ്ട്‌ സൈനിക ഭരണകൂടത്തെ എതിർക്കുകയുണ്ടായി. 1980-ൽ ബർമയിൽ തിരിച്ചെത്തിയ ഇദ്ദേഹം രാഷ്‌ട്രീയം ഉപേക്ഷിച്ച്‌ ആത്മീയപാതയിലേക്ക്‌ തിരിഞ്ഞു. 1995 ഫെ. 14-ന്‌ ഇദ്ദേഹം അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A_%E0%B4%A8%E0%B5%82_(1907_-_95)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