This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടുകക്ഷിഭരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:14, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂട്ടുകക്ഷിഭരണം

Coalition government

ഒന്നിലധികം പാർട്ടികള്‍ ചില പൊതുധാരണകളുടെ അടിസ്ഥാനത്തിൽ രൂപവത്‌കരിക്കുന്ന ഭരണസംവിധാനം. ജനാധിപത്യഭരണ സമ്പ്രദായത്തിൽ സാധാരണഗതിയിൽ പാർട്ടികള്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടി ഗവണ്‍മെന്റ്‌ രൂപവത്‌കരിച്ച്‌ ഭരണം നടത്തുകയും ചെയ്യുന്നു. എന്നാൽ തെരഞ്ഞെടുപ്പിന്റെ ഫലമായി ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വരുമ്പോള്‍ ഒന്നിലധികം പാർട്ടികള്‍ ചില പൊതുധാരണയുടെ അടിസ്ഥാനത്തിൽ യോജിച്ച്‌ കൂട്ടുകക്ഷിഭരണം നടത്തുന്നു. ഒരു രാജ്യത്തിന്റെ രാഷ്‌ട്രീയ സംവിധാനത്തെ കൂട്ടുകക്ഷിഭരണം എങ്ങനെ ബാധിക്കുമെന്നുള്ളത്‌ ആ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ പരിതഃസ്ഥിതികളെ ആശ്രയിച്ചിരിക്കും.

കേന്ദ്രീകൃത സംഘടനയുടെ അഭാവം, നേതൃസ്ഥാനങ്ങളിലുള്ള അഭിപ്രായഭിന്നത, ബദൽ ഗവണ്‍മെന്റിന്റെ അഭാവം, ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷത്തിന്റെ വളർച്ച എന്നിവയെല്ലാം ബഹുധ്രുവസമ്പ്രദായത്തിന്റെ പ്രത്യേകതകളായി പരിഗണിക്കപ്പെടുന്നു. ഇവയുടെ ആപേക്ഷികാഘാതം ഓരോ രാജ്യത്തും ഓരോ കാലത്തും വ്യത്യസ്‌തമായിരിക്കും.

കൂട്ടുകക്ഷിഭരണത്തിനാവശ്യമായ സഖ്യങ്ങള്‍ തെരഞ്ഞെടുപ്പുരംഗത്തും പാർലമെന്റിനകത്തും ഭരണതലത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലോ ദീർഘകാലാടിസ്ഥാനത്തിലോ രൂപവത്‌കരിക്കാവുന്നതാണ്‌. ഈ മൂന്നു തലത്തിലും സഹവർത്തിത്വബോധത്തോടുകൂടി രൂപവത്‌കരിക്കുന്ന സഖ്യങ്ങള്‍ കൂട്ടായോ പ്രത്യേകമായോ പ്രവർത്തിക്കുന്നതാണ്‌.

തെരഞ്ഞെടുപ്പുരംഗത്ത്‌ പാർട്ടികള്‍ തമ്മിൽ പലവിധത്തിൽ സഖ്യങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. യോജിച്ച്‌ സ്ഥാനാർഥികളെ നിർത്തുക, യോജിച്ചുള്ള ലിസ്റ്റ്‌ തയ്യാറാക്കുക, ആനുപാതിക പ്രാതിനിധ്യവ്യവസ്ഥയിൽ യോജിച്ച ക്രമീകരണമുണ്ടാക്കുക, മിച്ചം വരുന്ന വോട്ടുകള്‍ പങ്കിടുക എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. പ്രത്യേക നിയോജകമണ്ഡലത്തെപ്പറ്റിയോ, പൊതുവായ പ്രശ്‌നങ്ങളെ സംബന്ധിച്ചോ വ്യക്തമായോ അവ്യക്തമായോ ഉള്ള ധാരണകള്‍ ഉണ്ടാക്കുന്നതും ഇതിന്റെ ഭാഗമാണ്‌. ഇത്തരം സഖ്യങ്ങള്‍ പലപ്പോഴും പ്രാദേശിക പ്രശ്‌നങ്ങളിൽ ഒതുങ്ങിനില്‌ക്കുന്നു. ചില സന്ദർഭങ്ങളിൽ ഇത്‌ ഘടകകക്ഷികളുടെ വിശാലമായ ദേശീയനയത്തിന്റെ രൂപം കൈവരിക്കുന്നു.

