This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ദേശീയഗാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:57, 12 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ത്യന്‍ ദേശീയഗാനം

രബീന്ദ്രനാഥടാഗൂർ

ഔപചാരികാവസരങ്ങളിൽ ആലപിക്കുന്നതിന്‌ ഔദ്യോഗികമായി ദേശീയതലത്തിൽ അംഗീകരിച്ചിട്ടുള്ള ഗാനം. രബീന്ദ്രനാഥടാഗൂറാണ്‌ ബംഗാളിഭാഷയിലുള്ള ഈ ഗാനത്തിന്റെ രചയിതാവ്‌. 1947 ആഗ. 14-നു അർധരാത്രിയിൽ സ്വതന്ത്രഭാരതം അധികാരം കൈയേറ്റ സ്‌മരണീയ മുഹൂർത്തത്തിൽ ഭരണഘടനാനിർമാണ സഭാസമ്മേളനത്തിൽ ആലപിക്കപ്പെടുവാന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ ഈ ഗാനമാണ്‌. 1950 ജനു. 24-നു കൂടിയ ഭരണഘടനാനിർമാണസഭയിൽ ഇന്ത്യയുടെ ദേശീയഗാനമെന്ന നിലയിൽ ഇത്‌ അംഗീകരിക്കപ്പെട്ടു. ഭാരതത്തിന്റെ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ സമുന്നതസങ്കല്‌പത്തിന്റെ പ്രതീകമാണ്‌ ഈ ദേശീയഗാനം.

പൂർണരൂപത്തിൽ ഈ ഗാനം അഞ്ച്‌ ചരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌. എന്നാൽ പ്രഥമചരണം മാത്രമേ സാധാരണ ആലപിക്കാറുള്ളു.

ജന-ഗണ-മന-അധിനായക, ജയഹേ
ഭാരത-ഭാഗ്യ-വിധാതാ.
പഞ്ചാബ്‌-സിന്ധ്‌-ഗുജറാത്ത്‌-മറാഠാ
ദ്രാവിഡ-ഉത്‌കല-ബംഗാ
വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ
ഉച്ഛല-ജലധി-തരംഗാ.
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശിഷ മാഗേ, 
ഗാഹേ തവ ജയ ഗാഥാ,
ജന-ഗണ-മംഗള-ദായക ജയ ഹേ
ഭാരത-ഭാഗ്യ-വിധാതാ.
ജയ ഹേ, ജയ ഹേ, ജയ ഹേ,
ജയ ജയ ജയ, ജയ ഹേ!
(കടപ്പാട്‌; ഇന്ത്യ-2012,
പബ്ലിക്കേഷന്‍സ്‌ ഡിവിഷന്‍ പ്രസിദ്ധീകരണം)
 

ഏതു ഭാരതീയനിലും രാജ്യസ്‌നേഹവും രാജ്യാഭിമാനവും ഉദ്ദീപിപ്പിക്കുന്ന വിശിഷ്‌ടഗാനമാണ്‌ "ജനഗണമന'. ഭാരതത്തിന്റെ പ്രകൃതിവൈചിത്യ്രവും സാംസ്‌കാരിക വൈവിധ്യവും അംഗീകരിച്ചുകൊണ്ടുതന്നെ അതിന്റെ അഖണ്ഡതയും മഹത്ത്വവും ആദ്യത്തെ രണ്ടുചരണങ്ങളിൽ വ്യഞ്‌ജിപ്പിച്ചിരിക്കുന്നു. മനുഷ്യവർഗത്തെയും അതിന്റെ അധിനായകനും രക്ഷിതാവുമായ സർവശക്തനെയും അടുത്ത രണ്ട്‌ ചരണങ്ങളിൽ സ്‌മരിക്കുന്നു. ആശയും ആനന്ദവും നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്കാണ്‌ അഞ്ചാമത്തെ ചരണം ശ്രാതാവിനെ കൊണ്ടുപോകുന്നത്‌. 1911-ൽ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ 28-ാമതു വാർഷികം കൽക്കത്തയിൽവച്ച്‌ ആഘോഷിച്ചപ്പോള്‍ ആ സന്ദർഭത്തിലേക്ക്‌ രബീന്ദ്രനാഥടാഗൂർ പ്രത്യേകം രചിച്ചതാണ്‌ ജനഗണമന. ദിനേന്ദ്രനാഥടാഗൂറിന്റെ നേതൃത്വത്തിലുള്ള ഒരു ഗായകസംഘം പാടിയ ഈ ഗാനത്തോടുകൂടിയാണ്‌ രണ്ടാം ദിവസത്തെ (27-11-1911) സമ്മേളനം ആരംഭിച്ചത്‌. 1912-ൽ ടാഗൂറിന്റെ ഭവനത്തിൽവച്ച്‌ ബ്രഹ്മസമാജക്കാർ മാഘോത്സവം ആഘോഷിച്ചപ്പോഴും ഇത്‌ സംഗീതോപകരണങ്ങളുടെ അകമ്പടിയോടുകൂടി ആലപിക്കപ്പെട്ടു. 1917-ൽ കൊൽക്കത്തയിൽ വച്ച്‌ നടത്തിയ കോണ്‍ഗ്രസ്‌ വാർഷിക സമ്മേളനത്തിൽ ഇത്‌ വീണ്ടും ആലപിക്കപ്പെട്ടു. 1919-ൽ മദനപ്പള്ളിയിലെ തിയോസഫിക്കൽ കോളജിൽവച്ച്‌ ഡോ. കസിന്‍സിന്റെ അപേക്ഷപ്രകാരം ടാഗൂർതന്നെ ഇത്‌ പാടികേള്‍പ്പിക്കുകയും "ദ്‌ മോണിങ്‌ സോങ്‌ ഒഫ്‌ ഇന്ത്യ' എന്ന ശീർഷകത്തിൽ ഒരു ഇംഗ്ലീഷ്‌ തർജുമ തയ്യാറാക്കിക്കൊടുക്കുകയും ചെയ്‌തു. ആദിബ്രഹ്മസമാജത്തിന്റെ മുഖപത്രമായിരുന്ന തത്ത്വബോധിനി എന്ന പത്രികയിലാണ്‌ "ഭാരത്‌വിധാതാ' എന്ന തലക്കെട്ടിൽ ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്‌. ടാഗൂറിന്റെ ധർമസംഹിത എന്ന കാവ്യസമാഹാരത്തിൽ ചേർത്ത്‌ ഇത്‌ വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു-ബ്രഹ്മസംഹിത്‌ എന്ന തലക്കെട്ടിൽ.

