This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്തിയോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:36, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഇക്തിയോളജി

മത്സ്യങ്ങളെപ്പറ്റി വിശേഷപഠനം നടത്തുന്ന ജന്തുശാസ്‌ത്രശാഖ. നാമാവശേഷമായവ ഉള്‍പ്പെടെയുള്ള മത്സ്യവർഗങ്ങളെപ്പറ്റി ഈ ശാസ്‌ത്രശാഖ പഠനം നടത്തുന്നു. ഇക്തിയോളജിയുടെ ആരംഭം കുറിച്ചത്‌ അരിസ്റ്റോട്ടിൽ (ബി.സി. 384-322) ആയിരുന്നു. മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ജീവികളുടെ പ്രകൃതിശാസ്‌ത്രം ആദ്യമായി രേഖപ്പെടുത്തിയതും സംഗ്രഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. പിന്നീട്‌ നവോത്ഥാനഘട്ടം (Renaissance) വരെ മത്സ്യങ്ങളെപ്പറ്റിയുള്ള ആധികാരിക പഠനങ്ങളൊന്നുംതന്നെ നടന്നതായി കാണുന്നില്ല. അതിനുശേഷം ഫ്രഞ്ചുശാസ്‌ത്രകാരനായ ഗുയിലാവുമോ റോണ്‍ഡെലെറ്റ്‌ (1507-1560), പിയറി ബെലോണ്‍ (1517-1564) എന്നിവരും ഇറ്റലിക്കാരനായ ഇപ്പോലിറ്റോ സാൽവിയാനി (1514-1572)യും ആണ്‌ മത്സ്യങ്ങളെപ്പറ്റി ആധികാരികപഠനങ്ങള്‍ നടത്തിയത്‌. 1686-ൽ ജോണ്‍ റേ, ഫ്രാന്‍സിസ്‌ വില്ലുഗ്‌ബെ എന്നീ ബ്രിട്ടിഷ്‌ പ്രകൃതിശാസ്‌ത്രജ്ഞർ മത്സ്യങ്ങളുടെ വർഗീകരണം നടത്തുകയും അത്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ജീവികളുടെയും സസ്യങ്ങളുടെയും ഇന്നത്തെ രീതിയിലുള്ള "നാമകരണ' സംവിധാനം തുടങ്ങിയത്‌ കരോലസ്‌ ലിനയസ്‌ (1707-78) ആണ്‌. ലിനയസിന്റെ കാലം മുതൽ 1859-ൽ ചാള്‍സ്‌ ഡാർവിന്‍ ഒറിജിന്‍ ഒഫ്‌ സ്‌പീഷീസ്‌ ബൈ മീന്‍സ്‌ ഒഫ്‌ നാച്ചുറൽ സെലക്‌ഷന്‍ എന്ന ഗ്രന്ഥം പ്രസിദ്ധം ചെയ്യുന്നതുവരെ മത്സ്യങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ വമ്പിച്ച പുരോഗതി കൈവരിക്കുകയുണ്ടായി. ഡാർവിന്റെ നിഗമനങ്ങള്‍ ഈ ശാഖയിൽ കാര്യമായ പഠനങ്ങള്‍ തുടർന്നുനടത്തുവാന്‍ പ്രരിപ്പിക്കുകതന്നെ ചെയ്‌തു. പരിണാമവൃക്ഷം (Evolution Tree) ഉണ്ടാക്കിയെടുക്കുവാനായി മത്സ്യങ്ങളുടെ ശരീരഘടനയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങള്‍ ആവശ്യമായിവന്നു. ഇന്ന്‌ ഈ ശാസ്‌ത്രശാഖയിൽ ഗവേഷണം നടത്തുന്നവർ മുഖ്യമായും പരിണാമവുമായി ബന്ധപ്പെട്ട പ്രകൃതിബന്ധങ്ങള്‍ വെളിവാക്കുന്ന വർഗീകരണ പ്രക്രിയയ്‌ക്ക്‌ പ്രാധാന്യം നല്‌കുന്നു.

"ഇക്തിയോളജി' എന്ന ശാസ്‌ത്രശാഖയുടെ പ്രധാന ഉദ്ദേശ്യം മത്സ്യങ്ങളുടെ അനാറ്റമി (ശരീരഘടനാശാസ്‌ത്രം), ഫിസിയോളജി (ശരീരക്രിയാശാസത്രം) എന്നിവയെപ്പറ്റിയുള്ള പഠനമാണ്‌. മത്സ്യങ്ങളുടെ വർഗീകരണവും പ്രാധാന്യമർഹിക്കുന്നു. ഓരോ സ്‌പീഷീസിനെയും കുറിച്ച്‌ വിസ്‌തരിച്ചുള്ള പഠനവും നടക്കുന്നുണ്ട്‌. അതുപോലെതന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ മത്സ്യവിതരണം, അവയുടെ ദേശാന്തരഗമനം (migration), പ്രത്യുത്‌പാദനപ്രക്രിയകള്‍, പരിവർധനഘട്ടങ്ങള്‍ (developmental stages)എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും ഈ ശാസ്‌ത്രശാഖയിൽ ഉള്‍പ്പെടുന്നു. നോ: മത്സ്യങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