ഒരു ഗവണ്‍മെന്റിനെ അനുകൂലിക്കുന്നതിനോ അല്ലെങ്കിൽ എതിർക്കുന്നതിനോ വേണ്ടി പാർലമെന്ററി പാർട്ടികള്‍ യോജിച്ചു പാർലമെന്റുതലത്തിൽ സഖ്യങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. പാർട്ടികള്‍ തമ്മിൽ മന്ത്രിസഭാതലത്തിലുണ്ടാക്കുന്ന സഖ്യം പാർലമെന്റിനകത്തും ഗവണ്‍മെന്റിന്‌ അനുകൂലമായ കൂട്ടുകെട്ടിന്‌ വഴിതെളിക്കുന്നു. ചില ഘട്ടങ്ങളിൽ പാർട്ടികള്‍ ഭരണത്തിൽ പങ്കാളികളാകാതെ തന്നെ ഗവണ്‍മെന്റിനെ പൊതുവായോ, പ്രത്യേക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലോ പിന്താങ്ങാറുണ്ട്‌. തെരഞ്ഞെടുപ്പുതലത്തിലുള്ള ധാരണയില്ലായ്‌മ പാർലമെന്റിലും ഗവണ്‍മെന്റുതലത്തിലുമുള്ള സഖ്യത്തിന്റെ ഭദ്രതയെ ബാധിക്കുന്നു.

തെരഞ്ഞെടുപ്പുസഖ്യങ്ങള്‍ എല്ലായ്‌പോഴും ഭരണതലത്തിലുള്ള സഖ്യത്തിനു വഴിതെളിക്കുന്നില്ല. ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ക്രിയാത്മകമായ സമീപനം ഗവണ്‍മെന്റുതലത്തിലുള്ള സഖ്യത്തിന്‌ ആവശ്യമാണ്‌. മൗലിക പ്രശ്‌നങ്ങളിൽ സമാനമായ ചിന്താഗതി ഇത്തരം സഖ്യങ്ങള്‍ കരുത്തുള്ളതാക്കിത്തീർക്കുന്നു. നയപരമായ കാര്യങ്ങളിൽ ഏറെക്കുറെ യോജിപ്പുണ്ടായാൽ മാത്രമേ ഗവണ്‍മെന്റുതലത്തിലുള്ള സഖ്യം നിലനില്‌ക്കുകയുള്ളൂ. തെരഞ്ഞെടുപ്പുരംഗത്തും പാർലമെന്റിലും ഭരണതലത്തിലും ഉള്ള സഖ്യങ്ങളുടെ പ്രത്യേകതകള്‍ എക്കാലത്തും എല്ലാ സാഹചര്യങ്ങളിലും ഒരുപോലെയല്ല. സന്ദർഭത്തിനനുസരിച്ച്‌ ഇവയിൽ വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

കൂട്ടുകക്ഷിഭരണവുമായി ബന്ധപ്പെട്ട സങ്കേതങ്ങളെയും സിദ്ധാന്തങ്ങളെയും ഭരണഘടനാപരം, സ്ഥാപനോന്മുഖം, രാഷ്‌ട്രീയോന്മുഖം എന്നിങ്ങനെ മൂന്നായിതരംതിരിക്കാം. ഭരണഘടനാപരമായതിൽ, കൂട്ടുകക്ഷിഭരണം അധികാര വിഭജനത്തെ യാഥാർഥ്യമാക്കുന്നു. പാർലമെന്ററി ഭരണസമ്പ്രദായത്തിൽ കൂട്ടുകക്ഷിഭരണം അസ്ഥിരതയുടെ പര്യായമായി മാറുന്നു. ഭദ്രതയുടെ മേലങ്കിയണിഞ്ഞ്‌ ഓരോ പാർട്ടിയും സഖ്യം തകർത്ത്‌ തങ്ങളുടെ പാർട്ടിക്ക്‌ നിർണായകസ്ഥാനമുള്ള ഒരു സംവിധാനം ഏർപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. ഇതു തടയുവാനായി കൂട്ടുകക്ഷിഭരണം പൊതുവായി തീരുമാനിച്ചിട്ടുള്ള പ്രവർത്തനമണ്ഡലത്തിൽ തന്നെ ഉറച്ചുനില്‌ക്കുവാന്‍ നോക്കുന്നു. ഇത്തരം ഒരു അധികാരവിഭജനമോ, പരസ്‌പര നിയന്ത്രണമോ ഒരു ദ്വികക്ഷി സമ്പ്രദായത്തിൽ സാധ്യമല്ല. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ അവഗണിച്ചുപോലും ഭൂരിപക്ഷകക്ഷിക്ക്‌ ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുവാനും നയപരിപാടികളുമായി മുന്നോട്ടുപോകുവാനും ദ്വികക്ഷിസമ്പ്രദായത്തിൽ സാധിക്കുന്നു. ഭരണകക്ഷിയിൽ ശക്തമായ പിളർപ്പുണ്ടായാൽ മാത്രമേ ഇതിനു മാറ്റമുണ്ടാകുന്നുള്ളൂ.

