This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രിയന്‍ സ്‌കൂള്‍ (അർഥശാസ്‌ത്രം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:22, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആസ്റ്റ്രിയന്‍ സ്‌കൂള്‍ (അർഥശാസ്‌ത്രം)

ആസ്‌ട്രിയയിൽ നിലനിന്ന ഒരു കൂട്ടം സാമ്പത്തികശാസ്‌ത്ര ചിന്തകള്‍. കാള്‍മെഞ്‌ജർ (1840-1921), ഓയ്‌ഗെന്‍ഫൊണ്‍ ബോംബാവെർക്ക്‌ (1851-1914), ഫ്രീദ്‌റിഹ്‌ ഫൊണ്‍വീസർ (1851-1926) എന്നീ ത്രിമൂർത്തികളുടെ സംഭാവനകളടങ്ങിയ ഒരു കാലഘട്ടമാണ്‌ ധനശാസ്‌ത്രചിന്തയുടെ ചരിത്രത്തിൽ ആസ്റ്റ്രിയന്‍ ചിന്താപദ്ധതി ആവിഷ്‌കരിച്ചത്‌. ആ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരിൽ ഫ്രീദ്‌റിഹ്‌ അവുഗുസ്‌ത്‌ ഫൊണ്‍ഹായെക്ക്‌ (1899- ), ജോസഫ്‌ എം. ഷുംപീറ്റർ (1883-1950), ലുഡ്‌വിഗ്‌ ഫൊണ്‍ മൈസസ്‌ (1881-), ഗോട്ട്‌ഫ്രീദ്‌ ഫൊണ്‍ ഹാബർലർ (1900- ), ഫ്രിറ്റ്‌സ്‌ മാക്ലപ്പ്‌ (1902- ) എന്നിവർ ഉള്‍പ്പെടുന്നു. ക്ലാസ്സിക്കൽ ധനശാസ്‌ത്രത്തിന്റെ പ്രത്യേകിച്ചും അതിലെ മൂല്യസിദ്ധാന്തത്തിന്റെ അടിത്തറതന്നെ ഇളക്കിമറിക്കപ്പെട്ടകാലത്താണ്‌ സീമാന്തതത്ത്വവാദത്തിന്റെ ഒരു ശില്‌പിയായ കാള്‍ മെഞ്‌ജർ രംഗത്തുവന്നത്‌. ധനശാസ്‌ത്രസിദ്ധാന്തങ്ങള്‍ (1871), സാമൂഹികശാസ്‌ത്രങ്ങളിലെ, പ്രത്യേകിച്ചും ധനശാസ്‌ത്രത്തിലെ അപഗ്രഥനരീതിയെപ്പറ്റിയുള്ള പഠനങ്ങള്‍ (1883), ചരിത്രാധിഷ്‌ഠിതവാദത്തിലെ വൈകല്യങ്ങള്‍ (1884) എന്നീ ഗ്രന്ഥങ്ങളിൽ ധനശാസ്‌ത്ര അപഗ്രഥനരീതി, നാണ്യസമ്പ്രദായങ്ങളും തത്ത്വങ്ങളും, പണത്തിന്റെ ആവിർഭാവം, അതിന്റെ പരിണാമഘട്ടങ്ങള്‍, മനുഷ്യാവശ്യങ്ങള്‍, അവ നിറവേറ്റുന്നതിനുള്ള മാർഗങ്ങള്‍, ഉപയുക്തത എന്നിവ വിശദമായി ചർച്ച ചെയ്‌തു. ആവശ്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ നിറവേറ്റുന്നു എന്നതിനെ ആധാരമാക്കി മെഞ്‌ജർ ചരക്കുകളെ ഇനംതിരിച്ചു. റൊട്ടി ഒന്നാം ഇനവും റൊട്ടിമാവ്‌ രണ്ടാം ഇനവും ഗോതമ്പ്‌ മൂന്നാം