This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌ഫഹാന്‍ (എസ്‌ഫഹാന്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:39, 12 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇസ്‌ഫഹാന്‍ (എസ്‌ഫഹാന്‍)

Isfahan

ഇറാനിൽ, തലസ്ഥാനമായ ടെഹ്‌റാന്‌ 405 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ നഗരം. സെൽജൂക്‌, സഹാവിദ്‌ എന്നീ രാജവംശങ്ങളുടെ കാലത്ത്‌ പേർഷ്യയുടെ തലസ്ഥാനമായിരുന്ന ഇസ്‌ഫഹാന്‍ ഇന്ന്‌ ഇതേ പേരുള്ള പ്രവിശ്യയുടെ ആസ്ഥാനമാണ്‌. സമുദ്രനിരപ്പിൽ നിന്ന്‌ 1,590 മീ. ഉയരത്തിൽ സായന്ദേ നദിയുടെ വടക്കേക്കരയിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ടെഹ്‌റാന്‍, ഷീറാസ്‌, യാസ്‌ദ്‌, കെർമാന്‍, സാഹേദാന്‍ തുടങ്ങിയ നഗരങ്ങളുമായി റോഡുമാർഗം ബന്ധപ്പെട്ടിരിക്കുന്നു. ജനസംഖ്യ 2,523,705 (2006). സാഗ്രാസ്‌ മലനിരകളുടെ കിഴക്കുള്ള ഫലഭൂയിഷ്‌ഠമായ താഴ്‌വാരപ്രദേശത്താണ്‌ ഇസ്‌ഫഹാന്‍ സ്ഥിതിചെയ്യുന്നത്‌. കരകൗശലശില്‌പങ്ങള്‍ക്കു പേരുകേട്ട നഗരമാണ്‌ ഇസ്‌ഫഹാന്‍. വെള്ളി, ചെമ്പ്‌, പിച്ചള തുടങ്ങിയ ലോഹങ്ങളും മച്ചും ഉപയോഗിച്ച്‌ പാത്രങ്ങളും കൗതുകവസ്‌തുക്കളും നിർമിക്കുന്നതിൽ ഇസ്‌ഫഹാനിലെ പണിക്കാർ ഇന്നും കിടയറ്റ വൈദഗ്‌ധ്യം പുലർത്തിപ്പോരുന്നു. ചിത്രപ്പണികളുള്ള ഓട്‌ ഇഷ്‌ടിക തുടങ്ങിയവയ്‌ക്കും കൈത്തുന്നലിലൂടെ മോടിപിടിപ്പിച്ച "ക്വാലംകാർ' എന്ന പരുത്തിവസ്‌ത്രങ്ങള്‍ക്കും പരവതാനികള്‍ക്കും ഇസ്‌ഫഹാന്‍ വിശ്വപ്രശസ്‌തി ആർജിച്ചിട്ടുണ്ട്‌.