സഖ്യത്തിൽ നിന്ന്‌ ഏതെങ്കിലും ഒരു കക്ഷി കൂറുമാറ്റം നടത്തി ഭരണത്തെ തകരാറിലാക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ്‌ കൂട്ടുകക്ഷിഭരണത്തിൽ പാർലമെന്റ്‌ യഥാർഥവും ശക്തവുമായ അധികാരകേന്ദ്രമായി വർത്തിക്കുന്നത്‌. ഒരവിശ്വാസപ്രമേയംവഴി ഗവണ്‍മെന്റിനെ അധികാരത്തിൽനിന്ന്‌ താഴെയിറക്കാവുന്നതാണ്‌. അതുകൊണ്ട്‌ കൂട്ടുകക്ഷി ഗവണ്‍മെന്റിന്‌ പാർലമെന്റിന്റെ മേൽ നിയന്ത്രണാധികാരമില്ലെന്ന്‌ ധരിക്കരുത്‌. പാർലമെന്റ്‌ പിരിച്ചുവിടാനുള്ള ശിപാർശ ചെയ്യാന്‍ ഗവണ്‍മെന്റിന്‌ കഴിയുന്നു. ഈ അധികാരം പ്രയോഗിക്കുമെന്നുള്ള ഭീഷണി തക്കസമയത്ത്‌ ഗവണ്‍മെന്റിന്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. പാർലമെന്റ്‌ പിരിച്ചുവിട്ടാലുണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റി ബോധ്യമുള്ള പാർലമെന്റ്‌ അംഗങ്ങള്‍ അത്തരം സ്ഥിതിവിശേഷം ഒഴിവാക്കുവാന്‍ ശ്രമിക്കും. അങ്ങനെ പരസ്‌പര നിയന്ത്രണം കൂട്ടുകക്ഷിഭരണത്തിൽ യാഥാർഥ്യമായിത്തീരുന്നു. ബഹുകക്ഷിഭരണത്തിലുള്ള നിയമസഭകള്‍ ദ്വികക്ഷിഭരണത്തിലുള്ളവയെ അപേക്ഷിച്ച്‌ കരുത്തുള്ളതായിരിക്കും. കൂട്ടുകക്ഷിഭരണം അധികാര വിഭജനമെന്ന സങ്കേതത്തെ പ്രാവർത്തികമാക്കുന്നു.

കൂട്ടുകക്ഷിഭരണത്തിൽ വിഭജനത്തിന്മേൽ വിഭജനം നടക്കുന്നു. ഘടകകക്ഷികളോരോന്നും അതിനെ പിന്താങ്ങുന്ന സമ്മതിദായകരുടെ താത്‌പര്യവുമായി ബന്ധപ്പെട്ടതോ, അതിന്റെ രാഷ്‌ട്രീയതന്ത്രങ്ങള്‍ വികസിപ്പിക്കുവാന്‍ ഉതകുന്നതോ ആയ ഒരു പ്രത്യേക മേഖലയുടെ നിയന്ത്രണാവകാശം ആഗ്രഹിക്കുന്നു. പലപ്പോഴും വ്യക്തിപരമായ പരിഗണനവച്ചുകൊണ്ടാണ്‌ ഒരു പ്രത്യേക വകുപ്പിനുവേണ്ടി രാഷ്‌ട്രീയകക്ഷികളുടെ പ്രതിനിധികള്‍ വാദിക്കുന്നത്‌. ഭരണത്തിന്റെ ഒരു മേഖലയിൽ ഒരു കക്ഷിക്ക്‌ കുത്തകാവകാശം കൊടുക്കുന്നതിനെ മറ്റുകക്ഷികള്‍ നിരുത്സാഹപ്പെടുത്തുന്നു.

