This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉരുളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:36, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉരുളി

ആഹാരം പാകംചെയ്യുന്നതിനും മറ്റും ഉപയോഗിക്കുന്ന വലിയ വാവട്ടമുള്ള പരന്ന ഓട്ടുപാത്രം. സാവകാശം പാകപ്പെട്ടുവരേണ്ട പദാർഥങ്ങളാണ്‌ ഉരുളിയിൽ പാകം ചെയ്യാറുള്ളത്‌. വെള്ളോടുകൊണ്ടു നിർമിക്കുന്ന ഉരുളിക്ക്‌ സാധാരണയായി 75 സെ.മീ. മുതൽ 90 സെ.മീ. വരെ വ്യാസമുണ്ടായിരിക്കും. ഇതിൽക്കുറഞ്ഞ വ്യാസമുള്ള ചെറിയ ഉരുളികളുമുണ്ട്‌. എച്ചയും മറ്റും അപ്പോഴപ്പോഴത്തെ ഉപയോഗത്തിന്‌ ചൂടാക്കാനുപയോഗിക്കുന്ന കൈപ്പിടിയോടുകൂടിയ പാത്രത്തെ വാലുരുളിയെന്നു പറയാറുണ്ട്‌. പക്ഷേ ഇത്‌ ഉരുളിയുടെ വിഭാഗത്തിൽപ്പെട്ടതല്ല. ഉരുളിയിനത്തിൽപ്പെട്ട വലിയ ഓട്ടുപാത്രത്തിന്‌ വാർപ്പ്‌ എന്നാണുപേര്‌. വാർപ്പിന്‌ പ്രധാനമായും രണ്ട്‌ (ചിലപ്പോള്‍ നാല്‌) വലിയ കാതുകള്‍കാണും. ഈ കാതുകളിൽ വളയമിട്ടും അല്ലാതെയും ഉലക്കയോ കമ്പിപ്പാരയോ കടത്തി തൂക്കി എടുത്താണ്‌ ഇത്‌ അടുപ്പിലേക്കു വയ്‌ക്കുന്നതും അവിടെനിന്ന്‌ ഇറക്കുന്നതും. പല പുരാതന ക്ഷേത്രങ്ങളിലും എടുത്തു മാറ്റാനാവാത്തവിധം വലുപ്പമുള്ള വലിയ വാർപ്പുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. പായസം നൈവേദ്യമായി അർപ്പിക്കപ്പെടുന്ന ക്ഷേത്രങ്ങളിലും വലിയ ഊട്ടുപുരകളുള്ളിടത്തും ഇത്തരം വലിയ വാർപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങള്‍ ഇതിനുദാഹരണമാണ്‌.

ഹരിപ്പാട്ടിനടുത്തുള്ള മച്ചാറശാലയിലെ നാഗാരാധനാകേന്ദ്രത്തിൽ സന്താനലാഭാർഥം സ്‌ത്രീകള്‍ നടത്തുന്ന ഒരു പ്രധാനവഴിപാടാണ്‌ ഉരുളികമഴ്‌ത്തൽ. സന്താനലബ്‌ധിക്കുശേഷം അവിടെച്ചെന്ന്‌ കമഴ്‌ത്തിവച്ചിട്ടുള്ള ഉരുളി മലർത്തുന്നതോടുകൂടിയേ വഴിപാടു പൂർണമാകുന്നുള്ളൂ. ഹരിപ്പാട്ടു ബസ്‌സ്റ്റാന്റിൽ നിന്ന്‌ 3 കി.മീ. വടക്കുപടിഞ്ഞാറാണ്‌ മച്ചാറശാലക്ഷേത്രം. സന്താനമില്ലാത്ത ദമ്പതികള്‍ ഉരുളിയുമായി ഇവിടെവന്ന്‌ ക്ഷേത്രത്തിന്‌ 3 പ്രദക്ഷിണംവച്ച്‌ ഉരുളി(മലർത്തിത്തന്നെ) നടയ്‌ക്കുവയ്‌ക്കുന്നു. പൂജകഴിക്കുന്നയാള്‍ ആ ഉരുളി തെക്കേ ശ്രീകോവിലിൽ കൊണ്ടുവയ്‌ക്കുകയും ഇല്ലത്തെ വല്യമ്മ അത്‌ അവിടെനിന്നുമെടുത്ത്‌ വാസുകിയുടെ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെട്ടുവരുന്ന നിലവറയിൽ കൊണ്ടുചെന്നു കമഴ്‌ത്തിവയ്‌ക്കുകയും ചെയ്യുന്നു. കുട്ടിയുണ്ടായി 6 മാസം കഴിഞ്ഞ്‌ ദമ്പതികള്‍ കുട്ടിയുമായി വന്ന്‌ യഥാശക്തി വഴിപാടു കഴിക്കുകയും ഇല്ലത്തെ വല്യമ്മ ഉരുളി നിവർത്തുകയും ചെയ്യുന്നതോടെ വഴിപാടു ചടങ്ങുകള്‍ അവസാനിക്കുന്നു. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വഴിപാടിനെച്ചുറ്റിപ്പറ്റി ഒരൈതിഹ്യമുണ്ട്‌. പുത്രപ്രാർഥിനിയായി വന്ന ഒരുസ്‌ത്രീക്ക്‌ ഈ ഇല്ലത്തെ വല്യമ്മ ഒരു ഭസ്‌മം ജപിച്ചുകൊടുത്തു. ചോറ്‌ എടുക്കാന്‍ ഉപയോഗിക്കുന്ന അവിടത്തെ വക്കുപൊട്ടിയ ഉരുളി കണ്ടിട്ട്‌ ആ സ്‌ത്രീ ഒരു നല്ല ഉരുളി വല്യമ്മയ്‌ക്കു കാഴ്‌ചവച്ചു. അവർ അത്‌ നാഗരാജാവിനു നൂറുംപാലും അർപ്പിക്കാന്‍ കൊള്ളാമെന്നുകരുതി, തത്സങ്കേതസ്ഥാനമായ നിലവറയിൽ കമഴ്‌ത്തിവച്ചു. പ്രസ്‌തുത സ്‌ത്രീക്ക്‌ യഥാകാലം ഒരാണ്‍കുട്ടി ജനിച്ചതോടെ ഉരുളികമഴ്‌ത്തൽ സന്തത്യർഥമുള്ള ഒരു പ്രധാന വഴിപാടായിത്തീർന്നു. ഇന്നും ആദ്യത്തെ ഉരുളി അവിടെയുണ്ടെന്നാണ്‌ വിശ്വാസം. പിന്നീടുവന്ന ഉരുളികളെല്ലാം അതിന്റെ പുറത്തുപുറത്തായി വച്ച്‌ ഇന്നു നിലവറ ഉരുളികള്‍കൊണ്ട്‌ മിക്കവാറും നിറഞ്ഞിരിക്കുകയാണ്‌. മീതേമീതേ ഉരുളികള്‍ വരുന്നതുകൊണ്ട്‌ കമഴ്‌ത്തുന്ന അതേ ഉരുളിതന്നെ നിവർക്കാന്‍ സാധിക്കാറില്ല; വല്യമ്മ കച്ചടച്ച്‌, കമഴ്‌ത്തിയതുതന്നെയാണെന്നു സങ്കല്‌പിച്ച്‌ ഒരെച്ചം നിവർത്തുകയാണു പതിവ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B0%E0%B5%81%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