ഇനവുമാണ്‌. ആർഥികചരങ്ങള്‍ക്കു മാത്രമേ മൂല്യമുള്ളൂ. ദൗർലഭ്യത്തിൽനിന്നും മൂല്യമുണ്ടാകുന്നു. എന്നാൽ ആവശ്യങ്ങളുടെ തീവ്രത അനുസരിച്ചും അഭീഷ്‌ടങ്ങളനുസരിച്ചും മൂല്യം മാറുന്നു. ഏറ്റവും കൂടുതൽ തൃപ്‌തി നേടുന്നതിനാണ്‌ ചരക്കുകള്‍ വിനിമയം ചെയ്യുന്നത്‌. സാമ്പത്തികയുക്തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നു. സീമയിലുള്ള സന്തുലനം ആണ്‌ തെരഞ്ഞെടുപ്പ്‌. ബാർട്ടർ, കുത്തക, ദ്വിപാർശ്വമത്സരം എന്നീ വ്യവസ്ഥിതികളിൽ നടക്കുന്ന കുതിര-പശു വിനിമയ പ്രക്രിയയും മെഞ്‌ജർ വിശദീകരിച്ചു. കമ്പോളമത്സരം വിനിമയത്തിൽ പങ്കെടുക്കുന്നവരുടെ തൃപ്‌തി പരമാവധിയാക്കുന്നു. ഒരു ചരക്ക്‌ ഉത്‌പാദിപ്പിക്കുന്നതിന്‌ ഒന്നിലധികം വിഭവസംയോദനമാർഗം ഉണ്ടെന്നുകാണിക്കുന്ന ആനുപാതികനിയമം മെഞ്‌ജറുടെ സംഭാവനയാണ്‌. മൂല്യസിദ്ധാന്തവും വിതരണസിദ്ധാന്തവും തമ്മിലുള്ള ബന്ധവും അദ്ദേഹം വ്യക്തമാക്കി. ചരിത്രാധിഷ്‌ഠിത ധനശാസ്‌ത്രത്തെയും ഗണിതശാസ്‌ത്രനിയമങ്ങളെ ആധാരമാക്കിയുള്ള അപഗ്രഥനരീതിയെയും അദ്ദേഹം വിമർശിച്ചു. 1873-1921 കാലത്ത്‌ മെഞ്‌ജർ വിയന്ന സർവകലാശാലയിൽ അധ്യാപകനായിരുന്നു.

മൂലധനം. കാള്‍ മാർക്‌സിനെപ്പോലെ മൂലധനത്തെക്കുറിച്ചും സാമ്പത്തിക-സാമൂഹ്യവ്യവസ്ഥിതികളെക്കുറിച്ചും വിശദമായ പഠനങ്ങള്‍ നടത്തിയതുകൊണ്ട്‌ "ബൂർഷ്വാ മാർക്‌സ്‌' എന്ന പേരിൽ അറിയപ്പെടുന്ന ആസ്റ്റ്രിയന്‍ ധനശാസ്‌ത്രജ്ഞനാണ്‌ ഫൊണ്‍ ബോം-ബാവെർക്ക്‌ ധനകാര്യമന്ത്രിയായി ഭരണരംഗത്തും അധ്യാപകനായി വിയന്നസർവകലാശാലയിലും സേവനമനുഷ്‌ഠിച്ചിട്ടുള്ള ബാവെർക്ക്‌ ഭൂമി, അധ്വാനം എന്നിവയോടൊപ്പം മൂലധനത്തെ വളഞ്ഞ വഴികളിൽക്കൂടി ഉപയോഗിച്ച്‌ ഉത്‌പാദനം നടത്തുന്നതിനെ മൂലധനവ്യവസ്ഥിതിയെന്നു വിളിച്ചു. മൂലധനം മനുഷ്യനിർമിതമാണെന്നും അത്‌ ഭൂമി, അധ്വാനം എന്നിവയെപ്പോലെ ഒരു മൗലിക ഘടകമല്ലെന്നും അദ്ദേഹം വാദിച്ചു. മൗലികഘടകങ്ങളായുള്ള ഉപയോഗരീതി മെച്ചപ്പെടുത്താന്‍ മൂലധനം സഹായിക്കും. ഉപഭോഗം കുറച്ചാൽ മിച്ച