വ്യത്യസ്‌തമായ ആദർശങ്ങളിലും തത്ത്വസംഹിതകളിലും വിശ്വസിക്കുന്ന സഖ്യകക്ഷികള്‍ തമ്മിൽ നടത്തുന്ന അനുരഞ്‌ജനശ്രമത്തിൽ ആദ്യം നഷ്‌ടമാകുന്നത്‌ സുവ്യക്തതയാണ്‌. പരിപാടികള്‍ തന്നെ വ്യക്തമല്ലാതിരിക്കുകയും മൗലികമായ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയും താരതമ്യേന ആനുകാലികവും ഉപരിപ്ലവവുമായ പ്രശ്‌നങ്ങളുടെ നേർക്ക്‌ ഗവണ്‍മെന്റിന്റെ ശ്രദ്ധതിരിയുകയും ചെയ്യുന്നു.

പ്രസിഡന്റ്‌ ഭരണത്തിൽ രാഷ്‌ട്രീയപാർട്ടികളുടെ സഖ്യം ഗവണ്‍മെന്റിന്റെ അധികാരത്തിന്റെയും ഭദ്രതയെയും ഏകാത്മകതയെയും ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. നിയമസഭയിലുള്ള അന്തർകക്ഷി മത്സരം പ്രസിഡന്റ്‌ ഭരണത്തിന്റെ ശക്തി വർധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഭിന്നാത്മക സ്വഭാവമുള്ള കൂട്ടുകക്ഷിസഖ്യത്തെ വിഭജിക്കുവാനും അതിനെ ഇല്ലാതാക്കുവാനും പ്രസിഡന്റ്‌ ഭരണത്തിന്‌ കഴിയുന്നതാണ്‌. മാറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ സഖ്യങ്ങളുടെ മധ്യത്തിൽ പ്രസിഡന്റ്‌ മാത്രമാണ്‌ അധികാരത്തിൽ തുടരുന്നത്‌. എന്നിരുന്നാലും നിയമസഭയെ അവഗണിച്ചുകൊണ്ട്‌ പ്രവർത്തിക്കുവാന്‍ പ്രസിഡന്റിനു കഴിയുന്നതല്ല. സ്ഥാപനോന്മുഖമെന്ന രണ്ടാമത്തെ തരത്തിൽ കൂട്ടുകക്ഷിഭരണം ഒരു പ്രത്യേക തെരഞ്ഞെടുപ്പു സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്‌. കൈമാറ്റം ചെയ്യാന്‍ പാടില്ലാത്ത ഒറ്റവോട്ടും കേവലഭൂരിപക്ഷവും ദ്വികക്ഷിഭരണത്തെ പ്രാത്സാഹിപ്പിക്കുന്നു. ബഹുകക്ഷി സമ്പ്രദായം ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെയും രണ്ടാം വോട്ടിന്റെയും സ്വാഭാവിക പരിണാമമാണ്‌.

കൂട്ടുകക്ഷിഭരണത്തെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച്‌ വളച്ചൊടിക്കുവാനും കക്ഷികളുടെയിടയിൽ നിലനില്‌ക്കുന്ന ദുർബലമായ സമതുലിതാവസ്ഥയെ തകിടം മറിക്കുവാനും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ കക്ഷികള്‍ക്ക്‌ പ്രരണ നല്‌കുന്നു. ഈ വ്യവസ്ഥയിൽ കക്ഷികളുടെ എണ്ണവും വളർച്ചയും കൂടുന്നു. പോള്‍ ചെയ്‌ത വോട്ടിന്റെ ഒരു നിശ്ചിത ശതമാനം ലഭിച്ച പാർട്ടികളെ മാത്രമേ അംഗീകരിക്കൂ എന്ന നിബന്ധന ഏർപ്പെടുത്തിയാൽ ആനുപാതിക പ്രാതിനിധ്യവ്യവസ്ഥയിൽപ്പോലും പുതിയ പാർട്ടികളുടെ ഉദ്‌ഭവത്തെയും വളർച്ചയെയും ഗണ്യമായി തടയാവുന്നതാണ്‌. ഈ സമ്പ്രദായം പ്രാവർത്തികമാക്കുന്നതിൽ ഡച്ചുകാർ വിജയിച്ചിട്ടുണ്ട്‌.