സ്വാതന്ത്യ്രലബ്‌ധിക്കുശേഷം ടാഗൂറിന്റെ "ജനഗണമന' ആണോ ബങ്കിം ചന്ദ്രചാറ്റർജിയുടെ "വന്ദേമാതരം' ആണോ ദേശീയഗാനമായി സ്വീകരിക്കേണ്ടതെന്നതിനെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ടായി. വിദഗ്‌ധർ അടങ്ങിയ ഒരു സമിതിയുടെ ശിപാർശ അനുസരിച്ച്‌ "ജനഗണമന' ദേശീയഗാനമായി അംഗീകരിക്കപ്പെട്ടു. എന്നാൽ സ്വാതന്ത്യ്രസമരത്തിൽ ജനങ്ങള്‍ക്ക്‌ ആവേശം പകർന്ന വന്ദേമാതരഗാനത്തിനും തത്തുല്യമായ ഒരു സ്ഥാനം ഉണ്ടായിരിക്കുമെന്ന്‌ തീരുമാനമായി. ഇംഗ്ലീഷിൽ ജനഗണമന നാഷണൽ ആന്തം (National Anthem)എന്നും വന്ദേമാതരം നാഷണൽ സോങ്‌ (National Song) എന്നും അറിയപ്പെടുന്നു.

ദേശീയഗാനം ആലപിക്കുമ്പോള്‍ വ്യക്തമായ ചില നിബന്ധനകള്‍ പാലിക്കേണ്ടതായിട്ടുണ്ട്‌. രാഷ്‌ട്രീയമായോ സാമൂഹികമായോ പ്രാധാന്യമുള്ള സന്ദർഭങ്ങളിലേ ദേശീയഗാനം ആലപിക്കുവാന്‍ പാടുള്ളൂ. ആലപിക്കുന്നവരാകട്ടെ നല്ല ശിക്ഷണം ലഭിച്ചവരായിരിക്കുകയും വേണം. ഗാനത്തിന്റെ (ആദ്യചരണത്തിന്റെ) പൂർണരൂപം ഏകദേശം 52 സെക്കന്‍ഡുകൊണ്ടും ആദ്യവരിയും അവസാനവരിയും ചേർന്ന അപൂർണരൂപം ഏകദേശം 20 സെക്കന്‍ഡുകൊണ്ടും ആലപിക്കേണ്ടതാണ്‌. രണ്ടു രൂപങ്ങളും ഏതേതു സന്ദർഭങ്ങളിൽ ആലപിക്കണമെന്നും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഉദാഹരണത്തിന്‌ പ്രസിഡന്റ്‌, ഗവർണർ, ലഫ്‌റ്റനന്റ്‌ ഗവർണർ എന്നിവർക്ക്‌ ദേശീയാഭിവാദനം നല്‌കുമ്പോള്‍ പൂർണരൂപവും ഗവണ്‍മെന്റ്‌ വിശേഷാൽ ഉത്തരവുകള്‍ പൂറപ്പെടുവിക്കുമ്പോള്‍ അപൂർണരൂപവും ആലപിക്കണം. ദേശീയഗാനം ആലപിക്കുമ്പോള്‍ ശ്രാതാക്കള്‍ ആദരപൂർവം പെരുമാറേണ്ടതാണ്‌. എല്ലാവരും ഒത്തുപാടണം എന്നാണ്‌ നിയമം. ഗാനം കേള്‍ക്കുന്ന മാത്രയിൽ ഏവരും ശ്രദ്ധാപൂർവം അറ്റന്‍ഷനായി നില്‌ക്കണം. ഗാനം തീരുന്നതുവരെ ആ നില തുടരേണ്ടതാണ്‌. നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ആസാദ്‌ ഹിന്ദ്‌ ഗവണ്‍മെന്റിന്റെ ദേശീയഗാനം ബംഗാളി ജനഗണമനയും അതിന്റെ ഹിന്ദിതർജുമയും ആയിരുന്നു. ആദ്യചരണത്തിന്റെ ടാഗൂർ തന്നെ രചിച്ച ഇംഗ്ലീഷ്‌ തർജുമയാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌:

	'Thou art the ruler of the minds of all people,
	Dispenser of India's destiny. 
	Thy name rouses the hearts of Punjab, Sind, 
	Gujarath and Maratha, of Dravid and Orissa and Bengal;
	It echoes in the hills of Vindhya and Himalayas, 
	mingles in the music of the Jamuna and Ganges, 
	and is chanted by the waves of the Indian Sea. 
	They pray for the blessings and sing thy praise. 
	The saving of all people waits in thy hand, 
	Thou dispenser of India's destiny,
	Victory, Victory, Victory to thee.'
 

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