സമ്പാദ്യം ഉണ്ടാകും. അതാണ്‌ മൂലധനത്തിന്റെ ഉദ്‌ഭവം. ഉത്‌പാദന പ്രക്രിയ പൂർത്തിയാകുമ്പോള്‍ മൂലധനം ചരക്കായി രൂപാന്തരപ്പെടും. മൂപ്പെത്താത്ത ഒരു ചരക്കായി അതിനെ വിശേഷിപ്പിക്കാം. മിച്ചസമ്പാദ്യം വർധിക്കുമ്പോള്‍ മൂലധനം ധാരാളമുണ്ടാകുന്നു. അപ്പോള്‍ വളഞ്ഞവഴിയിൽ അതിനെ ഉപയോഗിച്ച്‌ ഉത്‌പാദനകാലം ദീർഘിപ്പിക്കാം. ചരക്കിന്റെ ഉത്‌പാദനത്തിലുള്ള ഘട്ടങ്ങളുടെ എച്ചം അപ്പോള്‍ വർധിക്കുകയും ഉത്‌പാദനക്ഷമത മെച്ചപ്പെടുകയും ചെയ്യും. നിക്ഷേപിക്കപ്പെട്ട മൂലധനത്തുകയെ മൂലധനത്തിന്റെ നിക്ഷിപ്‌തതുകകൊണ്ട്‌ ഹരിച്ചാൽ കിട്ടുന്നതാണ്‌ ഉത്‌പാദനകാലം. ഒരു വിനിമയ സമ്പദ്‌ഘടനിൽ ഉത്‌പാദനത്തെ ഏകകേന്ദ്രവൃത്തങ്ങളായി ബാവെർക്ക്‌ ചിത്രീകരിച്ചു. ഏറ്റവും ഉള്ളിലുള്ള വൃത്തം ഉടനെയുള്ള ഉപഭോഗത്തിനുവേണ്ട ചരക്കുകളെ പ്രതിനിധീകരിക്കുന്നു. ഒരു വർഷത്തിനുശേഷം വേണ്ട ചരക്കുകളായിരിക്കും അതിനുപുറത്തുള്ള വൃത്തം പ്രതിനിധീകരിക്കുന്നത്‌. ഒരു വികസിത സമ്പദ്‌ഘടനയിൽ അത്തരം അനേകം വൃത്തങ്ങളുണ്ടായിരിക്കും. മൂലധനത്തിന്റെ പരമമായ സിദ്ധാന്തം (1891) എന്ന ഗ്രന്ഥത്തിൽ വസ്‌തുനിഷ്‌ഠവും സാങ്കേതികവുമായ കാരണങ്ങള്‍ മൂലധനത്തിന്റെ ചോദനത്തെയും, ആത്മനിഷ്‌ഠവും മനഃശാസ്‌ത്രപരവുമായ കാരണങ്ങള്‍ അതിന്റെ പ്രദാനത്തെയും നിർണയിക്കുന്നു എന്ന്‌ വ്യക്തമാക്കപ്പെട്ടു. മൂലധനത്തിന്റെ പ്രദാനവും ചോദനവും ചേർന്ന്‌ പലിശ നിർണയിക്കുന്നു. ചരക്കിന്റെ വർത്തമാനകാലവിലയും ഭാവികാലവിലയും തമ്മിലുള്ള ബന്ധമാണ്‌ പലിശയുടെ പ്രശ്‌നം. ഇന്നത്തെ സാധനങ്ങളും അവയുടെ ഉപഭോഗവുമാണ്‌ നാളത്തേതിനെക്കാള്‍ പ്രിയങ്കരമെന്നു കരുതുന്ന മനുഷ്യന്‍ കടംകൊടുക്കുന്ന തുകയ്‌ക്ക്‌ പലിശ ആവശ്യപ്പെടുന്നു. പലിശ മിച്ചംവയ്‌ക്കുന്നതിന്‌ പ്രരണ നല്‌കുന്നു. ഉത്‌പാദനകാലത്തിന്റെ ദൈർഘ്യം നിർണയിക്കുന്നതിലും പലിശ നല്ല ഒരു പങ്ക്‌ വഹിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ വ്യാപാരചക്രസിദ്ധാന്തത്തിന്‌ അദ്ദേഹം രൂപംകൊടുത്തത്‌.