ബഹുകക്ഷി സഖ്യത്തിൽ ഒരു പുതിയ തെരഞ്ഞെടുപ്പിന്റെ ഫലമായി കക്ഷികളുടെ സംഖ്യാബലത്തിൽ മാറ്റമുണ്ടായാൽക്കൂടി അതിനനുസരണമായി ഒരു ബദൽ കൂട്ടുകെട്ട്‌ ഉണ്ടാകണമെന്നില്ല. സഖ്യത്തിൽ ചെറിയതോതിലുള്ള മാറ്റങ്ങള്‍ ഉണ്ടായെന്നുവരാം.

കൂട്ടുകക്ഷിഭരണത്തിൽ രാഷ്‌ട്രീയപ്പാർട്ടികള്‍ അവയുടെ ധർമങ്ങള്‍ അനുഷ്‌ഠിക്കുന്നുവെങ്കിലും സമ്മർദസംഘങ്ങളായിട്ടാണ്‌ പലപ്പോഴും പ്രവർത്തിക്കുന്നത്‌. ധാരാളം ബഹുജന പിന്തുണയുള്ള ബ്രിട്ടനിലെ രാഷ്‌ട്രീയപാർട്ടികളെ സമ്മർദ സംഘങ്ങളിൽ നിന്ന്‌ വേർതിരിച്ചറിയാന്‍ സാധിക്കും. എന്നാൽ ഫ്രാന്‍സിലെ സ്ഥിതി ഭിന്നമാണ്‌. അവിടെ രാഷ്‌ട്രീയപാർട്ടികളും സമ്മർദ്രഗ്രൂപ്പുകളും ആഴത്തിൽ വേരൂന്നിയിട്ടില്ല. അവയെ തമ്മിൽ തിരിച്ചറിയുവാന്‍ പ്രയാസമാണ്‌. ബഹുകക്ഷി സമ്പ്രദായത്തിലുള്ള കൂട്ടുകക്ഷി ഭരണം കെട്ടുറപ്പുള്ള രാഷ്‌ട്രീയപ്പാർട്ടികളുടെ രൂപവത്‌കരണത്തിന്‌ വഴിതെളിക്കുന്നില്ലെന്ന്‌ ഒരു കൂട്ടർ അഭിപ്രായപ്പെടുന്നുണ്ട്‌. ഒരൊറ്റ പ്രതിപക്ഷ പാർട്ടിക്കുപോലും ബദൽ ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുവാന്‍ കഴിയുകയില്ലെന്നുള്ളതാണ്‌ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ഈ വാദഗതിക്കെതിരായും ഉദാഹരണങ്ങള്‍ നിരത്തിവയ്‌ക്കുവാന്‍ കഴിയും.

രാഷ്‌ട്രീയോന്മുഖമെന്ന മൂന്നാമത്തെ തരംതിരിക്കലിലാകട്ടെ കൂട്ടുകക്ഷി ഭരണത്തിൽ ഒരു മിനിമം പരിപാടിയെ സംബന്ധിച്ച്‌ കക്ഷികള്‍ തമ്മിൽ യോജിപ്പ്‌ ഉണ്ടെങ്കിൽ കൂടിയും കൂറുമാറ്റത്തിന്റെ ഭീതി അതിനെ സദാ അലട്ടിക്കൊണ്ടിരിക്കും. ഒരു പ്രത്യേകപ്രശ്‌നത്തിന്റെ പേരിൽ ഒരു ഘടകകക്ഷി പ്രതിപക്ഷത്തോട്‌ ചേർന്ന്‌ വോട്ടു ചെയ്യുവാന്‍ സാധ്യതയുള്ളതുപോലെ തന്നെ പ്രതിപക്ഷത്തുള്ള ചില പാർട്ടികള്‍ അതേ പ്രശ്‌നത്തിന്റെ പേരിൽ ഗവണ്‍മെന്റിന്‌ അനുകൂലമായി വോട്ടു ചെയ്യുവാന്‍ സാധ്യതയുണ്ട്‌.