എ.ഡി. 3-ാം ശതകത്തിനു മുമ്പുള്ള ഇസ്‌ഫഹാന്റെ ചരിത്രം അജ്ഞാതമാണ്‌. നഗരത്തിന്‌ അല്‌പംമാറി സായന്ദേ നദിക്കു കുറുകേയുള്ള പാലം സാസാനിയന്‍ കാലത്ത്‌ നിർമിക്കപ്പെട്ടതാണെന്ന്‌ അനുമാനിക്കപ്പെടുന്നു. നഗരത്തിന്റെ സമീപത്തുള്ള യഹൂദിയേ പ്രദേശം യഹൂദന്മാർ അധിവസിച്ചത്‌ സാസാനിയന്‍ രാജാവായ യാസ്‌ദേഗേർഡ്‌ ഒന്നാമന്റെ കാലത്ത്‌ (339-420) ആണെന്നു കരുതപ്പെടുന്നു. എ.ഡി. 642-ൽ മീഡിയ ആക്രമിച്ചു കൈയടക്കിയ അറബികള്‍ ഇസ്‌ഫഹാനെ പർവതമേഖലയായ അൽ ജിബാൽ പ്രവിശ്യയിലെ പ്രധാനതാവളമാക്കി മാറ്റി. പത്താം ശതകത്തിൽ അബ്ബാസിയ്യാ ഖലീഫമാരുടെ പതനത്തെത്തുടർന്ന്‌ അല്‌പകാലത്തേക്ക്‌ പേർഷ്യയിൽ അധികാരം സ്ഥാപിച്ച ബൂവായിദ്‌ (ബൂയിദ്‌) രാജാക്കന്മാരുടെ കാലത്ത്‌ ഇസ്‌ഫഹാന്‍ ഐശ്വര്യത്തിന്റെ ഉച്ചകോടിയിലെത്തി. 11-ാം ശതകത്തിന്റെ മധ്യത്തോടെ സെൽജൂക്‌ രാജവംശത്തിന്റെ തലസ്ഥാനമായി. ഈ വംശത്തിലെ മാലിക്‌ ഷാ (1072-92) ഇസ്‌ഫഹാന്റെ വികസനത്തിലും അഭിവൃദ്ധിയിലും ബദ്ധശ്രദ്ധനായിരുന്നു. സെൽജൂക്‌ വംശത്തിന്റെ പതനത്തോടെ ഇസ്‌ഫഹാന്റെ പ്രശസ്‌തിക്ക്‌ മങ്ങലേറ്റു. എന്നാൽ 1501 മുതൽ 1736 വരെ പേർഷ്യ ഭരിച്ച സഫാവിദുകളുടെ കാലത്ത്‌ ഇസ്‌ഫഹാന്റെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടുകിട്ടി. 1598-ൽ ഷാ അബ്ബാസ്‌ (1587-1629) ഇസ്‌ഫഹാന്‍ തലസ്ഥാനമായി സ്വീകരിച്ചതോടെ ഈ നഗരത്തിന്റെ സുവർണദശ ആരംഭിച്ചു. ഇക്കാലത്ത്‌ ഇസ്‌ഫഹാന്റെ വ്യാപ്‌തി വർധിക്കുകയും മനോഹരങ്ങളായ വാസ്‌തുശില്‌പങ്ങള്‍ നിർമിക്കപ്പെടുകയും ചെയ്‌തു. എന്നാൽ നഗരത്തിന്റെ ക്രമപ്രവൃദ്ധമായ പുരോഗതിക്ക്‌ 1722-ലെ ഘിൽസായ്‌ അഫ്‌ഗാന്‍മാരുടെ ആക്രമണം അന്ത്യം കുറിച്ചു. ഈ നഗരത്തിന്‌ അല്‌പം കിഴക്കുമാറിയാണ്‌ അഫ്‌ഗാന്‍മാർ പേർഷ്യക്കാരുടെ ദീർഘവും സാഹസികവുമായ ചെറുത്തുനില്‌പിനെ അഭിമുഖീകരിച്ചത്‌. വിജയികളായി ഇസ്‌ഫഹാനിൽ പ്രവേശിച്ച ആക്രമണകാരികള്‍ നഗരത്തിന്‌ കനത്ത നാശനഷ്‌ടമുണ്ടാക്കി. റിസ്‌സാ പഹ്‌ലവിയുടെ കാലത്താണ്‌ (1925-41) നഗരത്തിന്റെ പുനരുദ്ധാരണശ്രമം നടന്നത്‌. പുരാതനങ്ങളായ മിക്ക വാസ്‌തുശില്‌പങ്ങളുടെയും കേടുപാടുകള്‍ തീർത്ത്‌ അവയുടെ തനതായ രൂപം വീണ്ടെടുക്കുവാനുള്ള കാര്യമായ ശ്രമം ഈ കാലത്ത്‌ നടക്കുകയുണ്ടായി.

നഗരമധ്യത്ത്‌ ഭരണാധികാരികളുടെ കാര്യാലോചനാ മണ്ഡപമായി പണിയിച്ചിരുന്ന മൈദാന്‍ ഇ ഷാ, സമീപത്തു തന്നെയുള്ള ചാർബാഗ്‌ എന്ന ഉദ്യാനശൃംഖല, മൈദാന്‍ ഇ ഷായുടെ പടിഞ്ഞാറേ കവാടമായ ഉത്തുംഗഗോപുരം "അലീക്വാപൂ', മസ്‌ജിദ്‌ ഇ ഷാ, മസ്‌ജിദ്‌ ജാ മേ തുടങ്ങിയ പള്ളികള്‍ എന്നിവയൊക്കെ ഇന്നും ശേഷിക്കുന്ന പുരാതന വാസ്‌തുശില്‌പങ്ങളാണ്‌. നഗരത്തിന്റെ മുന്‍കാല പ്രാഭവത്തെ വിളിച്ചോതുന്ന എച്ചമറ്റ ഭഗ്നാവശിഷ്‌ടങ്ങളും ഇവിടെ കാണാം.

താളിന്റെ അനുബന്ധങ്ങള്‍