ബോം-ബാവെർക്കിന്റെ സഹപാഠിയും പിന്നീട്‌ സ്യാലനും ആയ ഫൊണ്‍ വീസർ ഏകാന്തരചെലവ്‌ സിദ്ധാന്തത്തിന്റെ കർത്താവായി പ്രസിദ്ധിയാർജിച്ചു. മൂല്യത്തിന്റെ ഉദ്‌ഭവവും നിയമങ്ങളും (1884), സ്വാഭാവിക മൂല്യം (1884), സാമൂഹ്യധനശാസ്‌ത്രം (1914) എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. വ്യക്തിയിൽനിന്ന്‌ ദേശീയസമ്പദ്‌ വ്യവസ്ഥയിലേക്കും, പിന്നീട്‌ ലോക സമ്പദ്‌വ്യവസ്ഥയിലേക്കും പ്രയോഗിക്കുന്ന ക്രമാനുഗതമായ സമീപനരീതിയുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. മെഞ്‌ജറിനുശേഷം വിയന്ന സർവകലാശാലാ പ്രാഫസറായ വീസർ ചരക്കിന്റെ യഥാർഥമൂല്യം ആ ചരക്കിനുപകരം അതേ വിഭവങ്ങളുപയോഗിച്ച്‌ നിർമിക്കാമായിരുന്ന മറ്റൊരു ചരക്കോ ചരക്കുകളോ ആയിരിക്കും എന്നും ഉത്‌പാദനവിഭവത്തിന്റെ മൂല്യം നിർണയിക്കുന്നതിന്‌ മൂല്യാരോപം (imputation) എന്ന മാർഗമാണ്‌ ഉപയോഗിക്കേണ്ടതെന്നും നിർദേശിച്ചു. വിഭവത്തിന്റെ ഒരു സീമാന്തഘടകം പിന്‍വലിക്കാതിരിക്കുന്നതുകൊണ്ട്‌ ഉത്‌പാദനത്തിനുണ്ടാകുന്ന നേട്ടം കണക്കാക്കിയാൽ വിഭവത്തിന്റെ മൂല്യം കിട്ടും. പാട്ടം എന്ന ഭേദകമിച്ചം (differential surplus) ഭെൂമിയുടെ കാര്യത്തിലെന്ന പോലെ മറ്റ്‌ ഉത്‌പാദനവിഭവങ്ങളുടെ കാര്യത്തിലും പ്രസക്തമാണെന്ന്‌ വീസർ വാദിച്ചു. മൂലധനത്തിനു നല്‌കുന്ന പ്രതിഫലം അതിന്റെ ഉത്‌പാദനക്ഷമതയെ ആശ്രയിച്ചിരിക്കുന്നു, അനിയന്ത്രിതമായ കിടമത്സരവും കേന്ദ്രീകൃതമായ അധികാരശക്തിയിലധിഷ്‌ഠിതമായ സോഷ്യലിസവും അപകടകരമാണെന്ന്‌ പറഞ്ഞുകൊണ്ട്‌, വീസറിലെ സാമൂഹ്യശാസ്‌ത്രജ്ഞന്‍ മിശ്രസമ്പദ്‌വ്യവസ്ഥയോട്‌ കൂടുതൽ പ്രിയംകാണിച്ചു. സീമാന്ത തത്ത്വം എല്ലാസമൂഹങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്‌. സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയിലും യുക്തിസഹമായ വിഭവവിതരണം ആവശ്യമാണെന്ന്‌ പില്‌ക്കാലത്ത്‌ വാദിച്ച ബാരോണും (Barone) ഓസ്‌കാർ ലാംഗേയും (Oscar Lange) വീസറോട്‌ കടപ്പെട്ടിരിക്കുന്നു. വീസർ വികസ്വരരാഷ്‌ട്രങ്ങള്‍ക്ക്‌ സാമ്പത്തികാസൂത്രണം നിർദേശിച്ചുവെന്നുകൂടി പറയുന്നതിൽ തെറ്റില്ല.

മെഞ്‌ജർ-ബാവെർക്ക്‌-വീസർ എന്നീ ത്രിമൂർത്തികളുടെ പിന്തുടർച്ചക്കാരിൽ പലരും ഇന്ന്‌ യു.എസ്‌. സർവകലാശാലകളിൽ പ്രവർത്തിക്കുന്നു. പഴയകാലത്തെ ഉദാരതാവാദത്തിന്റെ മണംപരത്തുന്ന സംഭാവനകളാണവരുടേത്‌. അതിൽ ഫൊണ്‍ ഫായെക്കിന്റെ അടിയായ്‌മയിലേക്കുള്ള വഴി (The Road to Serfdom) എന്ന ഗ്രന്ഥം പ്രത്യേകം ശ്രദ്ധാർഹമാണ്‌. (ഡോ. കെ. രാമചന്ദ്രന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