കൂട്ടുകക്ഷി ഭരണത്തിൽ നിലവിലുള്ള സഖ്യത്തെ തകർത്ത്‌ തത്‌സ്ഥാനത്ത്‌ മറ്റൊരു സഖ്യം പ്രതിഷ്‌ഠിക്കുവാനുള്ള ഗൂഢാലോചനകള്‍ നടന്നുകൊണ്ടേയിരിക്കും. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള കക്ഷികള്‍ ഒരുപോലെ ഇതിൽ പങ്കുചേരുന്നു. വ്യത്യസ്‌ത രാഷ്‌ട്രീയ ദർശനങ്ങളുള്ള പാർട്ടികളുടെ അയഞ്ഞ കൂട്ടുകെട്ടെന്ന നിലയിൽ പ്രതിപക്ഷത്തിന്‌ ഗവണ്‍മെന്റിന്‌ എതിരായ ഒരു സമരം നടത്തുവാനുള്ള സംഘടനയോ ഐക്യബോധമോ ഉണ്ടായിരിക്കുകയില്ല. തന്മൂലം ഒരു ബദൽ ഗവണ്‍മെന്റ്‌ രൂപീകരിക്കുവാനോ സൃഷ്‌ടിപരമായ പ്രതിപക്ഷമായി പ്രവർത്തിക്കുവാനോ അവയ്‌ക്കു കഴിയുന്നില്ല.

പ്രത്യേക പാർട്ടികള്‍ക്കുള്ളിലും അവയുടെ ഭദ്രതയെ അപകടത്തിലാക്കുന്ന ചേരികളും ഗ്രൂപ്പുകളും ഉണ്ടായിരിക്കും. ഈ ഗ്രൂപ്പുകളുടെ അഭിപ്രായം പ്രധാന പ്രശ്‌നങ്ങളിൽ അംഗീകരിക്കാത്തപക്ഷം അവ കൂറുമാറുമെന്ന്‌ ഭീഷണി മുഴക്കുന്നു. തത്‌ഫലമായി ഗവണ്‍മെന്റ്‌ തീരുമാനങ്ങള്‍ പലപ്പോഴും അപൂർണവും ഒത്തുതീർപ്പിന്റെ സ്വഭാവത്തിലുള്ളതുമായിരിക്കും. ഗവണ്‍മെന്റിനെയും പ്രതിപക്ഷത്തെയും വേർതിരിക്കുന്നത്‌ ഒരു നേരിയ അതിർത്തിവരമ്പായിരിക്കും.

ഫ്രാന്‍സിലെ മൂന്നും നാലും റിപ്പബ്ലിക്കുകളും വീമാർജർമനിയും മുസോളിനിക്കു മുമ്പും പിമ്പുമുള്ള ഇറ്റലിയും കൂട്ടുകക്ഷി ഭരണവും അസ്ഥിരതയും തമ്മിലുള്ള ബന്ധത്തിന്‌ ഉദാഹരണങ്ങളാണെങ്കിൽ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ സ്ഥിതി മറിച്ചാണ്‌. സ്വീഡനിലെ സോഷ്യൽ ഡെമോക്രാറ്റുകളെപ്പോലെയോ നോർവെയിലെ ലേബർ പാർട്ടിയെപ്പോലെയോ ഉള്ള വന്‍ പാർട്ടികളുടെ മേധാവിത്വമാണ്‌ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ രാഷ്‌ട്രീയസ്ഥിരതയ്‌ക്കു കാരണമായിട്ടുള്ളത്‌. ഗവണ്‍മെന്റിന്റെ അസ്ഥിരത കാരണം മൗലികമായ പ്രശ്‌നങ്ങളെ നേരിടാനോ സമഗ്രമായ ഒരു പ്രവർത്തനപദ്ധതി ആവിഷ്‌കരിക്കാനോ എക്‌സിക്യൂട്ടിവിന്‌ കഴിവില്ലാതെ വരുന്നു. ഭരണകാലാവധി കുറയുന്നതുകൊണ്ട്‌ പ്രധാനപ്രശ്‌നങ്ങളെപ്പറ്റി തീരുമാനമെടുക്കാനും സാധിക്കുന്നില്ല. പാർട്ടി അണികളിൽ പിളർപ്പുണ്ടാകുമെന്നുള്ള നിരന്തരമായ ഭീതിയും ഗവണ്‍മെന്റിനെ മറിച്ചിടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമവുംമൂലം ചൂടേറിയ പ്രശ്‌നങ്ങളിന്മേൽ യാതൊരുറപ്പും കൊടുക്കാന്‍ ഗവണ്‍മെന്റിനു കഴിയാതെ വരുന്നു.

