This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂപ്പർ, നീൽ ലിയോണ്‍ (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:40, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂപ്പർ, നീൽ ലിയോണ്‍ (1930 - )

Cooper, Neil Leon

നോബൽ സമ്മാനിതനായ അമേരിക്കന്‍ ഭൗതികജ്ഞന്‍. ജോണ്‍ ബാർഡീന്‍, ജോണ്‍ റോബർട്ട്‌ ഷ്രിഫർ(John Robert Schriffer)എന്നിവർക്കൊപ്പം അതിചാലകതയെ സംബന്ധിച്ച സിദ്ധാന്തം വികസിപ്പിച്ചെടുത്തതിന്‌ 1972-ലെ ഭൗതികശാസ്‌ത്ര നോബൽ പുരസ്‌കാരം നേടി. പ്രസ്‌തുത സിദ്ധാന്തം ബി.സി.എസ്‌. സിദ്ധാന്തം (B.C.S.-Bardeen, Cooper, Schrifer)എന്നറിയപ്പെടുന്നു.

1930 ഫെ. 28-ന്‌ ന്യൂയോർക്കിലാണ്‌ കൂപ്പർ ജനിച്ചത്‌. കൊളംബിയ സർവകലാശാലയിൽനിന്ന്‌ ബിരുദ, ബിരുദാനന്തര, ഗവേഷണബിരുദങ്ങള്‍ നേടി. 1955 മുതൽ 57 വരെ ഇല്ലിനോയിസിൽ ഗവേഷണസഹായിയായും 57 മുതൽ 58 വരെ ഒഹിയോ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ്‌ പ്രാഫസറായും ജോലിചെയ്‌തു. 1958-ൽ ബ്രൗണ്‍ സർവകലാശാലയിൽ പ്രവേശിച്ച ഇദ്ദേഹം പ്രാഫസറായും സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ന്യൂറൽ സയന്‍സിന്റെ ആദ്യ ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

വളരെ കുറഞ്ഞ താപനിലയിൽ ഒരു പദാർഥത്തിന്റെ വൈദ്യുതപ്രതിരോധം പൂർണമായി അപ്രത്യക്ഷമാകുന്ന സ്വഭാവവിശേഷമാണ്‌ അതിചാലകത എന്നറിയപ്പെടുന്നത്‌. 1911-ൽ ഡച്ച്‌ ഭൗതികജ്ഞനായ കാമർലിങ്‌ ഓണസാണ്‌ മെർക്കുറിയിൽ അതിചാലകതാസ്വഭാവം കണ്ടുപിടിച്ചത്‌. എന്നാൽ അതിചാലകത എങ്ങനെയുണ്ടാവുന്നു എന്നത്‌ 1950 വരെ അജ്ഞാതമായിരുന്നു. ക്രിസ്റ്റൽ ജാലികയുടെ കമ്പനവുമായി ഇലക്‌ട്രോണുകള്‍ യുഗ്മനം (Coupling)ചെയ്യുന്നുവെന്ന്‌ സൈദ്ധാന്തികമായും പരീക്ഷണാടിസ്ഥാനത്തിലും തെളിയിക്കപ്പെട്ടതാണ്‌ ഈ രംഗത്തുണ്ടായ ശ്രദ്ധേയമായ നേട്ടം. ഇതിനെ പിന്തുടർന്നാണ്‌ ബി.സി.എം. സിദ്ധാന്തം രൂപീകരിക്കപ്പെട്ടത്‌. 1957-ൽ വികസിപ്പിച്ചെടുത്ത ഈ സിദ്ധാന്തം അതിചാലകതയ്‌ക്ക്‌ പൂർണമായ സൈദ്ധാന്തിക വിശദീകരണം നല്‌കുന്നു. ഈ സിദ്ധാന്തമനുസരിച്ച്‌, ഇലക്‌ട്രാണുകളും ജാലികയും തമ്മിലുണ്ടാകുന്ന ഇടപെടൽ ഇലക്‌ട്രാണ്‍ ജോടി ചേരലിന്‌ കാരണമാകുന്നു. ഈ ഇലക്‌ട്രാണ്‍ ജോടികളെ കൂപ്പർ ജോടികള്‍ (Cooper-pairs)എന്നാണ്‌ വിളിക്കുന്നത്‌. വിവിധ കൂപ്പർജോടികള്‍ വളരെ ശക്തമായി യുഗ്മനം ചെയ്യപ്പെടുകവഴി ഒരു ബഹുഇലക്‌ട്രാണ്‍ അവസ്ഥ (many electron state)സംജാതമാകുന്നു. ചാലക ഇലക്‌ട്രാണുകളുടെ ഭൂരിഭാഗവും ഇവയിലുള്‍പ്പെടും. കൂടിച്ചേരൽ ശക്തമായതിനാൽ തന്നെ ഒരു ഇലക്‌ട്രാണ്‍ജോടിയെ ഭേദിക്കണമെങ്കിൽപോലും വളരെ കൂടിയ അളവിൽ ഊർജം വിനിയോഗിക്കേണ്ടതുണ്ട്‌. ഈ ബഹു-ഇലക്‌ട്രാണ്‍ അവസ്ഥയാണ്‌ പദാർഥത്തെ അതിചാലകമാക്കുന്നത്‌ എന്നാണ്‌ ബി.സി.എസ്‌. സിദ്ധാന്തം വിവക്ഷിക്കുന്നത്‌. അതിചാലകങ്ങളുടെ ഗുണധർമങ്ങള്‍ വിശദീകരിക്കുന്നതിലും ബി.എസ്‌.ബി. സിദ്ധാന്തം വിജയിച്ചു.

അമേരിക്കന്‍ ഫിസിക്കൽ സൊസൈറ്റി, അമേരിക്കന്‍ അക്കാദമി ഒഫ്‌ ആർട്‌സ്‌ ആന്‍ഡ്‌ സയന്‍സസ്‌, അമേരിക്കന്‍ ഫിലോസഫിക്കൽ സൊസൈറ്റി, നാഷണൽ അക്കാദമി ഒഫ്‌ സയന്‍സസ്‌, സൊസൈറ്റി ഒഫ്‌ ന്യൂറോസയന്‍സ്‌, ഡിഫന്‍സ്‌ സയന്‍സ്‌ ബോർഡ്‌ എന്നിവിടങ്ങളിലെല്ലാം കൂപ്പർ അംഗമാണ്‌. നോബൽ പുരസ്‌കാരത്തിനു പുറമേ നാഷണൽ അക്കാദമി ഒഫ്‌ സയന്‍സസിന്റെ കോംസ്റ്റോക്‌ പുരസ്‌കാരം (1968), കൊളംബിയ കോളജിന്റെ ജോണ്‍ ജെ. അവാർഡ്‌ (1985) എന്നിവയും വിവിധ സർവകലാശാലകളുടെ ഹോണററി ബിരുദങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. ജനീവയിലെ യൂറോപ്യന്‍ ഓർഗനൈസേഷന്‍ ഫോർ ന്യൂക്ലിയർ റിസർച്ചിൽ (CERN)ഇദ്ദേഹം പങ്കാളിയായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