ദൈനംദിനകാര്യങ്ങള്‍ നോക്കാന്‍ സുസംഘടിതമായ ഒരു സിവിൽ സർവീസ്‌ ഉള്ളിടത്ത്‌ രാഷ്‌ട്രീയ അസ്ഥിരത കാരണം വലിയ തകരാറുണ്ടാകുന്നില്ല. പക്ഷേ ഈ അവസ്ഥ ദീർഘകാലം തുടരുന്നത്‌ ആപത്താണ്‌. അത്‌ സ്വേച്ഛാധിപത്യത്തിലോ ഏകാധിപത്യത്തിലോ അവസാനിക്കാന്‍ ഇടയുണ്ട്‌. സഖ്യകക്ഷികള്‍ തമ്മിൽ രണ്ടുതരം ബന്ധം ഉണ്ടായിരിക്കും: ഔപചാരികവും യഥാർഥവും. ഔപചാരികമായി കക്ഷികളെല്ലാം ഗവണ്‍മെന്റ്‌ സ്ഥാപനങ്ങള്‍ക്കു വിധേയമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. പാർലമെന്റിൽ ഒറ്റക്കെട്ടായി നിന്ന്‌ വോട്ടുചെയ്യുക, പ്രതിപക്ഷത്തുള്ള പ്രതിയോഗികളെ എതിർക്കുക, തെരഞ്ഞെടുപ്പുവാഗ്‌ദാനങ്ങള്‍ നിറവേറ്റുക എന്നിവയെല്ലാം ഔപചാരികബന്ധത്തിലുള്‍പ്പെടുന്നു.

ഔപചാരികബന്ധത്തിന്റെ ബാഹ്യാവരണത്തിലാണ്‌ സങ്കീർണമായ യഥാർഥബന്ധം നിലനില്‌ക്കുന്നത്‌. ഈ മേഖലയിൽ ഓരോ പാർട്ടിയും അതിന്റെ വ്യക്തിത്വം പരിരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ പരിപാടി കൂട്ടുകക്ഷിഭരണത്തിന്റെ പരിപാടിയായി അംഗീകരിപ്പിക്കാന്‍ ഓരോ പാർട്ടിയും ശ്രമിക്കുന്നു. യഥാർഥമായ ശക്തിബന്ധത്തിൽ സഖ്യകക്ഷികളെ നയിക്കുന്നത്‌ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പരിഗണനകളും പാർട്ടിയെക്കുറിച്ച്‌ ജനങ്ങളിലുള്ള മതിപ്പുമാണ്‌. ഭരണകൂടത്തിനകത്തും പുറത്തും ഈ പാർട്ടികളുടെ നീക്കങ്ങള്‍ സമ്മതിദായകരെ സ്വാധീനിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്കും. ഭരണകൂടത്തിനകത്ത്‌ പാർട്ടികള്‍ തമ്മിലുള്ള ബന്ധം അവയുടെ സംഖ്യാബലത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഭരണചക്രത്തിനു വെളിയിൽ അവയുടെ യഥാർഥ ബന്ധം രാഷ്‌ട്രീയമായ നേട്ടങ്ങളുണ്ടാക്കുവാന്‍ ഓരോ പാർട്ടിയും സ്വീകരിക്കുന്ന തന്ത്രങ്ങളെ ആശ്രയിച്ചിരിക്കും. വോട്ടർമാരുടെ മുമ്പിൽ നല്ല പ്രതിച്ഛായ നിലനിർത്താന്‍ ഓരോ പാർട്ടിയും ശ്രമിക്കുന്നു. മറ്റു പാർട്ടികളുടെ അയവില്ലാത്ത നിലപാടുകൊണ്ടാണ്‌ തങ്ങള്‍ ഏറ്റെടുത്തിട്ടുള്ള നല്ല കാര്യങ്ങള്‍ ചെയ്‌തുതീർക്കുവാന്‍ സാധിക്കാത്തതെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ഓരോ പാർട്ടിയും വ്യഗ്രത കാണിക്കുന്നു.

കൂട്ടുകക്ഷിഭരണത്തെ സംബന്ധിച്ച സങ്കേതങ്ങളും സിദ്ധാന്തങ്ങളും എല്ലായിടത്തും ഒരുപോലെ ബാധകമല്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ ബഹുകക്ഷി ഭരണത്തെ സംബന്ധിച്ചുപോലും ഇത്‌ ഒരുപോലെ പ്രായോഗികമല്ല. ഫ്രാന്‍സിലെ ഗവണ്‍മെന്റിന്റെ അസ്ഥിരതയ്‌ക്കു കാരണം അവിടത്തെ രാഷ്‌ട്രീയപ്പാർട്ടികളുടെ വളർച്ചയും സ്വഭാവവുമാണ്‌. കൂട്ടുകക്ഷി ഭരണത്തിന്‍കീഴിലും സ്ഥിരതയുള്ള ഗവണ്‍മെന്റ്‌ ഉണ്ടാക്കുവാന്‍ സാധിക്കും എന്ന്‌ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഈ രാജ്യങ്ങളിൽ കൂട്ടുകക്ഷിഭരണം വിജയപ്രദമായി നടക്കുന്നതിനുള്ള മുഖ്യകാരണങ്ങള്‍, ആധുനിക ഗവണ്‍മെന്റ്‌ സ്ഥാപനങ്ങള്‍ സുഗമമായി പ്രവർത്തിക്കുവാന്‍ പര്യാപ്‌തമായ ചരിത്രപശ്ചാത്തലം, ജനസംഖ്യക്കുറവും അവരുടെ ഏകാത്മകത്വവും, പാർട്ടികള്‍ തമ്മിലുള്ള മത്സരത്തെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയസ്ഥാപനങ്ങള്‍, രാഷ്‌ട്രീയ നിഷ്‌പക്ഷതാസ്വഭാവമുള്ളതും ദേശീയ ഐക്യപ്രതീകവുമായ രാജവാഴ്‌ച, പാർട്ടികളിൽ അന്തർലീനമായ അച്ചടക്കബോധം എന്നിവയാണ്‌. 19-ാം ശതകത്തിന്റെ അന്ത്യത്തിൽ ബെൽജിയത്തിൽ ഉദയം ചെയ്‌ത ത്രികക്ഷി മേധാവിത്വമാണ്‌ അവിടത്തെ കൂട്ടുകക്ഷിഭരണത്തെ സ്ഥിരതയുള്ളതാക്കിത്തീർത്തത്‌.

ഒരു രാഷ്‌ട്രീയ സംവിധാനത്തിന്റെ മേൽ കൂട്ടുകക്ഷിഭരണത്തിനുണ്ടാകുന്ന പ്രഭാവം പല രാജ്യങ്ങളിലും പലവിധത്തിലായിരിക്കും. ഇത്‌ ഏറെക്കുറെ ചരിത്രപരമായ പശ്ചാത്തലം, സാമൂഹിക-സാമ്പത്തിക-സംവിധാനം, രാഷ്‌ട്രീയ സ്ഥാപനങ്ങളുടെ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ സ്വഭാവം എന്നീ വസ്‌തുതകളെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിൽ കേരളം തുടക്കംകുറിച്ച്‌, മാതൃക കാണിച്ചുകൊടുത്ത ഈ ഭരണവ്യവസ്ഥ മറ്റു പല സംസ്ഥാനങ്ങളും, കേന്ദ്രവും പ്രാവർത്തികമാക്കിയതോടെ ഒരു കൂട്ടുഭരണ സംസ്‌കാരം രൂപപ്പെട്ടിരിക്കുകയാണ്‌.

(ഡോ. കെ.ആർ.പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